ആനകള്‍ക്ക് സേവന നികുതി; ഉത്സവ സമിതികള്‍ വെട്ടിലായി : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, November 05, 2012

ആനകള്‍ക്ക് സേവന നികുതി; ഉത്സവ സമിതികള്‍ വെട്ടിലായി

കോട്ടയം: എഴുന്നള്ളിപ്പിന് ആനകളെ പങ്കെടുപ്പിക്കുന്നത് സേവനത്തിന്‍െറ ഭാഗമായോ ഭക്തിയുടെ ഭാഗമായോ? സേവനത്തിന്‍െറ ഭാഗമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുമ്പോള്‍, ഭക്തിയുടെ ഭാഗമെന്ന് ക്ഷേത്ര സമിതികള്‍. എന്തായാലും ക്ഷേത്രോത്സവങ്ങള്‍ക്കും പള്ളിപ്പെരുന്നാളുകള്‍ക്കും ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ ഓരോ ആനയുടെയും ഏക്കത്തുകക്ക് 12.36 ശതമാനം സേവന നികുതിയും നല്‍കണം...

അടുത്ത ഏപ്രില്‍ മുതലാണ് നികുതി നിര്‍ദേശം നിലവില്‍ വരുന്നതെങ്കിലും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ പ്രമുഖ ദേവസ്വങ്ങള്‍ക്കും ആനയുടമകള്‍ക്കും ലഭിച്ചുകഴിഞ്ഞു.കേന്ദ്ര എക്സൈസ് കമീഷണറുടെ നോട്ടീസാണ് ലഭിച്ചത്. ദിവസവും ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് പ്രതിഫലമായി ലഭിക്കുന്ന ഏക്കത്തുകയുടെ 12.36 ശതമാനം സേവന നികുതിയായി നല്‍കണമെന്നാണ് നിര്‍ദേശം. ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും നടത്തിപ്പ് ചുമതലയുള്ളവരില്‍ നിന്ന് സേവന നികുതി ഈടാക്കി നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടെ, ആന ഉടമകള്‍ക്കൊപ്പം ഉത്സവ കമ്മിറ്റി നടത്തിപ്പുകാരും വെട്ടിലായി. ഏഴുമുതല്‍ 101 വരെ ആനകളെ നിരത്തി എഴുന്നള്ളിപ്പ് നടത്തുന്ന ക്ഷേത്രങ്ങള്‍ സംസ്ഥാനത്തുണ്ട്. നാട്ടിന്‍പുറങ്ങളിലെ ഏറ്റവും ചെറിയ ക്ഷേത്രത്തില്‍പോലും മൂന്നാനകളുടെ ഉത്സവമാണ് നടക്കുക. ആനകളുടെ പ്രശസ്തി, തലപ്പൊക്കം, ഉത്സവ സീസണിലെ തിരക്ക് തുടങ്ങിയവക്കനുസരിച്ച ഏക്കത്തുകയില്‍ മാറ്റവുമുണ്ടാകും...

ചെറുകിട ക്ഷേത്രങ്ങളില്‍ 5000 മുതലാണ് പ്രതിദിന ഏക്കത്തുക. വന്‍കിട ക്ഷേത്രങ്ങളില്‍ ഇത് ലക്ഷങ്ങള്‍ കടക്കും. എന്നാല്‍, സംസ്ഥാനത്തെ പ്രശസ്തമായ പത്തില്‍താഴെ ആനകള്‍ക്ക് മാത്രമാണ് ഇങ്ങനെ ഉയര്‍ന്ന തുക ഏക്കമായി ലഭിക്കുകയുള്ളൂവെന്നാണ് ആനയുടമകള്‍ പറയുന്നത്. ബാക്കി ആനകള്‍ക്ക് പതിനായിരത്തില്‍താഴെ രൂപയാണ് ഏക്കമായി ലഭിക്കുന്നത്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാകട്ടെ പ്രതിദിനം 5000 രൂപ ഏക്കമെന്ന നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ആനയുടെ തീറ്റ, പാപ്പാന്മാരുടെ ശമ്പളം, ആനകളെ കൊണ്ടുപോകുന്നതിനുള്ള ലോറികളുടെ കൂലിച്ചെലവ് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ഉത്സവ ദിവസങ്ങളില്‍ ഈയിനങ്ങളിലായി 7500 രൂപയെങ്കിലും ഓരോ ആനക്കുവേണ്ടിയും ചെലവഴിക്കേണ്ടിവരുമെന്ന് ആനയുടമ സംഘം സെക്രട്ടറി രവീന്ദ്രന്‍ നായര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു...

ഉത്സവ സീസണില്‍ 10,000 രൂപ വരെ പ്രതിദിന ഏക്കമായി ലഭിക്കുമെന്നതാണ് ആശ്വാസം. പക്ഷേ, ഇത്തരം ദിവസങ്ങളില്‍ 15 ആനകളെ വെച്ച് ഉത്സവം നടത്തുന്ന സംഘാടകര്‍ ചുരുങ്ങിയത് 20,000 രൂപയെങ്കിലും സേവന നികുതിയായി നല്‍കേണ്ടിവരും.ആനകളുടെ എണ്ണവും ഏക്കത്തുകയും വര്‍ധിക്കുന്നതിനൊപ്പം നികുതിയും കൂടും. അതോടെ, ഉത്സവ സമിതികള്‍ ആനകളുടെ എണ്ണം കുറക്കാന്‍ നിര്‍ബന്ധിതരാകും...

സംസ്ഥാനത്ത് എഴുനൂറ്റിയമ്പതോളം നാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 225 എണ്ണം വിവിധ ദേവസ്വം ബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും മറ്റും ഉടമസ്ഥതയിലുള്ളവയാണ്. അവശേഷിക്കുന്നവ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ഈ ആനകള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷം ലഭിച്ച ഏക്കത്തുക, പങ്കെടുത്ത ശരാശരി ഉത്സവ ദിവസങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈമാസം ആദ്യവാരത്തോടെ നല്‍കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഉത്സവങ്ങളില്‍ ആന ദേവന്‍െറ തിടമ്പേറ്റുന്നതിനെ സേവനത്തിന്‍െറ ഭാഗമായല്ല, മറിച്ച് ആചാരത്തിന്‍െറയും ഭക്തിയുടെയും ഭാഗമായാണ് കാണേണ്ടതെന്ന വാദമാണ് ക്ഷേത്ര സമിതികളും ആനയുടമകളും ഉന്നയിക്കുന്നത്. അതിനാല്‍, സേവന നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് ആനയുടമകള്‍.


News & Photo Credit
   Gulf News

About the News

Posted on Monday, November 05, 2012. Labelled under , . Feel free to leave a response

0 comments for "ആനകള്‍ക്ക് സേവന നികുതി; ഉത്സവ സമിതികള്‍ വെട്ടിലായി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive