റുവൈസ് മാളിലെ ജോലിയിക്ക് 1,200 മലയാളികളെ അടുത്തുതന്നെ നാട്ടികയില്‍ വെച്ച് താന്‍തന്നെ നേരിട്ട് എടുക്കുമെന്നും' യൂസഫലി പറഞ്ഞു. : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 18, 2013

റുവൈസ് മാളിലെ ജോലിയിക്ക് 1,200 മലയാളികളെ അടുത്തുതന്നെ നാട്ടികയില്‍ വെച്ച് താന്‍തന്നെ നേരിട്ട് എടുക്കുമെന്നും' യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് പടിഞ്ഞാറന്‍ മേഖലയിലേക്ക്; അഡ്‌നോക് റുവൈസ് മാള്‍ ഏറ്റെടുക്കുന്നു

അബുദാബി: യു.എ.ഇ. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതും ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നുമായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) അബുദാബിയുടെ പടിഞ്ഞാറന്‍ എണ്ണനഗരമായ റുവൈസില്‍ പുതുതായി പണികഴിപ്പിക്കുന്ന റുവൈസ് മാളിന്റെ മാനേജ്‌മെന്‍റ് സര്‍വീസ് പ്രമുഖ വ്യാപാരസ്ഥാപനമായ ലുലു ഗ്രൂപ്പിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അഡ്‌നോക് ഡയറക്ടര്‍ സയിദ് അല്‍ ഖംസിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലിയും ഒപ്പുവെച്ചു. അബുദാബി അഡ്‌നോക് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ അഡ്‌നോക് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖുബൈസി, ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി തുടങ്ങിയവരും പങ്കെടുത്തു.

അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തില്‍ അഡ്‌നോക് വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് ചടങ്ങിനുശേഷം അഡ്‌നോക് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖുബൈസി പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗകര്യപ്രദമായ ഒരു ജീവിതരീതി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഷോപ്പിങ് മാള്‍ നിര്‍മാണമാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ.യുടെ എണ്ണനഗരമെന്ന് അറിയപ്പെടുന്ന പ്രദേശമാണ് തലസ്ഥാനമായ അബുദാബിയില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ മേഖലയിലുള്ള റുവൈസ്. അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് ഏകദേശം 330 ബില്യണ്‍ ദിര്‍ഹത്തിന്റെ (33,000 കോടി രൂപ) വന്‍വികസന പദ്ധതികളാണ് അബുദാബി സര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസന പദ്ധതികളുടെ ഭാഗമായി വന്‍തോതില്‍ ആളുകള്‍ കുടുംബങ്ങളുമായി താമസിക്കാനെത്തുന്നത് ഇവിടെ കൂടുതല്‍ വാണിജ്യവ്യാപാര കേന്ദ്രങ്ങള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. 6 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള റുവൈസ് ഷോപ്പിങ്മാള്‍ പ്രദേശത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരിക്കും. ഹൈപ്പര്‍മാര്‍ക്കറ്റ്, അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ ഫാഷന്‍ സ്റ്റോറുകള്‍, ഫുഡ് കോര്‍ട്ട്, ധനകാര്യ സ്ഥാപനങ്ങള്‍, ജൂവലറി, സിനിമ, ഐസ് റിങ്ക് തുടങ്ങി ഉപഭോക്താക്കള്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും.

'റുവൈസ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി മാറാന്‍ പോകുന്ന റുവൈസ് മാള്‍ ലുലു ഗ്രൂപ്പിനെ ഏല്പിച്ചതില്‍ യു.എ.ഇ. ഭരണാധികാരികള്‍ക്കും അഡ്‌നോക് മാനേജ്‌മെന്‍റിനും നന്ദി പറയുന്നതായി' ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി അറിയിച്ചു. ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് ഇതിനായി ലുലു ഗ്രൂപ്പിനെ തിരഞ്ഞെടുത്തത് ഒരു അംഗീകാരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ മികവിലുള്ള വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ലോകോത്തരമായ ഷോപ്പിങ് അനുഭവമാണ് ഇവിടെയുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷോപ്പിങ് മാള്‍ ഈ വര്‍ഷാവസാനത്തോടുകൂടി പ്രവര്‍ത്തനമാരംഭിക്കും. 'ഏകദേശം രണ്ടായിരം കോടി രൂപ നിക്ഷേപത്തിലുള്ള റുവൈസ് മാള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി 2,000 ആളുകള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ 1,200 പേര്‍ മലയാളികളായിരിക്കും. ഇതിനായി അടുത്തുതന്നെ നാട്ടികയില്‍ വെച്ച് താന്‍തന്നെ നേരിട്ട് ആളുകളെ എടുക്കുമെന്നും' യൂസഫലി പറഞ്ഞു.

പ്രമുഖ ഓഡിറ്റ് ഗവേഷണസ്ഥാപനമായ ഡിലോയിറ്റ് ലോകത്ത് ഏറ്റവും വളരുന്ന ഒമ്പതാം കമ്പനിയായി ലുലു ഗ്രൂപ്പിനെ തിരഞ്ഞെടുത്തിരുന്നു. ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ ഭക്ഷ്യോത്പന്ന ലോജിസ്റ്റിക് സ്ഥാപനമടക്കം പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പില്‍ 29 രാജ്യങ്ങളില്‍ നിന്നായി 30,000-ത്തോളം ആളുകള്‍ ജോലി ചെയ്യുന്നു. ഇതില്‍ 25,000-ത്തോളം പേര്‍ മലയാളികളാണ്. ഇന്‍ഡൊനീഷ്യ, മലേഷ്യ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിങ്മാള്‍ അടുത്തുതന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
News :  mathrubhumi_logo
 Photo Credit: Manorama online


About the News

Posted on Tuesday, June 18, 2013. Labelled under , . Feel free to leave a response

1 comments for "റുവൈസ് മാളിലെ ജോലിയിക്ക് 1,200 മലയാളികളെ അടുത്തുതന്നെ നാട്ടികയില്‍ വെച്ച് താന്‍തന്നെ നേരിട്ട് എടുക്കുമെന്നും' യൂസഫലി പറഞ്ഞു. "

  1. Very good. Nice to hear that. Thanks for sharing.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive