മിനായും അറഫയും ഒരുങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 23, 2012

മിനായും അറഫയും ഒരുങ്ങി


ജിദ്ദ: ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ പുണ്യസ്ഥലങ്ങളായ മിനായും മുസ്ദലിഫയും അറഫയും ഒരുങ്ങിക്കഴിഞ്ഞു. 30 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സമാധാനത്തോടെ സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ഇത്തവണ പുണ്യസ്ഥലങ്ങളില്‍ സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 

.

ആഭ്യന്തരമന്ത്രി, മുനിസിപ്പല്‍ ഗ്രാമ മന്ത്രി, മക്ക ഗവര്‍ണര്‍ എന്നിവര്‍ അവസാനഘട്ട ഹജ്ജ് ഒരുക്കങ്ങള്‍ പരിശോധിച്ചു. പുണ്യസ്ഥലങ്ങളില്‍ ഓരോ വര്‍ഷവും കോടികളുടെ ഭീമന്‍ പദ്ധതികളാണ് തീര്‍ഥാടകര്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത്. മിനായിലെ തീപിടിക്കാത്ത തമ്പുകളും ജംറപാലവും മെട്രോ റെയില്‍വേ പദ്ധതിയുമെല്ലാം ഇതിനകം പൂര്‍ത്തിയായ വന്‍പദ്ധതികളാണ്. ഈ വര്‍ഷവും തീര്‍ഥാടകര്‍ക്കുവേണ്ടി പല പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിലതിപ്പോഴും നടപ്പിലാക്കിവരികയാണ്. അല്‍മുഅയ്‌സിം ഭാഗത്തെ മിനായുമായി ബന്ധിപ്പിക്കുന്ന ശുഅയ്ബയിന്‍ തുരങ്കം, അസീസിയ ഭാഗത്തെ മിനായുമായി ബന്ധിപ്പിക്കുന്ന അസീസിയ തുരങ്കം എന്നിവ ഈ വര്‍ഷം നടപ്പിലാക്കിയ പദ്ധതികളില്‍ പ്രധാനമാണ്. ശുഅയ്ബയിന്‍ തുരങ്കത്തെ ജംറയുടെ മൂന്നാം നിലയും അസീസിയ തുരങ്കത്തെ ജംറയുടെ രണ്ടാം നിലയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ജംറയുടെ താഴെ നിലയിലും ഒന്നാം നിലയിലുമുണ്ടാകുന്ന തിരക്ക് ഇതോടെ കുറക്കാനാകും. അസീസിയ, മുഅയ്‌സിം ഭാഗത്ത് നിന്ന് ആളുകള്‍ക്ക് വേഗത്തില്‍ ജംറകളിലെത്താനും സാധിക്കും. ഒട്ടകം, പശു എന്നിവയെ അറുക്കുന്നതിന് 225000 ചതു.മീറ്ററില്‍ അത്യുധുനിക സൗകര്യത്തോടെ പുതിയ അറവുശാല അല്‍മുഅയ്‌സിമില്‍ സ്ഥാപിച്ചതും ഈ വര്‍ഷമാണ്. പുണ്യസ്ഥലങ്ങളില്‍ 600 ഓളം പുതിയ ശൗച്യാലയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് കീഴിലെ നൂറെണ്ണം ഈ വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. അംഗശുദ്ധീകരണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും ആധുനിക സൗകര്യങ്ങളോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ മശാഇര്‍ മെട്രോയുടെ സേവനം ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 

.

മുന്‍വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമായിരുന്നു മെട്രോ സേവനം. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏകദേശം 4,50,000 തീര്‍ഥാടകര്‍ക്ക് കൂടി മെട്രോ സേവനം ലഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനാലും സുരക്ഷക്കും റെയില്‍വേ സ്‌റ്റേഷനുകളിലും 60 ഓട്ടോമാറ്റിക് കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് കോണികളുടെയും ലിഫ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

.

ഹജ്ജ് വേളയില്‍ ഏറ്റവും കൂടുതല്‍ സമയം കഴിഞ്ഞുകൂടുന്ന മിനായിലെ തമ്പുകളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും മുത്വവഫ്, ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്കു കീഴില്‍ പൂര്‍ത്തിയായി. ജംറകളില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ആരോഗ്യവകുപ്പിനു കീഴില്‍ പുണ്യസ്ഥലങ്ങളിലെ എട്ട് ആശുപത്രികളും 40 മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കും. അടിയന്തരസേവന വിഭാഗത്തിനു കീഴില്‍ 105 ഡോക്ടര്‍മാരുടെ സംഘവുമുണ്ട്. 236 ബെഡുകളോട് കൂടിയ ഈസ്റ്റ് അറഫ ആശുപത്രി 65,128,985 റിയാല്‍ ചെലവഴിച്ച് ഈ വര്‍ഷം നിര്‍മിച്ചതാണ്. റെഡ്ക്രസന്റ്, ആംഡ്‌ഫോഴ്‌സ്, നാഷണല്‍ ഗാര്‍ഡ് എന്നിവക്ക് കീഴിലും പതിവുപോലെ ഇത്തവണയും പുണ്യസ്ഥലങ്ങളില്‍ മൊബൈല്‍ ആശുപത്രികളും ആംബുലന്‍സ് സേവനങ്ങളുമുണ്ട്. റെഡ്ക്രസന്റിനു കീഴില്‍ എയര്‍ ആംബുലന്‍സുകളും 510 ആംബുലന്‍സുകളും പ്രാഥമികശുശ്രൂഷകള്‍ക്കായി 1029 പേരും രംഗത്തുണ്ട്. 

.

തീര്‍ഥാടകരുടെ സുരക്ഷക്കും ഏത് അടിയന്തരഘട്ടം നേരിടുന്നതിന് കുറ്റമറ്റ സംവിധാനങ്ങളാണ് ആഭ്യന്തര വകുപ്പിന് കീഴിലൊരുക്കിയിരിക്കുന്നത്. ഹജ്ജ് സേന, അടിയന്തര സേന, പൊലീസ്, സിവില്‍ ഡിഫന്‍സ്, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ 25000 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ട്രെയിനിങ് സിറ്റിയിലെ 13717 വിദ്യാര്‍ഥികളും പുണ്യസ്ഥലങ്ങളിലെത്തി. അടിയന്തരഘട്ടങ്ങളില്‍ 50000ല്‍ അധികം തീര്‍ഥാടകരെ താമസിപ്പിക്കാന്‍ കഴിയുന്ന അഭയകേന്ദ്രങ്ങള്‍ സിവില്‍ ഡിഫന്‍സ് ഒരുക്കിയിട്ടുണ്ട്.സുരക്ഷ നിരീക്ഷണത്തിന് 19 വിമാനങ്ങളുമുണ്ടാകും. സുരക്ഷ സേവനങ്ങള്‍ എളുപ്പമാക്കാന്‍ മിനാ, അറഫ എന്നീ സ്ഥലങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ചു. ഇവിടെ 35 പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ നിരീക്ഷണത്തിന് 2951 കാമറകള്‍ സ്ഥാപിച്ചു. 

.

ശുചീകരണ ജോലികള്‍ക്ക് 6000 ഓളം തൊഴിലാളികളെയും ഇവര്‍ക്കാവശ്യമായ 354 ഓളം വിവിധ ഉപകരണങ്ങളും മുനിസിപ്പാലിറ്റിക്ക് കീഴില്‍ ഒരുക്കി. റോഡുകളും തുരങ്കങ്ങളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ കഴിയുന്ന ദിവസങ്ങളില്‍ ജലം, വൈദ്യുതി എന്നിവ മുഴുസമയം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  News Credit
Gulf News

About the News

Posted on Tuesday, October 23, 2012. Labelled under , . Feel free to leave a response

0 comments for "മിനായും അറഫയും ഒരുങ്ങി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive