മലയാളത്തെ രക്ഷിക്കാന്‍ വഴിയുണ്ട്‌ : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, March 15, 2013

മലയാളത്തെ രക്ഷിക്കാന്‍ വഴിയുണ്ട്‌ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, കേരളത്തിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് മലയാളംസംസാരിച്ചതിന് പിഴയീടാക്കിയ സംഭവം വിവാദമായത്. അണ്‍ എയ്ഡഡ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്ന കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കുന്നതും, വെയിലത്തിറക്കി നിര്‍ത്തുന്നതും, പിഴ ഈടാക്കുന്നതുമൊന്നും നമ്മുടെ നാട്ടില്‍ വിവാദം പോയിട്ട് വാര്‍ത്ത പോലുമല്ലാതായിത്തീര്‍ന്നിട്ട് നാളേറെയായല്ലോ. എന്തായാലും എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളും ആ വഴിയിലേക്കു നീങ്ങിക്കഴിഞ്ഞു എന്നതിന് പ്രസ്തുത സംഭവം ഒരുദാഹരണം മാത്രമായി നമുക്കു ചൂണ്ടിക്കാണിക്കാം. നാളേറെയായുള്ള ഒരു സത്യമിതാണ്, നമ്മുടെ എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകള്‍ എല്ലാം തന്നെ ഇംഗ്‌ളീഷ് മീഡിയം ബാച്ചുകള്‍ തുടങ്ങിയും കുട്ടികളെക്കൊണ്ട് ഇംഗ്‌ളീഷ് സംസാരിപ്പിച്ചും പിടിച്ചുനില്ക്കാന്‍ പെടാപ്പാടുപെട്ടുകൊണ്ടിരിക്കുകയാണ്.

മലയാളം പ്രൊഫസര്‍മാരുടെ മുതല്‍ പാടത്തു പണിചെയ്യുന്നവന്റെ വരെ കുട്ടികള്‍ ഇംഗ്‌ളീഷ് വിദ്യാലയങ്ങളിലേക്കാണ് ഇന്ന് പഠിക്കാന്‍ പോകുന്നത്. സാംസ്‌കാരിക നായകരും, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമിക്കുന്ന കമ്മീഷനുകളുമെല്ലാം മലയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോഴും ഈ സാഹചര്യത്തില്‍ യാതൊരു മാറ്റവുമില്ല. ഒരുവശത്തു ചിലര്‍ മലയാളം രക്ഷിക്കാന്‍ നടപടികളെടുക്കാത്ത സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. മറ്റു ചിലര്‍ ഇംഗ്‌ളീഷ് ഭ്രമം പേറുന്ന ജനങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു. പക്ഷേ മാറ്റമൊന്നും ഒരിടത്തും
സംഭവിക്കുന്നില്ല! ബ്രിട്ടീഷ് ഭരണം പൊട്ടി വീണെങ്കിലും അവരുണ്ടാക്കിയ മാനസികമായ അടിമത്ത ചങ്ങലകള്‍ അഴിഞ്ഞു വീഴാതെ നില്ക്കുകയാണ്.

കേരളം ഇനി രക്ഷപെടണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ അടിയന്തിരമായി മലയാളത്തിലാക്കിയേ തീരൂ:

1) ഭരണ ഭാഷ, 2) പഠന ഭാഷ, 3) കോടതി ഭാഷ

തീര്‍ച്ചയായും നിങ്ങള്‍ ചിരിച്ചു കാണും. ചിരിക്കണം. കാരണം ഇതു പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം 60 കഴിഞ്ഞു! ആദ്യം ആവശ്യപ്പെട്ടവരെല്ലാം മരിച്ചു മണ്ണടിഞ്ഞു. ഇപ്പോഴും നാമതൊക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നു! സര്‍ക്കാരു കാര്യം പോലെ... കോടതിയിലെത്തിയ സിവില്‍ക്കേസു പോലെ....

ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം പേറിയവരാണു, നാം കേരളീയരടക്കമുള്ള ഭാരതീയര്‍. ഇന്ത്യാക്കാര്‍ക്കൊരു വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ മെക്കാളെ പ്രഭു ലക്ഷ്യമിട്ടത് കാഴ്ചയിലിന്ത്യാക്കാരും കൂറില്‍ ബ്രിട്ടീഷുകാരുമായ കുറേ ഗുമസ്തരെ സൃഷ്ടിക്കുക എന്നതായിരുന്നു. ആ ലക്ഷ്യം സാധിച്ചു. കാഴ്ചയിലും കൂറിലും ഇന്ത്യാക്കാരായ ജനതയെ വാര്‍ത്തെടുക്കാന്‍ പോന്ന ഒരു പദ്ധതിയും വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ സ്വതന്ത്രഭാരതത്തിനൊട്ടു കഴിഞ്ഞുമില്ല. അതുകൊണ്ടു തന്നെ ഇംഗ്‌ളീഷ് വിധേയത്വം പുലര്‍ത്തുന്ന ഒരു ജനതയാണ് ഇന്നും ഇവിടെ; പ്രത്യേകിച്ചു കേരളത്തില്‍. ഇത് മാറ്റാന്‍ ബുദ്ധിമുട്ടാണ്.പക്ഷേ അസാധ്യമല്ല.


ഭരണ ഭാഷ

കേരളത്തിലെ ഭരണ ഭാഷ മലയാളമാക്കുന്നതിനേക്കുറിച്ചു പഠിക്കാന്‍ ആദ്യത്തെ ഇ. എം എസ്സ് മന്ത്രിസഭ തന്നെ ഒരു സമിതിയെ നിയോഗിച്ചു.. കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ ആ സമിതി 1958 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന എതിപ്പുകളില്ലാത്ത നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. പക്ഷേ കേരളത്തിലെ ഭരണ ഭാഷ എന്തു കൊണ്ടോ മലയാളമായില്ല.

അതിനു ശേഷം എത്രയോ സമിതികളെ കാലാകാലങ്ങളില്‍ വന്ന ഗവണ്‍മെന്റുകള്‍ നിയോഗിച്ചു. അവരൊക്കെ ഇതിനെക്കുറിച്ചു പഠിച്ച് എത്രയെത്ര റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു! ഓരോ റിപ്പോര്‍ട്ടും മലയാളത്തിന്റെ പ്രാധാന്യം അടിവരയിട്ടുറപ്പിച്ചുകൊണ്ടിരുന്നു. എന്നിട്ടും ഇവിടെ ചില വകുപ്പുകളുടെയെങ്കിലും ഭരണം മലയാളത്തിലാവാന്‍ സ്വാതന്ത്യ്രത്തിന്റെ ഷഷ്ടി പൂര്‍ത്തി വരെ കാത്തിരിക്കേണ്ടി വന്നു.

മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം. അതു തിരുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ചീഫ് സെക്രട്ടറി മുതല്‍ കൂലിപ്പണിക്കാര്‍ വരെയുള്ള മുഴുവന്‍ മലയാളികള്‍ക്കും സ്വന്തം ഭാഷയോട് അപകര്‍ഷതാ ബോധമുണ്ട്. അതൊന്നും ഇനി ബോധവത്കരിച്ച് ഇല്ലാതാക്കാന്‍ കഴിയുകയുമില്ല. ഫലപ്രദമായ നടപടികളിലൂടെ ആ തടസ്സം മാറ്റിയെടുക്കണം എന്നതു മാത്രമേ ഇനി കരണീയമായുള്ളു. അതാണുണ്ടാവേണ്ടത്. ഉണ്ടാവാത്തതും അതു തന്നെ! കേരളത്തില്‍, ജനത്തെ ഭരണയന്ത്രത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇംഗ്‌ളീഷിനോളം പറ്റിയ ഉപകരണമില്ല എന്ന് ബ്യൂറോക്രാറ്റുകള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്!

അവരുടെ ഇംഗ്‌ളീഷ് പ്രണയത്തിനു പിന്നിലെ ഒരേയൊരു രഹസ്യം ഇതാണ്. സാമാന്യജനത്തിനു മുന്നില്‍ മേലാളനായി വിലസ്സാന്‍ ഇംഗ്‌ളീഷ് ആവശ്യമാണ്. സാമാന്യജനം എന്നത് ഇംഗ്‌ളീഷ് ഭാഷാ അനഭിജ്ഞരാണെന്നത് ഊഹിക്കാമല്ലോ. ഇത്തരം നാണക്കേടുകള്‍ നിരന്തരമനുഭവിക്കുന്ന, ഇംഗ്‌ളീഷ് അറിയാത്തതിനാല്‍ മാത്രം ചൂഷണം ചെയ്യപ്പടുന്ന ഒരു ജനത അവരുടെ മക്കളെ ഇംഗ്‌ളീഷ് സ്‌കൂളുകളില്‍ വിടാന്‍ ഉത്സാഹിക്കുന്നതിന്റെ മനശ്ശാസ്ത്രം നമുക്കു തിരിച്ചറിയാന്‍ പറ്റും. ഇവിടെ ചൂഷണത്തില്‍ നിന്നുമുള്ള രക്ഷതേടി മറ്റൊരു ചൂഷണകേന്ദ്രത്തിലാണവര്‍ എത്തിച്ചേരുന്നത് എന്നു മാത്രം!


പഠന ഭാഷ

സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇംഗ്‌ളീഷ് മീഡിയങ്ങളിലേക്ക് മക്കളെ പറഞ്ഞയക്കുന്നതിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നതു കേട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനത്തിലൊന്നും ഒരു കാര്യവുമില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നു എന്നല്ലാതെ ഇവരുടെ പ്രവര്‍ത്തികളെയൊന്നും ഗൌരവമായി കാണേണ്ടതില്ല. മലയാളം എന്നത് ഒരു തൊഴില്‍ നേടാന്‍ അപര്യാപ്തമായ വിഷയമാണ് എന്ന ചിന്തയാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇതൊക്കെ മാറണമെങ്കില്‍ മലയാളം തൊഴിലിനുപകരിക്കുന്ന ഒരു വിഷയമായി മാറണം. പഠന ഭാഷ എന്തുമേതും ഇംഗ്‌ളീഷിലൂടെ പഠിച്ച് സായിപ്പിനേപ്പോലാകാന്‍ ശ്രമിക്കുന്ന ഒരു ജനതയാണ് ഇന്നു കേരളത്തില്‍. വിഷയത്തിലുള്ള അറിവല്ല ഇംഗ്ലീഷ് പറയാനുള്ള വൈഭവമാണ് ഒരു വ്യക്തിയെ അളക്കാനുള്ള മലയാളിയുടെ മാനദണ്ഡം. ഈ മനോഭാവം മുതലെടുത്താണ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകള്‍ തഴച്ചു വളരുന്നത്. ഈ സംസ്‌കാരത്തില്‍ നിന്നും മോചനം വേണമെങ്കില്‍ അടിസ്ഥാനപരമായ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിച്ചേ മതിയാകൂ.

ഗവണ്‍മെന്റ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും മലയാളം തന്നെയായിരിക്കണം അധ്യയന മാധ്യമം. മലയാളത്തിലുള്ള അഭിമാനം വളര്‍ത്തിക്കൊണ്ടുതന്നെ ഇംഗ്‌ളീഷിന്റെ നിലവാരം ഉയര്‍ത്തുന്നതിലാവണം പൊതുവിദ്യാഭ്യാസം ശ്രദ്ധവയ്‌ക്കേണ്ടത്. ലോകഭാഷ എന്ന നിലയില്‍ ഇംഗ്‌ളീഷിന്റെ പ്രാധാന്യം നാം കുറച്ചു കണ്ടുകൂടാ. ഇംഗ്‌ളീഷ് ഭാഷാ പഠനമെന്നാല്‍ പ്രധാനമായും വായിക്കാനും സംസാരിക്കാനുമുള്ള കഴിവു നേടലാകണം. അതിനപ്പുറം നാം ഇംഗ്‌ളീഷിനെ ചുമക്കേണ്ടതില്ല. ഇന്നു നാം എല്ലാം ഇംഗ്‌ളീഷിലൂടെ പഠിക്കുന്നു, എന്നാല്‍ ഇംഗ്‌ളീഷൊട്ടു പഠിക്കുന്നുമില്ല എന്നതാണവസ്ഥ. ഇംഗ്‌ളീഷിലൂടെ പഠിക്കുന്ന കാര്യങ്ങളാകട്ടെ തെല്ലും നാം ഉള്‍ക്കൊള്ളുന്നതുമില്ല! ചുരുക്കത്തില്‍ ഇംഗ്‌ളീഷുമില്ല മലയാളവുമില്ല മറ്റൊന്നുമില്ല എന്നതാണ് കേരളത്തിലെ ഇംഗ്‌ളീഷ് മീഡിയം സംസ്‌കാരം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന അവസ്ഥ.


കോടതി ഭാഷ

'സാധാരണക്കാരായ വ്യവഹാരികള്‍ക്കും കോടതി നടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്‌ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതി നടപടികളില്‍ സജ്ജീവമായി സഹകരിക്കാന്‍ സാധിക്കില്ല.' 1987 ല്‍ ജസ്റ്റീസ് നരേന്ദ്രന്‍ അധ്യക്ഷനായ സമതി കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് ഗവണ്‍മെന്റിനു നല്കിയ റിപ്പോര്‍ട്ടിലെ കാതലായ പ്രസ്താവനയാണിത്. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1973 ല്‍ കോടതി ഭാഷ ഇംഗ്‌ളീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നുറപ്പാണല്ലോ. 1985ല്‍ കോടതി ഭാഷ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്‌റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമതിയെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിലാണ് മേല്‍പറഞ്ഞ നിര്‍ദ്ദേശം അദ്ദേഹം നടത്തുന്നത്.

കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്‍ണ്ണല്‍ പ്രസിദ്ധീകരിക്കണമെന്നും (ഇതു രണ്ടും തമിഴിലും കന്നടത്തിലും തെലുങ്കിലും പണ്ടേ ഉണ്ട്.) നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കപ്പെടുകയുണ്ടായില്ലെന്നത് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇനിയൊരു കാലത്ത് ഈ ശുപാര്‍ശകളൊക്കെ നടപ്പാക്കപ്പെട്ടാല്‍ അഃിന്റെ ഗുണഭോക്താക്കളാവാന്‍ മലയാളമറിയാവുന്ന മലയാളികള്‍ ഉണ്ടായിരിക്കുമോ എന്ന് യാതൊരുറപ്പുമില്ല!

സായിപ്പിന്റ വിഴുപ്പു ചുമന്ന് വശം കെട്ട ഒരു ഭാവി തലമുറ, പൂര്‍വ്വികരുടെ ചിന്താശൂന്യമായ പ്രവര്‍ത്തി മൂലം നഷ്ടപ്പെട്ട മഹാസംസ്‌കാരത്തെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നത് ഒഴിവാക്കണമെങ്കില്‍, ഈ തലമുറയില്‍ നിന്നും വിവേകശാലികളായ കുറച്ചുപേരെങ്കിലും ഉണര്‍ന്നെണീക്കേണ്ടതുണ്ട്.

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ മലയാളം രക്ഷപെടണമെങ്കില്‍ ഭരണ ഭാഷ മലയാളമാകണം. സാമാന്യ ജനത്തിന് ഭരണ കാര്യങ്ങളില്‍ പങ്കാളിത്തമുണ്ടാവാനും ഇംഗ്‌ളീഷുണ്ടാക്കുന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നും രക്ഷ നേടുവാനും അഃുവഴി സാധിക്കും. സര്‍ക്കാര്‍ ജോലിയിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ മലയാളം ഒരു പ്രധാന വിഷയമാകുകകൂടിച്ചെയ്താല്‍ മലയാള പഠനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അങ്ങേയറ്റം ഗൗരവമായി കണ്ടു തുടങ്ങും. ദേശീയതലത്തിലുള്ള പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മലയാളത്തിലെഴുതാവുന്ന സാഹചര്യം കൂടി വന്നാല്‍ മലയാളം രക്ഷ നേടിക്കഴിയും എന്നുറപ്പിക്കാം.

കൂടാതെ ബിരുദതലം വരെയെങ്കിലും മലയാളം നിര്‍ബന്ധവിഷയമാക്കണം. കോടതികള്‍ക്കും സാധാരണക്കാര്‍ക്കുമിടയിലെ ഇംഗ്‌ളീഷെന്ന ഇരുമ്പുമറ തകര്‍ക്കപ്പെടണം. ഇംഗ്‌ളീഷിന്റെ സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിച്ച് വരേണ്യവര്‍ഗ്ഗമാകാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ നീക്കങ്ങളേയും ഇതോടൊപ്പം ചെറുക്കേണ്ടതുണ്ട്.

ഇത്രയുമൊക്കെ ചെയ്താല്‍ മലയാളം തനിയെ രക്ഷപെട്ടു കൊള്ളും. കൂണുപോലെ പൊട്ടിമുളക്കുന്ന ഇംഗ്‌ളീഷ് സ്‌കൂളുകളൊക്കെ താനേ ഇല്ലാതാകുകയോ അല്ലെങ്കില്‍ അവ നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രചാരകരായി സ്വയം മാറുകയോ ചെയ്തുകൊള്ളും. നിശ്ചയ ദാര്‍ഢ്യമുള്ള ഏതൊരു സര്‍ക്കാരിനും ചെയ്യാനാവുന്ന കാര്യങ്ങള്‍ മാത്രമാണിവ. അവര്‍ അതു ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്‍തുണയ്ക്കാന്‍ മലയാള സമൂഹം മുഴുവന്‍ കൂടെയുണ്ടാവും, തീര്‍ച്ച.

News & Photo Credit
       mathrubhumi_logo

About the News

Posted on Friday, March 15, 2013. Labelled under , . Feel free to leave a response

0 comments for "മലയാളത്തെ രക്ഷിക്കാന്‍ വഴിയുണ്ട്‌"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive