രക്തസമ്മര്‍ദം ചെറുക്കുക : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, September 25, 2012

രക്തസമ്മര്‍ദം ചെറുക്കുക

ആധുനിക ജീവിതരീതികളില്‍ ഏറെപ്പേരെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്ന രണ്ടുരോഗങ്ങളാണ് രക്തസമ്മര്‍ദവും പ്രമേഹവും. ആ ഭീതിയുടെ തടവറയില്‍ ജീവിതം ഹോമിക്കുന്നവരുമേറെ. മരുന്നുകളേക്കാളേറെ ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍കൊണ്ട് ഈ രണ്ടുരോഗങ്ങളെയും നിയന്ത്രിക്കാവുന്നതാണ്. ഫാസ്റ്റ് ഫുഡും വഴി യാന്ത്രിക ജീവിത രീതികളുമാണിവയ്ക്കു പ്രധാന കാരണമെന്നതും വസ്തുതയാണ്.

 ചെറിയ കുട്ടികളില്‍ത്തന്നെ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാനുള്ള പ്രവണത, ഭാവിയില്‍ രക്തസമ്മര്‍ദത്തിനുള്ള സാധ്യതയേറ്റുന്നുണ്ട്. കായികാധ്വാനമേറെ ചെയ്യുകയും നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്തിരുന്ന കാലത്ത് മലയാളികളില്‍ രക്തസമ്മര്‍ദം അപൂര്‍വമായിരുന്നു. 1980-കള്‍ക്കുശേഷമാണ് രക്തസമ്മര്‍ദം മലയാളിയെ വലയം ചെയ്തു തുടങ്ങിയത്. ഫാസ്റ്റ് ഫുഡും അമിതാഹാരവും മാനസിക സഘര്‍ഷവും മരുന്നുകളുടെ അമിത ഉപയോഗവും ജീവിതത്തിന്റെ ഭാഗമായതോടെ ഉയര്‍ന്ന രക്തസമ്മര്‍ദവും കൂടെയെത്തി. കാലത്ത് വൈകിയുള്ള ഭക്ഷണം അല്ലെങ്കില്‍ കാലത്ത് ഭക്ഷണം ഒഴിവാക്കുക, മാനസിക പിരിമുറുക്കം, ക്രമം തെറ്റിയുള്ള ഭക്ഷണക്രമങ്ങള്‍ ഇവ രക്തക്കുറവിനും കുറഞ്ഞ രക്തസമ്മര്‍ദത്തിനും വഴിതുറക്കുന്നു. കുറഞ്ഞരക്തസമ്മര്‍ദമുള്ളവരില്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുവാനാണ് സാധാരണ നിര്‍ദേശിക്കുക.

ഹൃദയത്തിന്റെ പമ്പിങ് പ്രക്രിയയിലെ ഏറ്റക്കുറച്ചിലുകളാണ് രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനു കാരണം. പ്രായവ്യത്യാസങ്ങള്‍ക്കനുസരിച്ചും മാനസിക-ശാരീരിക വ്യതിയാനങ്ങള്‍ക്കനുസരിച്ചും നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും 140/ 90 മില്ലിമീറ്റര്‍ മെര്‍ക്കുറിക്ക് മുകളിലുള്ളതിനെ രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നും 100/60 നു താഴെയുള്ളതിനെ ന്യൂന രക്തസമ്മര്‍ദം അഥവാ കുറഞ്ഞ രക്തസമ്മര്‍ദം എന്നും പറയുന്നു.

രക്താതിമര്‍ദസമയത്ത് തലചുറ്റല്‍, ക്ഷീണം, മന്ദത, ഉറക്കക്കുറവ്, വേഗം ദേഷ്യംവരിക, ഉത്സാഹക്കുറവ്, വിശപ്പില്ലായ്മ, ഓര്‍മക്കുറവ്, കിതപ്പ്, കണ്ണില്‍ ഇരുട്ടുകയറുക, കൈകാല്‍ വിരലുകളില്‍ മരവിപ്പ്, സന്ധികളില്‍ വേദന, തലവേദന, ഛര്‍ദി തുടങ്ങിയവയില്‍ പലതും കണ്ടുവരുന്നു. ന്യൂനമര്‍ദ സമയത്തും ഇതിലെ പലതും പ്രകടമാകാറുണ്ട്.

രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും അപകടമാണ്. മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായാല്‍ ബോധക്ഷയം സംഭവിക്കാം. ശിരസ്സിലേക്കുള്ള ധമനികള്‍ പൊട്ടി പക്ഷാഘാതത്തിനും മരണത്തിനും കാരണമാവാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം ചിലരില്‍ അന്ധതയ്ക്കും വഴിതെളിച്ചേക്കാം.

വൃക്കകളാണ് നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദം നോര്‍മലായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. വൃക്കകള്‍ ഉത്പാദിപ്പിക്കുന്ന 'റെനിന്‍' എന്ന ഹോര്‍മോണിന്റെ അളവുകൂടിയാല്‍ രക്തസമ്മര്‍ദമുയരും.

കൊളസ്റ്ററോള്‍ (കൊഴുപ്പ്) അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ ഉള്‍വ്യാസം കുറഞ്ഞ് സംക്രമണം മന്ദഗതിയിലാവുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് ഹൃദയസ്തംഭനത്തിനുവരെ കാരണമായേക്കാം. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാനുള്ള ഉപാധി തേടുകയാണ്.

രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍


1. ഉപ്പ് നിയന്ത്രിക്കുക


ഒരു ദിവസം ശരീരപ്രക്രിയയ്ക്ക് ആവശ്യമായ അളവിന്റെ എത്രയോ ഇരട്ടി അളവില്‍ ഉപ്പ് നാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കുക. അച്ചാര്‍, പപ്പടം, ഉണക്കമത്സ്യം ഇവ ഒഴിവാക്കുകയാണ് ഇതിന്റെ ആദ്യപടി.

2. വ്യായാമം ജീവിതചര്യയാക്കുക

ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും നടക്കുക. നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഠിനവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതല്ല.
3. തൂക്കം കുറയ്ക്കുക

ശരീരത്തില്‍ കൊഴുപ്പടിയുന്നതും തടി കൂടുന്നതും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കുക.

പുകവലിയും മദ്യപാനവും
പുകവലി, മദ്യപാനം ഇവയുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരികയോ പൂര്‍ണമായും ഒഴിവാക്കുകയോ വേണം.

4. മാനസികസംഘര്‍ഷം ഒഴിവാക്കുക

ഇത്തരക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും സാധാരണമായതിനാല്‍ പെട്ടെന്ന് ദേഷ്യപ്പെടുക, ക്ഷമാശീലമില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയും കണ്ടുവരുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കും സംഘര്‍ഷവും ഇതിന് ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. ഇത്തരക്കാരോട് സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറുക.


News Credit : Mathrubhumi Daily Health Desk


About the News

Posted on Tuesday, September 25, 2012. Labelled under , . Feel free to leave a response

0 comments for "രക്തസമ്മര്‍ദം ചെറുക്കുക"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive