വായിലെ അര്‍ബുദ ലക്ഷണങ്ങള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, April 04, 2013

വായിലെ അര്‍ബുദ ലക്ഷണങ്ങള്‍

നേരംപോക്കിനായുള്ള ലഹരി ഉപയോഗം പ്രാചീനകാലം മുതല്‍ മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആവശ്യത്തിനായി ഇന്ന് സമൂഹത്തില്‍ വ്യാപകമായി കാണുന്ന പ്രധാന ശീലങ്ങള്‍ പുകവലിയും വെറ്റിലമുറുക്കും മദ്യപാനവുമാണ്. മയക്കുമരുന്നുകളുടെ ഉപയോഗവും ഏറിവരികയാണ്. വെറ്റിലമുറുക്ക് പോലുള്ള ശീലങ്ങള്‍ യുവജനങ്ങളില്‍ കുറഞ്ഞെങ്കിലും കൂടുതല്‍ അപകടകാരികളായ പാക്കറ്റ് ഉത്പന്നങ്ങള്‍ (ഗുഡ്ക്ക, പാന്‍ മസാല) വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

മേല്‍പ്പറഞ്ഞ ശീലങ്ങള്‍ വായില്‍ പലവിധത്തിലുള്ള വ്യതിയാനങ്ങള്‍ക്കു കാരണമാകാം. അത് വായിലെ ചര്‍മത്തിന്റെ നിറംമാറ്റം മുതല്‍ വായ് അര്‍ബുദം വരെ ആകാം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ വായ് അര്‍ബുദങ്ങളില്‍, തൊണ്ണൂറ് ശതമാനവും പുകവലിയും വെറ്റിലമുറുക്കും മൂലം ഉണ്ടാകുന്ന സ്വാമസ് സെല്‍കാര്‍ഡിനോമയാണ്. ഇന്ത്യയില്‍ വായ് അര്‍ബുദം പുരുഷന്മാരില്‍ ഒന്നാം സ്ഥാനത്തും സ്ത്രീകളില്‍ മൂന്നാം സ്ഥാനത്തും ആണെന്ന വസ്തുത, ഇതിന്റെ ഉയര്‍ന്ന തോതിന്റെ സൂചനയാണ്. നമ്മുടെ രാജ്യത്ത് കാണപ്പെടുന്ന വായ് അര്‍ബുദങ്ങളില്‍, എണ്‍പത് ശതമാനത്തിനും മുന്നോടിയായി അര്‍ബുദമുന്‍ഗാമികള്‍ എന്ന അവസ്ഥയുണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയെ ഫലപ്രദമായി ചികിത്സിച്ചാല്‍ വായ് അര്‍ബുദമായി പരിണമിക്കുന്നത് തടയാം.

കാരണങ്ങള്‍
1. പുകവലിയും വെറ്റിലമുറുക്കും: ബീഡി, സിഗരറ്റ് എന്നീ രൂപത്തില്‍ പുകയില ഉപയോഗിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിരവധി രാസപദാര്‍ഥങ്ങള്‍ വിഷമയവും അര്‍ബുദകാരണങ്ങളും ആണ്. വെറ്റില മുറുക്കുമ്പോള്‍ ഉപയോഗിക്കുന്ന അടയ്ക്കയും പ്രാദേശികമായ മറ്റു ചേരുവകളും അര്‍ബുദം ഉണ്ടാക്കും.

2. ഗുഡ്കയും പാന്‍ മസാലയും: പാക്കറ്റുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന ഗുഡ്ക്കയും പാന്‍മസാലയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വെറ്റില മുറുക്കാനേക്കാള്‍ അപകടകാരികളാണ്. ഇവയുടെ വ്യാപകമായ ഉപയോഗമാണ്, യുവജനങ്ങളില്‍ വായ് അര്‍ബുദത്തിന്റെ തോത് ഉയരാനുള്ള മുഖ്യകാരണം.

3. മദ്യപാനം: മദ്യം അര്‍ബുദകാരണങ്ങളായ പദാര്‍ഥങ്ങളെ അലിയിച്ച് വായിലെ ചര്‍മത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വായിലെ ചര്‍മത്തിലുണ്ടാക്കുന്ന നിര്‍ജലീകരണവും ഈ പ്രക്രിയയെ സഹായിക്കുന്നു.

4. വായിലെ നിരന്തര മുറിവുകള്‍: പുകവലിയും മുറുക്കുമല്ലാതെ വായ് അര്‍ബുദമുണ്ടാക്കുന്ന മറ്റൊരു കാരണമിതാണ്. മിക്കവാറും തേയ്മാനമോ, കേടോ വന്ന് മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ ഉള്ള പല്ലുകള്‍ ആണ് ഇത്തരം മുറിവുകള്‍ ഉണ്ടാക്കുന്നത്. വായിലെ ചര്‍മവുമായുള്ള ഇവയുടെ നിരന്തരമായ ഉരസല്‍ കാരണം ഈ മുറിവുകള്‍ ഭേദമാവില്ല. ക്രമേണ ഈ മുറിവുകള്‍ വലുതാവുകയും അരികുകളില്‍ വളര്‍ച്ചയുണ്ടാവുകയും അര്‍ബുദമായി മാറുകയും ചെയ്യുന്നു.

അര്‍ബുദ മുന്‍ഗാമികള്‍

അര്‍ബുദബാധയ്ക്ക് മുന്നോടിയായി വായിലെ ചര്‍മത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഈ അവസ്ഥയെയാണ് അര്‍ബുദമുന്‍ഗാമികള്‍ എന്ന് വിളിക്കുന്നത്. വായ് അര്‍ബുദവുമായി തുലനം ചെയ്യുമ്പോള്‍ ഇവയുടെ ചികിത്സ എളുപ്പവും കൂടുതല്‍ ഫലപ്രദവുമാണ്. അതിനാല്‍ ഈ അവസ്ഥ തിരിച്ചറിയുന്നതിന് വലിയ പ്രാധാന്യമുണ്ട്.

പ്രധാനപ്പെട്ട അര്‍ബുദ മുന്‍ഗാമികള്‍:
1. ലൂക്കോപ്ലേക്കിയ: പുകവലിയും വെറ്റിലമുറുക്കും മൂലം വായില്‍ ഉണ്ടാകുന്ന വെളുത്തപാടാണ് ലൂക്കോപ്ലേക്കിയകള്‍. പുകയിലയാണ് ഇതുണ്ടാകാന്‍ കാരണമായി പറയുന്നത്.കവിളുകള്‍ക്കുള്ളിലും മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും കൂടി ചേരുന്നതിന് പിന്നിലായുമാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ചില ലൂക്കോപ്ലേക്കിയകളില്‍ വെളുത്തപാടുകള്‍ക്കിടയില്‍ ചുവന്ന കുത്തുകളോ ചുവപ്പുതരിയോ കാണപ്പെടും. ഇവ, വെളുത്തവയെക്കാള്‍ അപകടകാരികളാണ്.

2.എറിത്രോപ്ലേക്കിയ: പുകവലിയും മുറുക്കാന്‍ ഉപയോഗവും മൂലം വായില്‍ ഉണ്ടാകുന്ന ചുവന്നപാടാണ് എറിത്രോപ്ലേക്കിയ. ഇത് ലൂക്കോപ്ലേക്കിയയേക്കാള്‍ അപകടകാരിയും അര്‍ബുദമായി മാറാന്‍ ഉയര്‍ന്ന സാധ്യതയുമുള്ള അവസ്ഥയാണ്. 3.ഓറല്‍ സബ്മ്യൂക്ക്‌സ് ഫൈബ്രോസിസ്: വെറ്റിലമുറുക്കും ഗുഡ്ക്കയും പാന്‍മസാലയും ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്ന ഈ അവസ്ഥയില്‍ വായില്‍ മൊത്തത്തില്‍ വിളര്‍ച്ച കാണപ്പെടുന്നു. കൂടാതെ വായിലെ ചര്‍മം കട്ടികൂടിയിരിക്കും. ഇവര്‍ക്ക് വായ്തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എരിവും പുളിയും ഉള്ള ആഹാരസാധനങ്ങള്‍ കഴിക്കുമ്പോള്‍ വായില്‍ പുകച്ചില്‍ അനുഭവപ്പെടും.

ചികിത്സാരീതികള്‍ 


ബയോപ്‌സി മുതലായ പരിശോധനകളിലൂടെ അര്‍ബുദ മുന്‍ഗാമികള്‍ എന്ന് സ്ഥിരീകരിച്ച അവസ്ഥകളുടെ ചികിത്സ മുഖ്യമായും രണ്ടു വിധത്തിലാണ്. ആന്റി ഓക്‌സിഡന്റ് മരുന്നുകള്‍, ശസ്ത്രക്രിയ വഴി രോഗബാധയുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റല്‍. വായിലെ ഫംഗസ് ബാധയ്‌ക്കെതിരായ മരുന്നുകളും വേദനയ്ക്കും പുകച്ചിലിനുമായി വേദന സംഹാരി ജെല്ലുകളും മൗത്ത്‌വാഷുകളും നല്‍കാറുണ്ട്. വായിലെ ചര്‍മത്തിന്റെ കട്ടികുറയ്ക്കാന്‍ എടുക്കുന്ന കുത്തിവെപ്പ് മുതലായ മറ്റു ചില ചികിത്സാരീതികളും ഉപയോഗിക്കാറുണ്ട്. ഈ മാറ്റങ്ങളെ അവഗണിക്കരുത്

* വായിലെ വെളുത്ത പാടുകള്‍
* വായിലെ ചുവന്ന പാടുകള്‍
* മൂന്നാഴ്ചയിലേറെയായിട്ടും ഭേദമാകാത്ത പുണ്ണുകള്‍
* വായിലെ ചര്‍മത്തിലെ വിളര്‍ച്ച
* വായിലെ ചര്‍മത്തിന്റെ കട്ടികൂടുന്ന അവസ്ഥ
* വായ തുറക്കാനുള്ള ബുദ്ധിമുട്ട്
* വായിലുണ്ടാകുന്ന പുകച്ചില്‍
* വായിലെ അകാരണമായ മുഴകള്‍, വളര്‍ച്ചBy: ഡോ: ഫിലിപ്‌സ് മാത്യു

News & Photo Credit
       mathrubhumi_logo

About the News

Posted on Thursday, April 04, 2013. Labelled under , . Feel free to leave a response

0 comments for "വായിലെ അര്‍ബുദ ലക്ഷണങ്ങള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site