രോഗം വരും !!! ചൂടോടെ... : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, April 15, 2013

രോഗം വരും !!! ചൂടോടെ...


വേനല്‍ ചൂടിനൊപ്പം സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുകയാണ്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്ന സംവിധാനത്തിന് അധിക സമ്മര്‍ദം സംഭവിക്കുന്നതാണ് പ്രശ്‌നം.



സൂര്യാഘാതം
സൂര്യാഘാതമാണ് അമിതമായ ചൂട് മൂലമുണ്ടാകുന്ന പ്രധാന പ്രശ്‌നം. ഇതിന്റെ ലക്ഷണങ്ങള്‍: ശരീരത്തിന്റെ അമിതമായ താപനില (103 ഡിഗ്രി ഫാറന്‍ഹീറ്റിന് മുകളില്‍), വരണ്ട്, ചുവന്ന്, ചൂടുള്ള തൊലിപ്പുറം (വിയര്‍പ്പില്ലാതെ), വേഗം കൂടിയതും ശക്തവുമായ നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മനംപിരട്ടല്‍, സ്ഥലകാല വിഭ്രാന്തി, അബോധാവസ്ഥ. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അതോടൊപ്പം തന്നെ ശരീര താപനില താഴ്ത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും വേണം. ലക്ഷണങ്ങള്‍ കാണിച്ച വ്യക്തിയെ ഉടന്‍തന്നെ തണലിലേക്ക് മാറ്റുക. ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. ശരീരം തണുത്ത വെള്ളത്തില്‍ മുക്കുകയോ തണുത്ത വെള്ളം ഒഴിക്കുകയോ തളിക്കുകയോ നനഞ്ഞ തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് ഒപ്പുകയോ ചെയ്യുക. അതുമല്ലെങ്കില്‍ നനഞ്ഞ ഷീറ്റുകൊണ്ട് ശരീരം പൊതിഞ്ഞ് ഫാന്‍ ഉപയോഗിച്ച് കാറ്റ് നല്‍കുക. മസിലുകള്‍ നിയന്ത്രണാതീതമായി കോച്ചിപ്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗി സ്വയം മുറിവേല്‍പ്പിക്കുന്നതില്‍ മുന്‍കരുതല്‍ വേണം. ഛര്‍ദ്ദി ഉണ്ടെങ്കില്‍ ശ്വാസ തടസ്സം ഉണ്ടാകാതെ നോക്കണം.

അവശത
ഉയര്‍ന്ന വേനല്‍ചൂടില്‍ അവശത അനുഭവപ്പെടുന്നതാണ് മറ്റൊരു ആരോഗ്യ പ്രശ്‌നം. ശക്തമായ വിയര്‍പ്പ്, വിളര്‍ച്ച, മസില്‍ കൊളുത്തിപ്പിടിക്കല്‍, അവശത, ക്ഷീണം, തലകറക്കം, തലവേദന, മനംപിരുട്ടല്‍, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ശരീരം തണുത്തതും ഈര്‍പ്പമാര്‍ന്നതുമായിരിക്കും. നാഡിമിടിപ്പ് വേഗത്തിലുള്ളതും ശക്തികുറഞ്ഞതും ശ്വാസോച്ഛ്വാസം ദ്രുതഗതിയിലുമായിരിക്കും. ഈ ലക്ഷണങ്ങള്‍ ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുകയോ വഷളാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം തണുത്ത പാനീയങ്ങള്‍ നല്‍കുക, വിശ്രമം, തണുത്ത വെള്ളം ഷവര്‍ ചെയ്യുക, കുളിപ്പിക്കുക അല്ലെങ്കില്‍ നനഞ്ഞ തുണികൊണ്ട് തടവുകയോ ഒപ്പുകയോ ചെയ്യുക. കനത്ത ചൂടില്‍ കഠിനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അമിതമായി വിയര്‍ക്കുന്നതുമൂലം ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെട്ട് മസിലുകള്‍ കോച്ചിപ്പിടിക്കുന്നതിന് ഇടയാകാറുണ്ട്. സാധാരണയായി ഇത് വയറ്, കൈകള്‍, കാലുകള്‍ എന്നിവിടങ്ങളിലാണ് അനുഭവപ്പെടുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍തന്നെ ചെയ്യുന്ന പ്രവൃത്തി നിര്‍ത്തിവച്ച് വിശ്രമിക്കുക. തണുത്ത പാനീയങ്ങള്‍ കുടിക്കുകയും വേണം. കോച്ചിപ്പിടിത്തം മാറിയതിനുശേഷം കുറച്ചു നേരത്തേക്ക് ചെയ്ത പ്രവൃത്തി തുടരാതിരിക്കുക. ഒരു മണിക്കൂറിനകം സുഖപ്പെട്ടില്ലെങ്കില്‍ വൈദ്യസഹായം തേടുക.

ത്വക്കിന് പൊള്ളല്‍
കടുത്ത വെയിലില്‍ ത്വക്കിന് പൊള്ളലേല്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ത്വക്ക് ചുവന്ന നിറത്തില്‍ വേദനയാര്‍ന്നതും അസാധരണമായി ചൂടുള്ളതുമായിത്തീരുന്നതാണ് ഇതിന്റെ ലക്ഷണം. പൊള്ളലേറ്റ ഭാഗത്ത് ലോപനങ്ങള്‍, വെണ്ണ തുടങ്ങിയവ പുരട്ടരുത്. ത്വക്കിന് ഈര്‍പ്പം നല്‍കുന്ന ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ചൂടുകുരു
വേനലില്‍കാലത്ത് കണ്ടുവരുന്ന മറ്റൊരു ആരോഗ്യ പ്രശ്‌നമാണ് ചൂടുകുരു. കഴുത്ത്, മാറിടം, അരക്കെട്ട്, പുറം എന്നിവിടങ്ങളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്. ഈര്‍പ്പം കുറഞ്ഞ, തണുത്ത അന്തരീക്ഷം ഉറപ്പുവരുത്തുക എന്നതാണ് ഒരു പോംവഴി. ചൂടുകുരു ഉള്ള ശരീരഭാഗങ്ങള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക, ചൂടുകുരുവിനുള്ള പൗഡറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ ലേപനങ്ങളും ക്രീമുകളും ഒഴിവാക്കണം. അവ ത്വക്കിന്റെ ചൂട് കൂട്ടാനും ഈര്‍പ്പമേറിയതാക്കാനും ഇടയാക്കും. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുണ്ട്.

വേനല്‍ ചൂടിനെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍
പാനീയങ്ങള്‍ ധാരാളം കുടിക്കുക (പ്രത്യേകിച്ച് കഠിനമായ ജോലി, വ്യായാമം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍)- മണിക്കൂറില്‍ രണ്ടു മുതല്‍ നാലു ഗ്ലാസ് വരെ. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്നവര്‍ ഡോക്ടറോട് അഭിപ്രായം തേടേണ്ടതാണ്.

അമിതമായ വിയര്‍പ്പിലൂടെ ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ അവ ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും വീണ്ടെടുക്കണം. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം നടത്തുക. ഭാരം കുറഞ്ഞ, ഇളം നിറത്തിലുള്ള, ഇറുകിക്കിടക്കാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

കഠിനമായ വെയിലില്‍ ജോലിചെയ്യുന്നവര്‍ പതുക്കെ പതുക്കെ ജോലികള്‍ ആരംഭിക്കുക. ഇടവിട്ട് വിശ്രമിക്കുക. ഹൃദയമിടിപ്പ് കൂടുകയോ ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്താല്‍ ഉടന്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുക, തണലില്‍ വിശ്രമിക്കുക.

സമയക്രമീകരണം നടത്തുക. ഉച്ചയ്ക്ക് മുമ്പോ വൈകുന്നേരമോ ജോലികള്‍ക്ക് സമയം കണ്ടെത്തുക. ഇടയ്ക്കിടെ വിശ്രമിക്കുക. 65 വയസ്സിനു മുകളിലുള്ളവര്‍, അമിത ഭാരമുള്ളവര്‍, വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.



News & Photo Credit
 malayala_manorama_logo

About the News

Posted on Monday, April 15, 2013. Labelled under , . Feel free to leave a response

0 comments for "രോഗം വരും !!! ചൂടോടെ..."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site