ഇന്ന് ലോകഹൃദയദിനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 29, 2012

ഇന്ന് ലോകഹൃദയദിനം

ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളുമുണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. അന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി...ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധികളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരിരക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദയദിനം അടിവരയിട്ട് പറയുന്നു.

വികസ്വരരാജ്യങ്ങളില്‍ 70 ശതമാനത്തിലധികം പേര്‍ക്കും ആധുനിക ഹൃദയ പരിശോധനാ ചികിത്സാമാര്‍ഗങ്ങള്‍ അപ്രാപ്യമാണെന്നോര്‍ക്കണം. ഇക്കൂട്ടര്‍ക്ക് അഭയമായി ഒന്നേയുള്ളു; രോഗം വരാതെ നോക്കുക. അത് സാധ്യവുമാണ്. മാത്രമല്ല, പരമ്പരാഗതമായി ഭിഷഗ്വരശ്രേഷ്ഠന്മാര്‍ രൂപപ്പെടുത്തിയ അദ്വിതീയമായ ചികിത്സാതത്വവും അതുതന്നെ- പരമമായി രോഗത്തെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുക, അതാണ് പ്രഥമവും പ്രധാനവുമായ ചികിത്സാമുറ; മറ്റു ചികിത്സകള്‍ക്കെല്ലാം രണ്ടാംസ്ഥാനം മാത്രം. ആയുരാരോഗ്യം സുഗമമായി കാത്തു പരിപാലിക്കേണ്ട അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രാചീന (ബിസി 2600) രേഖകളെന്നു വിശേഷിപ്പിക്കാവുന്ന ഹുവാങ്-ദി-നൈചിങ് രചിച്ച ചൈനീസ്ഗ്രന്ഥത്തില്‍ ഭിഷഗ്വരന്റെ ചികിത്സാധര്‍മത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒന്നാംതരം ഭിഷഗ്വരന്‍ രോഗം ഉണ്ടാകുന്നതിനെ തടയുന്നു. രണ്ടാംതരം ഭിഷഗ്വരന്‍ രോഗം തീവ്രമാകുന്നതിനുമുമ്പ് ചികിത്സിക്കുന്നു. മൂന്നാംതരം ഭിഷഗ്വരന്‍ രോഗം വന്നശേഷം ചികിത്സിക്കുന്നു. ഹുവാങ്-ദി-നൈചിങ്ങിന്റെ അഭിപ്രായത്തില്‍ ചികിത്സാകര്‍മത്തിന്റെ പരമോന്നതലക്ഷ്യം നിലകൊള്ളുന്നത്, രോഗം ഉണ്ടാകുന്നതിനെ തടയുന്ന പ്രവര്‍ത്തനങ്ങളില്‍ ഭിഷഗ്വരന്‍ വ്യാപൃതമാകുമ്പോഴാണെന്ന് ഈ ഗ്രന്ഥം പറയുന്നു. 


1960നുശേഷം ഹൃദ്രോഗാനന്തര മരണസംഖ്യയില്‍ വന്ന കാതലായ കുറവ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ് സംഭവിച്ചത്; അല്ലാതെ ഈ രംഗത്തു നടന്ന ചികിത്സാമുറകള്‍കൊണ്ടല്ല. ഹൃദയധമനികളിലെ ജരിതാവസ്ഥമൂലമുള്ള രോഗാതുരത പ്രതിരോധപദ്ധതികളിലൂടെ നിയന്ത്രണവിധേയമാക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നുതന്നെ. ഇതിന് പ്രധാനമായി അഞ്ചു കാരണങ്ങളുണ്ട്. ഒന്ന്: ജരിതാവസ്ഥ പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥതന്നെ. രണ്ട്: ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പിടിയിലൊതുക്കാം. മൂന്ന്: ധമനികളിലെ അതീറോസ്ക്ലീറോസിലും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെ നാളെടുക്കും. നാല്: രോഗലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ പിന്നെ ഹൃദയാഘാതമോ പെട്ടെന്നുള്ള മരണംതന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വമാണ്. അഞ്ച്: കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന ജരിതാവസ്ഥ വന്നാല്‍ ശാശ്വതമായ രോഗവിമുക്തി ലഭിക്കില്ല. 1979 മുതല്‍ 2002 വരെ അമേരിക്കയിലെ ഫ്രാമിങ്ങാമില്‍ നടത്തിയ ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ച "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ് ആദ്യമായി ഹൃദ്രോഗത്തിനു കാരണമാകുന്ന മുഖ്യ ആപത്ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ വിജ്ഞാനം പകര്‍ന്നത്. പുകവലിയും രക്താതിമര്‍ദവും വര്‍ധിച്ച കൊളസ്ട്രോളും മുഖ്യ വില്ലന്മാരായി വിലയിരുത്തപ്പെട്ടു. അതിനുശേഷം 2004ല്‍ പ്രസിദ്ധീകരിച്ച "ഇന്റര്‍ ഹാര്‍ട്ട്" സ്റ്റഡിയിലൂടെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ വെളിച്ചംകണ്ടു. 

52 രാജ്യങ്ങളില്‍നിന്നായി 27,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, വര്‍ധിച്ച കൊളസ്ട്രോള്‍, അമിതരക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, അപഥ്യമായ ആഹാരശൈലി, മദ്യം, മാനസിക സമ്മര്‍ദ്ദം) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകാന്‍ കാരണമാകുമെന്ന് കണ്ടുപിടിച്ചു. ഇതിന്റെ വെളിച്ചത്തില്‍ ലോകാരോഗ്യസംഘടന രൂപപ്പെടുത്തിയ മാര്‍ഗരേഖകള്‍പ്രകാരം മേല്‍പ്പറഞ്ഞ ആപത്ഘടകങ്ങളെ കാലോചിതമായി നിയന്ത്രണവിധേയമാക്കിയാല്‍ ഹൃദ്രോഗസാധ്യത 80-85 ശതമാനംവരെ കുറയ്ക്കാമെന്നു വ്യക്തമായി. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദ്രോഗംമൂലമാണ്. ഇതില്‍ 82 ശതമാനംപേരും സാമ്പത്തികമായി താഴെക്കിടയിലുള്ള വികസ്വരരാജ്യങ്ങളിലുള്ളവരാണ്. വരുംകാലങ്ങളില്‍ ദരിദ്രരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രശ്നം ഹൃദ്രോഗപരിശോധനയുടെയും ചികിത്സയുടെയും ഭാരിച്ച സാമ്പത്തികബാധ്യത നേരിടുകയെന്നതാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്കും 24 ദശലക്ഷമായി വര്‍ധിക്കും. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിന് അടിമപ്പെടുന്നതോടെ 20 ശതമാനം അധികച്ചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു "മുടി"ക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-85 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. (ലേഖകന്‍ എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനാണ്) 

  സ്ത്രീഹൃദയാരോഗ്യം - new source: deshabhimani 
ഡോ. ജോര്‍ജ് തയ്യില്‍

About the News

Posted on Saturday, September 29, 2012. Labelled under , . Feel free to leave a response

0 comments for "ഇന്ന് ലോകഹൃദയദിനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive