ഭക്ഷണത്തിലെ മായം കണ്ടെത്താം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, November 03, 2012

ഭക്ഷണത്തിലെ മായം കണ്ടെത്താം

പുഴുവരിക്കുന്ന ചിക്കന്‍ ഫ്രൈയുടെയും മെഴുകുപുരട്ടിയ ആപ്പിളിന്‍െറയും പഴുതാര മസാലദോശകളുടെയും റെയ്ഡ് കഥകള്‍കൊണ്ട് ചാനലുകള്‍ നിറയുന്നു. ഹോട്ടലുകളുടെ മുന്നില്‍ ചെല്ലുമ്പോള്‍ ഓക്കാനിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഹോട്ടലുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്തവര്‍ സകല ദൈവങ്ങളെയും പ്രാര്‍ഥിച്ച് ഭക്ഷിക്കുന്നു. പുഴുവും മെഴുകും മാത്രമല്ല പ്രശ്നം. കീടനാശിനികളും അണുബാധയുമെല്ലാം ഭക്ഷ്യസുരക്ഷക്കുമാത്രമല്ല ജീവനുതന്നെ ഭീഷണിയായിത്തീരുന്നു. ഷവര്‍മ എപ്പിസോഡുകള്‍ തുടരുന്നതും മറക്കരുത്. ജീവന്‍െറ നിലനില്‍പിനാവശ്യമായ ഭക്ഷണം ശുദ്ധവും പോഷകസമൃദ്ധവും മായമില്ലാത്തതുമായിരിക്കണം. ഭക്ഷണത്തില്‍ വിഷവസ്തുക്കളും യഥാര്‍ഥ വസ്തുവിനു പകരമുള്ള വിലകുറഞ്ഞ വസ്തുക്കളും ചേര്‍ക്കുന്നത് മായംചേര്‍ക്കലാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം സൂക്ഷിക്കുന്നതും മായത്തിന്‍െറ നിര്‍വചനത്തില്‍ വരും. ചീഞ്ഞതും പ്രാണികള്‍വീണതും വിഘടിച്ചതും അണുബാധയേറ്റതുമായ ആഹാരവും മായംചേര്‍ന്നതുതന്നെ. രോഗം ബാധിച്ച ജീവിയുടെ ശരീരഭാഗങ്ങളും ഉല്‍പന്നങ്ങളും മായമാണ്. ഭക്ഷണയോഗ്യമല്ലാത്ത വര്‍ണവസ്തുക്കള്‍ ചേര്‍ത്ത ആഹാരപദാര്‍ഥങ്ങളും മായംചേര്‍ത്തവയാണ്.

മായവും കീടനാശിനികളും കലരാത്ത പച്ചക്കറികളും പഴങ്ങളും ഇന്നൊരു സ്വപ്നം മാത്രമാണ്. മാരകവിഷങ്ങളായ കീടനാശിനികളില്‍ പലതും വെറുതെ ഒന്നു കഴുകിയതുകൊണ്ട് പച്ചക്കറികളില്‍നിന്ന് പോകണമെന്നില്ല. മിക്ക കീടനാശിനികളും കൊഴുപ്പില്‍ മാത്രം ലയിക്കുന്നവയാണുതാനും. വിളകളില്‍ കര്‍ഷകര്‍ നേരിട്ടുപയോഗിക്കുന്ന കീടനാശിനികള്‍, കീടനാശിനി കലര്‍ന്ന ഭക്ഷണംകഴിച്ച മൃഗങ്ങളുടെ വിസര്‍ജ്യത്തിലുള്ള കീടനാശിനികള്‍, പരിസ്ഥിതിയില്‍നിന്ന് ആഗിരണംചെയ്യുന്ന കീടനാശിനികള്‍ എന്നിവയൊക്കെ കാര്‍ഷികവിളകളില്‍ കാണും.

ശീതളപാനീയമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ മിക്കതിലും ഓര്‍ഗാനോ ക്ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് എന്നീ വിഭാഗങ്ങളില്‍പെട്ട കീടനാശിനികള്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്ന് ന്യൂദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ്, പോലൂഷന്‍ മോണിറ്ററിങ് ലബോറട്ടറി എന്നിവ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കീടനാശിനിയുടെ പ്രതികൂല ഫലങ്ങള്‍ രണ്ടുവിധത്തിലാണ്- പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങളും കാലാന്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മാരകരോഗങ്ങളും. കൂടുതല്‍ അളവില്‍ കീടനാശിനി ഇതില്‍ ചെന്നാല്‍ ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സം, കാഴ്ചമങ്ങല്‍, വയറുവേദന, തലകറക്കം, ബോധക്ഷയം തുടങ്ങി മരണംവരെ ഉണ്ടാകാം. എന്നാല്‍, ചെറിയ അളവില്‍ ആഹാരത്തിലൂടെ വളരെക്കാലം അകത്തുചെല്ലുന്ന കീടനാശിനി കരള്‍, വൃക്ക, നാഡീവ്യവസ്ഥ എന്നിവ തകരാറിലാക്കുന്നു.

ഭക്ഷണത്തിലെ മറ്റൊരു മറിമായമാണ് മെഴുക്. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഉപായമാണ് മെഴുകുപുരട്ടല്‍. ആപ്പിള്‍, പിയര്‍, തക്കാളി തുടങ്ങി മിനുസമുള്ള പഴങ്ങളാണ് ഇത്തരം മെഴുക്കാവരണക്കാര്‍. പോളി യൂറിത്തീന്‍, വാര്‍ണിഷ് എന്നിവയും മെഴുക്കിനു പകരം ഉപയോഗിക്കാറുണ്ട്. തൊലി ചെത്തിക്കളയുക എന്നതാണ് മെഴുകുവിദ്യയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. 

കീടനാശിനികള്‍ ഭാഗികമായി നീക്കംചെയ്യാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരു മണിക്കൂറിലധികം വെള്ളത്തില്‍ മുക്കിവെച്ചാല്‍ പച്ചക്കറികള്‍ കുറെയൊക്കെ ശുദ്ധമാവും. തിളച്ചവെള്ളത്തില്‍ ഒരു മിനിറ്റു മുക്കിവെക്കുക, രണ്ടുശതമാനം ഉപ്പുലായനിയില്‍ കഴുകുകയും അതിനുശേഷം തണുത്തവെള്ളത്തില്‍ മൂന്നുതവണ കഴുകുകയും ചെയ്യുക എന്നിവയൊക്കെ കീടനാശിനിയുടെ ദോഷഫലങ്ങള്‍ കുറക്കും. ആപ്പിള്‍, മുന്തിരി, പേരക്ക, മാങ്ങ, പ്ളം, പീച്ച് എന്നിവ ഇങ്ങനെ ശുദ്ധമാക്കാം. ഇലക്കറികള്‍ നന്നായി കഴുകിയതിനുശേഷം ചൂടുവെള്ളത്തില്‍ മുക്കിയെടുത്താല്‍ മതി. മാംസാഹാരത്തിലെ കീടനാശിനികള്‍ ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുമ്പോള്‍ നഷ്ടമാകുമത്രെ. 

ചില നിത്യോപയോഗ വസ്തുക്കളിലെ മായം കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങള്‍ ഇനി പറയാം.

മായം കണ്ടെത്താം

പാല്‍: വെള്ളവും യൂറിയയുമാണ് സാധാരണ മായങ്ങള്‍. മിനുസമുള്ള പ്രതലത്തില്‍ ഒരുതുള്ളി പാല്‍ ഒഴിക്കുക. ശുദ്ധമായ പാലാണെങ്കില്‍ പാല്‍ത്തുള്ളി അനങ്ങാതെ നില്‍ക്കും. ഒഴുകിയാല്‍ത്തന്നെ സാവധാനം ഒഴുകി വെള്ളനിറത്തിലുള്ള പാടുണ്ടാകും. വെള്ളംചേര്‍ന്ന പാലാണെങ്കില്‍ പാടവശേഷിക്കാതെ ഒഴുകിപ്പരക്കും. ഒരു ടെസ്റ്റ്യൂബില്‍ അഞ്ചു മില്ലി പാലെടുത്ത് രണ്ടുതുള്ളി ബ്രോമോതൈമോള്‍ ബ്ളൂ ലായനി ഒഴിക്കുക. പത്തുമിനിറ്റുകഴിഞ്ഞ് നീലനിറം വ്യാപിച്ചാല്‍ സംശയിക്കേണ്ട -യൂറിയ കലര്‍ന്ന പാല്‍തന്നെ. 

ഐസ്ക്രീം: ഐസ്ക്രീമിലെ മായമാണ് വാഷിങ് പൗഡര്‍. അല്‍പം നാരങ്ങാനീരൊഴിക്കുമ്പോള്‍ പതഞ്ഞു പൊങ്ങിയാല്‍ മായം ഉറപ്പിക്കാം.

 ഉപ്പ്, പഞ്ചസാര: ചോക്കുപൊടിയാണ് ഇതിലെ മായം. ചോക്കുപൊടി കലര്‍ന്ന ഉപ്പും പഞ്ചസാരയും വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അടിയില്‍ മായം കണ്ടെത്താം. 

തേന്‍: വെള്ളമാണ് ഇവിടെ വില്ലന്‍. ഒരു വിളക്കുതിരി തേനില്‍മുക്കി കത്തിക്കുക. ശുദ്ധമായ തേനാണെങ്കില്‍ തിരി കത്തും. വെള്ളമുണ്ടെങ്കില്‍ പൊട്ടലും ചീറ്റലുമായിരിക്കും ഫലം. 

തേയില: നിറമുള്ള ഇലയും ഉപയോഗിച്ച തേയിലയുടെ ചണ്ടിയുമാണ് ഇവിടെ മായവസ്തുക്കള്‍. വെള്ളപേപ്പറില്‍ തേയില അമര്‍ത്തിത്തിരുമ്മിയാല്‍ നിറമുണ്ടാകുന്നുവെങ്കില്‍ മായവും ഉണ്ട്. നനഞ്ഞ ഫില്‍റ്റര്‍ പേപ്പറില്‍ തേയില തൂവുമ്പോള്‍ പിങ്കോ ചുവപ്പോ നിറമുണ്ടെങ്കില്‍ മായം ഉറപ്പായി. 

മുളകുപൊടി: ഇഷ്ടികപ്പൊടിയാണ് ഇവിടെ വില്ലന്‍. വെള്ളത്തില്‍ കലക്കുമ്പോള്‍ ഇഷ്ടികപ്പൊടി മുളകുപൊടിയെക്കാള്‍ വേഗം അവക്ഷിപ്തപ്പെടും. 

മഞ്ഞള്‍: മെറ്റാനില്‍ യെല്ലോ എന്ന വസ്തുവാണ് മഞ്ഞളിന്‍െറ മായം. മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലേക്ക് അല്‍പം ഹൈഡ്രോക്ളോറിക് ആസിഡ് ഒഴിച്ചുനോക്കൂ. വയലറ്റ്നിറം കാണുന്നുവെങ്കില്‍ മായം ഉറപ്പ്. 

കുരുമുളക്: കുരുമുളകിന്‍െറ അപരനാണ് ഓമക്കാ വിത്തുകള്‍ (പപ്പായവിത്ത്). ഇവ ആല്‍ക്കഹോളില്‍ ഇട്ടാല്‍ ഓമക്കാവിത്തുകള്‍ പൊങ്ങിക്കിടക്കും. കുരുമുളകാവട്ടെ താഴ്ന്നും പോവും. 

വീട്ടമ്മമാര്‍ ജാഗ്രതപാലിച്ചാല്‍ ഒരുപരിധിവരെ മായവും മറിമായവും കാണിക്കുന്ന ഈ ഭക്ഷണവില്ലന്മാരെയും അവരെ പടച്ചുവിടുന്നവരെയും നിലക്കുനിര്‍ത്താം.

News & Photo Credit
   Gulf News

About the News

Posted on Saturday, November 03, 2012. Labelled under , . Feel free to leave a response

0 comments for "ഭക്ഷണത്തിലെ മായം കണ്ടെത്താം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive