കുരുന്നുകളെ കരയിക്കുന്ന ആസ്മ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, September 17, 2012

കുരുന്നുകളെ കരയിക്കുന്ന ആസ്മ
നിർത്താത്ത ചുമയും ശ്വാസം മുട്ടലുമായി ഒരുപോള കണ്ണടയ്ക്കാൻ കഴിയാതെ രാത്രി മുഴുവൻ ഉണർന്നിരിക്കുന്ന കുരുന്നുകൾ കരളലിയിക്കുന്ന കാഴ്ചയാണ് . ഒരു പക്ഷേ ഇത് ആസ്ത്മയുടെ തുടക്കമാവാം. എല്ലാ മാസവും ഉറക്കമില്ലാത്ത രാവുകൾ ആവർത്തിക്കുന്നെങ്കിൽ കുഞ്ഞിന് ആസ്ത്മയാണെന്ന് ഉറപ്പിക്കാം.

അഞ്ചുവയസിൽ താഴെയുളള 70 ശതമാനം കുട്ടികളും ആസ്ത്മ ബാധിതരാണ്. ഇതിൽ 26 ശതമാനം കുഞ്ഞുങ്ങളും ഒരു വയസിൽ താഴെ പ്രായമുളളവരാണ്. ഇതിൽതന്നെ അധികവും ആൺകുഞ്ഞുങ്ങളാണ്.

പലതരംഅലർജികളാണ് ആസ്ത്മയിലേക്ക് നയിക്കുന്നത്. ഗതാഗത ബാഹുല്യവും പൊടിപടലങ്ങളും നഗരപ്രദേശങ്ങളിൽ രോഗബീജങ്ങൾക്ക് വളമാകുന്നു. വീട്ടിൽ പുകവലിക്കാർ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ കാര്യം കഷ്ടത്തിലായതു തന്നെ. റോഡിലെ പൊടി മാത്രമല്ല വീടിനുളളിലെ പുതപ്പിലും കർട്ടനുകളിലും കാർപ്പറ്റുകളിലും ഒളിഞ്ഞിരിക്കുന്ന പൊടിയും മുറിയിലെ ‌‌ഈർപ്പവും വില്ലനായി മാറാം.

വളർത്തുമൃഗങ്ങൾ ചിലർക്ക് അലർജിയാകും. പാറ്റ പോലും ചില നേരത്ത് കുട്ടികളെ രോഗികളാക്കും. അച്ഛനോ, അമ്മയ്ക്കോ ആസ്ത്മയുണ്ടെങ്കിൽ മക്കൾക്ക് വരാൻ സാധ്യത കൂടുതലാണ്. ചില പൂക്കൾ അലർജിക്ക് കാരണമാകും. മുന്തിരിങ്ങ, ചോക്ളേറ്റ്, ഐസ്ക്രീം തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയെല്ലാം ആസ്ത്മയുടെ രൂക്ഷത കൂട്ടും. കടുത്ത വ്യായാമങ്ങളും ആസ്തമക്കാരായ കുട്ടികൾക്ക് അത്ര നന്നല്ല.

ലക്ഷണങ്ങൾ

ആസ്ത്മയ്ക്കൊപ്പം പനി വരണമെന്ന് നിർബന്ധമില്ല. എങ്കിലും ചില നേരത്ത് വൈറൽ പനിക്കൊപ്പം ശ്വാസംമുട്ടൽ വന്നേക്കാ. നിറുത്താതെയുളള ചുമയും ശ്വാസം മുട്ടലും ന്യൂമോണിയയുടെ ലക്ഷണമായും വരാം. മരുന്ന് കഴിച്ചിട്ടും അടുത്തടുത്ത മാസങ്ങളിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടാൽ ആസ്ത്മ തന്നെയെന്ന് ഉറപ്പിക്കാം. രാത്രിയിലുളള കടുത്ത ചുമയാണ് പ്രധാന ലക്ഷണം.

പിഞ്ചുകുഞ്ഞുങ്ങളിൽരോഗം നിർണ്ണയിക്കുന്നതിനായി പ്രത്യേക പരിശോധനകളൊന്നുമില്ല. എട്ടു വയസിന് ശേഷമാണ് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത നിർണ്ണയിക്കുന്നതിനുളള പൾമണറി ഫംഗ്ഷൻ ടെസ്റ്റുകൾ നടത്താറുളളു. ചികിത്സയിലൂടെ ശ്വാസകോശത്തെ സാധാരണ വളർച്ചയിലേക്ക് കൊണ്ടുവരാനാണ് ആദ്യശ്രമം. കുട്ടികൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയണം. രോഗത്തിന്റെ പേരിൽ സ്കൂളിൽ പോക്ക് മുടങ്ങാൻപാടില്ല. പാർശ്വഫലങ്ങൾ കുറഞ്ഞ
ഔഷധങ്ങളാണ്കുട്ടികൾക്ക് നൽകുന്നത്.

മുൻകരുതലുകൾ

വീട്ടിലുളളവർപുകവലി ഒഴിവാക്കുക, വിറകടുപ്പുകൾ കഴിയുന്നതും ഒഴിവാക്കുക, കിടക്കവിരികൾ രണ്ടു ദിവസത്തിലൊരിക്കൽ മാറുക, കർട്ടനുകൾ ഇടയ്ക്കിടെ കഴുകണം. കഴിയുന്നതും അടിച്ചുവാരൽ ഒഴിവാക്കി നനഞ്ഞ തുണി കൊണ്ട് മുറികൾ തുടച്ചു വൃത്തിയാക്കുക, കാർപ്പറ്റുകളിൽ പൊടി അടിഞ്ഞുകൂടാൻ അനുവദിക്കരുത്. പാറ്റ ശല്യം നിയന്ത്രിക്കുക, കൊതുകു തിരികളും ആസ്ത്മയ്ക്ക് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുക. കടുത്ത വെയിലത്ത് അധിക സമയം കളിക്കാൻ കുട്ടികളെ അനുവദിക്കരുത്.

ചികിത്സ

ഇൻഹേലറാണ്പ്രധാന ഔഷധം. ആറു മാസം കഴിഞ്ഞാൽ മീറ്റേറ്ഡ് ഡോസ് ഇൻഹേലർ ഉപയോഗിക്കാം. ഇതുപയോഗിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് സ്പേസറും മാസ്ക്കും ഉപയോഗിക്കണം. ഏഴു വയസു കഴിഞ്ഞവർക്ക് ഡ്രൈ പൗഡർ ഇൻഹേലർ ഉപയോഗിക്കാം. നെബുലൈസർ ഏതു പ്രായക്കാർക്കും അനുയോജ്യമാണ്. മീറ്റേഡ് ഡോസ് ഇൻഹേലറാണെങ്കിൽ യാത്രയിലും ഉപയോഗിക്കാമെന്ന സൗകര്യമുണ്ട്. മരുന്ന് കഴിക്കുന്നത്ര പാർശ്വഫലങ്ങൾ ഇൻഹേലർ കൊണ്ടു സംഭവിക്കില്ല.

ഔഷധങ്ങൾ

ആസ്ത്മനിയന്ത്രിക്കുന്നതിനായി സ്റ്റിറോയ്ഡ് വിഭാഗത്തിൽ പെട്ട ഔഷധങ്ങൾ ആറു മാസം മുതൽ ഒരു വർഷം വരെ കഴിക്കേണ്ടിവരും. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് ആസ്ത്മ പിടിപെടാൻ സാധ്യത കുറവാണ്. കുട്ടികളിലെ ആസ്തമ ചികിത്സിച്ച് മാറ്റാം. ഏഴു വയസാകുമ്പോഴേയ്ക്കും കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണ്ണമായി മാറ്റാം.

ഡോ.ലീന വി.പി
എം.ബി. ബി. എസ്. ഡി.സി. എച്ച്.
എറണാകുളം ജനറൽ ആശുപത്രി
ഫോൺ:2381762
news source: news.keralakaumudionline 

About the News

Posted on Monday, September 17, 2012. Labelled under , . Feel free to leave a response

0 comments for "കുരുന്നുകളെ കരയിക്കുന്ന ആസ്മ "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive