പൂരം പൂത്തുലഞ്ഞു; വസന്തഭംഗിയില്‍ പെരുവനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, March 23, 2013

പൂരം പൂത്തുലഞ്ഞു; വസന്തഭംഗിയില്‍ പെരുവനം




ചേര്‍പ്പ്:പെരുവനത്തെ ഇരട്ടയപ്പന്റെ സന്നിധിയില്‍ നിശയില്‍ പൂരവസന്തം വിരിഞ്ഞു. നാനാനിറങ്ങളുടെ നിറവില്‍ നടവഴിയില്‍ നിരന്ന പൂരങ്ങള്‍ സൗന്ദര്യം തുളുമ്പിയ പൂന്തോപ്പ് തീര്‍ത്തു. മേളപ്പൂക്കള്‍ ആകാശഗോപുരം തീര്‍ത്തു. ഇവ 18 ദേവീദേവന്മാരില്‍ പുഷ്പവൃഷ്ടി നടത്തി. കുളിര്‍മയുടെ കാഴ്ചകളില്‍ പുരുഷാരം മതിമറന്നു. കുളവും ചിറയും അതിരിട്ട പെരുവനത്ത് പുലരും വരെ വിസ്മയ ശോഭ പടര്‍ന്നു.

കൃത്യം 4.20 ന് ആദ്യത്തെ പൂവിടര്‍ന്നു. കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടെ എഴുന്നള്ളിപ്പായിരുന്നു ആദ്യം. മൂന്നാനകളോടെയും പഞ്ചാരിമേളത്തോടും നടവഴി കയറ്റം. ദേവസ്വം നാരായണന്‍ ആന ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം ശങ്കരനാരായണന്‍ പ്രമാണിയായി. സന്ധ്യയില്‍ പതിവില്ലാത്ത വിധം നടയില്‍ ജനം നിറഞ്ഞു. വിദേശികളും നിരവധിയുണ്ടായിരുന്നു. സൂര്യന്‍ പിന്‍വാങ്ങിയപ്പോള്‍ പകല്‍പ്പോലെ പ്രകാശം ചൊരിഞ്ഞ് നടയില്‍ വൈദ്യുതിവിളക്കുകള്‍ തെളിഞ്ഞു.

പിന്നെ മതില്‍ക്കെട്ടിനകത്തെ തെക്കേ നടയിലായിരുന്നു. ഏഴ് ആനകള്‍ അകമ്പടിയായി ആറാട്ടുപുഴ ശാസ്താവ് അണിനിരന്നു. പുതുപ്പള്ളി കേശവന്‍ ശാസ്താവിന്റെ തിടമ്പേറ്റി. പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായി പാണ്ടി. പിന്നെ കിഴക്കോട്ടിറക്കം. കഴിഞ്ഞ വര്‍ഷം മഴയില്‍പ്പോലും മുറിയാത്ത മേളത്തിന്റെ ശില്പികള്‍ പാണ്ടിയെ പ്രൗഢമാക്കി. എതിരെ ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പ്. തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ശാസ്താവ് ഏഴ് ആനകളോടെ നടവഴി കയറി. പെരുവനം സതീശന്‍ മാരാര്‍ പ്രമാണിയായി പഞ്ചാരിമേളം. ദേവസ്വം ശിവകുമാര്‍ ആന ശാസ്താവിന്റെ തിടമ്പേറ്റി. ഇരു എഴുന്നള്ളിപ്പുകളും അഭിമുഖം നിന്ന് ആവേശത്തിന്റെ മാല കോര്‍ത്തു.

ഊരകം അമ്മത്തിരുവടിയുടെ എഴുന്നള്ളിപ്പായിരുന്നു പിന്നെ. തീവെട്ടികളുടെ ശോഭയില്‍ തൊടുകുളത്തിനടുത്ത് ഏഴ് ആനകളോടെ ദേവി അണിനിരന്നു. തിരുവമ്പാടി ശിവസുന്ദര്‍ അമ്മത്തിരുവടിയുടെ തിടമ്പേറ്റി.

കുളവും പാടവും പശ്ചാത്തലം. വരിയായി വിടര്‍ന്ന ചെന്താമരയുടെ അഴകില്‍ എഴുന്നള്ളിപ്പ് നടവഴിയിലേക്ക് കയറി. അമ്മത്തിരുവടിക്കൊപ്പം ചാത്തക്കുടം ശാസ്താവും അണി ചേര്‍ന്നു.
ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം. മേളത്തിലലിഞ്ഞ് ആവേശം പൂണ്ട് ആയിരങ്ങള്‍.ക്ഷേത്രം പടിഞ്ഞാറെ നടയില്‍ ചേര്‍പ്പ് ഭഗവതി എഴുന്നള്ളിയെത്തി. പഞ്ചവാദ്യത്തിന്റെ മധുരിമയിലായിരുന്നു വരവ്. തിടമ്പേറ്റിയത് തിരുവമ്പാടിയുടെ ചെറിയ ചന്ദ്രശേഖരന്‍. പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത് അന്നമനട പരമേശ്വരമാരാര്‍. പുലരും വരെ നീളുന്ന പൂരക്കാഴ്ചകള്‍ക്ക് പുരുഷാരം പെരുവനത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഇരട്ടയപ്പന്റെ സന്നിധിയില്‍ പൂരങ്ങളുടെ പൂമരങ്ങള്‍ നിശയിലും മങ്ങാതെ ശോഭിച്ചു നിന്നു.
News & Photo Credit
       mathrubhumi_logo


About the News

Posted on Saturday, March 23, 2013. Labelled under , . Feel free to leave a response

0 comments for "പൂരം പൂത്തുലഞ്ഞു; വസന്തഭംഗിയില്‍ പെരുവനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive