ഹജ്: അറഫയില്‍ ഇന്ന് പുണ്യസംഗമം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, October 25, 2012

ഹജ്: അറഫയില്‍ ഇന്ന് പുണ്യസംഗമം

മക്ക * ആരാധനാ മന്ത്രങ്ങളുമായി മിനായില്‍ അന്തിയുറങ്ങിയ തീര്‍ഥാടക ലക്ഷങ്ങള്‍ വിശുദ്ധ ഹജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങിനായി അറഫയിലേക്കു പ്രയാണമാരംഭിച്ചു. ഇന്നാണു തീര്‍ഥാടന പുണ്യത്തിന്റെ അറഫാ സംഗമം.

മക്കയില്‍ നിന്ന് 22 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള മണലാരണ്യത്തില്‍ സ്രഷ്ടാവിനുള്ള സ്തുതിവചനങ്ങളും പ്രാര്‍ഥനാമന്ത്രങ്ങളും അലയടിക്കുകയാണ്. മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് അറഫയിലേക്കുള്ള തീര്‍ഥാടക പ്രയാണം.

എളിമയുടെയും സമഭാവനയുടെയും ശുഭ്രവസ്ത്രം ധരിച്ചു പാല്‍ക്കടലായി ഒഴുകുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ഒരേയൊരു മന്ത്രം മാത്രം - ''ലബൈക്കല്ലാഹുമ്മ ലബ്ബൈക്... (നാഥാ നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞങ്ങള്‍ ഇതാ എത്തിയിരിക്കുന്നു). 4000 വര്‍ഷങ്ങളായി അറേബ്യന്‍ മണലാരണ്യത്തില്‍ മുഴങ്ങുന്ന തല്‍ബിയത്ത് മന്ത്രം. അറഫയിലെ മണല്‍ത്തരികള്‍ അതേറ്റുവാങ്ങുന്നു. മിനായിലെ പാറക്കെട്ടുകളില്‍ അതു പ്രതിധ്വനിക്കുന്നു.

ദൈവസമര്‍പ്പണ പ്രതിജ്ഞയുമായെത്തിയ ഹാജിമാര്‍ ഇന്നലെ അര്‍ധരാത്രിയോടെ തന്നെ അറഫയിലേക്കുള്ള നാനാവഴികളും നിറഞ്ഞൊഴുകി. വാഹനങ്ങളില്‍ കയറിയും തുരങ്കങ്ങളിലൂടെ നടന്നും ചൊവ്വാഴ്ച മിനായിലെത്തിയ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.

തണല്‍മരങ്ങള്‍ പച്ചക്കുട നിവര്‍ത്തിയ അതിവിശാലമായ അറഫാ മൈതാനത്തെ പ്രാര്‍ഥനകളില്‍ പങ്കാളികളാകാന്‍ നേരത്തേ തന്നെ മിനായില്‍നിന്നു തീര്‍ഥാടകര്‍ പ്രയാണം തുടങ്ങി. എയര്‍ ആംബുലന്‍സ് അടക്കമുള്ള അത്യാധുനിക ചികില്‍സാ സംവിധാനങ്ങളുമായി റെഡ് ക്രെസന്റ് മെഡിക്കല്‍ സംഘം തീര്‍ഥാടകരെ അനുഗമിച്ചു. രോഗികളെയും സൂര്യതാപമേറ്റു തളരുന്ന തീര്‍ഥാടകരെയും ആശുപത്രിയിലെത്തിക്കാന്‍ 19 എയര്‍ ആംബുലന്‍സുകളാണു സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഹജ് സൗഹൃദ പ്രതിനിധിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരുടെ അറഫാ പ്രയാണം. സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവു, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി എന്നിവര്‍ക്കു പുറമേ വനിതകള്‍ ഉള്‍പ്പെടെ അഞ്ഞൂറംഗ വൈദ്യസഹായ സംഘവുമുണ്ട്. കേരളത്തില്‍ നിന്നുള്ള 8800 തീര്‍ഥാടകര്‍ക്കൊപ്പം 28 വൊളന്റിയര്‍മാരുമുണ്ട്.

ഇന്നു മധ്യാഹ്‌നത്തോടെ അറഫാ സംഗമത്തിന്റെ സമയമാകും. രണ്ടു നേരത്തെ ഒരുമിച്ചുള്ള നമസ്‌കാരത്തിന് അറഫ നമീറാ പള്ളി മുഖ്യ ഖാസി ഷെയ്ഖ് അബ്ദുല്‍ അസീസ് ആലു ഷെയ്ഖ് നേതൃത്വംനല്‍കും. അറഫ ഖുതുബയും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്നു പ്രാര്‍ഥനയില്‍ മുഴുകുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്കു നീങ്ങും. രാത്രി അവിടെ താമസിച്ച ശേഷം മിനായിലെത്തി ജംറകളില്‍ കല്ലേറു നിര്‍വഹിക്കും. തുടര്‍ന്നു മൃഗബലി കൂടി നടത്തിയ ശേഷം തല മുണ്ഡനം ചെയ്യും.

സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണു ബലിപെരുനാള്‍. ഹറം പള്ളിയില്‍ പ്രദക്ഷിണം നടത്തിയശേഷം അവശേഷിക്കുന്ന ചടങ്ങുകള്‍ക്കായി മൂന്നുദിവസം കൂടി തീര്‍ഥാടകര്‍ മിനായില്‍ തങ്ങും. തുടര്‍ന്നു വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി സ്വദേശങ്ങളിലേക്കു മടങ്ങും.


       News Credit
 malayala_manorama_logo

About the News

Posted on Thursday, October 25, 2012. Labelled under , . Feel free to leave a response

0 comments for "ഹജ്: അറഫയില്‍ ഇന്ന് പുണ്യസംഗമം "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive