വരുമാനം 5 ലക്ഷം കവിഞ്ഞാല്‍ ഇ-ഫയലിങ് നിര്‍ബന്ധം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, May 09, 2013

വരുമാനം 5 ലക്ഷം കവിഞ്ഞാല്‍ ഇ-ഫയലിങ് നിര്‍ബന്ധം


2013 ധനകാര്യ ബില്‍ ചില മാറ്റങ്ങളോടെ ലോകസഭ പാസാക്കി. ആദായ നികുതി നിയമത്തിലെ ചില മാറ്റങ്ങള്‍.( In India)

50 ലക്ഷത്തില്‍ കൂടുതല്‍ രൂപയ്ക്ക് വസ്തു വാങ്ങുമ്പോള്‍ വാങ്ങുന്നയാള്‍ സ്രോതസില്‍ ആദായ നികുതി പിടിക്കണം-പക്ഷേ ടാന്‍ വേണ്ട.ലഭിക്കുന്നയാളില്‍ നിന്നും സ്രോതസില്‍ തന്നെ അതായതു പണം നല്‍കുന്നയാള്‍ നികുതി പിടിക്കുന്നതിനെയാണു ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് അഥവാ ടിഡിഎസ്. ശമ്പളം, വാക്കു പലിശ, കമ്മീഷന്‍, കരാര്‍ പണിക്കാര്‍ക്കുള്ള പ്രതിഫലം, പ്രഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നും ഇപ്രകാരം സ്രോതസില്‍ നികുതി പിടിക്കുന്നതിനുള്ള നിയമം നിലവിലുണ്ട്. 

ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സന്ദര്‍ഭത്തില്‍ നല്‍കുന്ന തുകയില്‍ നിന്നും സ്രോതസില്‍ നികുതി പിടിക്കുന്നതിനു നിയമമുണ്ട്. 2013 ജൂണ്‍ മുതല്‍ പുതിയ 194-ഐഎ വകുപ്പനുസരിച്ച് 50 ലക്ഷമോ അതിലധികമോ തുകയ്ക്ക് വസ്തു (ഭൂമി അഥവാ കെട്ടിടം) വാങ്ങുമ്പോള്‍ വാങ്ങുന്നയാള്‍ പ്രതിഫല തുകയില്‍ നിന്നും ഒരു ശതമാനം ആദായ നികുതി പിടിച്ചു ബാക്കി തുകയാണു വസ്തു വില്‍ക്കുന്നയാള്‍ക്കു നല്‍കേണ്ടത്. ഇത്തരത്തില്‍ പിടിക്കുന്ന ഒരു ശതമാനം നികുതി അടുത്ത മാസം ഏഴാം തീയതിക്കകം ഐടിഎന്‍എസ് 281 ചലാനില്‍ അടയ്ക്കണം. വസ്തു വിറ്റയാള്‍ അതേ വര്‍ഷത്തിലെ ആദായ നികുതി റിട്ടേണില്‍ വസ്തു വില്‍പനയില്‍ നിന്നുള്ള മൂലധന നേട്ട നികുതിയിലേക്ക് (ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ്) ടിഡിഎസ് വകയിരുത്താം.

വാങ്ങുന്നതു കൃഷിഭൂമിയാണെങ്കില്‍ സ്രോതസില്‍ ആദായ നികുതി പിടിക്കേണ്ടതില്ല. (കൃഷിഭൂമിയുടെ വില്‍പനയ്ക്ക് ആദായ നികുതി ബാധകമല്ല). പക്ഷേ, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, കന്റോണ്‍മെന്റ് ബോര്‍ഡ് പരിധിക്കുള്ളിലെ ഭൂമി കൃഷിഭൂമിയാണെങ്കിലും ക്യാപിറ്റല്‍ ഗെയിന്‍ നികുതി നല്‍കണം. വില 50 ലക്ഷമോ അതിലധികമോ എങ്കില്‍ വാങ്ങുന്നയാള്‍ 2013 ജൂണ്‍ മുതല്‍ ഒരു ശതമാനം ആദായ നികുതി സ്രോതസില്‍ പിടിക്കുകയും വേണം. 

മുന്‍പുണ്ടായിരുന്ന നിയമപ്രകാരം നോട്ടിഫൈ ചെയ്ത പ്രദേശങ്ങളിലെ കൃഷിഭൂമി വില്‍പനയ്ക്കും ക്യാപിറ്റല്‍ ഗെയിന്‍ നികുതി ബാധകമായിരുന്നു. 2013 ബില്‍പ്രകാരം മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ (വര്‍ഷാരംഭത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സെന്‍സസ് പ്രകാരം) അവയുടെ അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരപരിധിയിലുള്ള (2 കി.മീ, 6 കിമി, 8 കിമി) ഭൂമിയും കൃഷിഭൂമിയാണെങ്കിലും ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ബാധകമാണ്. 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് വാങ്ങുന്ന ഭൂമി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയില്‍ നിന്നും എത്ര ദൂരെയാണ് എന്നതും സെന്‍സസ് പ്രകാരം ജനസംഖ്യ എത്രയായിരുന്നുവെന്നും പരിശോധിച്ച ശേഷമാണു സ്രോതസില്‍ നികുതി പിടിക്കണമോ എന്നു തീരുമാനിക്കുന്നത്.

ദൂരപരിധിക്കു പുറത്തുള്ള ഭൂമി കൃഷിഭൂമിയല്ല എങ്കിലും സ്രോതസില്‍ നികുതി പിടിക്കണം. ഭൂമി കൃഷിഭൂമിയാണ് ആയതിനാല്‍ ക്യാപിറ്റല്‍ ഗെയിന്‍ നികുതി ബാധകമല്ല എന്നു തെളിയിക്കാനുള്ള ബാധ്യത വില്‍ക്കുന്നയാള്‍ക്കും, സ്രോതസില്‍ നികുതി പിടിക്കേണ്ട ആവശ്യമില്ല എന്നു തെളിയിക്കാനുള്ള ബാധ്യത വാങ്ങുന്നയാള്‍ക്കുമുണ്ട് എന്നു വ്യാഖ്യാനിക്കാം.

ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോഴും ഈ നിയമം ബാധകമാണ് (പക്ഷേ, കെട്ടിടം നിര്‍മാണ കരാര്‍ ആണെങ്കില്‍ ഭൂമി വില 50 ലക്ഷത്തില്‍ കൂടിയാല്‍ മാത്രമേ ഈ നിയമം ബാധകമാവുകയുള്ളൂ).അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വിലയ്ക്ക് വസ്തു വില്‍ക്കുമ്പോള്‍ വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും ചട്ടം 114 ബി പ്രകാരം പാന്‍ നിര്‍ബന്ധമാണ്. സാധാരണ സ്രോതസില്‍ നികുതി പിടിക്കാന്‍ 203 എ വകുപ്പനുസരിച്ചു ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട് നമ്പര്‍ (ടാന്‍) വേണം. പക്ഷേ, വസ്തു വില്‍പനയ്ക്കു ടാന്‍ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ ത്രൈമാസ ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. വസ്തു വിറ്റയാള്‍ക്കു ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വസ്തു വാങ്ങിയയാള്‍ ബാധ്യസ്ഥനാണ്. സ്രോതസില്‍ പിടിച്ച നികുതി യഥാസമയം അടയ്ക്കാതിരുന്നാല്‍ പ്രതിമാസം ഒന്നര ശതമാനം നിരക്കാണു പലിശ, 271 സി പ്രകാരം പിഴയും നല്‍കേണ്ടി വരും, ടിഡിഎസ് റിട്ടേണ്‍ സമര്‍പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 271 എച്ച് പ്രകാരം പിഴയുണ്ട്.

മൂന്നു വര്‍ഷത്തിലധികം കൈവശം വച്ച ശേഷമാണു വില്‍കുന്നതെങ്കില്‍ വില്‍ക്കുന്നയാള്‍ക്കു പുതിയ വീട് അഥവാ ബോണ്ടില്‍ നിക്ഷേപിച്ച് 54, 54 എഫ്, 54 ഇസി വകുപ്പ് പ്രകാരം ദീര്‍ഘകാല ക്യാപിറ്റല്‍ ഗെയിന്‍ നികുതി ഒഴിവാക്കാന്‍ കഴിയും. പക്ഷേ, സ്രോതസില്‍ നികുതി പിടിക്കാതെയിരിക്കണമെങ്കില്‍ ഫോം 13-ല്‍ അപേക്ഷ ലഭിക്കുന്ന നോണ്‍ ഡിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വസ്തു വാങ്ങുന്നയാള്‍ക്കു നല്‍കണം. അല്ലെങ്കില്‍ വസ്തു വില 50 ലക്ഷമോ അതിലധികമോ എങ്കില്‍ പണം നല്‍കുമ്പോള്‍ മുന്‍കൂര്‍ നല്‍കുന്ന അഡ്വാന്‍സിനുള്‍പ്പെടെ സ്രോതസില്‍ ഒരു ശതമാനം ആദായം നികുതി വസ്തു വാങ്ങുന്നയാള്‍ പിടിക്കണം.

2012-13 സാമ്പത്തിക വര്‍ഷം മുതല്‍ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടിയാല്‍ വ്യക്തികളും ആദായ നികുതി റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കിക്കൊണ്ട് 34/2013 വിജ്ഞാപനം ഇറക്കി (മുന്‍പ് 10 ലക്ഷമായിരുന്നു പരിധി).
206 സി (1 ഡി) വകുപ്പനുസരിച്ച് അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഭരണങ്ങള്‍ വില്‍ക്കുമ്പോഴും (സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഉള്‍പ്പെടും) 10 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ബുള്ള്യണ്‍ (തങ്കം) 2 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയ്ക്കു വില്‍ക്കുമ്പോള്‍ വില്‍ക്കുന്നയാള്‍ ഒരു ശതമാനം നികുതി കൂടി സ്രോതസില്‍ നികുതി പിരിക്കണം. അതായതു വിലയ്ക്കു പുറമേ ആദായ നികുതി കൂടി പിരിക്കണം. 

ഇപ്രകാരം പിരിക്കുന്ന തുക വാങ്ങുന്നയാളുടെ പേരില്‍ ആണ് അടയ്ക്കുന്നത്. വാങ്ങുന്നയാള്‍ക്കു റിട്ടേണ്‍ നല്‍കുമ്പോള്‍ തുക ആദായ നികുതിയിലേക്ക് വരവ് വയ്ക്കാം. 2012 മുതല്‍ നിലവിലുള്ള ഈ നിയമത്തില്‍ 2013 ജൂണ്‍ മുതല്‍ വരുത്തിയ ഭേദഗതി പ്രകാരം 10 ഗ്രാമും അതില്‍ താഴെ തൂക്കമുള്ള നാണയങ്ങളും മറ്റു വസ്തുക്കളുടെ വില രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുമ്പോള്‍ പ്രതിഫല തുകയുടെ ഒപ്പം ഒരു ശതമാനം ആദായ നികുതിയും പിടിക്കണം. ചെക്കായിട്ടാണ് അല്ലെങ്കില്‍ ഡ്രാഫ്റ്റായാണു തുക ലഭിക്കുന്നതെങ്കില്‍ ഈ നിയമം ബാധകമല്ല.

1993-94 അസസ്‌മെന്റ് വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വരുത്തിയിട്ടുള്ള ഭേദഗതി പ്രകാരം സര്‍ക്കാര്‍ രേഖകളില്‍ കൃഷിഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളതും കൃഷിക്ക് ഉപയോഗിക്കുന്നതുമായ ഭൂമിക്ക് സ്വത്തുനികുതി ബാധകമാവില്ല. മുന്‍പുണ്ടായിരുന്ന നിര്‍വചനം അനുസരിച്ച് മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അതിര്‍ത്തിക്കുള്ളില്‍ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളിലേയും കെട്ടിടം പണിതിട്ടില്ലാത്ത എല്ലാ ഭൂമിക്കും കൃഷിഭൂമിയുള്‍പ്പെടെ സ്വത്തുനികുതി ബാധകമാവുമെന്നു വ്യാഖ്യാനിക്കപ്പെട്ടിരുന്നു. 2013 ധനകാര്യ ബില്ലില്‍ മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരത്തിലുള്ള ഭൂമിക്കും സ്വത്തുനികുതി ബാധകമാണ്. 

കൃഷിഭൂമിയാണെങ്കില്‍ സ്വത്തുനികുതി വേണ്ട. കെട്ടിടമിരിക്കുന്ന ഭൂമിയും, നിയമപ്രകാരം കെട്ടിടെ പണിയാന്‍ അനുവാദമില്ലാത്ത ഭൂമിയും, വ്യവസായ ആവശ്യത്തിനുള്ള ഭൂമിയും (രണ്ട് വര്‍ഷം വരെ) റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ വാങ്ങിയ ഭൂമിയും (10 വര്‍ഷം വരെ) സ്വത്തുനികുതിയില്‍ നിന്നും വിമുക്തമാണ്.
News & Photo Credit
 malayala_manorama_logo

About the News

Posted on Thursday, May 09, 2013. Labelled under , , . Feel free to leave a response

0 comments for "വരുമാനം 5 ലക്ഷം കവിഞ്ഞാല്‍ ഇ-ഫയലിങ് നിര്‍ബന്ധം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive