വരവായ് പുണ്യമാസം...... : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, July 06, 2013

വരവായ് പുണ്യമാസം......

ദുബായ്: ഈന്തപ്പനകള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് എവിടെയും. മധുരംകിനിയുന്ന ഈത്തപ്പഴത്തിന്റെ വിവിധഭാവങ്ങള്‍ ഈ പനകളിലുണ്ട്. പലതും വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുന്നു. ചുട്ടുപൊള്ളുന്ന വേനലില്‍, കടുത്തചൂടില്‍, തോട്ടങ്ങളിലും തെരുവോരങ്ങളിലുമൊക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ മരങ്ങള്‍ അറബ് സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നാണ്. മലയാളികള്‍ക്ക് തെങ്ങ് എന്നതു പോലെ ഈ മരം അറബികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഇതിനകം പ്രവാസികളും അതിനോടൊപ്പം ചേര്‍ന്നിരിക്കുന്നു. മരുഭൂമിയില്‍ മധുരം ചൊരിഞ്ഞുനില്‍ക്കുന്ന ഈന്തപ്പനകള്‍ സൗഹൃദത്തിന്റെ കൂടി പ്രതീകമാണ്. ഈന്തപ്പഴത്തിന്റെ വിവിധ വകഭേദങ്ങളിലാണ് അതിഥി സത്കാരത്തിന്റെ തുടക്കം പോലും.
വേനല്‍ കനക്കുന്നതിന്റെ സൂചനകളിലൊന്ന് ഈന്തപ്പനകള്‍ പൂവിടുന്നതാണ്. വേനല്‍ ശക്തമാവുന്നതോടെ പൂവുകള്‍ പഴങ്ങളായി രൂപപ്പെടുന്നു. അത് അവധിക്കാലത്തിന്റെ കൂടി വരവറിയിക്കുന്നു. ഗള്‍ഫ് നാടുകളില്‍ സ്‌കൂളുകളൊക്കെ അവധിക്കായി അടച്ചുകഴിഞ്ഞു. ആയിരക്കണക്കിന് മലയാളികള്‍ക്കാകട്ടെ ഇത് സ്വന്തം മണ്ണിലേക്കുള്ള യാത്രാ വേള കൂടിയാണ്. കത്തുന്ന വേനലില്‍ നിന്നൊരു ഒളിച്ചോട്ടമാണത്. പക്ഷേ, അതിനുമപ്പുറം അത് സ്വന്തംനാട്ടിലേക്കും കുടുംബങ്ങളിലേക്കുമുള്ള തിരിച്ചുപോക്കും ഓര്‍മകളിലേക്കുള്ള ഊളിയിടലുമാണ്. നാട്ടില്‍ കനത്ത മഴ തകര്‍ത്തുപെയ്യുകയാണ്. ഒന്ന് മഴ കണ്ട് വരാമെന്ന് പറഞ്ഞ് നാട്ടിലേക്ക് പോകുന്നവരും ധാരാളം. നീളമേറിയ പകലും കനത്തചൂടും കത്തുന്ന വെയിലുമൊക്കെയായി ജീവിതം തള്ളിനീക്കുന്നവര്‍ അങ്ങനെ മോഹിച്ചുപോകുന്നത് സ്വാഭാവികം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞതുപോലെയാണ് മഴയുടെ കാര്യവും. ശ്ശോ എന്തൊരു മഴ എന്ന് നാട്ടില്‍വെച്ച് പ്രാകി നടന്നവന്‍ ഒരു മഴ കാണാനും മഴകൊള്ളാനും വെമ്പുന്ന കാഴ്ച എവിടെയുമുണ്ട്. ഓരോ പ്രവാസിയും ഒരു മഴ കാണാന്‍ ഇവിടെയിരുന്ന് കൊതിക്കുന്നു. ഈ വേനലിലെ ഒരോ യാത്രയും ഇതിന് കൂടി ഉള്ളതാണ്.
പക്ഷേ, നാട്ടിലേക്ക് പോകുന്ന കാര്യമാലോചിക്കുമ്പോഴാണ് എല്ലാവരുടെയും കണ്ണ് തള്ളിപ്പോകുന്നത്. വിമാനടിക്കറ്റ് നിരക്ക് നോക്കി നോക്കി നില്‍ക്കുമ്പോള്‍ മേലോട്ട് പോവുകയാണ്. ആഗസ്ത് പത്തിന് പെരുന്നാള്‍ വരെ ഈ നിരക്കും തിരക്കും വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുമെന്നാണ് സൂചനകള്‍. കുടുംബവുമായി നാട്ടിലേക്ക് പോകാന്‍ വെമ്പുന്നവരാണ് ഏറെ വലയുന്നത്. അച്ഛനും അമ്മയും രണ്ടുമക്കളും ഉള്ള ഒരു സാധാരണ കുടുംബത്തിന് ആ കൊല്ലത്തെ സമ്പാദ്യമാകെ ബലി കഴിക്കേണ്ടിവരുന്ന സ്ഥിതിയാണിവിടെ. ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് മാത്രം തന്നെ ഇരുപതിനായിരം രൂപയിലേറെയാണ് വില ഇപ്പോള്‍. അതേസമയം, നേരത്തേത്തന്നെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ ഭാഗ്യവാന്മാര്‍. വലിയ ബാധ്യതകളില്ലാതെ ടിക്കറ്റ് നേടിയവരാണ് അവര്‍. നാടും മഴയും ഇപ്പോള്‍ അവര്‍ക്കുള്ളതാകുന്നു. പക്ഷേ, അവധിയുടെ കാര്യത്തിലൊന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയാത്ത പതിനായിരങ്ങളുടെ സ്ഥിതി അതല്ല. അന്തം വിട്ട് പോകുന്ന ടിക്കറ്റ് വില കണ്ട് അവരും അന്തം വിടുന്നു. നമ്മുടെ ദേശീയ വിമാനക്കമ്പനി വരെ അവസരം നോക്കി ടിക്കറ്റ് വില കുത്തനെ കൂട്ടുന്നുണ്ട്. 
എയര്‍ ഇന്ത്യയ്ക്ക് ആവാമെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് മനസ്സാക്ഷിക്കുത്തിന്റെ പ്രശ്‌നവുമില്ലല്ലോ. എയര്‍ കേരള എന്ന വലിയ തമാശകള്‍ ഇപ്പോഴും പ്രവാസികളുടെ ഓര്‍മകളിലുണ്ട്. അതിനെപ്പറ്റി ഇപ്പോഴാര്‍ക്കും മിണ്ടാട്ടവുമില്ല. വിമാനക്കൂലി സീസണില്‍ വര്‍ധിപ്പിക്കുന്ന പ്രവണത ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രിമാരും ഇപ്പോള്‍ മറ്റ് തിരക്കുകളിലാണ്.
ഇത്തവണ വേനലവധിയില്‍ തന്നെയാണ് റംസാന്‍ നോമ്പുകാലവും കടന്നുവരുന്നത്. നാട്ടില്‍ ചെന്ന് നോമ്പ് നോല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ടിക്കറ്റ് നിരക്ക് ഒരു കടമ്പ തന്നെ. അതെന്തായാലും വിശുദ്ധമാസത്തെ വരവേല്‍ക്കാനും അതിനായി തയ്യാറെടുക്കാനുമുള്ള ഒരുക്കങ്ങളാണ് എവിടെയും. റംസാന്‍ മാസത്തിന് മുന്നോടിയായി വ്യാപാര കേന്ദ്രങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമൊക്കെ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. എല്ലാം നേരേ നടത്താനുള്ള ചെറിയ ചെറിയ ഓര്‍മപ്പെടുത്തലുകളാണ് മിക്കതും. പക്ഷേ, അതൊക്ക വലിയ കാര്യങ്ങളാണ് താനും.
നിതാഖാത് പോലെയുള്ള വലിയ വേവലാതികളൊന്നും ഇപ്പോള്‍ യു.എ.ഇ.യില്‍ ഇല്ല. സൗദി അറേബ്യയും കുവൈത്തുമൊക്കെ സൃഷ്ടിക്കുന്ന അങ്കലാപ്പ് എല്ലാവരിലുമുണ്ട്. എങ്കിലും യു.എ.ഇ. കുറേക്കൂടി സുരക്ഷിതമാണെന്ന വിശ്വാസം എല്ലാവരും വെച്ചുപുലര്‍ത്തുന്നു. എല്ലാ അറബ് നാടുകളിലുമുള്ളതുപോലെ സ്വദേശിവത്കരണത്തിനായി ഇവിടെയും കുറേ നടപടികള്‍ നടപ്പിലാക്കുന്നുണ്ട്. അതിനൊപ്പമാണ് തൊഴില്‍നിയമങ്ങള്‍ കര്‍ശനമാക്കുന്നതായുള്ള വാര്‍ത്തകള്‍. തൊഴില്‍നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഒരര്‍ഥത്തില്‍ ഇവിടെയെത്തുന്ന തൊഴിലാളികള്‍ക്കാണ് ഏറെ ഗുണകരം. ഇവിടെവന്ന് ഏജന്റുമാരാല്‍ കബളിപ്പിക്കുന്നത് കുറയുമെന്നത് ഉറപ്പ്. 
വേജ് പ്രോട്ടക്ഷന്‍ സ്‌കീം എന്ന രീതിയില്‍ തൊഴിലാളികളുടെ ശമ്പളം നേരേ ബാങ്കിലേക്ക് തൊഴിലുടമ അടയ്ക്കുന്ന രീതി ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇത് വേതനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നു. കര്‍ശനമാക്കുന്നു എന്ന് പറയുന്ന വ്യവസ്ഥകളില്‍ ഏറെയും നേരത്തേ ഉണ്ടായിരുന്ന നിയമങ്ങള്‍ തന്നെയാണ്. മറ്റ് വര്‍ക്ക് പെര്‍മിറ്റുകളില്‍ വന്ന് വേറെ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ മുന്നറിയിപ്പ്. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്കും അവരെ ജോലി ചെയ്യിക്കുന്നവര്‍ക്കും ഒരുപോലെ പിഴ നല്‍കുന്നതാണ് വ്യവസ്ഥകള്‍. അതും തൊഴിലാളികള്‍ക്കാണ് ഗുണംചെയ്യുന്നത് എന്നതാണ് ഈ രംഗത്തുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
ഇതാ, പുണ്യമാസം പിറക്കാനിരിക്കുന്നു. വരാനിരിക്കുന്നത് ത്യാഗത്തിന്റെയും ഉറവ വറ്റാത്ത കാരുണ്യത്തിന്റെയുംദിനങ്ങള്‍. എല്ലാം മറന്നും പൊറുത്തും മനസ്സ് നിര്‍മലമാക്കി നിര്‍ത്താനുള്ള പ്രാര്‍ഥനാനിര്‍ഭരമായ ദിനരാത്രങ്ങള്‍. ഒന്നുമില്ലാതെ ജീവിതംതേടി ഇവിടെ എത്തിയ ലക്ഷങ്ങള്‍ക്ക് പുതിയ ജീവിതവും ആകാശവും ഐശ്വര്യവും നിര്‍ലോഭം വാരിച്ചൊരിഞ്ഞ ഈ മണ്ണ് നമ്മുടെ നാടിനെയും കൂടിയാണ് തിളക്കമുള്ളതാക്കിയത്. ആ തിളക്കം മങ്ങാതെ, കുറേക്കൂടി നിറമുള്ളതാക്കാന്‍ ഈ പുണ്യമാസം തുണയാകട്ടെ.


News & Photo Credit
       mathrubhumi_logo

About the News

Posted on Saturday, July 06, 2013. Labelled under , , . Feel free to leave a response

1 comments for "വരവായ് പുണ്യമാസം...... "

  1. എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സന്തോഷഭരിതമായ ഒരു റംസാൻ ആശംസിക്കുന്നു

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive