കര്‍ക്കടകം പിറന്നു; നാലമ്പലങ്ങളിലേക്ക് തീര്‍ഥാടക പ്രവാഹം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 18, 2013

കര്‍ക്കടകം പിറന്നു; നാലമ്പലങ്ങളിലേക്ക് തീര്‍ഥാടക പ്രവാഹം

തൃശ്ശൂര്‍: ദശരഥപുത്രന്മാരുടെ പ്രതിഷ്ഠയാല്‍ ധന്യമായ നാലമ്പലങ്ങളിലേക്ക് പാപപരിഹാരാര്‍ഥം ഭക്തജനങ്ങളുടെ പ്രയാണം തുടങ്ങി. കര്‍ക്കടക മാസത്തില്‍ തൃപ്രയാറില്‍ ശ്രീരാമനേയും ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തില്‍ ഭരതനേയും, മൂഴിക്കുളത്ത് ലക്ഷ്മണനേയും പടിയൂര്‍ പായമ്മലില്‍ ശത്രുഘ്‌നനേയും ഒരു ദിവസം തന്നെ ദര്‍ശിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് നാലമ്പലദര്‍ശനം.

തൃപ്രയാറില്‍


തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നടതുറന്നതു മുതല്‍ ഭക്തരെത്തി. അവധിദിനമല്ലാത്തതിനാല്‍ വലിയ തിരക്ക് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടില്ല.
പ്രസാദഊട്ടില്‍ നാലമ്പലതീര്‍ഥാടനം കഴിഞ്ഞെത്തിയ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രത്തിനകത്തും പുറത്തും ചുക്കുവെള്ളവും കാപ്പിയും ഭക്തര്‍ക്ക് വിതരണം ചെയ്തു. ശക്തമായ പോലീസ് സന്നാഹവുമുണ്ടായി.

കൂടല്‍മാണിക്യത്തില്‍

ഇരിങ്ങാലക്കുട: നൂറുകണക്കിന് ഭക്തജനങ്ങളാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയത്. ഇരു ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കിഴക്കെ നടയില്‍ തയ്യാറാക്കിയ പന്തലിലൂടെ ചെന്ന് കൊടിമരത്തിന് സമീപം തയ്യാറാക്കിയ പ്രത്യേക ഫ്‌ളൈഓവറിലൂടെ കടന്നാണ് ഭക്തജനങ്ങള്‍ ചുറ്റമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. ഇതുമൂലം ക്ഷേത്രം വലംവയ്ക്കാന്‍ തടസ്സം കൂടാതെ കഴിഞ്ഞു. വഴിപാടിനും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

പായമ്മലില്‍

പായമ്മല്‍: പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് അയ്യായിരത്തോളം പേര്‍ക്ക് പ്രസാദഊട്ട് നല്‍കി. രാത്രിയിലും നിരവധി പേര്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയിരുന്നു. ഇതിനിടയില്‍ പൂമംഗലം ആരോഗ്യവിഭാഗം ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തി. എല്ലാ കടകള്‍ക്ക് മുന്നിലും അളവും തൂക്കവും വിലയും പ്രദര്‍ശിപ്പിക്കണമെന്നും മാലിന്യം പുറത്തേക്ക് തള്ളാന്‍ അനവദിക്കില്ലെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. ഭക്തജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി പായമ്മല്‍ ക്ഷേത്രത്തിന് സമീപം സൗജന്യ മരുന്നുവിതരണകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ സേവനം ഇവിടെ ലഭിക്കും.

മൂഴിക്കുളത്ത്

മാള: കര്‍ക്കടമാസത്തിന്റെ ആദ്യദിനത്തില്‍ തന്നെ മൂഴിക്കുളം ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രത്തില്‍ നാലമ്പല തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു. ദൂരദിക്കുകളില്‍ നിന്നുള്ളവരായിരുന്നു തീര്‍ഥാടകരില്‍ അധികവും. തീര്‍ഥാടകര്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



News & Photo Credit
       mathrubhumi_logo

About the News

Posted on Thursday, July 18, 2013. Labelled under , . Feel free to leave a response

0 comments for "കര്‍ക്കടകം പിറന്നു; നാലമ്പലങ്ങളിലേക്ക് തീര്‍ഥാടക പ്രവാഹം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive