അര്‍ദ്ധരാത്രിക്ക് കുടപിടിക്കല്ലേ... : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, October 30, 2012

അര്‍ദ്ധരാത്രിക്ക് കുടപിടിക്കല്ലേ...

എറണാകുളം ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവമാണ്. പുതിയ എസ്.ഐ. ചാര്‍ജെടുക്കുന്ന വിവരം അറിഞ്ഞപ്പോള്‍ പോലീസുകാര്‍ക്കെല്ലാം സന്തോഷമായി. കുറച്ചുനാള്‍ ആ സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലിചെയ്ത യുവാവാണ് എസ്.ഐ. ആയി വരുന്നത്. ടെസ്റ്റ് പാസായി എസ്.ഐ. ട്രെയിനിങ്ങിന് പോയപ്പോള്‍ സന്തോഷപൂര്‍വ്വം യാത്രയയച്ചതാണ്. എല്ലാവരോടും സൗഹാര്‍ദ്ദത്തില്‍ പെരുമാറിയിരുന്ന ആളായിരുന്നു. 

 വന്നവരവ് തന്നെ പ്രതീക്ഷകള്‍ തകര്‍ത്തു. വേണ്ടവിധം സല്യൂട്ട് ചെയ്തില്ലെന്ന് പറഞ്ഞ് പാറാവുകാരനോട് തട്ടിക്കയറിയാണ് കക്ഷി രംഗപ്രവേശം ചെയ്തത്. പിന്നീട് സിനിമാസ്റ്റൈലില്‍ പോലീസുകാരെ ഇടിച്ചുതാഴ്ത്തി ഒരു പ്രസംഗം. പണ്ട് ജോലി ചെയ്ത കാലത്ത് ആ സ്റ്റേഷനില്‍ കണ്ട പ്രശ്‌നങ്ങള്‍ വലിയ സംഭവമാക്കി വിശദീകരിച്ചശേഷം വീഴ്ചകള്‍ വന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നൊരു ഭീഷണിയും. ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനാണെന്ന് മറക്കരുതെന്ന താക്കീതോടെയായിരുന്നു ഉപസംഹാരം...

കേട്ടിരുന്ന പോലീസുകാരുടെയെല്ലാം മനസ്സില്‍ 'അല്പന് അര്‍ത്ഥം കിട്ടിയാല്‍...' എന്ന് തുടങ്ങുന്ന പഴഞ്ചൊല്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ പിന്നീട് പോലീസുകാര്‍ക്ക് കഷ്ടകാലമായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും കഠിനമായി ദേഷ്യപ്പെടുകയും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്ത എസ്.ഐ. ഏമാന്‍ ഒന്നരവര്‍ഷത്തോളം ശരിക്കും 'ഭരിച്ച' ശേഷമാണ് സ്ഥലം മാറിപ്പോയത്.

ഇത്തരം ഓഫീസര്‍മാരെ നമ്മള്‍ പല സ്ഥാപനങ്ങളിലും കണ്ടുമുട്ടും. സ്വന്തം അധികാരം സ്ഥാപിച്ചെടുക്കാന്‍ ഗര്‍ജ്ജിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സിംഹങ്ങള്‍! ഇവര്‍ക്കു കീഴില്‍ കടുത്ത അരക്ഷിതാവസ്ഥയിലാകും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുക. ടെന്‍ഷന്‍ കൂടുന്നതുകൊണ്ടുതന്നെ ജോലിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനോ പ്രതീക്ഷിക്കുന്ന റിസല്‍റ്റ് ഉണ്ടാക്കാനോ ജീവനക്കാര്‍ക്ക് കഴിയില്ല. ഇതിനെച്ചൊല്ലി വീണ്ടും ബോസ് കലഹിക്കുകയും ഓഫീസ് തന്നെ ഒരു കലാപഭൂമിയായി മാറുകയും ചെയ്യും.

സ്വന്തം പദവിയെക്കുറിച്ച് ബോധ്യമുള്ളവന്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയില്ല. സ്‌നേഹവും ആദരവും പിടിച്ചുവാങ്ങാന്‍ പറ്റുന്നതല്ല. നമ്മുടെ പെരുമാറ്റരീതികള്‍കൊണ്ട് മറ്റുള്ളവരില്‍ സ്വാഭാവികമായി അതുണ്ടാകണം. അടിച്ചേല്‍പ്പിക്കാനും പിടിച്ചുവാങ്ങാനുമുള്ള ശ്രമങ്ങള്‍ നമ്മുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. ഓഫീസില്‍ സഹകരണം കുറയും, കൃത്യമായ വിനിമയങ്ങള്‍ ഇല്ലാതാകും. സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുന്നതോടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കേവലം യാന്ത്രികമായി മാറും.

സ്വയം മതിപ്പും ബോദ്ധ്യവും ഇല്ലാത്തവരാണ് ഓഫീസര്‍ ചമയുന്നത്. തന്റെ കുറവുകള്‍ മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ അങ്ങോട്ട് ആക്രമിക്കുക എന്ന നയമാണ് അവരുടെ മനസ്സില്‍. ഇത്തരക്കാര്‍ പലരും അപകര്‍ഷതാബോധത്തിന് അടിമകളായിരിക്കും.

പലതരത്തില്‍ കഴിവുള്ളവര്‍ കീഴ്ജീവനക്കാരിലുണ്ടാകും. ചിലര്‍ക്ക് വകുപ്പുതലവനേക്കാള്‍ ഡിഗ്രികളുണ്ടാകും, മറ്റു ചിലര്‍ അതിവേഗം ജോലി തീര്‍ക്കുന്നതില്‍ വിദഗ്ധരായിരിക്കും, മറ്റു ചിലര്‍ ടെക്‌നോളജി സംബന്ധിച്ച് പുത്തന്‍ അറിവുകളുടെ ഉടമകളാകും. കുടുംബത്ത് വലിയ സ്വത്തുള്ളവരും കാഴ്ചയ്ക്ക് മിടുക്കരുമൊക്കെ ഓഫീസിലുണ്ടാകും. ഇത്തരക്കാരോട് അസൂയയോ വിദ്വേഷമോ പുലര്‍ത്തുന്നതുകൊണ്ട് കാര്യമില്ല. അവരുടെ കഴിവുകള്‍ ഓഫീസിനുവേണ്ടി പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ജോലിയില്‍ മികവു കാട്ടുന്നവരെ അഭിനന്ദിക്കാം. ടെക്‌നോളജിയില്‍ മുമ്പന്മാരായവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാം.

എല്ലാറ്റിലുമുപരി ഓഫീസിനെ ഒരു ടീമായി കൊണ്ടുപോകാനും സഹപ്രവര്‍ത്തര്‍ക്ക് ആത്മവിശ്വാസം പകരാനും മേലുദ്യോഗസ്ഥനു കഴിയണം. മാത്രമല്ല 'ചാടിക്കടിക്കല്‍ സ്വഭാവം' തന്റെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണെന്നും അത് പരിഹരിക്കേണ്ടത് തന്റെ ആവശ്യമാണെന്ന് തിരിച്ചറിയാനും കഴിയണം.

അപകര്‍ഷതാബോധവും അസൂയയും നിറഞ്ഞാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്തവിധം നമ്മുടെ മനസ്സ് കലുഷമാകും. അപരന്റെ വിജയങ്ങളും സന്തോഷങ്ങളും നമുക്ക് ടെന്‍ഷന്‍ കൂട്ടുന്ന അവസ്ഥ! അത് എത്ര ദയനീയമാണ്. അല്പനാകാന്‍ കഴിയാത്തവിധം ഔന്നിത്യം ചിന്തയിലും പ്രവൃത്തിയിലും പുലര്‍ത്താന്‍ മനസ്സു വെയ്ക്കണം. മറ്റുള്ളവരുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും മികവുകളെ അംഗീകരിക്കാനും തയ്യാറായാല്‍ അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടാനും തിരുത്താനുമുള്ള സ്വാതന്ത്ര്യം കൂടി നമുക്കു ലഭിക്കും. തങ്ങളോട് തട്ടിക്കയറാനും കുറ്റപ്പെടുത്താനും മാത്രമുള്ള ആളായി ബോസിനെ ഉദ്യോഗസ്ഥര്‍ കാണുന്ന സ്ഥിതി ഉണ്ടാകരുത്.

എല്ലാറ്റിനുമുപരി അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കീഴുദ്യോഗസ്ഥരില്‍ നിന്നും നല്ല ആശയങ്ങള്‍ സ്വീകരിക്കാനും അതിനെപ്രതി അവരെ അഭിനന്ദിക്കാനും മനസ്സുവെയ്ക്കുക. ആദരവും സ്‌നേഹവും പുലര്‍ത്തിക്കൊണ്ടുതന്നെ സഹപ്രവര്‍ത്തകരെ തിരുത്താനും പ്രചോദിപ്പിക്കാനും കഴിയണം. എല്ലാറ്റിലുമുപരി സഹായമനഃസ്ഥിതിയോടെ വേണം പെരുമാറാന്‍. മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ വ്യക്തിത്വം കൂടുതല്‍ പ്രകാശമാനമാകും.

ഒരു സ്വയംവിലയിരുത്തലും നല്ലതാണ്. സങ്കുചിത ചിന്തകളുടെ ഞെരുക്കത്തില്‍ നിന്നും സ്വയം സ്വതന്ത്രരാകണം. ആത്മീയഗ്രന്ഥങ്ങള്‍, വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന പുസ്തകങ്ങള്‍, കൗണ്‍സലിങ് തുടങ്ങിയവയൊക്കെ പ്രയോജനപ്പെടുത്താം. സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനും അറിവില്ലാത്ത കാര്യങ്ങള്‍ ചോദിച്ചറിയാനും അവശ്യസമയങ്ങളില്‍ മറ്റുള്ളവരെ സഹായിക്കാനും കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. ആ വിജയം കേവലം ഓഫീസില്‍ ഒതുങ്ങില്ല, നമ്മുടെ ജീവിതം മുഴുവന്‍ അത് പ്രകാശമാനമാക്കും, തീര്‍ച്ച.

by ജിജോ സിറിയക്

News & Photo Credit
       mathrubhumi_logo

About the News

Posted on Tuesday, October 30, 2012. Labelled under , . Feel free to leave a response

2 comments for "അര്‍ദ്ധരാത്രിക്ക് കുടപിടിക്കല്ലേ... "

  1. അര്‍ദ്ധ രാത്രിയില്‍ കുട പിടിക്കാന്‍ വേണ്ടി മാത്രം ഇറങ്ങി തിരിക്കുന്നവരാകം ഇക്കൂട്ടര്‍ !
    എതൊരു പ്രവര്‍ത്തിയും ഉയര്‍ച്ച താഴ്ച നോക്കാതെ കൂട്ടായി നടത്തിയാല്‍ എത്ര നല്ലതാണ്.എന്നും വിജയം മാത്രം ഉണ്ടാകട്ടെ .

  2. അര്‍ത്ഥവത്തായ ഈ ലേഖനം ഇന്നത്തെ പുതിയ തലമുറയ്ക്ക് സഹായകമാകും എന്ന് കരുതുന്നു. ഇവിടെ ഷെയര്‍ ചെയ്ത ഗോപുര്‍ വെബ്‌ ടീമിനും ജിജോ സിറിയക്കിനും നന്ദി.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive