അമിതചുറുചുറുക്കെങ്കിൽ ആശങ്കപ്പെടാനുണ്ട് : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, September 19, 2013

അമിതചുറുചുറുക്കെങ്കിൽ ആശങ്കപ്പെടാനുണ്ട്


``മോനെ നോക്കൂ, എന്തൊരുത്സാഹമാണെന്ന്....'' ചാടിമറിയുന്ന മകനെ നോക്കി അഭിമാനം കൊള്ളുന്നവർ പലപ്പോഴും കുഞ്ഞുങ്ങളിലെ ശരിയായ രോഗാവസ്ഥ അറിയുന്നില്ല. കുട്ടികളിൽ ഏകാഗ്രത കുറയുകയും അതേ സമയം മറ്റു കുട്ടികൾക്കില്ലാത്ത അമിത ഉത്സാഹം കാണിക്കുകയും ചെയ്യുകയാണെങ്കിൽ അവരെ കൃത്യമായി വിലയിരുത്തണം. കാരണം അമിത ചുറുചുറുക്ക് അഥവാ
(Attention Deficit Hyperactivity Disorder-ADHD) എന്ന സ്വഭാവവൈകല്യത്തിന്റെ പിടിയിലാകാം അവർ.

രോഗാവസ്ഥ പലവിധംഈ പ്രത്യേക രോഗാവസ്ഥയെ ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. മിക്ക കുട്ടികളിലും ചിലപ്പോൾ പ്രായപൂർത്തിയായവരിൽപ്പോലും ഇത്തരം അവസ്ഥ കാണപ്പെടുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം. തുടർച്ചയായി മൂന്നുമാസത്തിലേറെ ഇത്തരം രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു മനോരോഗവിദഗ്ദ്ധനെ കണ്ട് രോഗനിർണയം നടത്തേണ്ടതും ആവശ്യമാണ്. മനോരോഗ വിദഗ്ദ്ധൻ എന്നതു കേട്ട് ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. ഒരിക്കലും കുട്ടികളുടെ തെറ്റു കൊണ്ടു വരുന്നതല്ല രോഗമെന്നും ജീവിതസാഹചര്യങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനുണ്ടാകുമെന്നും രക്ഷിതാക്കൾ തിരിച്ചറിയണം.

ശ്രദ്ധക്കുറവ്
. പഠനത്തിലും ഏർപ്പെടുന്ന മറ്റു പ്രവർത്തനങ്ങളിലും കളികളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതെ വരുക.

. പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും അശ്രദ്ധ മൂലമുള്ള തെറ്റുകൾ സ്ഥിരമായി വരുത്തുക.

. നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും കർത്തവ്യങ്ങൾ നിശ്ചിതസമയത്ത് പൂർത്തീകരിക്കുവാൻ സാധിക്കാതെ വരികയും ചെയ്യുക.

. സ്കൂൾ വർക്കുകൾ, ഹോംവർക്കുകൾ തുടങ്ങിയ കാര്യങ്ങളിൽ പുറകോട്ട് പോകുക.

. മറവി ശീലമാകുക. അതേ പോലെ കളിപ്പാട്ടങ്ങൾ, സ്കൂൾ പുസ്തകങ്ങൾ,പേന, പെൻസിൽ എന്നിവ സ്ഥിരമായി നഷ്ടപ്പെട്ടുപോവുക.

. മറവിയും ഏകാഗ്രതക്കുറവും

അമിത ചുറുചുറുക്ക്. ശാന്തനായി ഇരിക്കുവാൻ പറഞ്ഞാൽ വളരെയധികം അസ്വസ്ഥനായി കാണപ്പെടുക.
. ക്ളാസ് മുറികൾ പോലുള്ള സ്ഥലങ്ങളിൽ ദീർഘനേരം ഇരിക്കുവാൻ സാധിക്കാതെ എണീറ്റു നടക്കുക.
. കളികൾക്കിടെ അമിതമായി ഓടുകയും ചാടുകയും വീട്ടുപകരണങ്ങളിൽ കയറുകയും ചെയ്യുക.
. ഒഴിവു സമയങ്ങളിൽ അടങ്ങിയിരുന്നു ഒന്നും ചെയ്യാനാവാത്ത അവസ്ഥ.
. അമിതമായ സംസാരം

എടുത്തുചാട്ടം. ഏതെങ്കിലും ഒരു കാര്യം ചോദിച്ചു തീരുന്നതിന് മുമ്പ് ചാടിക്കയറി മറുപടി പറയുക.
. തന്റെ ഊഴത്തിനായി കാത്തുനിൽക്കുന്നതിനുള്ള ക്ഷമ കാണിക്കാതിരിക്കുക.
. മറ്റുള്ളവർ സംസാരിക്കുന്നതിനെ ഇടയിൽ കയറി തടസപ്പെടുത്തുക.

ചികിത്സാ വഴികൾഎ.ഡി.എച്ച്.ഡി ഒരു പരിധിവരെ മരുന്ന് കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെങ്കിലും കൗൺസലിംഗ്, ഒക്യുപേഷണൽ തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം നൽകൽ തുടങ്ങിയ മറ്റു ചില ഘട്ടങ്ങളുമുണ്ട്. എതിർപ്പോടുകൂടിയ പെരുമാറ്റം, അമിതദേഷ്യം, പഠന വൈകല്യങ്ങൾ, ഉത്കണ്ഠ എന്നിവയ്‌ക്കും മനഃശാസ്ത്രപരമായ ചികിത്സ വേണ്ടിവന്നേക്കാം.

രക്ഷിതാക്കളുടെ മനസിലേക്ക്
. എല്ലായ്പ്പോഴും വിമർശിക്കുകയും അവരുടെ പ്രവർത്തനങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതിന് പകരം വളരെ ഫലപ്രദമായ രീതിയിൽ ഇടപെടുക. ഒരിക്കലും മനസു മുറിയുന്ന വിധത്തിലാവരുത് രക്ഷിതാക്കളുടെ ഇടപെടൽ.

. നിന്റെ മുറി നീ തന്നെ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾക്ക് പകരം ഓരോ കളിപ്പാട്ടങ്ങളും കൃത്യസ്ഥലത്ത് വയ്‌ക്കണമെന്നു പറഞ്ഞാൽ അവന് കുറേ കൂടി എളുപ്പത്തിൽ മനസിലാക്കും. ചെയ്യുന്ന ഓരോ കാര്യത്തിനും അവനെ അഭിനന്ദിക്കാനും മറക്കരുത്.

. കൃത്യമായ ആശയവിനിമയം ഉറപ്പാക്കണം. കുട്ടികളോട് ഏറ്റവും ഫലപ്രദമായ രീതിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.

. പഠിക്കണം പഠിക്കണമെന്നു പറഞ്ഞ് അവനെ വീർപ്പുമുട്ടിക്കുന്നതിന് പകരം ഓരോ കാര്യങ്ങൾക്കും പ്രത്യേക ടൈം ടേബിളുണ്ടാക്കി ചിട്ടയോടെയുള്ള ജീവിതത്തിന് സഹായിക്കുക. അവരുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

. എ.ഡി.എച്ച്.ഡി രോഗവസ്ഥയിലുള്ള കുട്ടികൾ അപകടമുണ്ടാക്കുന്നതും മറ്റു കുട്ടികളെ ഉപദ്രവിക്കാനുമുള്ള സാദ്ധ്യതയുമുള്ളതിനാൽ എല്ലായ്പ്പോഴും അവരിൽ ശ്രദ്ധ വേണം.

. ടെലിവിഷൻ തുടർച്ചയായി കാണുന്നത് ഒഴിവാക്കുക. കാർട്ടൂണുകൾ, കംപ്യൂട്ടർ ഗെയിമുകൾ എന്നിവ എ.ഡി.എച്ച്.ഡി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

. കുട്ടിയുടെ വസ്ത്രങ്ങൾ, ബാഗുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ മുറിയിൽ സൂക്ഷിക്കാൻ ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുത്തു നൽകുകയും ആ ശീലം തുടരാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുക.

. രോഗമുള്ള കുട്ടികൾ എന്ന് വരെ മാറ്റിനിറുത്താതെ വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളിൽ കൂടി അവരെ പങ്കാളിയാക്കുക. അവരുടെ സപ്പോർട്ട് എത്ര മാത്രം വലുതായിരുന്നുവെന്നതും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മവിശ്വാസം വലുതാക്കും.

. ഹോംവർക്കുകൾ ചെയ്യുവാൻ കുട്ടിയെ പഠിപ്പിക്കുകയും അതിനാവശ്യമായ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരാൻ അവരോട് പറയുകയും ചെയ്യുക.


വാര്ത്ത ചൂണ്ടികാണിച്ചത് - ശ്രി കുണ്ടുവാ റ ബാലഗോപലാൻ മേനോൻ 

About the News

Posted on Thursday, September 19, 2013. Labelled under , . Feel free to leave a response

0 comments for "അമിതചുറുചുറുക്കെങ്കിൽ ആശങ്കപ്പെടാനുണ്ട് "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive