ആ അമ്മയുടെ പ്രയത്‌നം ഫലിച്ചു; മകള്‍ ഇനി ലെഫ്റ്റനന്റ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 29, 2012

ആ അമ്മയുടെ പ്രയത്‌നം ഫലിച്ചു; മകള്‍ ഇനി ലെഫ്റ്റനന്റ്



ചേര്‍പ്പ്: വീടിനടുത്തുള്ള ചിറ പോലെ സമൃദ്ധമാണ് വല്ലച്ചിറയിലെ തങ്കം എന്ന അമ്മയുടെയും മക്കളുടേയും ആഹ്ലാദം. വീട്ടുകാര്‍ സ്‌നേഹത്തോടെ 'കവി' എന്ന് വിളിക്കുന്ന മൂത്ത മകള്‍ കവിതാ നായര്‍ (27) ഇനി രാജ്യം കാക്കുന്ന ലെഫ്റ്റനന്റാണ്. ഇക്കൊല്ലം ആര്‍മിയിലേക്ക് കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതാ ലെഫ്‌ററനന്റുമാരില്‍ ഒരാള്‍. തയ്യല്‍പ്പണി ചെയ്തും ഹോട്ടല്‍ പണിയെടുത്തും മൂന്നുമക്കളെ വളര്‍ത്തിയ ആ അമ്മയുടെ ആനന്ദത്തിനും അഭിമാനത്തിനും നാട് മനസ്സുകൊണ്ട് സല്യൂട്ട് നല്‍കുന്നു.

ചെറളിയല്‍ വീട്ടില്‍ തങ്കം നായരുടെ മൂത്ത മകളാണ് കവിത. തന്റെ ഒമ്പതാമത്തെ ശ്രമത്തിലാണ് പട്ടാളത്തില്‍ ചേരാനുള്ള കവിതയുടെ മോഹം പൂവണിയുന്നത്. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയായ കവിത ഒക്ടോബര്‍ രണ്ടിന് സെക്കന്തരാബാദിലേക്ക് തിരിക്കും. അവിടെ രണ്ടാഴ്ച നീളുന്ന പരിശീലനത്തിനുശേഷം സിക്കിമിലെത്തും. സിക്കിം ഗാങ്‌ടോക്ക് ഇ.എം.ഇ.യിലാണ് കവിത പ്രവര്‍ത്തിക്കുക.

മധ്യപ്രദേശില്‍ മുത്തച്ഛന്‍ തങ്കസ്വാമി, മുത്തശ്ശി പാര്‍വ്വതി എന്നിവരുടെ പരിരക്ഷയിലായിരുന്നു ഈ കുടുംബം. അവിടെനിന്ന് വല്ലച്ചിറയിലെ തറവാട്ടിലെത്തുമ്പോള്‍ കവിത ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. ചേര്‍പ്പ് ലൂര്‍ദ് മാത, ചേര്‍പ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുപുഴ പോളി ടെക്‌നിക്, കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജ്എന്നിവിടങ്ങളിലായിരുന്നു പഠനം.

പോളിടെക്‌നിക്കില്‍ പഠിക്കുമ്പോള്‍ എന്‍.സി.സി.യില്‍ സീനിയര്‍ അണ്ടര്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഡല്‍ഹിയിലും ശ്രീനഗറിലും ടി.എസ്.സി. ക്യാമ്പുകളില്‍ പങ്കെടുത്തു. സി. സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.

മധ്യപ്രദേശില്‍ നിന്ന് മടങ്ങിയ ഈ കുടുംബത്തിന്റെ ഏക അത്താണി അമ്മ മാത്രമായിരുന്നു. ആദ്യം തയ്യല്‍പണിയായിരുന്നു. അത് നിലച്ചപ്പോഴാണ് ഹോട്ടല്‍ പണിയിലേക്ക് തിരിഞ്ഞത്.

തൃശ്ശൂരിലെ വിവിധ ഹോട്ടലുകളില്‍ പാചകക്കാരിയായി പ്രവര്‍ത്തിച്ച ഈ അമ്മ ഇപ്പോള്‍ കിഴക്കുംപാട്ടുകര ശ്രീലക്ഷ്മി ഹോട്ടലിലാണ്. ഇളയ മക്കളായ ശങ്കര്‍ നായര്‍, സംഗീത നായര്‍ എന്നിവര്‍ക്ക് വല്ല്യേച്ചിയെക്കുറിച്ച് പറയുമ്പോള്‍ മുഖത്ത് അഭിമാനം. ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ ലാബ് അസിസ്റ്റന്റാണ് സംഗീത. കവിതയുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയും ടെക്‌നോ പാര്‍ക്കിലെ ഉദ്യോഗസ്ഥനുമായ കിഷോര്‍ എസ്. നായരാണ് വരന്‍. അടുത്ത ലീവില്‍ നാട്ടിലെത്തിയാല്‍ വിവാഹം നടക്കും. 

news source: mathrubhumionline 

About the News

Posted on Saturday, September 29, 2012. Labelled under , . Feel free to leave a response

1 comments for "ആ അമ്മയുടെ പ്രയത്‌നം ഫലിച്ചു; മകള്‍ ഇനി ലെഫ്റ്റനന്റ്"

  1. congrats and best wishes to kavitha

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive