എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഗള്‍ഫിലേക്ക് 130 അധിക സര്‍വീസുകൂടി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, September 04, 2012

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഗള്‍ഫിലേക്ക് 130 അധിക സര്‍വീസുകൂടി



നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് 130 അധിക സര്‍വീസുകൂടി ഏര്‍പ്പെടുത്തുന്നു. ഗള്‍ഫിലേയ്ക്കുള്ള യാത്രാതിരക്ക് കണക്കിലെടുത്താണിത്. 17 മുതല്‍ ഒക്ടോബര്‍ 27വരെയാണ് അധിക സര്‍വീസുണ്ടാവുക.

പൈലറ്റുമാര്‍ സമരത്തിലേര്‍പ്പെട്ടതിനാല്‍ കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു. ഈ സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാലാണ്, തിരക്ക് കണക്കിലെടുത്ത് ഗള്‍ഫിലേക്ക് പ്രത്യേക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ പലതും റദ്ദാക്കിയതിനാല്‍, ഗള്‍ഫിലേക്ക് തിരക്കുകൂടി. ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നു. ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. അതിനാല്‍, അധിക സര്‍വീസ് ഏര്‍പ്പെടുത്തി യാത്രാദുരിതം പരിഹരിക്കാനാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ലക്ഷ്യമിടുന്നത്.

17 മുതല്‍ ഒക്ടോബര്‍ 27വരെ എല്ലാ ഞായറാഴ്ചകളിലും കോഴിക്കോട് -ദുബായ് -കോഴിക്കോട് റൂട്ടിലും വ്യാഴാഴ്ചകളില്‍ കോഴിക്കോട് -അബുദാബി -കോഴിക്കോട് റൂട്ടിലും സര്‍വീസുണ്ടാകും. കൂടാതെ, കോഴിക്കോട് -ദമാം -കോഴിക്കോട് റൂട്ടില്‍ നിത്യേന സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് ദമാമിലേക്കുള്ള യാത്രക്കാരെ കോഴിക്കോടുവഴി ദമാമിലെത്തിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും കോഴിക്കോട് -മുംബൈ -കോഴിക്കോട് റൂട്ടിലും തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചി-അബുദാബി -കൊച്ചി റൂട്ടിലും ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കൊച്ചി -ദുബായ് -കൊച്ചി റൂട്ടിലും സര്‍വീസുണ്ടാകും.

തിരുവനന്തപുരം - അബുദാബി -തിരുവനന്തപുരം റൂട്ടില്‍ എല്ലാ വെള്ളിയാഴ്ചകളിലുമാണ് അധിക സര്‍വീസ്. തിരുവനന്തപുരം -ദുബായ്- തിരുവനന്തപുരം റൂട്ടില്‍ വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം -ഷാര്‍ജ -തിരുവനന്തപുരം റൂട്ടില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും മംഗലാപുരം-അബുദാബി -മസ്‌കറ്റ് -മംഗലാപുരം റൂട്ടില്‍ എല്ലാ ശനിയാഴ്ചകളിലും മംഗലാപുരം-ദുബായ് -മംഗലാപുരം റൂട്ടില്‍ എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസുണ്ടാകും.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് കൂടുതല്‍ അധിക സര്‍വീസ്. ഇവിടെനിന്ന് 59 സര്‍വീസ് അധികം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് 30 സര്‍വീസും കൊച്ചിയില്‍നിന്ന് 29 സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്. മംഗലാപുരത്തുനിന്ന് 12 സര്‍വീസാണ് അധികമുള്ളത്.

തിരക്ക് കണക്കിലെടുത്ത് മുമ്പ് രണ്ട് ഘട്ടമായി 62 അധിക സര്‍വീസ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 28ന് പ്രാബല്യത്തില്‍ വരുന്ന ശീതകാല വിമാനസമയക്രമത്തില്‍ പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്ന് റദ്ദാക്കേണ്ടിവന്ന സര്‍വീസുകളെല്ലാം പുനഃസ്ഥാപിക്കും. കൂടാതെ, ശീതകാല വിമാനസമയക്രമത്തില്‍ 30 ശതമാനം അധികസര്‍വീസുകളും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ പിആര്‍ഒ എബി ജോര്‍ജ് അറിയിച്ചു.

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കിപ്പോള്‍ വന്‍ തിരക്കുണ്ടെങ്കിലും അവിടെനിന്ന് ഇങ്ങോട്ട് തിരക്കില്ല. അതിനാല്‍, അധിക സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ മടങ്ങിവരുമ്പോള്‍ വളരെ കുറച്ചു യാത്രക്കാരുമായി വരേണ്ടിവരും.

news source: mathrubhumionline

About the News

Posted on Tuesday, September 04, 2012. Labelled under , . Feel free to leave a response

0 comments for "എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഗള്‍ഫിലേക്ക് 130 അധിക സര്‍വീസുകൂടി "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive