പ്രവാസികള്‍ക്കായി ഗ്രാമതലത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നോര്‍ക്ക : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 18, 2013

പ്രവാസികള്‍ക്കായി ഗ്രാമതലത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നോര്‍ക്ക

ദുബായ്: പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവര്‍ക്കും എന്നെങ്കിലും തിരിച്ചുപോകേണ്ടവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ കേരളത്തില്‍ പഞ്ചായത്ത് തലത്തില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നോര്‍ക്ക റൂട്ട്‌സ് ആലോചിക്കുന്നു.
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഡോ.ആസാദ് മൂപ്പന്‍ സമര്‍പ്പിച്ച ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാറും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡും സജീവമായി പരിഗണിച്ചുവരികയാണ്. ഒരു മാസത്തിനകം ഇതുസംബന്ധിച്ച ധവളപത്രം സമര്‍പ്പിക്കുമെന്ന് ഡോ.ആസാദ് മൂപ്പന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമതലത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന ഈ പദ്ധതി എല്ലാവിഭാഗം പ്രവാസികളെയും ഒരു കുടക്കീഴില്‍ എത്തിക്കാനും വഴിയൊരുക്കും.
നോര്‍ക്ക കോ.ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ വിഭാവനം ചെയ്യുന്ന സംരംഭത്തില്‍ ഓരോ പഞ്ചായത്തിലെയും പ്രവാസികളെ അംഗങ്ങളായി ചേര്‍ക്കും. നോര്‍ക്കയുടെ കീഴിലും സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തിലുമായിരിക്കും പ്രവര്‍ത്തനം. സര്‍ക്കാറിന്റെയും നോര്‍ക്കയുടെയും സാമ്പത്തികസഹകരണത്തോടെയുള്ള ഇത്തരം പദ്ധതിയിലൂടെ നോര്‍ക്കയുടെ സാന്നിധ്യം എല്ലാ പഞ്ചായത്തിലും എത്തിക്കാനുമാവുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രവാസികളായി കഴിഞ്ഞവരെത്തന്നെ ഈ സംരംഭങ്ങളില്‍ ജീവനക്കാരായി മാറ്റാം. നോര്‍ക്കയുടെ സാന്നിധ്യം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്കും.
കേരളം ഇന്ന് നേരിടുന്ന മാലിന്യ പ്രശ്‌നംതന്നെ ഈ സംഘങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവും.
ഓരോ പഞ്ചായത്തിലും മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് വഴി നോര്‍ക്ക സംഘങ്ങള്‍ക്ക് പുതിയ മേഖലകള്‍ കണ്ടെത്താനും കഴിയും. ഗുരുതരമായ രോഗം വരുന്നവര്‍ക്ക് ചികിത്സാ സഹായം നല്കാനാവുന്ന ആരോഗ്യരക്ഷാ പദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചതായി അദ്ദേഹം അറിയിച്ചു. വ്യക്തികളുടെ വിഹിതവും സംസ്ഥാന സര്‍ക്കാറിന്റെ നീക്കിയിരുപ്പുംകൊണ്ട് ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാവും.
പ്രവാസികള്‍ക്കായി നോര്‍ക്കാ റൂട്ട്‌സ് വിഭാവനം ചെയ്ത സാന്ത്വന, കാരുണ്യ തുടങ്ങിയ ആശ്വാസപദ്ധതികളിലൂടെ ഒട്ടേറെ ആശ്വാസപരിപാടികള്‍ നടപ്പാക്കിവരുന്നതായി നോര്‍ ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും ഇതുസംബന്ധിച്ച് ഒട്ടേറെ ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടും വേണ്ടത്ര അര്‍ഹതപ്പെട്ടവരില്‍ ഇതിന്റെ സന്ദേശം എത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ മറ്റൊരു സംരംഭമായ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതിക്കും വേണ്ടത്ര പിന്തുണ പ്രവാസികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ക്ഷേമനിധി ബോര്‍ഡംഗമായ എം.ജി. പുഷ്പാകരന്‍ പറഞ്ഞു.
നാല്പത് ലക്ഷം പേരെയെങ്കിലും പദ്ധതിയില്‍ അംഗമാക്കേണ്ടതുണ്ട്. ഇതിന് എല്ലാ പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


News & Photo Credit
       mathrubhumi_logo


About the News

Posted on Tuesday, June 18, 2013. Labelled under , . Feel free to leave a response

1 comments for "പ്രവാസികള്‍ക്കായി ഗ്രാമതലത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നോര്‍ക്ക"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive