കണ്ണിലെ രോഗങ്ങളെ തിരിച്ചറിയുക : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, November 11, 2012

കണ്ണിലെ രോഗങ്ങളെ തിരിച്ചറിയുക

കണ്ണിലെ കൃഷ്ണമണിപോലെ... എന്നാണ് നാം കരുതലിന്റെ തീവ്രത സൂചിപ്പിക്കുക. കണ്ണിന്റെ സംരക്ഷണം അത്രമാത്രം പ്രാധാന്യമുള്ളതാണെന്നു സാരം.കണ്ണിന്റെ ആരോഗ്യം തകര്‍ ക്കുന്ന നിരവധി ഘടകങ്ങളുള്ളതിനാലാകണം ആധുനിക കാലത്ത് കണ്ണുരോഗങ്ങള്‍ കൂടുന്നത്.
പുതിയ,പുതിയ ലക്ഷണ ങ്ങളോടു കൂടിയാണ് പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നത് തന്നെ. കണ്ണുരോഗങ്ങളെ തുടക്കത്തിലേ തിരിച്ചറിഞ്ഞു വേണ്ട ചികിത്സയെടുത്താല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാ നാകും.

ഒരു കണ്ണിനു കാഴ്ചപോയാല്‍ 

ഒരു കണ്ണിന് പെട്ടെന്നു കാഴ്ച ഇല്ലാതാവുക, നിറങ്ങള്‍ തിരിച്ചറിയുവാനുള്ള കണ്ണുകളുടെ കഴിവു നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ ഒപ്റ്റിക് ന്യൂറോറൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിനുള്ളില്‍ നിന്നും തലച്ചോറിലേക്കു വിവരങ്ങള്‍ അയയ്ക്കുന്ന ഒരു പ്രധാന ഞരമ്പാണ് ഒപ്റ്റിക് നെര്‍വ്. ഇതിനു പെട്ടെന്നുണ്ടാവുന്ന വീക്കമാണ് ഒപ്റ്റിക് ന്യൂറോറൈറ്റിസ്. സാധാരണ ഒരു കണ്ണിനാണ് ഈ രോഗം കാണുന്നതെങ്കിലും അപൂര്‍വമായി രണ്ടു കണ്ണിലും ഉണ്ടാ കാം. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഉടനേ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ കാഴ്ച നിശ്ശേഷം നഷ്ടപ്പെട്ടേക്കാം. ശാരീരികമായി നമുക്കുണ്ടാവുന്ന ചില രോഗങ്ങള്‍ ഈ അസുഖത്തിനു കാരണമായി പറയാവുന്നതാണ്. വൈറസ്, ഫംഗല്‍ബാധകള്‍, ഓട്ടോ-ഇമ്മ്യൂണ്‍ ഡിസീസ്, ലുപ്പസ് സാര്‍കോ ഡിസീസ്, ടി.ബി., മെനിജറ്റീസ്, റൂബെല്ല, ചിക്കന്‍ പോക്‌സ്, ഹെപ്പറ്റെറ്റീസ് എന്നീ രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്. ആരംഭത്തില്‍ തന്നെ ഒരു കണ്ണുരോഗവിദഗ്ധ നെ കണ്ടു വേണ്ട പരിശോധനകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. സാധാരണ ശരിയായ അളവില്‍ കോര്‍ട്ടിസോണ്‍ കുത്തിവയ്പ് എടുക്കേണ്ടി വരും.

മൈഗ്രേനും കണ്ണും 

സ്ത്രീകളില്‍ പ്രത്യേകിച്ചു കൗമാരപ്രായമായവര്‍ക്ക് കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഒക്യുലാര്‍ മൈഗ്രേന്‍. ഒരു കണ്ണിനു പെട്ടെന്നു കാഴ്ചക്കുറവ്. തുടര്‍ന്ന് വെളിച്ചം ചിതറിപ്പോകുന്ന അനുഭവം. ഇതു കുറച്ചു മിനിട്ടുകള്‍ നില നില്‍ക്കും. ചിലപ്പോള്‍ തലവേദനയും അനുഭവപ്പെടുന്നു. മാസത്തില്‍ ഒരിക്കല്‍ ഇത് വരാം. ഈ അസുഖം ഉണ്ടാവുന്ന തിനു രണ്ടുമൂന്നു ദിവസം മുമ്പേ ഒരു അസ്വസ്ഥത, ക്ഷീണം എന്നിവ തോന്നും. ചില സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങു മ്പോഴാണ് ഇതുണ്ടാകുന്നത്. വളരെ ചെറിയ കാര്യങ്ങള്‍ക്കു പോലും പെട്ടെന്നു ക്ഷോഭിക്കുകയും വിഷമിക്കുകയും ചെയ്യുന്നവരില്‍ ഇതു കൂടുതലാണ്. കാപ്പി, ചോക്ലേറ്റ്, സിഗരറ്റ്, പെര്‍ഫ്യും, ഉറക്കമില്ലായ്മ, മാനസിക വിഷമം എന്നിവ ഒഴിവാക്കണം. യോഗ, മെഡിറ്റേഷന്‍, നല്ല ഉറക്കം ഇവയെല്ലാം ഈ അസുഖത്തിന് ഒരു പരിധിവരെ പ്രതിവിധിയാണ്.

വെളുത്തപാടും കാന്‍സറും 

കണ്ണിന്റെ ഉള്ളിലുള്ള ചില പ്രത്യേക കോശങ്ങള്‍ കൊണ്ടാണു കണ്ണില്‍ മുഴകള്‍ ഉണ്ടാകുന്നത്. അവയെല്ലാം തന്നെ ഓപ്പറേറ്റ് ചെയ്തു മാറ്റാവുന്നതാണ്. ഇതു കൂടാതെ കാന്‍സര്‍ വളര്‍ച്ചകളായ ബേസല്‍ സെല്‍ കാര്‍സിനോമ, മെലനോമ ഇവയും കണ്ണിന്റെ പുറമെ ഉണ്ടാകാം. കണ്ണിന്റെ വെള്ളയിലും കൃഷ്ണമണിയിലും കണ്ണിനുള്ളിലും കാന്‍സര്‍ വരാം. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ ലേസര്‍ കൊണ്ടോ റേഡിയേഷന്‍ കൊണ്ടോ ഇതു ചികിത്സിക്കാം. കണ്ണിലേക്കു നോക്കു മ്പോള്‍ തിളങ്ങുന്ന ഒരു വെളുത്ത പാട് കാണുന്നു എങ്കില്‍ ഉടനെ ഒരു കണ്ണുരോഗവിദഗ്ധനെ കാണേണ്ടതാണ്. ആരംഭത്തില്‍ അറിഞ്ഞാല്‍ റേഡിയേഷന്‍ ചികിത്സ കൊണ്ടു മാറ്റാനാകും. അല്ലെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കണ്ണുമുഴുവനായും എടുത്തു മാറ്റേണ്ടി വരും.

കണ്‍പോളയുടെ രോഗങ്ങള്‍ 

കണ്ണിന്റെ പോളകളില്‍ ഉണ്ടാകുന്ന വീക്കം, കണ്ണുകടി, ചുവപ്പ്, കണ്ണിന്റെ വരള്‍ച്ച എന്നിവ ബ്ലെഫാറൈറ്റിസ് രോഗം കൊണ്ട് ഉണ്ടാകുന്നതാണ്. ഇതു നീണ്ടു നില്‍ക്കുന്ന രോഗമാണ്. തലയില്‍ താരനുള്ള ആളുകള്‍ക്ക് ഇത് ഉണ്ടാകാം. മുഖത്തു ധാരാളം ചുവന്നതടിപ്പു പോലുള്ള ത്വക്ക് രോഗമുള്ളവര്‍ക്കും ഈ രോഗം കണ്ടെന്നു വരാം. മൂന്നുതരം ബ്ലെഫാറൈറ്റിസ് ആണു കണ്ടു വരുന്നത്. പ്രതിരോധശക്തിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഫംഗസ്, യീസ്റ്റ് എന്നിവ മൂലം സ്‌കാമസ് ബ്ലെഫാറൈറ്റിസ് വരാം. ബാക്ടീരിയല്‍ അണുക്കള്‍ കൊണ്ടാണ് അള്‍സറേറ്റീവ് ബ്ലെഫാറൈറ്റിസ് ഉണ്ടാകുന്നത്.

കണ്‍പോളകളില്‍ കാണുന്ന മെബോമിയന്‍ ഗ്രന്ഥിയുടെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതു മൂലമാണ് പോസ്റ്റീരിയില്‍ ബ്ലെഫാറൈറ്റിസ് ഉണ്ടാകുന്നത്. പോളകളുടെ പരിചരണമാണു പ്രധാന ചികിത്സ. കിടക്കും മുമ്പ് ഒരു കഷണം പഞ്ഞി എടുത്തു ചെറു ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞു കണ്ണടച്ചു രണ്ടു കണ്ണിലെയും പോളകള്‍ മൃദുലമായി മസാജ് ചെയ്യു ക. എന്നിട്ട് ആന്റിബയോട്ടിക് പുരട്ടുക. ഒരു ടീസ്പൂണ്‍ ബേബി ലോഷനില്‍ ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് ജോണ്‍സണ്‍ സാബ് അതില്‍ മുക്കി പോളകളിലെ അഴുക്കും വെളുത്ത പൊടിയും തുടച്ചുമാറ്റുക. ശേഷം മരുന്ന് ഒഴിക്കുക. ഗുളികകളും ലഭ്യമാണ്.

കണ്‍കുരു പകരുമോ? 

കണ്ണുനീര് പെട്ടെന്നു വറ്റിപ്പോകാതിരിക്കുവാന്‍ എണ്ണമയമായ ചില ദ്രാവകങ്ങള്‍ കണ്‍പോളകളിലുള്ള ഗ്രന്ഥികളിലുണ്ട്. ചില സമയങ്ങളില്‍ ഈ ഗ്രന്ഥികള്‍ അടഞ്ഞു പോവുകയും അണു സംക്രമണം ഉണ്ടാവുകയും ചെയ്യാം. അതിനെയാണു കണ്‍കുരു എന്നു പറയുന്നത്. ഇത് ഒരിക്കലും പകരുന്ന രോഗമല്ല. രണ്ടു തരത്തിലുള്ള കസസസസസസസസസണ്‍കുരുവാണ് ഉള്ളത്. വേദന യുള്ളതും (Stye) വേദനയില്ലാത്തതുമായ (Chalazion) കണ്‍കുരു ഉണ്ട്. പോളവീക്കം, വേദന, ഭാരം പ്രകാശത്തി ലേക്കു നോക്കുവാനുള്ള പ്രയാസം എന്നിവയാണ് രണ്ടു തരത്തിലുള്ള കണ്‍കുരുവിന്റെയും ലക്ഷണങ്ങള്‍. കുരുവില്‍ ചൂടുവയ്ക്കുക, കണ്ണു മസാജ് ചെയ്യുക, ആന്റി ബയോട്ടിക് തുള്ളിമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒഴിക്കുക എന്നിവയാണ് പരിഹാരം. റിഫ്രാക്റ്റീവ് തകരാറുകള്‍ ഉള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും മൂത്രാശയ അണുബാധകളുള്ളവര്‍ക്കും കണ്‍കുരു പ്രധാനമായും കണ്ടു വരുന്നു. താരന്‍ കണ്‍കുരുവിന്റെ മറ്റൊരു കാരണമാണ്.

ഡ്രൈ ഐ തടയാന്‍ ഭക്ഷണം 

കണ്ണിലെ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്രവമാണ് കണ്ണീര്. ഈ കണ്ണീരാണ് കണ്ണിനെ കഴുകി വൃത്തിയാ ക്കുന്നതും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതും. അമിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരിലും കണ്ണീരിന്റെ ഉല്‍പാദനം കുറയാം. ഇത് കണ്ണിന്റെ വരള്‍ച്ചയ്ക്കും കണ്ണു ചുവപ്പിനും തരുതരുപ്പിനും ഇടയാക്കും. ഇതാണ് ഡ്രൈ ഐ. പുതിയ പഠനങ്ങളനുസരിച്ച് മീനുകളിലും മറ്റുമുള്ള ഒമേഗ3, 6 ഘടക ങ്ങളുടെ കുറവും വരള്‍ച്ചയുണ്ടാക്കാം. ഡ്രൈ ഐ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കണ്ണീരിനു പകരമുള്ള തുള്ളി മരുന്നുകളും ഓയിന്‍മെന്റുകളും ലഭ്യമാണ്.

കോങ്കണ്ണുള്ളവര്‍ക്ക് കാഴ്ച നഷ്ടമാകുമോ? 

കോങ്കണ്ണിനെ പലരും ഒരു സൗന്ദര്യപ്രശ്‌നമായാണ് കാണുന്നത്. കുട്ടികളില്‍ കോങ്കണ്ണു കണ്ടാലും ഭയവും കാഴ്ചയ്ക്കു പ്രശ്‌നമുണ്ടാകില്ലെന്ന മിഥ്യാധാരണയും മൂലം ചികിത്സിക്കാന്‍ പോരാറില്ല. എന്നാല്‍ വേണ്ട സമയത്തു ചികിത്സിച്ചില്ലെ ങ്കില്‍ കോങ്കണ്ണുള്ള കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്ന സത്യം പലര്‍ക്കും അറിയില്ല. കോങ്കണ്ണുള്ള വ്യക്തി വസ്തുവിനെ നോക്കുമ്പോള്‍ ഒരു കണ്ണ് ആ വസ്തുവിലും മറ്റേ കണ്ണ് ദിശ മാറി മറ്റൊരു വസ്തുവിലും പതിക്കുന്നു. ഇത് രണ്ടു വസ്തു ക്കളുടെ ഇമേജ് ഉണ്ടാക്കുകയും അത് തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കോങ്കണ്ണുള്ള കണ്ണിലെ കാഴ്ച തലച്ചോറ് അവഗണിക്കുന്നു. അങ്ങനെ പതിയെ ആ കണ്ണിലെ കാഴ്ച കുറഞ്ഞുവരും. കുട്ടിക്കാലത്തു വരുന്ന കോങ്കണ്ണ് ആ സമയത്തു ചികിത്സിച്ചില്ലെങ്കില്‍ മുതിരുമ്പോഴേക്കും ആ കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്നു സാരം. മുതിര്‍ന്നവരില്‍ പ്രമേഹം, ഉയര്‍ന്ന ബി പി, പരിക്കുകള്‍, തലച്ചോറിലെ ട്യൂമര്‍ എന്നിവ മൂലം കോങ്കണ്ണു വരാം. ഇവരില്‍ കോങ്കണ്ണിനു കാരണമായ അസുഖം തിരിച്ചറിഞ്ഞു ചികിത്സിക്കുകയും ഒരു കണ്ണ് അടച്ചുവച്ചുള്ള പരിശീലന ങ്ങള്‍ വിദഗ്ധസഹായത്തോടെ ചെയ്യുകയും വേണം. അസുഖം തുടങ്ങി ആറുമാസത്തിനു ശേഷവും ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വരാം.


By

ഡോ. എസ് ടോണി ഫെര്‍ണാണ്ടസ്
കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് + ചെയര്‍മാന്‍
ഡോ. ഫ്രെഡ്ഡി ടി. സൈമണ്‍ 
കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് +എം. ഡി

ടോണീസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഇന്‍സ്റ്റിറ്റിയൂട്ട + ലാസിക് സെന്റര്‍, ആലുവ


News & Photo Credit
 malayala_manorama_logo

About the News

Posted on Sunday, November 11, 2012. Labelled under , . Feel free to leave a response

0 comments for "കണ്ണിലെ രോഗങ്ങളെ തിരിച്ചറിയുക "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive