ഇരുപതിനായിരം ഭക്തര്‍ക്ക് കണ്ണന്റെ പിറന്നാള്‍സദ്യ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, September 06, 2012

ഇരുപതിനായിരം ഭക്തര്‍ക്ക് കണ്ണന്റെ പിറന്നാള്‍സദ്യ



ഗുരുവായൂര്‍: അഷ്ടമിരോഹിണിദിനമായ ശനിയാഴ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കണ്ണന്റെ പിറന്നാള്‍സദ്യ നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. സദ്യ വിളമ്പാന്‍ ഊട്ടുപുരയിലെ ഹാളിനു പുറമെ തീര്‍ത്ഥക്കുളത്തിന്റെ പടിഞ്ഞാറുഭാഗം പ്രത്യേക പന്തല്‍ കെട്ടിക്കഴിഞ്ഞു.

ക്ഷേത്രത്തില്‍ കാഴ്ചശ്ശീവേലിക്കുശേഷം രാവിലെ പത്തുമണിക്കുമുമ്പ് സദ്യ വിളമ്പാന്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരുമണിവരെ ക്യൂവിലുള്ളവര്‍ക്ക് സദ്യ ലഭിക്കും.

വിഭവസമൃദ്ധമായ സദ്യയില്‍ ആദ്യപന്തികളില്‍ നെയ്പ്പായസവും പിന്നീട് പാല്‍പ്പായസവും ഭക്തര്‍ക്ക് നല്‍കും. ഉഷഃപൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കുന്ന നെയ്പ്പായസവും പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കും നിവേദിക്കുന്ന പാല്‍പ്പായസവുമാണ് വിളമ്പുക. 2,10,000 രൂപയ്ക്കുള്ള പാല്‍പ്പായസമാണ് ഇക്കൊല്ലം തയ്യാറാക്കുന്നത്.

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം വെള്ളിയാഴ്ച വൈകീട്ട് 5ന് ശീട്ടാക്കാന്‍ തുടങ്ങും. 2,63,808 രൂപയുടെ രശീതിയാണ് ഭക്തര്‍ക്ക് നല്‍കുക. ചുരുങ്ങിയത് 12 രൂപയുടേതാണ് ശീട്ട്. ഒരു ഭക്തന് പരമാവധി മൂന്ന് ശീട്ട് നല്‍കും. പന്ത്രണ്ടുരൂപയ്ക്ക് രണ്ട് അപ്പമാണ് ലഭിക്കുക. അത്താഴപ്പൂജയ്ക്ക് നെയ്യപ്പം മുഴുവനും നിവേദിച്ചതിനുശേഷമാണ് ഭക്തര്‍ക്ക് വിതരണം ചെയ്യുക.

രാവിലെ ഏഴിന് മേളത്തോടെ കാഴ്ചശ്ശീവേലി തുടങ്ങും. രണ്ടരമണിക്കൂര്‍ ഉണ്ടാകും. പെരുവനം കുട്ടന്‍മാരാര്‍ മേളം നയിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങുന്ന കാഴ്ചശ്ശീവേലിക്ക് പഞ്ചവാദ്യമാണ് അകമ്പടി. രാത്രി വിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം ഉണ്ടാകും. അന്നമനട പരമേശ്വരമാരാരാണ് അമരക്കാരന്‍. രാവിലെയും ഉച്ചതിരിഞ്ഞും നടക്കുന്ന കാഴ്ചശ്ശീവേലിക്ക് സ്വര്‍ണക്കോലം കയറ്റിയെഴുന്നള്ളിക്കും. ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണക്കോലം വഹിക്കും.

ക്ഷേത്രസന്നിധിയില്‍ കൃഷ്ണാവതാരപാരായണം വിവിധ സമയങ്ങളില്‍ നടക്കും. രാത്രി കൃഷ്ണനാട്ടത്തിലെ അവതാരരംഗവും അവതരിപ്പിക്കും. സന്ധ്യയ്ക്ക് മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാരം അന്നമനട പരമേശ്വരമാരാര്‍ക്ക് കേന്ദ്രമന്ത്രി വയലാര്‍രവി സമ്മാനിക്കും. ചെന്നൈ ദീപാകൃഷ്ണന്റെ വീണക്കച്ചേരിയും ഉണ്ടാകും.

news: mathrubhumionline

About the News

Posted on Thursday, September 06, 2012. Labelled under , . Feel free to leave a response

0 comments for "ഇരുപതിനായിരം ഭക്തര്‍ക്ക് കണ്ണന്റെ പിറന്നാള്‍സദ്യ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive