കൃഷിയിലെ ജൈവായുധങ്ങള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, March 22, 2013

കൃഷിയിലെ ജൈവായുധങ്ങള്‍


papaya-mealybug

ഇനിയൊരു ലോകയുദ്ധമുണ്ടായാല്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന മാരാകായുധങ്ങളില്‍ പ്രമുഖ സ്ഥാനം ജൈവായുധങ്ങള്‍ക്കാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ ആയുധങ്ങള്‍ നന്മയ്ക്കായും പ്രയോഗിക്കാം. കൃഷിയിലെ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാനും, വേണമെങ്കില്‍ പോഷകമൂലകങ്ങള്‍ പ്രദാനംചെയ്യാനും ഈ ജീവാണുക്കളെ ഉപയോഗിക്കാം. കൃഷിയില്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന രാസപ്രയോഗങ്ങളുടെ പ്രളയത്തില്‍ ഈ ജൈവായുധങ്ങള്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ തമസ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യപ്പെടുന്നു. പതുക്കെയാണെങ്കിലും രാസകൃഷിയുടെ ദുരന്തം തിരിച്ചറിയുകയും ജൈവകൃഷിയുടെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവായുധങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. 

കൃഷിയില്‍ രാസവളങ്ങള്‍ മാറ്റി ജൈവവളങ്ങള്‍ നല്‍കുമ്പോള്‍ പ്രതീക്ഷിച്ച വിളവു കിട്ടാറില്ലെന്ന് നമുക്കറിയാം. ജൈവവളങ്ങള്‍ അഴുകി ജീര്‍ണനം ശരിയായി നടന്നാല്‍ മാത്രമേ ചെടിക്ക് പോഷകമൂലകങ്ങള്‍ ലഭ്യമാകു. ഒരുപാട് അണുജീവികള്‍ ജൈവവസ്തുക്കളില്‍ പ്രതിപ്രവര്‍ത്തിച്ചാണ് ഇതു സംഭവിക്കുന്നത്. ചെടികള്‍ക്കാവശ്യമായ ഓരോ മൂലകങ്ങളും ഇങ്ങനെ പ്രദാനംചെയ്യുന്ന അണുജീവികളുണ്ട്. നൈട്രജന്‍ പ്രദാനംചെയ്യാന്‍ അസോസ്പൈറില്ലം, റൈസോബിയം, അസറ്റോ ബാക്ടര്‍ എന്നിവയുടെ കള്‍ച്ചറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ അസോസ്പൈറില്ലവും അസറ്റോബാക്ടറും എല്ലാ വിളകള്‍ക്കും നല്‍കാവുന്നതാണ്. റൈസോബിയം പയറുവര്‍ഗ വിളകള്‍ക്കു മാത്രമായി പരിമിതപ്പെടുന്നു. ഈ മൂന്നു ബാക്ടീരിയകളും അന്തരീക്ഷത്തിലെയും മണ്ണിലെയും നൈട്രജനെ ചെടികള്‍ക്കു വലിച്ചെടുക്കാന്‍പാകത്തിലാക്കുന്നു. മണ്ണില്‍ ചേര്‍ക്കുന്ന ഫോസ്ഫാറ്റിക് വളങ്ങളെ ചെടികള്‍ക്കു വലിച്ചെടുക്കാന്‍ പാകത്തില്‍ വിഘടിപ്പിക്കുന്ന മറ്റൊരിനം ബാക്ടീരിയയാണ്് ഫോസ്ഫോ ബാക്ടര്‍ . പൊട്ടാഷ് പ്രദാനംചെയ്യാന്‍ കഴിയുന്ന ഒരിനം ബാക്ടീരിയയാണ് ഫാച്ചൂറിയ. മണ്ണില്‍ ചേര്‍ക്കുന്ന പൊട്ടാഷ്, വിളങ്ങളെ അതിവേഗം വിഘടിപ്പിച്ച് ചെടികള്‍ക്കു വലിച്ചെടുക്കാന്‍പാകത്തിലാക്കുന്നു. ഇത്തരത്തില്‍ മറ്റു സൂക്ഷ്മമൂലകങ്ങളെയും പ്രദാനംചെയ്യാന്‍ കഴിവുള്ള സൂക്ഷ്മജീവികളുണ്ട്. കീട-രോഗ ബാധകളെ ചെറുക്കുന്നതിനും ജീവാണു കള്‍ച്ചറുകള്‍ ലഭ്യമാണ്. സസ്യങ്ങള്‍ക്കു നല്‍കുന്ന ജൈവവസ്തുക്കളെ വിഘടിപ്പിച്ച് പോഷകമൂലകങ്ങള്‍ ലഭ്യമാക്കുകയും, ഒപ്പം മണ്ണിലൂടെയും വിത്തിലൂടെയും പകരുന്ന പല കുമിള്‍രോഗങ്ങളെയും തടയാന്‍ കഴിവുമുള്ള ബാക്ടീരിയയാണ് സ്യൂഡോമൊണാസ്. ഇവയുടെ കള്‍ച്ചര്‍ പൊടിരൂപത്തിലും ദ്രവരൂപത്തിലും ലഭ്യമാണ്. 

പച്ചക്കറികളുടെ ചുവടുചീയല്‍ , കുരുമുളകിന്റെ ദ്രുതവാട്ടം, വെറ്റിലയുടെ പാണ്ടല്‍ രോഗം, ഏലത്തിന്റെ അഴുകല്‍ തുടങ്ങിയ രോഗങ്ങളെ ഫലപ്രദമായി തടയാന്‍ ട്രൈക്കോഡര്‍മ എന്ന കുമിളിനാവും. ചിതലുകള്‍ , ചാണകപ്പുഴുക്കള്‍ , വേരുതീനിപ്പുഴുക്കള്‍ , നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ , മീലിബഗ്ഗ്, മുഞ്ഞ, ശല്‍ക്കകീടങ്ങള്‍ , വെള്ളീച്ചകള്‍ എന്നിവയെ നശിപ്പിക്കാനും നിയന്ത്രിക്കാനും മെറ്റാറൈസിയം അനിസോപ്ലിയേ എന്ന കുമിളിനെ ഫലപ്രദമായി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. ഇലതീനിപ്പുഴുക്കള്‍ , മുഞ്ഞ, വെള്ളീച്ച, കായ്തുരപ്പന്‍ വണ്ട്, വാഴയിലെ പിണ്ടിപ്പുഴ, വേരുതീനിപ്പുഴുക്കള്‍ , പൊള്ളുവണ്ട് മുതലായവയ്ക്കെതിരെ ബ്യുവേറിയ എന്ന കുമിള്‍വര്‍ഗ ജീവാണു കള്‍ച്ചര്‍ ഉപയോഗിക്കാം. മീലിമൂട്ട, ഇലപ്പേനുകള്‍ , ശല്‍ക്കകീടങ്ങള്‍ , വെള്ളീച്ച എന്നീ കീടങ്ങള്‍ക്കെതിരെയും തുരുമ്പുരോഗം, ചൂര്‍ണ പൂപ്പുരോഗം എന്നിവയെയും ഒരേപോലെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം ലെക്കാനി എന്ന കുമിള്‍വര്‍ഗ ജീവാണുക്കളെ ഉപയോഗപ്പെടുത്താം. ബാസില്ലസ് സബ്ടിലിസ് എന്ന ബാക്ടീരിയകളെക്കൊണ്ടും രോഗ-കീട ബാധ നേരിടാം. നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയിലെ ഇല തീനികളെ ബാസിലസ് തുറിഞ്ചിയന്‍സ് എന്ന ബാക്ടീരിയ കൊന്നൊടുക്കും. ഇനിയുമുണ്ട് താരങ്ങള്‍ . ഇവയൊക്കെ നമ്മുടെ മണ്ണില്‍ സുലഭമായിരുന്നു. മണ്ണിനെ നോക്കാതെ, വിളയെ മാത്രം ലക്ഷ്യമിട്ടുള്ള ആധുനിക കൃഷിസമ്പ്രദായങ്ങള്‍മൂലം നമ്മുടെ മിത്രജീവികളൊക്കെ അന്യംനില്‍ക്കുകയോ ഒഴിവാകുകയോ ചെയ്യുന്നു. വീണ്ടും ഇവയെ തിരികെ എത്തിക്കണമെങ്കില്‍ ഏറെ അധ്വാനം വേണ്ടിവരും. 

മണ്ണിലെ ജൈവാംശങ്ങളുടെ അളവ് വര്‍ധിപ്പിച്ചും മണ്ണിന്റെ അമ്ലത ലഘൂകരിച്ചും രാസപ്രയോഗം ഒഴിവാക്കിയും വേണം ഈ ആയുധങ്ങളുടെ പ്രയോഗം. മണ്ണില്‍ ധാരാളം ജൈവവളങ്ങള്‍ ചേര്‍ക്കുക, മണ്ണുപരിശോധന നടത്തി അമ്ലത ലഘൂകരിക്കാന്‍ പാകത്തില്‍ കുമ്മായം ചേര്‍ക്കുക എന്നിവയ്ക്കു ശേഷമാവണം അണുപ്രായോഗം നടത്തേണ്ടത്. മേല്‍പ്പറഞ്ഞ അണുജീവികളുടെ കള്‍ച്ചറുകള്‍ സ്വകാര്യ-ഗവണ്‍മെന്റ് ലാബുകളില്‍നിന്നു ലഭ്യമാണ്. ഓരോ കള്‍ച്ചറും എങ്ങിനെ ഏതു രീതിയില്‍ , എപ്പോള്‍ ഉപയോഗിക്കണമെന്ന് ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ കൃഷികാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. ജൈവകൃഷിരീതിക്ക് പ്രചാരം വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം ജൈവായുധങ്ങളും നമുക്കിനി പുറത്തെടുക്കാം.News Credit : അഭിലാഷ് കരിമുളയ്ക്കല്‍(www.deshabhimani.com)

About the News

Posted on Friday, March 22, 2013. Labelled under , . Feel free to leave a response

0 comments for "കൃഷിയിലെ ജൈവായുധങ്ങള്‍ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive