കണ്ണും ജീവിതശൈലിയും : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 09, 2013

കണ്ണും ജീവിതശൈലിയും


ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളിലൊന്നാണ് കണ്ണ്. പരിധികളില്ലാത്ത വിസ്മയക്കാഴ്ചകളാണ് കണ്ണ് നമുക്ക് പകര്‍ന്നുനല്‍കുന്നത്. കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും, അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ചയാക്കി മാറ്റുന്നത് തലച്ചോറാണ്. മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്.പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രധാനമായും വിവിധതരം കാഴ്ചാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു.

പ്രമേഹം ഇരുള്‍പരത്തുമ്പോള്‍

വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലും, പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് റെറ്റിന (ദൃഷ്ടിവിതാനം). നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. വളരെ നേരിയ രക്തലോമികകളിലൂടെയും, നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തമെത്തുന്നത്. അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും, ദുര്‍ബലമാകാനും ഇടയാക്കും. ഈ രോഗംമൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാറുണ്ട്.

പ്രമേഹം കണ്ണിനെ ബാധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രാരംഭലക്ഷണങ്ങള്‍ ഒന്നുംതന്നെ ആദ്യം ഉണ്ടാകാറില്ല.
$ കണ്ണിനു മുമ്പില്‍ ഒരുഭാഗം ഇരുട്ടായി തോന്നുക.
$ മൂടലുകളോ കാഴ്ചവൈകല്യങ്ങളോ തോന്നുക.
$ നല്ല വെളിച്ചത്തില്‍നിന്ന് മങ്ങിയ വെളിച്ചത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത ഉണ്ടാകുക.
$ രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗം

ഗുരുതരാവസ്ഥയിലെത്തിയാല്‍ മാത്രമേ അറിയാറുള്ളു. അതിനാല്‍ പ്രമേഹംമൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പ്രമേഹം കണ്ണിനെ ബാധിക്കുന്ന ആദ്യഘട്ടങ്ങളില്‍ കണ്ണിലെ രക്തലോമികകളില്‍ നേരിയ കുമിളകള്‍പോലെ നീര്‍വീക്കം ഉണ്ടാകുന്നു. ഇത് യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നവരില്‍ കാഴ്ചയെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ചികിത്സ തേടാത്തവരില്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാവുക, രക്തക്കുഴലുകളില്‍നിന്ന് കൊഴുപ്പുഘടകങ്ങള്‍ പുറത്തുവരിക, കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ പൊട്ടിമുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. തുടര്‍ന്ന് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും.

ഗുരുതരാവസ്ഥയില്‍ റെറ്റിനയിലുണ്ടാകുന്ന പുതിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കണ്ണിലേക്ക് കിനിയാറുണ്ട്. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, തിമിരം തുടങ്ങിയവയും പ്രമേഹമുള്ളവരില്‍ കൂടുതലാണ്. പ്രമേഹാധിക്യത്താല്‍ ഉണ്ടാകുന്ന ബോധക്ഷയം നേത്രാന്തരമര്‍ദം കുറയാന്‍ ഇടയാക്കാറുണ്ട്.

കണ്ണും രക്തസമ്മര്‍ദവും

അനിയന്ത്രിത രക്തസമ്മര്‍ദം കണ്ണിലെ രക്തധമനികള്‍ കട്ടിപിടിക്കാനും, പെട്ടെന്ന് അടഞ്ഞുപോകാനും ഇടയാക്കും. അതുമൂലം കണ്ണിലെ കോശങ്ങള്‍ വേണ്ടത്ര ഓക്സിജനും പോഷകങ്ങളും കിട്ടാതെ നശിച്ചുപോകും. കാഴ്ചത്തകരാറും ശക്തമായ തലവേദനയും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ചിലപ്പോള്‍ രക്തധമനികള്‍ പൊട്ടി കണ്ണില്‍ രക്തം പടരാറുണ്ട്.

മാനസികസമ്മര്‍ദം കണ്ണിനെ ബാധിക്കുമ്പോള്‍

കടുത്ത മാനസികസമ്മര്‍ദം തുടര്‍ച്ചയായി അനുഭവിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ദീര്‍ഘനാളായുള്ള മാനസിക പിരിമുറുക്കം രക്തസമ്മര്‍ദം കൂട്ടുകയും കണ്ണിലെ സൂക്ഷ്മ രക്തക്കുഴലുകളെ നശിപ്പിച്ച് കാഴ്ചപ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാഴ്ചാപ്രശ്നങ്ങള്‍ താല്‍ക്കാലികമാണ്. ഔഷധങ്ങള്‍ക്കൊപ്പം വ്യായാമവും നല്ല ഫലം തരും.

കംപ്യൂട്ടറും കണ്ണുവരള്‍ച്ചയും

പതിവായും തുടര്‍ച്ചയായും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വ്യാപകമായി കണ്ടുവരുന്നത്. കണ്ണ് വരളുക, തലവേദന, കാഴ്ച മങ്ങുക, ഹ്രസ്വദൃഷ്ടി, കണ്ണില്‍ വെള്ളം നിറയുക, ഇരട്ടയായി തോന്നുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍. രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ണ് വരളാന്‍ ഇടയാക്കും. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലും കാണുന്ന പ്രശ്നവും കണ്ണുവരള്‍ച്ചയാണ്.

കണ്ണു വരളുമ്പോള്‍

കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കണ്ണീര്. കണ്ണിന് ഈര്‍പ്പവും, സ്നിഗ്ദധയും, പ്രതിരോധശേഷിയും നല്‍കുന്നതിന് കണ്ണീര്‍ അനിവാര്യമാണ്. കണ്ണിമകള്‍ അടച്ചുതുറക്കുമ്പോഴാണ് കൃഷ്ണമണി കണ്ണീരില്‍ കുതിരുന്നത്. ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്നാല്‍ മാത്രമേ കണ്ണിന് തെളിമയോടെ പ്രവര്‍ത്തിക്കാനാകൂ. കംപ്യൂട്ടര്‍ ഉപഗോഗിക്കുമ്പോള്‍ മിനിറ്റില്‍ 3-4 തവണ മാത്രമേ ഇമ ചിമ്മല്‍ ഉണ്ടാകാറുള്ളു. ഇത് കണ്ണു വരളാന്‍ ഇടയാക്കും. കൂടാതെ വളരെനേരം കംപ്യൂട്ടറിനുമുമ്പില്‍ ഇരുക്കുന്നവരില്‍ കണ്ണീര്‍ വേഗം ബാഷ്പീകരിക്കുന്നതും കണ്ണു വരളാനിടയാക്കും. എയര്‍കൂളറില്‍നിന്ന് കാറ്റ് നേരിട്ട് കണ്ണിലടിക്കുന്നതും വരള്‍ച്ച കൂട്ടാറുണ്ട്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെയും കണ്ണു വരളാം. കണ്ണില്‍ കരട് വീണതുപോലെ തോന്നുക, ഇടയ്ക്കിടെ കണ്ണ് ചുവക്കുകയും, വേദനിക്കുകയും ചെയ്യുക, കാഴ്ച മങ്ങുക, കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവയൊക്കെ കണ്ണിലെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്.

ഇടയ്ക്ക് ഇരിപ്പിടങ്ങളില്‍നിന്ന് മാറി കണ്ണടച്ച് കണ്ണിന് വിശ്രമം നല്‍കുന്നതും, ബോധപൂര്‍വം ഇമകള്‍ ചിമ്മുന്നതും വരള്‍ച്ച തടയും. തണുത്ത ശദ്ധജലം ഇടയ്ക്ക് കണ്ണില്‍ തെറിപ്പിക്കുന്നതും ഏറെ ഗുണംചെയ്യാറുണ്ട്. ചില ഘട്ടങ്ങളില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും.

ചികിത്സ

നേത്രരോഗങ്ങള്‍ക്ക് സാമാന്യചികിത്സകള്‍ക്കു പുറമേ വിശേഷചികിത്സകളും ആയുര്‍വേദം നിര്‍ദേശിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്ന ഔഷധങ്ങള്‍ക്കൊപ്പം തര്‍പ്പണം, ആശ്ച്യോതനം, ധാര, നസ്യം തുടങ്ങിയ വിശേഷചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കാറുണ്ട്. പ്രമേഹംമൂലം ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കാന്‍ ശിരോവസ്തി, ധാര ഇവ ഏറെ ഫലപ്രദമാണ്.

കണ്ണും ഭക്ഷണവും
1. ഇളനീര്‍, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, അണ്ടിവര്‍ഗങ്ങള്‍, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല.
2. പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, മദ്യപാനം, ചൂടുവെള്ളം തലയിലൊഴിക്കുക തുടങ്ങിയവ വിവിധ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
3. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണും കംപ്യൂട്ടര്‍ സ്ക്രീനും തമ്മില്‍ 20-30 ഇഞ്ച് അകലം പാലിക്കണം. എല്ലാ 20 മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നല്‍കുകയും വേണം. കംപ്യൂട്ടര്‍ മോണിറ്ററിന്റെ തിളക്കം പരമാവധി കുറച്ചുവയ്ക്കുക. അതുപോലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ഇരിക്കുന്ന അതേദിശയില്‍ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലത്.
4. വ്യായാമക്കുറവ്, ടിവിയുടെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കുട്ടികളില്‍ പലതരം കാഴ്ചാപ്രശ്നങ്ങള്‍ക്കിടയാക്കും. എന്നാല്‍ പുറത്തിറങ്ങി നടക്കുകയും കിടക്കുകയും ചെയ്യുന്നവരില്‍ കണ്ണുകളുടെ സ്വാഭാവിക പ്രവര്‍ത്തനശേഷി വര്‍ധിക്കാറുണ്ട്.
5. കണ്ണിനും വേണം വ്യായാമങ്ങള്‍: കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും.

$ 3-5 സെക്കന്‍ഡ്വരെ കണ്ണ് മുറുക്കി അടയ്ക്കുക. അത്രനേരംതന്നെ തുറന്നുപിടിക്കുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക.
$ കണ്ണടച്ച് കൃഷ്ണമണി ഘടികാരദിശയിലും എതിര്‍ ഘടികാര ദിശിയിലും ചലിപ്പിക്കുക. അഞ്ചുതവണ ആവര്‍ത്തിക്കാം.
$ തിര്യക് ഭുജംഗാസനം, ത്രാടനം ഇവ കണ്ണിന് ഏറെ ഗുണംചെയ്യും.

ഡോ. പ്രിയ ദേവദത്ത്

-News credit: www.deshabhimani.com 

About the News

Posted on Saturday, November 09, 2013. Labelled under , . Feel free to leave a response

2 comments for "കണ്ണും ജീവിതശൈലിയും"

  1. very useful info...thank you for sharing

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site