ഒക്ടോബര്‍ 1 - ലോക വൃദ്ധദിനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, October 01, 2012

ഒക്ടോബര്‍ 1 - ലോക വൃദ്ധദിനം


വൃദ്ധജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പരിചരണവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. ജനസംഖ്യയില്‍ 60-70ന് ഇടയില്‍ 5 ശതമാനം, 70-80നും ഇടയില്‍ 10 ശതമാനം, 80 വയസ്സിന് മുകളില്‍ 20 ശതമാനം വൃദ്ധജനങ്ങളുണ്ട്. ഇതില്‍ സ്ത്രീകളാണ് കൂടുതല്‍. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ തകര്‍ച്ചയും അണുകുടുംബങ്ങളുടെ വളര്‍ച്ചയും വൃദ്ധപരിചരണത്തെ ആകെ തളര്‍ത്തിയെന്ന് വേണം പറയാന്‍. 60 വയസ്സിന് മേല്‍ ഉള്ളവരില്‍ ബന്ധുക്കളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്നവര്‍ ഏറെയുണ്ട്. മക്കളില്‍ നിന്ന് 44 ശതമാനം, മരുമക്കളില്‍ നിന്ന് 63 ശതമാനം, മറ്റു ബന്ധുക്കളില്‍ നിന്ന് 15 ശതമാനം പീഡനം ഏറ്റുവാങ്ങുന്നവര്‍ ഉണ്ടെന്നാണ് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്.

വാര്‍ധക്യത്തിന്റെ നിസ്സഹായതയും അസുഖങ്ങളുമായി കഴിയുന്ന വൃദ്ധരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പലതാണ്. ചെറുപ്പത്തിലെ ജീവിതക്രമം, ആഹാരരീതി, മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗം എന്നിവ വാര്‍ധക്യത്തില്‍ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം ഇവ പ്രധാനമായും ജീവിതശൈലിയുടെ ഭാഗമായുള്ളതാണ്. കൂടാതെ വാര്‍ധക്യത്തിന്റേതായ കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മൂത്രതടസ്സം, സന്ധിവേദന, തളര്‍വാതം, ഓര്‍മക്കുറവ്, പാര്‍ക്കിന്‍സോണിസം ഇവയും വൃദ്ധരില്‍ കാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ഇവയുടെ ചികിത്സ വളരെ പ്രയാസമേറിയതാണ്. കാരണം രോഗലക്ഷണം വ്യത്യാസമാണ്; പല രോഗങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടതായിരിക്കും. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന പ്രശ്‌നങ്ങള്‍, ഔഷധങ്ങളുടെ ഉപയോഗരീതി ഇവയെല്ലാം വളരെ കരുതലോടെ ചെയ്യേണ്ട കാര്യങ്ങളാണ്. കൂടാതെ വൃദ്ധരിലെ ശരിയായ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളുമായി വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അവരുടെ സഹകരണം ഇതില്‍ അത്യന്താപേക്ഷിതമാണ്.

ശാരീരിക പ്രശ്‌നങ്ങളെപ്പോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. വൃദ്ധരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍ വിഷാദം- 65ന് മുകളില്‍ 15 ശതമാനം, ഉത്കണ്ഠ -10 ശതമാനം, ഓര്‍മക്കുറവ് -5 ശതമാനം, തെറ്റിദ്ധാരണകള്‍ / മിഥ്യാബോധം- 30 ശതമാനം, ഉറക്കമില്ലായ്മ- 20 ശതമാനം, ആത്മഹത്യാ പ്രവണത- 15 ശതമാനം ഇപ്രകാരമാണ്. കൂടാതെ ഏകാന്തത, ശൂന്യതാബോധം, നഷ്ടബോധം ഇവയും കണ്ടുവരാറുണ്ട്. ഇതിലേക്ക് ശരിയായ ഒരു മാനസിക സഹായം അത്യന്താപേക്ഷിതമാണ്. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം വൃദ്ധജനങ്ങളില്‍ പല സാമൂഹികപ്രശ്‌നങ്ങളും കൂട്ടുചേര്‍ന്നു കിടക്കുന്നതായി കാണാം. താന്‍ ആര്‍ക്കും വേണ്ടാത്തവനായി, തന്നെ ബന്ധുക്കള്‍ ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍, പഴയതുപോലെ കാര്യങ്ങള്‍ ഒന്നും താനുമായി ആലോചിക്കുന്നില്ല, താന്‍ ഒരു അധികപ്പറ്റാണ്, സഹകരണക്കുറവ്, അടുത്ത ബന്ധുക്കളുടെ നീരസം, വെറുപ്പ്, പുച്ഛം ഇവ വൃദ്ധമനസ്സുകളെ വളരെ വേദനിപ്പിക്കുന്നവയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുടുംബാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണവും സഹനശേഷിയും കൂടിയേതീരൂ.

കുടുംബാംഗങ്ങള്‍ക്ക് രോഗി മനഃപൂര്‍വം കാണിക്കുന്നതല്ല, വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍മൂലം ഉണ്ടാകുന്നതാണ് എന്ന ധാരണ ഉണ്ടാകണം. ആയതിലേക്ക് 'ജെറിയാട്രിക് കൗണ്‍സലിങ് ' വളരെ പ്രയോജനകരമാണ്. ജെറിയാട്രിക് കൗണ്‍സലിങ്ങില്‍ പ്രത്യേക പരിശീലനം കൂടിയേ തീരൂ. ഒരുദാഹരണം പറയാം - കണ്ടിടത്തെല്ലാം തുപ്പുന്ന ഒരു രോഗിയെക്കൊണ്ട് ബന്ധുക്കള്‍ മടുത്തു. പരിശീലനം സിദ്ധിച്ച ഒരു കൗണ്‍സലര്‍ പറഞ്ഞത് ജീരകമിഠായി വാങ്ങിക്കൊടുത്തു നോക്കൂ എന്നാണ്. ഉപദേശം ഫലിച്ചു. കുളിക്കാന്‍ മടികാണിക്കുന്ന രോഗികളെ ദൃശ്യബിംബങ്ങള്‍ ഉപയോഗിച്ച് കുറച്ചൊക്കെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. കരുണയും പരിചരണവുമാണ് പ്രധാനം. വൃദ്ധസമൂഹത്തിന് വേണ്ടത് ഒരു സപ്പോര്‍ട്ട് ഗ്രൂപ്പാണ്. വൃദ്ധരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഒരു ദിവസം പ്രത്യക്ഷപ്പെടുന്നതല്ല. പതുക്കെ കടന്നുവരുന്നതാണ്. ഈ താളപ്പിഴ അന്ത്യംവരെ തുടരും എന്ന യാഥാര്‍ഥ്യം ബന്ധുക്കളില്‍ ഉണ്ടാകാം.

വൃദ്ധജനങ്ങളെ കൈപിടിച്ചു കയറ്റാന്‍ ചില നിര്‍ദേശങ്ങള്‍
സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുക, വാര്‍ധക്യത്തെ നിഷേധിച്ച് യുവത്വം ഭാവിക്കരുത്, പ്രായമായി എന്ന വസ്തുത അംഗീകരിക്കുക. വാര്‍ധക്യം നിഷ്‌ക്രിയത്വത്തിന്റെ കാലമല്ല എന്ന ബോധം വളര്‍ത്തിയെടുക്കണം. കൂട്ടായ്മകളില്‍ പങ്കുചേരുക, ആശയവിനിമയം വളര്‍ത്തുക, അപകടങ്ങള്‍ ഒഴിവാക്കുക. ഇരുട്ടില്‍ പോകരുത്. കിടക്കയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിക്കരുത്, വേണമെങ്കില്‍ സഹായം തേടുക. ക്രമമായ ആഹാരം, ചെറിയ വ്യായാമം. ഭക്ഷണത്തിലും ഉറക്കത്തിലും കൃത്യനിഷ്ഠ പാലിക്കുക. കാഴ്ചയും കേള്‍വിയും പ്രശ്‌നമെങ്കില്‍ പരിഹാരം തേടുക. അത്യാവശ്യ കാര്യങ്ങള്‍ എഴുതിവെക്കുക, ചെറിയ ബുക്ക് സൂക്ഷിക്കുക. ദിവസേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒരേ സ്ഥലത്ത് വെക്കുക. കടുംപിടിത്തം ഉപേക്ഷിക്കുക. ശാരീരിക രോഗങ്ങള്‍ക്ക് കൃത്യമായ പരിശോധന നടത്തുക. വൃത്തിയായ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ പരിചാരകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായി എന്നുപറഞ്ഞ് അലക്ഷ്യമായി വസ്ത്രധാരണം അരുത്.

വൃദ്ധരോഗികളോട് അറിയുമോ എന്നതിന് പകരം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുക. രോഗികള്‍ അതിരുകള്‍ ലംഘിച്ചാലും പരിചാരകര്‍ അതിരുവിടരുത്, ക്ഷമ വളരെ പ്രാധാന്യമുള്ള ഒന്നാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഇടയ്ക്കിടെ രോഗിയെ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുക. വൃദ്ധരെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടത്തുന്നത് നല്ലതല്ല. വൃദ്ധരെ ചികിത്സിക്കണം, അത് മരുന്നുകൊണ്ടല്ല, മനസ്സുകൊണ്ട് ആയിരിക്കട്ടെ എന്നതാണ് വൃദ്ധപരിചരണത്തില്‍, സംരക്ഷണത്തില്‍ നമ്മുടെ ആപ്തവാക്യം. വൃദ്ധരെ കുടുംബ അന്തരീക്ഷത്തില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിവതും ശ്രമിക്കണം.

പ്രൊഫ.എം.പി.വിശ്വം @ Mathrubhumi online

About the News

Posted on Monday, October 01, 2012. Labelled under , . Feel free to leave a response

1 comments for "ഒക്ടോബര്‍ 1 - ലോക വൃദ്ധദിനം "

  1. naale namukkum prayamakum ennu ellarum chinthichal prashnam illaa....
    Lokah Samasthah Sukhino Bhavanthu ! !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive