ചരിത്രവിസ്മയമായി ഈ ഹജ്ജും : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, October 31, 2012

ചരിത്രവിസ്മയമായി ഈ ഹജ്ജും
അബ്ദുല്ല രാജാവ്് ആഭ്യന്തര മന്ത്രി അമീര്‍ അഹ്മദ് ബ്നു അബ്ദുല്‍ അസീസിനോടൊപ്പം മിനയിലെ ഹജ്ജ് സൗകര്യങ്ങള്‍ വീക്ഷിക്കാനെത്തിയപ്പോള്‍,ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്നലെ പൂര്‍ണ വിരാമമിട്ടതോടെ തീര്‍ഥാടന ചരിത്രത്തില്‍ ഒരു ഹജ്ജ് കൂടി രേഖപ്പെടുത്തിക്കഴിഞ്ഞു. ഹജ്ജ് വിജയകരമാണെന്ന് ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍അസീസ്, മക്ക മേഖല ഗവര്‍ണറും ഹജ്ജ് കേന്ദ്ര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ എന്നിവര്‍ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ ഹജ്ജ് മിഷന്‍ മേധാവികളും തീര്‍ഥാടകരുമെല്ലാം സൗദി ഭരണകൂടം തീര്‍ഥാടകര്‍ക്കൊരുക്കിയ ഹജ്ജ് സൗകര്യങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. വിദേശികളും ആഭ്യന്തര തീര്‍ഥാടകരും മതിയായ രേഖകളില്ലാത്തവരുമായി 36 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തിയത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ മുമ്പൊന്നുമില്ലാത്ത വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മനുഷ്യസംഗമമായ ഹജ്ജ് പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ സമാപിച്ചു. സൗദി ഭരണകൂടത്തിന്‍െറ മികവാര്‍ന്ന ആസുത്രണവും കുറ്റമറ്റ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ഇത് വ്യക്തമാക്കുന്നത്. ഇരുഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനും തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും പിന്നിട്ട ഓരോ ഭരണാധികാരിയും കാണിച്ച ഔസുക്യവും താല്‍പര്യവും ഹജ്ജിന്‍െറ ഇന്നോളമുള്ള വിജയത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. നിലവില്‍ അബ്ദുല്ല രാജാവിന്‍െറ നേത്യത്വത്തില്‍ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അതിബൃഹത്തായ സേവനപദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. മക്ക ഹറമിലും പുണ്യസ്ഥലങ്ങളിലും കോടികളുടെ വന്‍വികസന പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയത്. ചില പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിവരികയാണ്. കുറ്റമറ്റ സുരക്ഷാസംവിധാനങ്ങളോടെ പുണ്യസ്ഥലങ്ങളില്‍ നടപ്പിലാക്കിയ വന്‍കിട പദ്ധതികള്‍ ഹജ്ജ് വിജയത്തിന് ഏറെ സഹായകമായിട്ടുണ്ട്. മിനയില്‍ നടപ്പിലാക്കിയ തീപിടിക്കാത്ത തമ്പുകള്‍, അടുത്തിടെ നടപ്പിലാക്കിയ പുതിയ ജംറപാലം, മെട്രോ പാത തുടങ്ങിയവ ഇവയില്‍ എടുത്തുപറയേണ്ടതാണ്.
എല്ലാവിധ സൗകര്യങ്ങളോടെയും നിര്‍മിച്ച മിനായിലെ പുതിയ ജംറപാലം ഹജ്ജ് വേളയിലെ സുപ്രധാന കര്‍മമായ ജംറകളിലെ കല്ലേറിനിടയിലെ അപകടങ്ങള്‍ ഒഴിവാക്കാനും സുഗമവും സമാധാനപരവുമായി തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനും അവസരമൊരുക്കി. നാല് ഘട്ടങ്ങളിലായി 400 കോടി റിയാല്‍ ചെലവഴിലാണ് ഇത് പൂര്‍ത്തിയാക്കിയത്. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന തീര്‍ഥാടകരുടെ വര്‍ധനവ് കണക്കിലെടുത്ത് 12 നിലകള്‍വരെ നിര്‍മിക്കാന്‍ പാകത്തിലാണ് ഇതിന്‍െറ സംവിധാനം. ഭാവിയില്‍ 50ലക്ഷം തീര്‍ഥാടകരെ വരെ ഈ പാലത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.
ഹജ്ജ്വേളയിലെ യാത്രാരംഗത്ത് തീര്‍ഥാടകര്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ ഒരു പരിധിവരെ കുറക്കാന്‍ മെട്രോ ട്രെയിനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഹജ്ജ് വേളയില്‍ നിയമാനുസൃത തീര്‍ഥാടകരും അല്ലാത്തവരുമായി ഏകദേശം ഏഴ് ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് മെട്രോ സേവനം ലഭിച്ചതായാണ് കണക്ക്. പുണ്യസ്ഥലങ്ങള്‍ക്കിടയിലെ തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ എളുപ്പവും വേഗത്തിലുമായിരിക്കുകയാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമായാണ് കരുതുന്നത്. സുരക്ഷ രംഗത്ത് ഒരുക്കിയ സൗകര്യങ്ങളും ഹജ്ജിന്‍െറ വിജയത്തില്‍ മുഖ്യപങ്ക്് വഹിച്ചു. വിവിധ സുരക്ഷാവകുപ്പുകള്‍ക്ക് കീഴില്‍ 1,20,000 പേരാണ് ഹജ്ജ് വേളയില്‍ സേവന നിരതരായത്. ഇവര്‍ക്കാവശ്യമായ വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍ ഒരുക്കിയിരുന്നു. സുരക്ഷാനിരീക്ഷണത്തിന് 200 കേന്ദ്രങ്ങളും 30000 കാമറകളും 25 ഹെലികോപ്റ്ററുകളും 20 ഓളം വിമാനങ്ങളുമുണ്ടായിരുന്നു. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി ശുചീകരണരംഗത്ത് 1,20,000 തോളം പേരാണ് സേവനനിരതരായത്. വൈദ്യുതി ജല വിതരണ രംഗത്ത് യാതൊരു തടസ്സവും നേരിട്ടിരുന്നില്ല. 36 ലക്ഷം ക്യു.മീറ്റര്‍ ജലം പമ്പ് ചെയ്തതായാണ് കണക്ക്. 3300 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആരോഗ്യ രംഗത്ത് മികച്ച സേവനമാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്. മക്കയിലേയും പുണ്യസ്ഥലങ്ങളിലേയും 15 ആശുപത്രികളിലായി 3500 ബെഡുകളാണ് ഒരുക്കിയത്. 150 മെഡിക്കല്‍ സെന്‍ററുകളും തീര്‍ഥാടരുടെ സേവനത്തിനുണ്ടായിരുന്നു. 2500 ഓളം വിവിധ ശസ്ത്രക്രിയകള്‍ നടത്തിയതായാണ് കണക്ക്. ഇതില്‍ 400 എണ്ണം ഹൃദയശസ്ത്രക്രിയകളാണ്. എട്ട് പ്രസവവും നടന്നിട്ടുണ്ട്. രണ്ട് ലക്ഷത്തോളം തീര്‍ഥാടകര്‍ വിവിധ മെഡിക്കല്‍ സെന്‍ററുകളില്‍ ചികില്‍സക്കെത്തി. മക്ക, മദീന എന്നിവിടങ്ങളിലെ ആശുപത്രിയിലുള്ള തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയിലെത്തിച്ച് ഹജ്ജ് നിര്‍വഹിക്കാനുള്ള സൗകര്യം നല്‍കി. ലോകത്ത് ഒരിടത്തും ലഭിക്കാത്ത സേവനമാണിതെന്ന് മക്ക ഗവര്‍ണര്‍ എടുത്തുപറഞ്ഞു.
ഹജ്ജ് വേളയില്‍ തീര്‍ഥാടര്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ ഇടക്കിടെ പരിശോധിക്കാനും അവലോകനം ചെയ്യാനും ഓരോ വര്‍ഷത്തെ പോരായ്മകളും കുറവുകളും പരിഹരിക്കാനുമുള്ള താല്‍പര്യവും സന്നദ്ധതയുമാണ് ഹജ്ജിന്‍െറ വിജയത്തിന്‍െറ പിന്നില്ലെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. തീര്‍ഥാടകര്‍ക്ക് വിവിധ വകുപ്പുകള്‍ക്ക് കീഴിലൊരുക്കിയ സൗകര്യങ്ങള്‍ നേരിട്ടു കാണാനും വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് പതിവുപോലെ ഇത്തവണയും പുണ്യസ്ഥലങ്ങളിലെത്തിയിരുന്നു. വിവിധ വകുപ്പ് മന്ത്രിമാരും മേധാവികളും തങ്ങള്‍ക്ക് കീഴിലെ ഹജ്ജ് സേവന പദ്ധതികള്‍ പല തവണ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയുണ്ടായി. ഒരോ ഹജ്ജ് കഴിയുന്നതോടെ അടുത്ത ഹജ്ജ് വിജയത്തിനായുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തിരക്കിലാണ് എപ്പോഴും സൗദി ഭരണകൂടം.


News & Photo Credit
   Madhyamam

About the News

Posted on Wednesday, October 31, 2012. Labelled under , . Feel free to leave a response

1 comments for "ചരിത്രവിസ്മയമായി ഈ ഹജ്ജും"

  1. പ്രശംസാര്‍ഹം തന്നെ.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive