യു.എ.ഇയ്ക്ക് നാളെ 42ാം പിറന്നാള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, December 01, 2013

യു.എ.ഇയ്ക്ക് നാളെ 42ാം പിറന്നാള്‍

ദുബായ്: ഐക്യപ്പെടലിന്റെയും ഭരണപാടവത്തിന്റെയും വിജയചരിതം രചിച്ച യു.എ.ഇ.യ്ക്ക് 42 വയസ്സാകുന്നു. ട്രൂഷ്യല്‍ സ്റ്റേറ്റസ് കൗണ്‍സിലില്‍ നിന്ന് ഐക്യ അറബ് എമിറേറ്റുകളായി വളര്‍ന്ന യു.എ.ഇ. ഞായറാഴ്ച 42-ാം ദേശീയദിനം ആഘോഷിക്കും. ദേശീയദിനത്തെ വരവേല്ക്കാന്‍ രാജ്യമെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുന്നത്. എക്‌സ്‌പോ 2020 വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇരട്ടി ആഹ്ലാദത്തോടെയാണ് ഇത്തവണ രാജ്യം ദേശീയദിനത്തെ വരവേല്ക്കുന്നത്.

ഭരണനേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ സ്വദേശികളും വിദേശികളും അടക്കമുള്ള ജനത ഇന്നും നാളെയുമായി ദേശീയദിനം കൊണ്ടാടും. പൊതു, സ്വകാര്യമേഖലകള്‍ക്ക് അവധിയായതിനാല്‍ പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ സാധിക്കും.

രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയപതാകകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തെരുവുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും വീടുകളിലുമെല്ലാം ചെറുതും വലുതുമായ പതാകകള്‍ കാണാം. പതാകയുടെ നിറങ്ങളിലുള്ള വസ്ത്രങ്ങളും തൊപ്പികളും അലങ്കാര വസ്തുക്കളുമെല്ലാം വിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. അലങ്കരിച്ച വാഹനങ്ങള്‍ റോഡുകളില്‍ സജീവമായി. ഔദ്യോഗിക അംഗീകാരമില്ലാത്ത വാഹനപരേഡുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ പതിവ് കോലാഹലങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കേണ്ടതില്ല. തെരുവുകളും പൊതുവിടങ്ങളും പ്രധാന കെട്ടിടങ്ങളുമെല്ലാം ദീപപ്രഭയില്‍ മുങ്ങിനില്ക്കുന്നത് രാത്രികാലത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. മിക്ക കെട്ടിടങ്ങളിലും പാതയോരങ്ങളിലെ ഈന്തപ്പനകളിലും ചെടികളിലുമെല്ലാം അലങ്കാര ദീപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഡൗണ്‍ ടൗണ്‍ ദുബായില്‍ നടക്കാനിരിക്കുന്ന ദേശീയദിന പരേഡാണ് ഞായറാഴ്ചയിലെ മുഖ്യപരിപാടി. മുഹമ്മദ് ബിന്‍ റാഷിദ് ബോലേവാര്‍ഡില്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് പരേഡ്. പതിവുപോലെ ഇത്തവണയും ദേശീയ ദിനാഘോഷങ്ങളുടെ മുഖ്യ ഇനമാണ് വെടിക്കെട്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി രാത്രി എട്ടരയ്ക്ക് ദുബായ് ജുമൈറ ഉമ്മു സുഖീമില്‍ വെടിക്കെട്ട് നടക്കും. രാത്രി 9.50-നാണ് ഷാര്‍ജ അല്‍ ഖസബയില്‍ വെടിക്കെട്ട്. ചൊവ്വാഴ്ച വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഖസബയില്‍ ലേസര്‍ ഷോയും അരങ്ങേറും. വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാണ് പരിപാടി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള അല്‍ഐന്‍ എയര്‍ഷോയ്ക്ക് ശനിയാഴ്ച തുടക്കമായി. ഷോ തിങ്കള്‍ വരെ തുടരും.

ഷാര്‍ജ മെഗാമാളില്‍ നടക്കുന്ന സ്റ്റാമ്പ് പ്രദര്‍ശനം ദേശീയദിന പരിപാടികളിലെ വേറിട്ട കാഴ്ചയാകും. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് പ്രദര്‍ശനം.

ഇന്ത്യന്‍ അസോസിയേഷനുകളടക്കം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ദേശീയദിന പരേഡുകളും സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്. ഷാര്‍ജ, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പരേഡ് അരങ്ങേറിയിരുന്നു. യു.എ.ഇ.യോടുള്ള കൂറ് പ്രകടമാക്കിക്കൊണ്ട് കെ.എം.സി.സി.യടക്കമുള്ള പ്രവാസി കൂട്ടായ്മകള്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം യു.എ.ഇ.യിലെ പാകിസ്താന്‍ സമൂഹവും ദേശീയദിന പരേഡ് സംഘടിപ്പിച്ചു. ഊദ് മേത്ത പരിസരത്ത് ആയിരങ്ങള്‍ അണിനിരന്ന പരേഡ് ദുബായ് പാകിസ്താന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. വിവിധ കോളേജുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ക്ക് നേരത്തേ തുടക്കമിട്ടിട്ടുണ്ട്.

ദേശീയദിന പരിപാടികളില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളും ഇത്രയധികം ആവേശത്തോടെ പങ്കാളികളാകുന്നത് ഈ രാജ്യത്തോടുള്ള അവരുടെ സ്‌നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമാണ്. ജാതിമത ഭാഷാ ഭേദമില്ലാതെ ഏതൊരു രാജ്യക്കാരനെയും ഉള്‍ക്കൊള്ളുന്ന യു.എ.ഇ.യുടെ വിശാല സമീപനത്തിനുള്ള അംഗീകാരമായി ഈ പങ്കാളിത്തത്തെ കാണാം.


News & Photo Credit
       mathrubhumi_logo

About the News

Posted on Sunday, December 01, 2013. Labelled under , . Feel free to leave a response

0 comments for "യു.എ.ഇയ്ക്ക് നാളെ 42ാം പിറന്നാള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site