കടന്നുപോയ കാവുകള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, November 04, 2012

കടന്നുപോയ കാവുകള്‍ചെറുപ്പകാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു ഒരു സര്‍പ്പക്കാവ്. രണ്ടും മൂന്നും കാവുകളുള്ള തറവാടുകളുമുണ്ട്. കാവില്‍ നിറയെ മരങ്ങള്‍. ആഞ്ഞിലി, ഇലഞ്ഞി, കാഞ്ഞിരം, പാല തുടങ്ങിയവ. ചെത്തി, മേന്തോന്നി, മുക്കുറ്റി അങ്ങനെ പൂച്ചെടികള്‍. ഇഞ്ച, ചൂരല്‍ പിന്നെ പേരറിയാത്ത ഒരുപാടുതരം വള്ളികള്‍. എല്ലാം ഇടതിങ്ങി ചുറ്റിപ്പിണഞ്ഞതാണ് കാവ്. മനുഷ്യരാരും കാവിനുള്ളിലേക്ക് കടക്കാറില്ല. അതാണ് വിശ്വാസം. വേണമെന്ന് വിചാരിച്ചാലും പറ്റില്ല, അത്രയ്ക്ക് കെട്ടുപിണഞ്ഞായിരിക്കും ചെടികളും വള്ളികളും. കാവിനോട് ചേര്‍ന്ന് വേനലിലും വറ്റാത്ത കുളം. കുളക്കരയിലെ ചുള്ളിക്കമ്പുകളില്‍ ആമകള്‍. അവയുടെ മുഖത്ത് വട്ടമിട്ട് തുമ്പികളും. ഒരു മുന്നറിയിപ്പുമില്ലാതെ ആമകള്‍ ഇടയ്ക്കിടെ വെള്ളത്തിലേക്ക് മുങ്ങിക്കളയും. 


അക്കാലത്ത് വീട്ടുപറമ്പുകള്‍, നാലും അഞ്ചും സെന്റിലേക്ക് ചുരുങ്ങിത്തുടങ്ങിയിരുന്നില്ല. ഒന്നുരണ്ട് ഏക്കറാണ് മിക്ക പറമ്പുകളും. അതിനു നടുവില്‍ വീട്. വിശാലമായ തൊടി. കുട്ടികളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കുള്ളസ്ഥലമാണ് അത്. നാട്ടിന്‍ പുറത്തെ കുട്ടികള്‍ക്ക് അതിര്‍ത്തികളില്ല. അടുത്തപറമ്പിലും അതിനടുത്ത പറമ്പിലുമൊക്കെ കളിക്കാം. എങ്കിലും സര്‍പ്പക്കാവിനടുത്തേക്ക് കുട്ടികളും പോവാറില്ല. മനഷ്യര്‍ പോകേണ്ടാത്ത സ്ഥലമാണെന്ന് ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിക്കും. സര്‍പ്പക്കാവിലെ ചുവന്നുതുടുത്ത ചെത്തിപ്പഴമൊക്കെ ദൂരെനിന്ന് കൊതിയോടെ നോക്കാനേ പറ്റൂ. മൂക്കളപ്പഴം, ഞൊട്ടാഞൊടിയന്‍ തുടങ്ങി എല്ലാ പഴങ്ങളുടെയും സ്ഥിതി അതു തന്നെ. കിളികള്‍ക്ക് കാവുവിലക്കില്ല. അവ സര്‍പ്പക്കാവിലിരുന്ന് പഴങ്ങള്‍ കൊത്തുമ്പോള്‍ ഗമയില്‍ കുട്ടകളെ നോക്കും. കണ്ടോടാ പിള്ളാരേ, എന്ന മട്ടില്‍. 


കാവില്‍ ചെറുജീവികള്‍ ധാരാളം. പാമ്പുകളേയും കണാം ചിലപ്പോള്‍. അവ ഇരതേടി പുറത്തിറങ്ങാറില്ലത്രേ. തവള, ഓന്ത്, തുടങ്ങി വിശപ്പടക്കാന്‍ വേണ്ടതൊക്കെയുണ്ട്. നല്ല തണുപ്പും. ശല്യത്തിന് മനുഷ്യരും ഇല്ല. പിന്നെന്തിന് പുറത്തിറങ്ങണം? എല്ലാവരും സുഖമായി കാവില്‍തന്നെ കഴിയും. മനുഷ്യര്‍ കാവിനുപുറത്തും. മിക്ക കാവുകളിലുമുണ്ട് ചിതല്‍പ്പുറ്റുകള്‍. പുറ്റിനു മുകളില്‍ പാമ്പ് ചുറ്റിക്കിടക്കുന്നതും അപൂര്‍വ്വമല്ല. ചിതല്‍പ്പുറ്റിലാണ് പാമ്പുകള്‍ താമസിക്കുക എന്നായിരുന്നു ഏറെക്കാലം വിശ്വസിച്ചിരുന്നത്. 


എന്റെ വീട്ടില്‍ സര്‍പ്പക്കാവ് ഇല്ല. തൊട്ടടുത്ത് അപ്പച്ചിയുടെ വീട്ടില്‍ രണ്ട് കാവുകളുണ്ട്. അതിലൊന്ന് ഞങ്ങളുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ നേരേ കാണാം. എല്ലാദിവസവും സന്ധ്യയ്ക്കുമുന്‍പ് കാവില്‍ വിളക്കുതെളിക്കും. ഓട്ടുവിളക്കൊന്നുമില്ല. കല്‍വിളക്കോ, മണ്‍വിളക്കോ ഉണ്ടെങ്കിലായി. ചിലപ്പോള്‍ കല്ലിന്റെ ഒരു കുഴിയായിരിക്കും. അതില്‍ എണ്ണനനച്ച ഒരു തിരി. അത്രയേയുള്ളു വിളക്കുവയ്പ്പ്. കാറ്റും മഴയുമില്ലെങ്കില്‍ തിരി കുറച്ചുനേരം കത്തും. പക്ഷേ, കോരിച്ചൊരിയുന്ന മഴയത്തും തിരിവയ്ക്കല്‍ മുടക്കാറില്ല. പറ്റിയാല്‍ കുളിച്ച് ശുദ്ധമായാണ് വിളക്കുവയ്ക്കാന്‍ പോകുക. അല്ലെങ്കില്‍ കൈയും കാലും മുഖവും കഴുകും. തിരിവച്ചുകഴിഞ്ഞ് കുറച്ചകലെനിന്ന് കാവിലേക്കു നോക്കാന്‍ രസമാണ്. സന്ധ്യയിലെ സ്വര്‍ണവെളിച്ചവും തിരിയുടെ നേര്‍ത്ത പ്രകാശവും ചേര്‍ന്ന് ഒരു എണ്ണച്ചായചിത്രം പോലെ. കുറച്ചുനേരം അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ പേടിയാവും. പിന്നെ വീട്ടിലേക്ക് ഒറ്റയോട്ടമാണ്.വര്‍ഷത്തിലൊരിക്കലാണ് കാവില്‍ പൂജ. അപ്പോള്‍ കാവിന്റെ മുന്‍പില്‍ കുറച്ചുഭാഗം പുല്ല് നീക്കി വൃത്തിയാക്കും. മൂന്നുനാല് ഓട്ടുവിളക്കുകള്‍ തെളിക്കും. മഞ്ഞള്‍പ്പൊടി കൊണ്ടാണ് കളമെഴുതുക. കവുങ്ങിന്‍ പൂക്കുലയും അരിപ്പൊടിയും കരിക്കിന്‍വെള്ളത്തില്‍ ചാലിച്ച് കളത്തിലാകെ വിതറും. അവിടവിടെയായി പ്ലാവില കുമ്പിള്‍കുത്തി ഇടും. ഈര്‍ക്കിലിയുടെ അറ്റത്ത് തുണിചുറ്റിയ ചെറിയ പന്തങ്ങള്‍. പുള്ളുവ വീണയും പുള്ളോര്‍ക്കുടവും മീട്ടിയുള്ള പാട്ടുമുണ്ട്. ഒരുതരം അടഞ്ഞ ഒച്ചയിലാണ് ആ പാട്ട്. വീണയ്ക്കും കുറച്ചൊന്ന് അടഞ്ഞ ഒച്ചതന്നെ. പുള്ളോര്‍ക്കുടത്തിന്റെ ഒച്ച മുഴങ്ങിക്കേള്‍ക്കും. വലിയ ഒരു ഹൃദയമിടിപ്പുപോലെ. അറിയാതെ തലയാട്ടിപ്പോകുന്ന ഈണവും താളവും ഉണ്ട് പാട്ടിന്. കൂടെ ഭക്തിയും. 

പൂജയുടെ ഒരു ഘട്ടത്തില്‍ സ്ത്രീകള്‍ചേര്‍ന്ന് വായ്ക്കുരവയിടും. പൂജാരി നിര്‍ത്താതെ മണിയടിക്കും. കുരവയും പാട്ടും മണിയടിയും മഞ്ഞക്കളവും വിളക്കുമൊക്കെ ചേര്‍ന്ന് ഒരു അമ്പലം പോലെയാവും കാവ്. കൂടെ ഉണ്ണിയപ്പത്തിന്റെ മണവും. കാവില്‍ നിവേദിക്കുന്ന ഉണ്ണിയപ്പവും പാല്‍പ്പായസവും വെള്ളച്ചോറുമൊക്കെ അവിടെവച്ചുതന്നെയാണ് ഉണ്ടാക്കുക. പൂജചെയ്യുന്ന ആളോടൊപ്പം ഒരു സഹായിയും കാണും. സഹായിക്കാണ് നിവേദ്യത്തിന്റെ ചുമതല. പൂജകഴിഞ്ഞാലുടന്‍ നിവേദ്യം തരും. നല്ലരുചിയാണ് ആ ഉണ്ണിയപ്പത്തിന്. കദളിപ്പഴത്തിന്റെ രുചി മുന്നില്‍നില്‍ക്കും. പാല്‍പ്പായസവും മോശമാവില്ല. പക്ഷേ, അമ്പലപ്പുഴപാല്‍പ്പായസം മുന്നിലുള്ളതുകൊണ്ട് ഈ വെള്ളപാല്‍പ്പായസത്തിന് അത്ര ഗമ പോര. അമ്പലപ്പുഴപായസത്തിന് നല്ല ചന്ദന നിറമാണ്. രുചി പറയുകയും വേണ്ട. ഉണ്ണിയപ്പവും പായസവും കഴിഞ്ഞാല്‍ വെള്ളച്ചോറും കഴിക്കണം. അത് ഒഴിവാക്കി രക്ഷപ്പെടാന്‍ കഴിയില്ല. അവസാനം നെറ്റിയില്‍ മഞ്ഞള്‍ പ്രസാദവും തൊടും. അതോടെ തീര്‍ന്നു കാവില്‍ പൂജ. എങ്കിലും രണ്ടുമൂന്നു ദിവസം കൂടി രാവിലെ കാവില്‍പോയി നോക്കും. മഞ്ഞള്‍ പുരണ്ട പൂക്കുലയും ഇലയുമൊക്കെ ഉണങ്ങിക്കിടക്കും. ഓരോ ദിവസവും ഓരോ ആകൃതിയാണതിന്. അതിന്റെ നിറമൊക്കെ പൊയ്ക്കഴിയുമ്പോള്‍ കാവിലേക്കുള്ള പോക്കും നില്‍ക്കും. പിന്നെ അടുത്തവര്‍ഷം കാവില്‍പൂജയാവണം.


വീട്ടില്‍ വച്ചുള്ള ചങ്ങാത്തം മാത്രമല്ല സര്‍പ്പങ്ങളോട്. മിക്ക ക്ഷേത്രങ്ങളിലുമുണ്ട് സര്‍പ്പപ്രതിഷ്ഠകള്‍. ചുരുണ്ട ആകൃതിയുലുണ്ടാകുന്ന പച്ചക്കറിയും ചക്കയുമൊക്കെ ക്ഷേത്രത്തിലെ നാഗത്തറയില്‍ കൊണ്ടുവയ്ക്കാറുണ്ട് പലരും. കേരളത്തിലെ ഏറ്റവുംപ്രസിദ്ധമായ നാഗക്ഷേത്രമാണ് മണ്ണാറശ്ശാല. വീട്ടില്‍ നിന്ന് കഷ്ടിച്ച് 20 കിലോമീറ്ററേയുള്ളു ദൂരം. ചെറുപ്പത്തില്‍ ഇടയ്ക്കിടെ അവിടെ പോകുമായിരുന്നു. വലിയ ഇഷ്ടമായിരുന്നു ആ ക്ഷേത്രത്തില്‍ പോകാന്‍. കുറേയേറെ സ്ഥലം മുഴുവന്‍ കാട്. വെളിച്ചം പ്രയാസപ്പെട്ടാണ് താഴെ എത്തുക. ആ കാടിനു നടുവിലാണ് ക്ഷേത്രം. പ്രധാന നടകള്‍ രണ്ടെണ്ണം, നാഗരാജാവിന്റെയും നാഗയക്ഷിയുടെയും. ക്ഷേത്രത്തിലും പരിസരത്തുമായി ആയിരക്കണക്കിന് നാഗവിഗ്രഹങ്ങള്‍. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ നാഗവിഗ്രഹങ്ങള്‍ ഉള്ളത് അവിടെയായിരിക്കണം. മണ്ണാറശ്ശാല ഇല്ലത്തെ ഏറ്റവും പ്രായമായ അന്തര്‍ജനത്തിനാണ് പൂജകളുടെ ചുമതല. മണ്ണാറശ്ശാലയമ്മ എന്ന് എല്ലാവരും ഭക്തിയോടെ വിളിക്കും. നിത്യപൂജകഴിഞ്ഞ് അമ്മ ക്ഷേത്രത്തിലൊരിടത്ത് ഇരിക്കും. അപ്പോള്‍ അടുത്തുചെന്ന് സംസാരിക്കാം, അനുഗ്രഹം വാങ്ങാം. അമ്മയെകാണാനും വലിയ ഇഷ്ടമായിരുന്നു. കുട്ടികളോട് എപ്പോഴും നിറഞ്ഞ ചിരിയോടെ സംസാരിക്കും. സംസാരിക്കുന്ന ഒരു ദൈവം എന്നാണ് ഞാന്‍ അന്ന് മനസ്സിലാക്കിയത്. ക്ഷേത്രത്തിലെ കാടിനുനടുവിലൂടെ എപ്പോഴും അപ്പൂപ്പന്‍താടി കൂട്ടമായി പറന്നുവരും. പക്ഷേ, എടുക്കാന്‍ പാടില്ല, തൊടാന്‍ പോലും വയ്യ. അപ്പൂപ്പന്‍താടിക്കും മണ്ണാറശ്ശാലയമ്മയ്ക്കും തമ്മില്‍ എന്തൊക്കെയോ ബന്ധമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നുമായിരുന്നു. ഒരുമിച്ച് കാണുന്നതുകൊണ്ടായിരുന്നോ? അതോ, അപ്പൂപ്പന്‍താടിയോടും അമ്മയോടും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടോ? അറിയില്ല. അന്നത്തെ അമ്മ ഇപ്പോഴില്ല. മൂപ്പുമുറയനുസരിച്ച് അടുത്ത അമ്മയാണിപ്പോള്‍ പൂജകള്‍ ചെയ്യുന്നത്.
മണ്ണാറശ്ശാലയില്‍ പോകുമ്പോള്‍ ഹരിപ്പാട് ക്ഷേത്രത്തിലും പോകും. മുരുകനാണ് പ്രതിഷ്ഠ. മുരുകനെ കാണുന്നതിനെക്കാള്‍ അവിടെയുള്ള മയിലുകളെ കാണാനായിരുന്നു തിടുക്കം. ജീവനുള്ള മയിലുകള്‍ തന്നെ. ക്ഷേത്രത്തിലെ തടിയഴിയിട്ട ഒരിടത്താണ് അവയെ അടച്ചിട്ടിക്കുന്നത്. അഴികള്‍ക്കിടയിലൂടെ നോക്കിനില്‍ക്കും. ചിലപ്പോള്‍ മയില്‍ പീലിവിരിക്കും. ഇടയ്ക്ക,് വെള്ളത്തില്‍ ഓളം വെട്ടുന്നതുപോലെ ഒരിളക്കമുണ്ട്. പീലിയുടെ മുകളറ്റം മുതല്‍ താഴെവരെ ഒരു വിറയല്‍. പൂച്ചയൊക്കെ വാല്‍ വിറപ്പിക്കുന്നതുപോലെ. ഒരിക്കലും മറക്കാനാവില്ല അത്. വര്‍ഷങ്ങള്‍ക്കു ശേഷം നാഗര്‍ഹോളയിലെ കാട്ടില്‍ മയിലുകളെ കൂട്ടത്തോടെ കണ്ടു. നന്നേ വെളിച്ചം കുറഞ്ഞ ഒരു സന്ധ്യയ്ക്ക്. മരത്തിലും നിലത്തുമൊക്കെയായി പത്തോളം എണ്ണം. കൊത്തിപ്പെറുക്കി, പരസ്പരം പോരടിച്ച് അങ്ങനെ... ഇടയ്‌ക്കെപ്പോഴോ ഒരു മയില്‍ നന്നേ ചെറിയൊരു പാമ്പിനെ കൊത്തിയെടുത്ത് അടുത്ത മരക്കൊമ്പിലേക്ക് പറന്നുകയറി. ചെറുപ്പത്തിലായിരുന്നെങ്കില്‍ ആ കാഴ്ച, എത്രയോ ദിവസത്തെ ആലോചനകള്‍ക്കുള്ള വഴിയായിരുന്നു. മണ്ണാറശ്ശാലയിലെ സര്‍പ്പങ്ങളും ഹരിപ്പാട്ടെ മയിലും. അതിലൊന്ന് മറ്റൊന്നിനെ തിന്നുന്നതെന്തിന്? അന്നായിരുന്നെങ്കില്‍ അമ്മൂമ്മ സര്‍പ്പവും മയിലും തമ്മിലുള്ള ശത്രുതയുടെ ഒരു കഥയും പറഞ്ഞു തന്നേനെ. പക്ഷേ, കാട്ടില്‍ നാട്ടുവിശ്വാസങ്ങള്‍ ഇല്ലല്ലോ. കൊന്നും തിന്നും വിശപ്പടക്കി അവര്‍ അവരുടെ വിശ്വാസത്തോടെ ജീവിക്കട്ടെ. അതിനിടയില്‍ നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചാലോചിച്ച് നേരമിരുട്ടിക്കേണ്ടതില്ലല്ലോ. ബുക്ക് ചെയ്ത മുറിയില്‍, ഏഴുമണിക്കു മുന്‍പെങ്കിലും എത്തുന്നതിനെക്കുറിച്ച് മാത്രം ആലോചിച്ച് വണ്ടി സ്റ്റാര്‍ട്ടുചെയ്യാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല.


നമ്മുടെ വിശ്വാസങ്ങളിലും ചില പച്ചത്തുരുത്തുകള്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ കാവുകള്‍ പോലെ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വലിയൊരു വിശ്വാസം. നമ്മുടെ ഇടപെടല്‍ ഇല്ലാതെ നിറഞ്ഞുകവിയുന്ന പ്രകൃതി, അത് നമുക്ക് തണലും തണുപ്പും സമൃദ്ധിയും തരുന്നു. ഭക്തി മാറ്റി നിര്‍ത്തിയാലും ഇതില്‍ നന്മ ബാക്കിയാണ്. ഈ അറിവായിരുന്നില്ലേ വീട്ടുപറമ്പിലെ കാവ്? പക്ഷേ, എല്ലാം വെറും വിശ്വാസമായി തള്ളിക്കളയുന്നതത് നമുക്ക് ശീലമായിക്കഴിഞ്ഞു. അരയില്‍ ചരടുകെട്ടുന്നതിനെക്കുറിച്ച് അടുത്തിടെ ഒരു പഴമക്കാരി പറയുന്നതുകേട്ടു. പാമ്പുകടിയേറ്റാല്‍ മുറിവിനു മുകളില്‍കെട്ടാന്‍ ഒരു ചരട് അന്വേഷിച്ച് പായേണ്ടതില്ല. അരയിലെ ചരട് പൊട്ടിച്ച് കെട്ടാം. അപ്പോഴാണ് അത് ജീവന്‍ രക്ഷിക്കുന്ന മന്ത്രച്ചരടാവുന്നത്. അന്ധവിശ്വാസമെന്ന് ആക്ഷേപിച്ച് ചരട് മുറിച്ചപ്പോള്‍ ഇക്കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. അതാണ് വാസ്തവം. ഇങ്ങനെ അറിവില്ലായ്മകള്‍ പലതും വേറേയും ഉണ്ടാവും.
ശാസ്ത്രം പഠിച്ച് പുരോഗമിച്ചപ്പോള്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നിലല്ല, പലതിലും. പാമ്പിന്‍കാവും സര്‍പ്പപൂജയുമൊക്കെ നാട്ടിന്‍പുറങ്ങളില്‍ നിന്നുപോലും മാഞ്ഞു. ഒക്കെയും അന്ധവിശ്വാസമായി. ഉള്ളസ്ഥലം വെടിപ്പാക്കി നല്ല വീടുകള്‍ പണിയുന്നതിലാണ് ഇപ്പോള്‍ വിശ്വാസം. വലിയ പറമ്പിനു നടുവിലെ ചെറിയ വീട് പോയി. ചെറിയ പറമ്പില്‍ വലിയ വീട് വന്നു. ഭൂമി ഭാഗം വച്ച്, വീട് നിറയ്ക്കുകയാണ്. കാവിനും കുളത്തിനും പാമ്പിനും പഴുതാരക്കും കിളിക്കും മരത്തിനും ഇടമില്ല, എവിടെയും. 


സര്‍പ്പക്കാവുകള്‍ നിന്ന ഇടങ്ങളില്‍ ചിലയിടത്ത് സിമന്റില്‍ തീര്‍ത്ത ചിത്രകൂടങ്ങള്‍. തണലിനുപോലും ഒരു മരമില്ല. ഒന്നു നഷ്ടപ്പെടുമ്പോള്‍ മന്നൊന്ന് കിട്ടുമെന്ന് പറയാറുണ്ട്. നമുക്കും കിട്ടി ചിലത്. വെള്ളമില്ലാത്ത, ശുദ്ധവായു ഇല്ലാത്ത, തിരിച്ചറിയാത്ത രോഗങ്ങള്‍ നിറഞ്ഞ പുതിയൊരു കാലം. ഈ ശാപത്തെ ഭയന്നായിരിക്കുമോ പഴമക്കാര്‍ കാവുതീണ്ടല്ലേ എന്നു പറഞ്ഞത്? ആര്‍ക്കറിയാം, നമ്മളൊന്നും അന്ധവിശ്വാസികളല്ലല്ലോ! കാവുകള്‍ സമ്പൂര്‍ണ ആവാസ വ്യവസ്ഥയായിരുന്നു എന്ന് ശാസ്ത്രം തെളിയിക്കുമ്പോഴേക്കും ചിലപ്പോള്‍ ഒരുപാട് വൈകിപ്പോകും. ഇപ്പോള്‍തന്നെ വൈകിയില്ലെന്ന് ആര്‍ക്കറിയാം?


ലേഖനം : ഡോ.കെസി.കൃഷ്ണകുമാര്‍ 
വര : ബാലകൃഷ്ണന്‍ ഉള്ളേരി

News & Photo Credit
       mathrubhumi_logo

About the News

Posted on Sunday, November 04, 2012. Labelled under , . Feel free to leave a response

2 comments for "കടന്നുപോയ കാവുകള്‍"

  1. ഗൃഹാതുരത ഉണര്‍ത്തുന്ന ലേഖനം. കുറച്ചു സമയത്തേക്ക് ആ പഴയ കാലത്തെ കുറിച്ച് ഓര്‍ത്തു പോയി. ഇപ്പോഴും കാവുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നത് സത്യം, പക്ഷെ പഴയ രീതിയിലുള്ള ആചാരങ്ങള്‍ നന്നേ കുറവായി. ആ കാലഘട്ടം ഇനി തിരിച്ചു വരുമോ? സ്വപ്നത്തിലെങ്കിലും!. Thanks for sharing it here.

  2. നല്ല ലേഖനം നന്നായിട്ട് ഉണ്ട്, എന്റെ തറവാട്ടില്‍ ഇപ്പോഴും കാവ്‌ ഉണ്ട്

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive