മഴയും വിരണ്ടു; പുലികള്‍ നഗരം വാണു : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, September 02, 2012

മഴയും വിരണ്ടു; പുലികള്‍ നഗരം വാണു




തൃശ്ശൂര്‍: തേക്കിന്‍കാടിനെ ചുറ്റി മുളച്ച, ആള്‍ക്കൂട്ടപ്പെരുങ്കാട്ടില്‍ പുലികളിറങ്ങി. വിറച്ചുവിറച്ച് പെയ്ത മഴ മടവിട്ടിറങ്ങിയ ശൗര്യം കണ്ട് പേടിച്ചൊളിച്ചു. കണ്ണും നാക്കുമൊക്കെ മിനുമിനാ തിളക്കി പുലിയും ഹൈടെക്കാവുന്നതിന്റെ സൂചനകളുമായാണ് തൃശ്ശൂരിലെ പുലിവിളയാട്ടം നാടിറങ്ങിയത്.

പൂരനാടിന്റെ പുലിപ്പെരുമ കാക്കാനിറങ്ങിയ ആറ് ദേശങ്ങളും മോശമാക്കിയില്ല. കോലിടറാതെ പൂരം കൊട്ടിക്കയറുന്ന വഴികളിലൂടെ കാലിടറാതെ അവര്‍ ചുവടുവെച്ചു.

വ്യാളീമുഖമുള്ള മടയില്‍നിന്നാണ് പൂങ്കുന്നം നവതാരയുടെ പുലികള്‍ ചാടിയിറങ്ങിയത്. സംഹാരദുര്‍ഗ്ഗയും കൈലാസനാഥനുമൊക്കെയായിരുന്നു നിശ്ചലദൃശ്യങ്ങള്‍. പുരാണവും പ്രത്യയശാസ്ത്രവും വൈരുധ്യം ചൊല്ലാതെ തെളിഞ്ഞപ്പോള്‍ നിശ്ചലദൃശ്യങ്ങള്‍ ചലിപ്പിക്കുന്ന കാഴ്ചകളായി. വെളിയന്നൂര്‍ ദേശം സീതാരാമന്‍മാരെയും മദ്യത്തിന്റെ ചിലന്തിവലയില്‍ കുടുങ്ങിയ കേരളത്തെയും അവതരിപ്പിച്ചു. വെള്ളസിംഹത്തിന്റെ മുഖവും പുലിയുടലില്‍ ചേക്കേറി. ഒറ്റ ഉടലില്‍ സ്വര്‍ണ്ണവും വെള്ളിയും ഉരുക്കിയൊഴിച്ച മേനിയുമായാണ് പടിഞ്ഞാറേകോട്ടക്കാര്‍ മുന്‍നിര പുലികളെയിറക്കിയത്.

മത്സ്യാവതാരത്തിനൊപ്പം പീഡനപറുദീസയായ കേരളത്തിന്റെ ദുരന്തമുഖവും അവരുടെ നിശ്ചലദൃശ്യത്തില്‍ കണ്ടു. അനന്താരൂഢനായ വിഷ്ണുവും സീതാരാമന്‍മാരെ കൈകളിലേന്തിയ ആഞ്ജനേയനുമായാണ് പൂത്തോളുകാരെത്തിയത്. പുലിക്കണ്ണുകളും നാവുകളും തിളങ്ങുന്ന എല്‍.ഇ.ഡി. വെളിച്ചമായിരുന്നു മയിലിപ്പാടം യൂത്ത് ക്ലബിന്റെ വിശേഷം. ഇരുട്ട് പരന്നപ്പോള്‍ കണ്ണുകള്‍ തീപോലെ തിളങ്ങിക്കണ്ടു. നന്തിയുടെ പുറത്തേറിയ ശിവനും കര്‍ഷക ആത്മഹത്യയുമാണ് അവരുടെ പ്ലോട്ടുകളില്‍ഉണ്ടായിരുന്നത്. പാമ്പിനെ വിഴുങ്ങുന്ന പുലിമുഖവും നാലുകെട്ടിനു മുന്നിലെ പുലിക്കുട്ടിയുമൊക്കെയായാണ് വിയ്യൂരുകാര്‍ റൗണ്ടിലെത്തിയത്. ഹംസരഥമേറിയ സരസ്വതീപ്രതിഷ്ഠയുള്ള മനോഹര ക്ഷേത്രത്തിന്റെയും ദശവദനന്റെയും ക്രുദ്ധയായ കാളിയുടെയും ദൃശ്യങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി.

പുലികളുടെ വരകളില്‍ കൂടിവരുന്ന നിറങ്ങളാണ് പുലിക്കളിയുടെ പുതുക്കമായത്. രാത്രിയില്‍ വര്‍ണ്ണവെളിച്ചത്തില്‍ കുളിച്ച് പെരുകുന്ന താളത്തിനൊപ്പം മുറുകുന്ന ചുവടുകളും അവയെ പൊതിഞ്ഞുനില്‍ക്കുന്ന ആള്‍ക്കൂട്ടവും മതിവരാക്കാഴ്ചകള്‍ സൃഷ്ടിച്ചു. ചിലപ്പോള്‍ അരമണികള്‍ മാത്രം താളത്തില്‍ കുലുക്കി അവര്‍ പ്രത്യേകമായ ഒരു നാദപ്രപഞ്ചം ഉണ്ടാക്കും. നാടൊരു കാടായി.

ഓരോ ദേശവും ഓരോ ഗോത്രങ്ങള്‍. അവരുടെ പ്രാചീനമായ ചുവടുകളില്‍ ഒരു നാടിന്റെ അബോധം ഉണര്‍ന്നു. പക്ഷേ പുലിമോഹങ്ങളെ ചുറ്റും കയറിട്ട് നിയന്ത്രിച്ച് കളിക്കാരും കാണികളുമായുള്ള ഇടപഴകല്‍ കൃത്യമായി നിയന്ത്രിച്ചു. വൈകിട്ട് 5 മണിയോടെ റൗണ്ടിലെത്തിയ പുലികള്‍ മൂന്നരമണിക്കൂര്‍ കൊണ്ടാണ് കളം വിട്ടത്.

news source: mathrubhumionline 

About the News

Posted on Sunday, September 02, 2012. Labelled under , . Feel free to leave a response

0 comments for "മഴയും വിരണ്ടു; പുലികള്‍ നഗരം വാണു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive