ഇന്ന് ബലിപെരുന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ഗള്‍ഫ്‌നാടുകള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 15, 2013

ഇന്ന് ബലിപെരുന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ഗള്‍ഫ്‌നാടുകള്‍


ദുബായ്: ത്യാഗസ്മരണയില്‍ ഗള്‍ഫിലെങ്ങുമുള്ള വിശ്വാസികള്‍ ചൊവ്വാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കും. പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുകൊണ്ടും മൃഗത്തെ ബലിനല്‍കിയും ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. അറഫയിലുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വ്രതമനുഷ്ഠിച്ചുകൊണ്ടാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിനായി ഒരുങ്ങിയത്.

യു.എ.ഇയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍നമസ്‌കാരം നടക്കും. രാവിലെ 6.29 മുതല്‍ 6.32 വരെയാണ് എമിറേറ്റുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതത് പള്ളികളുടെ തീരുമാനപ്രകാരം സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. ദുബായ് അല്‍ ഖൂസില്‍ അല്‍മനാര്‍ സെന്‍ററില്‍ രാവിലെ 6.40ന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് അബ്ദുസ്സലാം മോങ്ങം നേതൃത്വംനല്‍കും. തുടര്‍ന്ന് മലയാളത്തില്‍ ഖുത്തുബ പ്രഭാഷണം നടക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌കാരത്തിന് ഹുസൈന്‍ സലഫി നേതൃത്വംനല്‍കും. രാവിലെ 6.38നാണ് നമസ്‌കാരം. പങ്കെടുക്കുന്നവര്‍ അംഗശുദ്ധി വരുത്തി മുസല്ലയുമായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

നമസ്‌കാരശേഷമാണ് മൃഗബലി നടക്കുക. അതത് എമിറേറ്റുകളിലെ ഔദ്യോഗിക അറവുശാലകളിലാണ് ബലികര്‍മങ്ങള്‍ നടക്കുക. വീടുകളിലും മറ്റുമായി നടക്കുന്ന അനധികൃത അറവിനെ അധികൃതര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള വിരുന്നൊരുക്കലും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കലുമാണ് പ്രവാസികളുടെ പെരുന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു സവിശേഷത. പള്ളിയില്‍നിന്നിറങ്ങി നേരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നവരും ഉച്ചഭക്ഷണശേഷം സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ഏതൊരു ആഘോഷത്തെയുംപോലെ, ബലിപെരുന്നാളിലും ബിരിയാണി തന്നെയാണ് താരം. വിവിധ തരക്കാരായ നിരവധിപേര്‍ ഒത്തൊരുമിക്കുന്ന ആഘോഷവേളയില്‍ ബിരിയാണി വെക്കലും മധുരം വിളമ്പലുമൊക്കെ പെരുന്നാളിന്റെ പൊതുസ്വഭാവങ്ങളിലൊന്നാണ്. ഭക്ഷണശേഷം ഒരുമിച്ചു ചേര്‍ന്ന് യാത്രപുറപ്പെടലും പാര്‍ക്കുകളിലും ബീച്ചുകളിലും ഒത്തുചേരലുമൊക്കെ മറ്റൊരു സവിശേഷതയാണ്. നിരവധി പ്രാദേശികപ്രവാസി കൂട്ടായ്മകള്‍ കുടുംബസംഗമങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നതും പെരുന്നാള്‍ദിനങ്ങളാണ്.

കുടുംബത്തിലെ പ്രായമായവരെ സന്ദര്‍ശിക്കുകയും മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കലുമാണ ്അറബികള്‍ക്കിടയിലെ ആഘോഷത്തിന്റെ സവിശേഷത. പരസ്പരം ആശ്ലേഷിക്കുകയും മൂക്കുകള്‍ പരസ്പരം സ്പര്‍ശിച്ച് സ്‌നേഹം പങ്കുവെക്കുകയും ചെയ്യുന്നു. സൗഹാര്‍ദത്തിന്റെ പ്രതീകമായി മധുരപലഹാരങ്ങള്‍ വിതരണംചെയ്യുന്ന രീതിയും അറബികള്‍ക്കിടയിലുണ്ട്. പ്രത്യേകം പായ്ക്ക് ചെയ്ത് കൊട്ടയിലാക്കിയ മിഠായികളും മറ്റു മധുരപലഹാരങ്ങളും പരസ്പരം കൊടുത്തുവിടുന്നു. കുട്ടികള്‍ക്ക് പെരുന്നാള്‍പണം കൊടുക്കുന്നത് സ്വദേശികളുടെ പതിവാണ്. അഞ്ച് ദിര്‍ഹംമുതല്‍ അവനവന്റെ ശേഷിക്കൊത്ത് തുകയുടെ വലിപ്പവും കൂടുന്നു. അയല്‍പക്കങ്ങളിലെ വീടുകള്‍ കയറിയിറങ്ങി പെരുന്നാള്‍പണം വാങ്ങുന്ന രീതി അപൂര്‍വമായെങ്കിലും ഇന്നും കുട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, October 15, 2013. Labelled under , . Feel free to leave a response

0 comments for "ഇന്ന് ബലിപെരുന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ഗള്‍ഫ്‌നാടുകള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive