ഓസ്റ്റിയോപോറോസിസ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, October 27, 2012

ഓസ്റ്റിയോപോറോസിസ്

എല്ലിനു തേയ്മാനമോ, അത് പ്രായമായവര്‍ക്ക് മാത്രം വരാറുള്ള രോഗമല്ലേ എന്നു കരുതിയെങ്കില്‍ തെറ്റി. നാല്‍പ്പതു കഴിഞ്ഞ സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം ഓസ്റ്റിയോപോറോസിസ് കൂടുത ലായി കണ്ടുവരുന്നു. അമിതമദ്യപരിലും പുകവലി ക്കാര്‍ക്കിടയിലും രോഗം പതിയിരുന്നേക്കാം, പെട്ടെന്നൊരു നാള്‍ അടിച്ചുനിലത്തിടാന്‍ തക്കം പാര്‍ത്ത്. കാല്‍സ്യത്തിന്റെ അളവു കുറയുന്നതാണ് പ്രധാനരോഗകാരണമെങ്കിലും സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഒരേ ഇരിപ്പില്‍ ജോലി ചെയ്യുന്നതും വില്ലനാകും.

ശരിയായ വ്യായാമം, കാല്‍സ്യം അടങ്ങിയ ഭക്ഷണം എന്നിവയൂടെ ഓസ്റ്റി യോപോറോസിസ് വരാതെ നോക്കാം.ശബ്ദമുണ്ടാക്കാതെ കടന്നുവരും... എല്ലുകള്‍ക്കിടയില്‍ പതിയിരിക്കും... ഒടുവിലൊരുനാള്‍ അടിച്ചു താഴെയിടുകയും ചെയ്യും. ഓസ്റ്റിയോപോറോസിസ് അങ്ങനെ യാണ്. എല്ലിന്റെ ബലക്ഷയമെന്നും എല്ലിനു തേയ്മാനമെന്നും നമ്മള്‍ കേട്ടറിഞ്ഞ 'നിശബ്ദനായ കൊലയാളി.

രോഗമുണ്ടെന്ന് അറിയണമെന്നേയില്ല. മൂര്‍ച്ഛിച്ചു കഴിയുമ്പോഴാവും ഇതുവരെ ഒളിച്ചിരുന്ന ആ ഭീകരനെ കണ്ടു നാം നിലവിളിക്കുക. എല്ലി ല്‍ കാല്‍സ്യത്തിന്റെ അളവു കുറയുന്നതാണ് ഓസ്റ്റിയോപോറോസി സ്. ഇതോടെ സാന്ദ്രത കുറഞ്ഞു ദുര്‍ബലമാവുന്ന എല്ലുകള്‍ ചെറിയ ക്ഷതമേറ്റാല്‍പോലും പൊട്ടുന്ന നിലയിലാവും. പ്രായം കൂടുന്തോറും ഈ രോഗം കൂടെ വരും. സാധാരണ നാല്‍പതു വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് എല്ലിനു ബലക്ഷയം കാണുന്നത്. ആര്‍ത്തവ വിരാമ ത്തെ ത്തുടര്‍ന്നു സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവു കുറയു ന്നതാണു കാരണം. എന്നാല്‍ ഹോര്‍മോണ്‍ തകരാര്‍ പോലെയുള്ള മറ്റു രോഗങ്ങളുണ്ടെങ്കിലോ സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നുണ്ടെങ്കിലോ ചെറുപ്പക്കാര്‍ക്കും എല്ലിനു ബലക്ഷയം വരാം.

ഓസ്റ്റിയോപോറോസിസ് വരുന്ന വഴി

പ്രായം കൂടുന്തോറും ബലം കുറയുന്ന എല്ലുകള്‍

30- 35 വയസ്സുമുതല്‍ നമ്മുടെ ശരീരത്തില്‍ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും.ക്രമേണ ഇവയുടെ പുനരുല്‍പാദനത്തിന്റെ വേഗത കുറയുന്നു. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അഭാവമുണ്ടെങ്കില്‍ അത് ഈ പ്രായത്തില്‍ എല്ലുകളെ സാരമായി ബാധിക്കും.പ്രായമേറുന്നതോ ടെ ഓസ്റ്റിയോപോറോസിസ് പിടിമുറുക്കുകയും ചെയ്യും. വീഴ്ചയെ ത്തുടര്‍ന്നു രോഗികളില്‍ ഇടുപ്പെല്ല്, നട്ടെല്ല്, കൈത്തണ്ടയി ലെ എല്ല് എന്നിവിടങ്ങളിലാവും പ്രധാനമായും പൊട്ടലുണ്ടാവുക.

ഹോര്‍മോണ്‍ വ്യതിയാനം

ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലെ വ്യതിയാനം കാല്‍സ്യത്തിന്റെ ആഗിരണത്തെയും ശേഖരണത്തെയും ബാധിക്കും. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനം ഭക്ഷണത്തില്‍നിന്നു കാല്‍സ്യം ആഗിരണം ചെയ്യുന്നതു കുറയ്ക്കുന്നു. ഇതോടെ എല്ലുകള്‍ക്കു ബലം കുറയുന്നു. ഒന്നു വീണാല്‍തന്നെ എല്ലുകള്‍ പെട്ടെന്നു പൊട്ടാം.

കാല്‍സ്യവും വിറ്റമിന്‍ ഡിയും

എല്ലുകളുടെ വളര്‍ച്ചയ്ക്കു ശക്തി പകരുന്നതു കാല്‍സ്യമാണ്. കാല്‍സ്യവും വിറ്റമിന്‍ ഡിയും ആഗിരണം ചെയ്യുന്നതിലെ തകരാറുകള്‍ എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകാം. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കാര്യമായി കുറഞ്ഞാല്‍ പേശികളുടെ ചലനത്തെയും അതു ബാധിക്കും. ഹൃദയപേശികളെവരെ ബാധിക്കുമെന്നര്‍ഥം.

എല്ലൊടിക്കുന്ന പുകവലി

പുകയിലയും എല്ലിന്റെ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കു ചുവപ്പുകൊടി കാട്ടും. അതുകൊണ്ടു പുകവലി പാടേ ഉപേക്ഷിക്കാം.

കുടിയന്മാരേ, കാല്‍സ്യം പിണങ്ങും

മദ്യം അമിതമായാല്‍ എല്ലുകളില്‍ കാല്‍സ്യം ശേഖരിച്ചുവയ്ക്കാന്‍ ശരീരത്തിനു കഴിയാതെ വരും. അതുകൊണ്ട് ഇന്നു കുടിച്ചുവീഴുന്നവര്‍ നാളെ കുടിക്കാതെതന്നെ നിലത്തുവീഴാന്‍ സാധ്യതയേറെയാണ്.

സ്റ്റിറോയിഡുകളിലെ വില്ലന്‍

ഒരു പനി വന്നാല്‍കൂടി സ്റ്റിറോയിഡുകള്‍ അടങ്ങിയ മരുന്നുകള്‍ വലിച്ചുവാരി കഴിക്കുന്നവരുണ്ട്. നിസാരമായ ഒരു പനിയുടെ പേരില്‍ ഇവരും നടന്നുകയറുന്നത് ഓസ്റ്റിയോപോറോസിസ് എന്ന വിപത്തിലേക്കാണ്. ആസ്മപോലുള്ള രോഗങ്ങള്‍ക്കു കഴിക്കുന്ന സ്റ്റിറോയിഡുകളും എല്ലുകളുടെ ബലക്ഷയത്തിനു കാരണമാകും. അതുകൊണ്ട് ഇത്തരം രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കാല്‍സ്യം അടങ്ങിയ ഗുളികകളോ മരുന്നുകളോകൂടി കഴിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ വാങ്ങിക്കഴിക്കരുത്.പച്ചക്കറി തിരയുന്നതുപോലെ മെഡിക്കല്‍ഷോപ്പുകളില്‍നിന്നു സ്വന്തം തീരുമാനപ്രകാരം മരുന്നു വാങ്ങുന്നതും അവസാനിപ്പിക്കണം. സ്വയം ചികില്‍സ വേണ്ടേ വേണ്ട.

അനങ്ങാപ്പാറ നയം അരുത്

ഒരിടത്തുതന്നെ ഇരുന്നോ നിന്നോ ജോലി ചെയ്യുന്നതില്‍ക്കൂടുതല്‍ ഒരു ദ്രോഹവും എല്ലിനോടു ചെയ്യാനില്ല. അനക്കാതെ വയ്ക്കുന്ന എല്ലു ക്ഷയിച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഓസ്റ്റിയോപോറോസിസിന്റെ ചിതലരിച്ചു തുടങ്ങും മുന്‍പു ചിട്ടയായ വ്യായാമം ആരംഭിക്കാം.

മറ്റു രോഗങ്ങള്‍ക്കൊപ്പം

മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ ചെറുപ്പക്കാര്‍ക്കും പുരുഷന്‍മാര്‍ക്കും ഓസ്റ്റിയോപോറോസിസ് പിടിപെടാം.

1.പാരാതൈറോയിഡ് ഗ്രന്ഥിക്കു തകരാര്‍:

 പാരാതൈറോയിഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണിന്റെ അളവിലെ വ്യതിയാനം കാല്‍സ്യത്തിന്റെ ആഗിരണത്തെ ബാധിക്കാം. ക്രമേണ എല്ലുകളില്‍ ബലക്ഷയം അനുഭവപ്പെടുകയും രോഗിയെ ഓസ്റ്റിയോപോറോസിസ് കീഴടക്കുകയും ചെയ്യും. സാധാരണ ഗതിയില്‍ പ്രായമായവരിലാണ് എല്ലിനു ബലക്ഷയം കാണുന്ന തെങ്കില്‍ പാരാതൈറോയിഡ് രോഗികളില്‍ ചെറുപ്രായത്തില്‍തന്നെ രോഗം പിടിപെടാം.കുട്ടികളില്‍ പാരാതൈറോയിഡ് രോഗം വന്നാല്‍ ശ്രദ്ധിക്കുക. തൈറോയിഡിന്, പുറത്തേക്കു മുഴവരുന്നതുപോലെ പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ ഇതിനില്ല. വയറ്റില്‍ വേദന, പാന്‍ക്രിയാസിലും കിഡ്‌നിയിലും കാല്‍സ്യം അടിഞ്ഞുകൂടി സ്‌റ്റോണ്‍ ഉണ്ടാകുക എന്നിവ പാരാതൈറോയിഡിന്റെ ലക്ഷണങ്ങളാണ്.

2. തൈറോയിഡ് രോഗം :

 പാരാതൈറോയിഡിന്റെ അത്ര ഉപദ്രവകാരിയല്ലെങ്കിലും തൈറോയിഡും ഓസ്റ്റിയോപോറോസിസിനു വഴി തെളിക്കാം. തൈറോയിഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന വ്യതിയാനവും കാല്‍സ്യത്തിന്റെ അളവിനെ ബാധിക്കും.

3. വയറിന് അസുഖങ്ങളുള്ളവര്‍ക്ക്

 ദഹനക്കുറവ്, സ്ഥിരമായി വയറ്റിളക്കം തുടങ്ങിയ അസ്വസ്ഥതകളുള്ളവരില്‍ ഭക്ഷണത്തില്‍നിന്നുള്ള പോഷകഘടകങ്ങളുടെ ആഗിരണം കുറവായിരിക്കും. ഇത് എല്ലിനും ദോഷം ചെയ്യും.അള്‍സറേറ്റിവ് കൊളൈറ്റിസ് പോലെയുള്ള അസുഖങ്ങളുള്ളവരും സൂക്ഷിക്കുക. ആമാശയ, കുടല്‍ സംബന്ധമായ രോഗങ്ങളുള്ളവരും ശ്രദ്ധിക്കണം. നമുക്കുവേണ്ട കാല്‍സ്യത്തെ മറച്ചുപിടിച്ച് അവ എല്ലുകളെ ക്ഷീണിപ്പിക്കുന്നുണ്ടാവും.

4.വൃക്കയ്‌ക്കോ കരളിനോ തകരാറുണ്ടെങ്കില്‍

 വൃക്കകള്‍ക്കും കരളിനുമുണ്ടാകുന്ന തകരാറുകള്‍ കാല്‍സ്യത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കും. അവയവങ്ങളുടെ തകരാര്‍ അതുകൊണ്ടുതന്നെ സ്വാഭാവികമായും എല്ലുകളെയും ബാധിക്കാം. കിഡ്‌നിയുടെ തകരാര്‍മൂലം എല്ലുകളില്‍ നിലനില്‍ക്കേണ്ട കാല്‍സ്യം പുറത്തേക്കു പോവാം.മറ്റു രോഗങ്ങള്‍മൂലമുണ്ടാകുന്ന ഓസ്റ്റിയോപോറോസിസ് ആ അസുഖം ഭേദമായിക്കഴിയുമ്പോള്‍ തനിയെ മാറാം.


By: രേഷ്മ രമേശ്‌


News & Photo Credit
 malayala_manorama_logo

About the News

Posted on Saturday, October 27, 2012. Labelled under , . Feel free to leave a response

1 comments for "ഓസ്റ്റിയോപോറോസിസ്"

  1. വളരെ നര്‍മ രസത്തോടുകൂടി വലിയ ഒരു സന്ദേശം നമുക്ക് കൈമാറുന്ന ഈ ലേഖനം ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. എല്ലാ സുഹൃത്തുക്കളും ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive