ശ്രീകൃഷ്ണജയന്തി ഇന്ന്: കണ്ണനെ വണങ്ങാന്‍ പതിനായിരങ്ങള്‍ ഗുരുവായൂരില്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, September 08, 2012

ശ്രീകൃഷ്ണജയന്തി ഇന്ന്: കണ്ണനെ വണങ്ങാന്‍ പതിനായിരങ്ങള്‍ ഗുരുവായൂരില്‍



ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിനമായ ശനിയാഴ്ച കണ്ണനെ വണങ്ങാന്‍ ഗുരുവായൂരില്‍ ഭക്തരെത്തി. രാവിലെ ഏഴിന് പഞ്ചാരിമേളത്തോടെ കാഴ്ചശ്ശീവേലി തുടങ്ങും. ഒമ്പതരയ്ക്ക് സമാപിക്കും. സ്വര്‍ണ്ണക്കോലവും തങ്കത്തിടമ്പും ശിരസ്സിലേറ്റുന്നത് ഗജരത്‌നം പത്മനാഭന്‍ തന്നെ. പെരുവനം കുട്ടന്‍മാരാര്‍ മേളം നയിക്കും. എഴുന്നള്ളിപ്പിനുശേഷം സദ്യ ആരംഭിക്കും. ഇരുപതിനായിരം ഭക്തര്‍ക്ക് പിറന്നാള്‍ സദ്യ നല്‍കാന്‍ ദേവസ്വം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കാളന്‍, ഓലന്‍, എരിശ്ശേരി, പപ്പടം, കായ വറുത്തത് തുടങ്ങിയ വിഭവങ്ങളോടൊപ്പം ആദ്യപന്തികളില്‍ നെയ്പായസവും പിന്നീട് പാല്‍പ്പായസവും വിളമ്പും. ഉച്ചയ്ക്ക് ഒരുമണിവരെ സദ്യയ്ക്കുള്ള ക്യൂവില്‍ കയറാന്‍ കഴിയും. ഒന്നരയ്ക്ക് ക്ഷേത്രനട അടയ്ക്കും.

വൈകീട്ട് മൂന്നിന് നട തുറന്നാല്‍ പഞ്ചവാദ്യത്തോടെ കാഴ്ചശ്ശീവേലി ആരംഭിക്കും. അന്നമനട പരമേശ്വരമാരാര്‍ അമരക്കാരനാകും.

അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപ്പൂജയ്ക്ക് നിവേദിക്കും. മേല്‍ശാന്തി സുമേഷ് നമ്പൂതിരി പൂജ നിര്‍വഹിക്കും. രാത്രി പതിനൊന്നിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. എഴുന്നള്ളിപ്പ് കഴിയുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയാകും. ആനപ്പുറത്തുനിന്നും തിടമ്പ് ഇറക്കി ശ്രീലകത്തേയ്ക്ക് എഴുന്നള്ളിച്ച് നട അടയ്ക്കും.

മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില്‍ ശനിയാഴ്ച രാവിലെ എട്ടിന് ശ്രീകൃഷ്ണാവതാരം പാരായണം ചെയ്ത് ആചാര്യന്‍മാര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 6ന് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം തിമില വിദ്വാന്‍ അന്നമനട പരമേശ്വരമാരാര്‍ക്ക് കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മാനിക്കും. ചെന്നൈ ദീപാകൃഷ്ണന്റെ വീണക്കച്ചേരിയും, ദേവസ്വം കലാനിലയം കലാകാരന്‍മാരുടെ കൃഷ്ണനാട്ടവും ഉണ്ടാകും.

news source: mathrubhumionline 

About the News

Posted on Saturday, September 08, 2012. Labelled under , . Feel free to leave a response

0 comments for "ശ്രീകൃഷ്ണജയന്തി ഇന്ന്: കണ്ണനെ വണങ്ങാന്‍ പതിനായിരങ്ങള്‍ ഗുരുവായൂരില്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive