മേളങ്ങളുടെ മേളനം, പൂരങ്ങളുടെ മേളനം; ആഹ്ലാദം തുളുമ്പി ആറാട്ടുപുഴ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, March 26, 2013

മേളങ്ങളുടെ മേളനം, പൂരങ്ങളുടെ മേളനം; ആഹ്ലാദം തുളുമ്പി ആറാട്ടുപുഴ


ചേര്‍പ്പ്: നാനാദിക്കില്‍നിന്നും പൂരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ആറാട്ടുപുഴയില്‍ ആഹ്ലാദം തുളുമ്പി. മീനരാവിന്റെ വശ്യതയില്‍ അണമുറിയാത്ത വിസ്മയക്കാഴ്ചകള്‍ക്ക് ഗ്രാമം സാക്ഷിയായി. ആതിഥേയ ക്ഷേത്രവും പാടവും പുഴയും പുരുഷാരംകൊണ്ട് നിറഞ്ഞു. സന്ധ്യയിലെ ആതിഥേയന്റെ പൂരം പ്രൗഢഗംഭീരമായിരുന്നു.

ചെമ്പടയുടെ അകമ്പടിയില്‍ എഴുന്നള്ളിപ്പ്, ഒരു കലാശം കഴിഞ്ഞ് ഗോപുരത്തിന് പുറത്തേക്ക്. തിടമ്പേറ്റിയത് തിരുവമ്പാടി ശിവസുന്ദര്‍. അകമ്പടിയായി 15 ആനകള്‍. തീവെട്ടിപ്രഭയില്‍ പൊന്‍തിടമ്പും നെറ്റിപ്പട്ടങ്ങളും തിളങ്ങി. പ്രഭ ചൊരിഞ്ഞ ശാസ്താവിന്റെ തിടമ്പ് ഒരു നോക്ക് കണ്ട് ഭക്തര്‍ കൈകൂപ്പിനിന്നു.

പതികാലത്തിന്റെ സൗന്ദര്യത്തില്‍ പഞ്ചാരി ആസ്വാദകരുടെ സിരകളിലേക്ക് കടന്നു. പ്രമാണത്തിന്റെ വൈഭവത്തില്‍ പെരുവനം കുട്ടന്‍മാരാര്‍, പിന്നെ കേളത്ത് അരവിന്ദാക്ഷന്‍, പഴുവില്‍ രഘുനാഥ്, തലോര്‍ പീതാംബരന്‍, കുഴലിന്റെ നാദസൗന്ദര്യം പൊഴിച്ച് കൊടകര ശിവരാമന്‍ നായരും സംഘവും, കൊമ്പില്‍ പ്രമാണം കുമ്മത്ത് രാമന്‍കുട്ടിനായര്‍. താളത്തിന് നേതൃത്വം വഹിച്ചത് മണിയാംപറമ്പില്‍ മണിനായര്‍, പഞ്ചാരിയുടെ പാലാഴി തീര്‍ക്കാന്‍ നൂറുകണക്കിന് കലാകാരന്മാര്‍. മേളം കലാശിച്ചപ്പോള്‍ മാനത്ത് വര്‍ണങ്ങളുടെ മേളനം. വെടിക്കെട്ട് കലാശിച്ചപ്പോള്‍ 15 ആനകളുടെ അകമ്പടിയില്‍ ശാസ്താവ് ഏഴുകണ്ടത്തേക്ക്. മടക്കയാത്രയില്‍ ശാസ്താവ് നിലപാട്തറയില്‍ ആതിഥ്യമരുളി എഴുന്നള്ളിനിന്നു.

പിന്നെ, ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പമുള്ള പൂരം. പെരുവനം സതീശന്‍ മാരാര്‍ പ്രമാണിയായി പഞ്ചാരിമേളം. ഏഴാനകള്‍ അകമ്പടി. എടക്കുന്നി ഭഗവതി അഞ്ച് ആനകളോടും പഞ്ചാരിമേളത്തോടും ഇറങ്ങി. പിന്നെ നെട്ടിശ്ശേരി ശാസ്താവിന്റെ വരവ്; അഞ്ചാനകളോടും പാണ്ടിമേളത്തോടും കൂടി. കൊടകര പൂനിലാര്‍ക്കാവ്, ചാലക്കുടി കാട്ടുപിഷാരിക്കല്‍, കടുപ്പശ്ശേരി ഭഗവതിമാരുടെ എഴുന്നള്ളിപ്പ്, അഞ്ചാനകളുടെ അകമ്പടി, പഞ്ചാരിമേളം. പിന്നെ അന്തിക്കാട്, ചൂരക്കോട് ഭഗവതിമാരുടെ ഇറക്കം. വീണ്ടും പഞ്ചാരി; ശേഷം തൃപ്രയാര്‍ തേവരുടെ വരവ്. പുരുഷാരം മുഴുവന്‍ തേവരെ കാത്തിരിക്കുന്നു. പുലരിയിലെ പുണ്യക്കാഴ്ചകളാണ് മനസ്സ് നിറയെ. കൂട്ടിയെഴുന്നള്ളിപ്പും ആറാട്ടും കാണാനും ആറാടാനും ആറാട്ടുപുഴയിലേക്ക് ജനം ഒഴുകിക്കൊണ്ടിരുന്നു.
News :     mathrubhumi_logo
Photo Credit: Pramod Chennanath


About the News

Posted on Tuesday, March 26, 2013. Labelled under , . Feel free to leave a response

0 comments for "മേളങ്ങളുടെ മേളനം, പൂരങ്ങളുടെ മേളനം; ആഹ്ലാദം തുളുമ്പി ആറാട്ടുപുഴ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive