വിദേശ ഇന്ത്യക്കാര്‍ക്ക് എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം? : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, March 16, 2013

വിദേശ ഇന്ത്യക്കാര്‍ക്ക് എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം?

വിദേശത്ത് കഴിഞ്ഞുകൊണ്ടു തന്നെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള അവസരമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തുറന്നുനല്‍കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വരുമാനം ഫലപ്രദമായി നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ മികച്ച മാര്‍ഗങ്ങളുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ വിദേശത്ത് നിക്ഷേപം നടത്തുന്നതിന് പല പ്രതിബന്ധങ്ങളുമുണ്ടെന്നിരിക്കെ വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുകയും അതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടമുണ്ടാക്കാനും സാധിക്കും. വിദേശത്ത് കഴിഞ്ഞുകൊണ്ടു തന്നെ ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള അവസരമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തുറന്നുനല്‍കുന്നത്.

ഇന്ത്യന്‍ കറന്‍സിയില്‍ മാത്രമേ വിദേശ ഇന്ത്യക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂ. വിദേശ കറന്‍സിയില്‍ നിക്ഷേപം സ്വീകരിക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് അനുവാദമില്ല. അതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ബാങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ട് (നോണ്‍ റെസിഡന്റ് എക്‌സ്റ്റേര്‍ണല്‍ റുപീ അക്കൗണ്ട്), എന്‍ആര്‍ഒ അക്കൗണ്ട് (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി റുപീ അക്കൗണ്ട്), ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് അക്കൗണ്ട് (എഫ്‌സിഎന്‍ആര്‍) ഇവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.

നിലവില്‍ ഡീമാറ്റ് രൂപത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗരേഖകള്‍ നിലവില്‍ വരാനിരിക്കുന്നതേയുള്ളൂ. അതിനാല്‍ ഇപ്പോള്‍ കടലാസ് സര്‍ട്ടിഫിക്കറ്റ് രൂപത്തില്‍ മാത്രമേ വിദേശ ഇന്ത്യക്കാര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനായി പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം ചെക്കോ ഡിമാന്‍ഡ് ഡ്രാഫ്‌റ്റോ മ്യൂച്വല്‍ ഫണ്ടുകളുടെ ഇന്‍വെസ്റ്റ്‌മെന്റ് സെന്ററുകളില്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാഫോറത്തില്‍ ഏത് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെന്നും എത്ര യൂണിറ്റുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കണം. ചെക്കോ ഡി.ഡി.യോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമിന്റെ പേരിലായിരിക്കണം. ഉദാഹരണത്തിന് 'എ.ബി.സി ഇക്വിറ്റി ഫണ്ട്' എന്ന സ്‌കീമിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചെക്കോ ഡി.ഡി.യോ എ.ബി.സി ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരിക്കണം.
അപേക്ഷാഫോറത്തോടൊപ്പം പണത്തിന്റെ സ്രോതസ് തെളിയിക്കുന്ന, ബാങ്കിന്റെ കത്തോ ഫോറിന്‍ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റോ സമര്‍പ്പിച്ചിരിക്കണം. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും വേണം.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നതിനും നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മറ്റൊരാളെ ചുമതലയേല്‍പ്പിക്കാവുന്നതാണ്. ഇതിനായി ഒരു പവര്‍ ഒഫ് അറ്റോര്‍ണി ഹോള്‍ഡറെ ചുമതലപ്പെടുത്തുകയാണ് നിക്ഷേപകന്‍ ചെയ്യേണ്ടത്. ഇതിനായി നിക്ഷേപകനും പവര്‍ ഒഫ് അറ്റോര്‍ണി ഹോള്‍ഡറും ഒപ്പിട്ട പവര്‍ ഒഫ് അറ്റോര്‍ണി അസറ്റ് മാനേജ്‌മെന്റ് ഹൗസിന് സമര്‍പ്പിച്ചിരിക്കണം.

എന്‍ആര്‍ഇ അക്കൗണ്ട് വഴിയോ എഫ്‌സിഎന്‍ആര്‍ അക്കൗണ്ട് വഴിയോ ആണ് നിക്ഷേപം നടത്തുന്നതെങ്കില്‍ നിക്ഷേപ തുക നിക്ഷേപകന്‍ താമസിക്കുന്ന വിദേശ രാജ്യത്തേക്ക് തിരിച്ചയക്കാവുന്നതാണ്. അതേസമയം എന്‍ആര്‍ഒ അക്കൗണ്ടില്‍ ഇത് സാധ്യമല്ല. എന്‍ആര്‍ഒ അക്കൗണ്ട് വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നുള്ള ലാഭം മാത്രമേ ഇത്തരത്തില്‍ തിരിച്ചയക്കാന്‍ സാധിക്കൂ. മൂലധനം തിരിച്ചടയ്ക്കാന്‍ സാധിക്കില്ല.
നിക്ഷേപം പിന്‍വലിക്കുന്നതിനായി റിഡെംപ്ഷന്‍ ഫോറം ഇന്‍വെസ്റ്റ്‌മെന്റ് സെന്ററിലോ ബാങ്ക് ശാഖകളിലോ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. പിന്‍വലിക്കപ്പെട്ട നിക്ഷേപം നിക്ഷേപകന്റെ അക്കൗണ്ടില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

ഇക്വിറ്റി ഫണ്ട് യൂണിറ്റുകള്‍ 12 മാസത്തിനു മുകളില്‍ കൈവശം വെച്ചതിനു ശേഷം ലഭിക്കുന്ന നേട്ടത്തിന് നികുതി ബാധകമല്ല. 12 മാസത്തില്‍ താഴെ ഫണ്ട് യൂണിറ്റുകള്‍ കൈവശം വെച്ചതിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ 15 ശതമാനം നികുതി ബാധകമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ലാഭവീതത്തിനും നികുതി ബാധകമല്ല. വിദേശ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും ഈ ചട്ടങ്ങള്‍ ഒരു പോലെയാണ്.

12 മാസത്തില്‍ താഴെ ഫണ്ട് യൂണിറ്റുകള്‍ കൈവശം വെച്ചതിനു ശേഷം വിറ്റതില്‍ നിന്നുള്ള ലാഭം ഉണ്ടെങ്കില്‍ മാത്രമേ ടിഡിഎസ് ബാധകമാവൂ. എല്ലാ തരം നികുതികള്‍ക്കും മൂന്ന് ശതമാനം വിദ്യാഭ്യാസ സെസ് ബാധകമാണ്.


News & Photo Credit
       mathrubhumi_logo

About the News

Posted on Saturday, March 16, 2013. Labelled under , . Feel free to leave a response

0 comments for "വിദേശ ഇന്ത്യക്കാര്‍ക്ക് എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം?"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive