മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, September 21, 2012

മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കം

തിരുവില്വാമല വില്വാദ്രിനാഥന്റെ തിരുസന്നിധിയില്‍ കന്നിമാസത്തിലെ മുപ്പെട്ടുവ്യാഴാഴ്‌ചയായ ഇന്നലെ നടന്ന നിറമാല മഹോത്സവത്തോടെ മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കമായി.കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ദക്ഷിണ-ഉത്തര കേരളത്തെ അപേക്ഷിച്ച്‌ ഉത്സവങ്ങള്‍ക്ക്‌ പേരും പെരുമയും ഏറെയാണ്‌.മേടത്തിലെ തൃശൂര്‍പൂരത്തിനും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനും ശേഷമാണ്‌ ഓരോ ഉത്സവക്കാലത്തിനും കൊടിയിറങ്ങുന്നത്‌.സംഗമേശ്വരസന്നിധിയില്‍ കൊടിയിറങ്ങുന്ന ഉത്സവസീസണ്‍ 4 മാസത്തെ ഇടവേളക്ക്‌ ശേഷം വീണ്ടും സംഗമിക്കുന്നത്‌ ഈ വില്വമലയിലാണ്‌.വാദ്യക്കമ്പക്കാരുടേയും ആനക്കമ്പക്കാരുടേയും കാത്തിരിപ്പിന്‌ വിരാമമിടുന്ന കേന്ദ്രം.


ഇവിടെത്തുടങ്ങുന്നു ഇവിടത്തെ ഉത്സവക്കാലം.ഇനിയുള്ള നാളുകള്‍ കലാകാരന്മാര്‍ക്കും കച്ചവടക്കാര്‍ക്കും കരിവീരന്‍മാര്‍ക്കും കരിമരുന്നുപണിക്കാര്‍ക്കും പാചകവിദഗ്‌ദര്‍ക്കും കാവടിനിര്‍മാതാക്കള്‍ക്കും ആട്ടക്കാര്‍ക്കും വിളക്കുപിടിക്കുന്നവര്‍ക്കും ഉത്സവനടത്തിപ്പുകാര്‍ക്കും ഉറക്കമില്ലാത്തതാണ്‌.ആഘോഷങ്ങള്‍ ഭംഗിയാക്കാന്‍ മാസങ്ങള്‍ക്കുമുന്‍പേ ഭാരവാഹികള്‍ അധ്വാനം തുടങ്ങുന്നു.അവയുടെ സാക്ഷാത്‌കാര സുദിനമാണ്‌ പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും.വെന്തുരുകുന്ന വേനല്‍ക്കാലം മലയാളിക്ക്‌ ഉത്‌്സവക്കാലമാണ്‌.ഇവിടത്തെ കാവുകളിലും ഉത്സവപ്പറമ്പുകളിലും പള്ളിയങ്കണങ്ങളിലും കൊടിയേറുകയായി.ബാന്റുവാദ്യവും തകിലും നാദസ്വരവും പഞ്ചാരിയും ശിങ്കാരിയും പാണ്ടിയും പഞ്ചവാദ്യവും തായമ്പകയും ഇവിടുത്തെ ദേവാലയങ്ങളിലെത്തുന്ന സഹൃദയസഹസ്രങ്ങളെ കോരിത്തരിപ്പിക്കുന്നു.

ഇനിയുള്ള ഓരോമാസങ്ങളിലേയും പകലിരവുകള്‍ ആഘോഷത്തിമിര്‍പ്പിലായിരിക്കും.ക്ഷേത്രോത്സവങ്ങള്‍ കൂടുതലും കൊല്ലവര്‍ഷത്തെ ആധാരമാക്കിയാണ്‌ ആഘോഷിക്കുന്നത്‌.കന്നിമാസത്തിലെ ആദ്യ വ്യാഴാഴ്‌ചയായ ഇന്നലെ വില്വാദ്രിനാഥനെ വണങ്ങാനും വാദ്യവിദ്യ നുകരാനും ആയിരങ്ങളെത്തി.തുലാംമാസത്തിലെ നവരാത്രിയും വൃശ്‌ചികത്തിലെ തൃക്കാര്‍ത്തികയും ധനുവിലെ തിരുവാതിരയും മകരത്തിലെ തൈപ്പൂയവും കുംഭത്തിലെ ശിവരാത്രിയും ഭരണിയും മീനത്തിലെ ആറാട്ടുപ്പുഴ ദേവമേളയും മേടത്തിലെ തൃശൂര്‍പൂരവുമെല്ലാം ഏറെ തിരക്കുള്ള ദിനങ്ങളാണ്‌.കൂടാതെ മച്ചാട്‌ മാമാങ്കവും ഉത്രാളിക്കാവ്‌ പൂരവും നെന്‍മാറ-വല്ലങ്ങി വേലയുമെല്ലാം മധ്യകേരളത്തിലെ മഹനീയ മഹോത്സവങ്ങളാണ്‌.കലോപാസകരെപ്പോലെത്തന്നെ ഉത്സവക്കാലം ആസ്വാദകര്‍ക്കും ആത്മാനുഭൂതിയുടേതാണ്‌.അവര്‍ക്കും ഇനിയുള്ള നാളുകള്‍ മാനസികോല്ലാസത്തിന്റേതാണ്‌.

news source: mangalamonline 

About the News

Posted on Friday, September 21, 2012. Labelled under , . Feel free to leave a response

0 comments for "മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക്‌ തുടക്കം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive