ഒാണത്തിനെന്താകൊമ്പുണ്ടോ? : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, August 25, 2012

ഒാണത്തിനെന്താകൊമ്പുണ്ടോ?

 തൃശൂർ: ഓണക്കാറ്റ്, ഓണവെയില്, ഓണനിലവ്, ഓണത്തുമ്പി ഒക്കെയും മലയാളികള്‍ക്കൊരനുഭൂതിയാണ്. അല്ല, ഒാണത്തിനോളം പോന്ന മറ്റൊരു ആഘോഷമുണ്ടോ? ഒാണത്തിനെന്താ ഇത്രയും പെരുമ?
മാനുഷരെല്ലാവരുംഒന്നുപോലെയായിരുന്ന മാവേലിനാട്ടിന്റെ സുന്ദരസുരഭില ചിത്രമാണല്ലോ ഒാണം.

നൂറ്റാണ്ടുകളായികേരളം ഓണമാഘോഷിക്കുന്നുണ്ട്. ധര്‍മത്തില്‍ അധിഷ്ഠിതമായ, സമത്വസുന്ദരമായ ഭൂതകാലത്തിന്റെ ഒാർമ്മയാണത്. കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങളില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓര്‍മപ്പെടുത്തൽ. തെളിഞ്ഞു നിൽക്കുന്ന പ്രകൃതി ജീവജാലങ്ങളിലും പ്രസന്നതയുണര്‍ത്തുന്നു.
കേരളത്തില്‍എന്നുമുതല്‍ക്കാണ് ഓണമാഘോഷിച്ചു തുടങ്ങിയതെന്ന് കൃത്യമായി അറിയാന്‍ ചരിത്രരേഖകളില്ല. പ്രാചീന ശാസനങ്ങളിലും കാവ്യങ്ങളിലും ഓണത്തെക്കുറിച്ച് സൂചനകളുണ്ട്. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലം ഓണത്തിനുണ്ട്.കാലങ്ങള്‍ക്കുമുമ്പ് മഹാബലി എന്ന അസുരചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സല്‍ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ വിഷ്ണുവിനെ പ്രേരിപ്പിച്ചതനുസരിച്ച് വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും ആ കഥ എത്രയോ നമ്മൾ കേട്ടിരിക്കുന്നു.
ജനങ്ങളെഅങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന മഹാബലി അലംഘനീയമായ ഒരു വരം ആവശ്യപ്പെട്ടു. എല്ലാ കൊല്ലവും ഒരു ദിവസം തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കുന്നതിനുവേണ്ടി കേരളത്തില്‍ വരാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ കേരള കരയിലെത്താൻ മഹാവിഷ്ണു അനുമതി നല്‍കി. ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നാണ് വിശ്വാസം. ഇതെല്ലാം ഐതിഹ്യം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടുവാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചു എന്നും അങ്ങനെയാണ് ഓണത്തിന് തുടക്കം കുറിച്ചതെന്നുമുളള ഐതിഹ്യവും അക്കൂട്ടത്തിലുണ്ട്. പുരാണത്തിലെ മഹാബലിയല്ല ഈ മഹാബലിപ്പെരുമാളെന്നും പറയുന്നു.
അത്തംമുതല്‍ പൂക്കളമൊരുക്കി മാവേലിമന്നനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോൾ അതിനു മുമ്പുതന്നെ വീടും പരിസരവും ശുചിയാക്കുന്നു. അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കുന്നു. ദേശഭേദങ്ങളില്ലാതെ ഇൗ ചിട്ടകൾ മലയാളി കൊണ്ടു നടക്കുന്നു. അത്തം വീട്ടുമുറ്റങ്ങളില്‍നിന്ന് കവലകളിലേക്ക് മാറിയെങ്കിലും അതൊന്നും വേണ്ടെന്ന് വയ്ക്കാൻ നമുക്ക് വയ്യ. ഓണക്കോടിയും ഓണസ്സദ്യയും ഒഴിച്ചു നിറുത്താൻ നമുക്കാവുമോ?. കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് നൽകിയിരുന്ന ഓണക്കോടിയും ആചാരങ്ങളും കുറഞ്ഞു കുറഞ്ഞ് കുടുംബത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമായി ഓണം മാറിയെങ്കിലും എല്ലാം നിലനിൽക്കുന്നുണ്ടല്ലോ എന്ന് നമ്മളറിയുന്നു.
ഓണസ്സദ്യ.ഉപ്പേരിയും പായസവും പഴംനുറുക്കും പപ്പടവുമില്ലാത്ത ഓണസ്സദ്യയുണ്ടോ? എത്ര കാലം മുൻപാണ് അതെല്ലാം നമ്മുടെ തീൻമേശയിലെത്തിയത്. ഒാണം ഉണ്ണാൻ കാണം വിൽക്കേണ്ടവർ ഇന്നുണ്ടെന്ന് തോന്നുന്നില്ല. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഓണത്തില്‍ പിശുക്കുകാട്ടാന്‍ മലയാളിക്ക് കഴിയാറില്ല. അതുകൊണ്ടു തന്നെ ഒാണത്തിന് പകരം വെയ്ക്കാൻ മറ്റ് ആഘോഷമില്ല. ആഘോഷങ്ങൾക്കിടയിൽ ഒാണത്തിന് കൊമ്പുണ്ട്....

തൊടികളെതിരിച്ചുപിടിക്കാം....

തൃശൂർ:നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കാന്‍ ആ പഴയ നാട്ടുപൂക്കളില്ലെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. നാട്ടുപൂക്കളില്ലെന്ന് പറയുന്നതിനു മുൻപേ നമ്മുടെ തൊടികളെ നമുക്ക് തിരിച്ചുപിടിയ്ക്കണ്ടേ?
ഗ്രാമങ്ങളിലെതൊടികളിലും പാടങ്ങളിലും സമൃദ്ധമായിരുന്ന നാട്ടുപൂക്കള്‍ക്ക് പലതിനും വംശനാശം വന്നുകഴിഞ്ഞു. മറുനാടന്‍ പൂക്കള്‍ നമ്മുടെ പൂക്കളം കൈയടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു ചെറുമുറ്റവും ഒരു കൊച്ചുപൂവിനെ ഒാമനിക്കാനുളള മനസും മണ്ണിനെ നെഞ്ചോടു ചേർക്കാനുളള ശ്രമവുമുണ്ടായാൽ നമുക്ക് മുറ്റത്തു നിന്നു തന്നെ പൂക്കളിറുക്കാം.
കാക്കപ്പൂ,നാലുമണിപ്പൂവ്, തുമ്പ, മുക്കുറ്റി, കാശിത്തുമ്പ,കൊങ്ങിണി, ശാരദപൂവ്, കൃഷ്ണനീലം, കോളാമ്പിപ്പൂ, ശംഖുപുഷ്പം, തൊട്ടാവാടിപ്പൂ, ചെത്തിപ്പൂ, ഹനുമാന്‍കിരീടം, കോഴിവാലന്‍പൂവ്, പൂത്താലി, തുടങ്ങിയവയെല്ലാം ഓര്‍മകളിലെ നാടന്‍പൂക്കളാണ്. ഇവയിലെന്തുണ്ട് ബാക്കി?
നമുക്ക്പൂവേ പൊലി പാടേണ്ടിയിരിക്കുന്നു, ചിലപ്പോൾ മണ്ണടിഞ്ഞു പോയ പൂക്കൾക്കുളള തിലോദകമായി തന്നെ.


ദാകുമ്മാട്ടി വരുന്നു....
തള്ളേതള്ളേ എങ്ങട്ട് പോണൂ
ഭരണിക്കാവില്‍നെല്ലിനു പോണൂ

തൃശൂർ:ദാ കുമ്മാട്ടിവരുന്നു. കുമ്മാട്ടി വരുമ്പോൾ, തൃശൂരിന്റെ നാട്ടുവഴികളിൽ കുമ്മാട്ടിപ്പുല്ലിന്റെ സുഗന്ധമുണ്ടായിരുന്നു. ഇന്ന് കുമ്മാട്ടിപ്പുല്ല് മറ്റു നാടുകളിൽ നിന്നെത്തണം. എങ്കിലും ആ പാട്ടു കേൾക്കുന്നുണ്ട്:

'ശിവപുരഗോപുര
പാലനകാരന
ശിവഹരിഗോപുര
മന്ദിരനാമം...'
മറ്റൊരാള്‍അതേറ്റുപാടുന്നു.

കുട്ടിക്കുമ്മാട്ടികള്‍താളമിടുന്നുണ്ട്, ആര്‍ത്തുവിളിക്കുന്നുണ്ട്. ആരവം മുഴങ്ങുന്നുണ്ട്.
ഹാസ്യാത്മകമായപാട്ടുകളുമുണ്ട്.

മഞ്ഞക്കാട്ടില്‍പോയാലോ
മഞ്ഞക്കിളിയെപിടിക്കാലോ...
മഞ്ഞക്കിളിയെപിടിച്ചലോ പപ്പും പൂടേ പറിക്കാലോ
പപ്പുംപൂടേ പറിച്ചാലോ ചട്ടീലിട്ട് പൊരിക്കാലോ...
ചിലപ്പോൾ.
തള്ളേതള്ളേ എങ്ങട്ട് പോണൂ
ഭരണിക്കാവില്‍നെല്ലിനു പോണൂ
അങ്ങനെപല പല പാട്ടുകൾ.

തറവാട്ടുകാരണവര്‍നല്‍കുന്ന ഓണപ്പുടവ, നാളികേരം, നേന്ത്രപ്പഴം ...എല്ലാം നിറച്ച വട്ടിയും കൊട്ടയുമായി കുമ്മാട്ടിക്കൂട്ടങ്ങള്‍ മറ്റൊരു മുറ്റത്തേക്ക് പോകും.

കാട്ടാളൻ,തള്ള, ഹനുമാന്‍ എന്നീ മൂന്ന് കുമ്മാട്ടിരൂപങ്ങളാണ് പ്രധാനം. കാട്ടാളന്‍ ശിവനും തള്ള പാര്‍വതിയുമെന്നാണ് സങ്കല്പം. കുമ്മാട്ടിക്കു പിന്നിലുമുണ്ട് ഐതിഹ്യം.
പാശുപതാസ്ത്രംകിട്ടിയേ തീരൂ എന്ന് അര്‍ജുനന് വാശി. ശിവനെ പ്രസാദിപ്പിക്കാനായി അര്‍ജുനന്‍ തപസ്സാരംഭിച്ചു. ഒടുവില്‍ പാര്‍ത്ഥനെ ഒന്നു പരീക്ഷിച്ചുകളയാമെന്നുറപ്പിച്ച് കൈലാസനാഥന്‍ കാട്ടാളരൂപം പൂണ്ടു.
മല്ലയുദ്ധത്തില്‍അര്‍ജുനനെ കീഴ്‌പ്പെടുത്തി മടങ്ങുമ്പോൾ, കൂടെയുള്ള ഭൂതഗണങ്ങളോട് കുട്ടികളെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യാന്‍ ശിവന്‍ ആവശ്യപ്പെടുകയാണ്. ഭൂതഗണങ്ങളുടെ നൃത്തത്തിന്റെ ഓര്‍മപുതുക്കലാണ് കുമ്മാട്ടിക്കളിയെന്ന് പറയുന്നു.
ഓണത്തിന്റെഐതിഹ്യം മഹാവിഷ്ണുവും മഹാബലിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഓണക്കാലത്തുതന്നെ കുമ്മാട്ടിക്കളിവന്നത് മഹാബലി ശിവഭക്തനായിരുന്നതുകൊണ്ടാണെന്ന് പറയുന്നവരുണ്ട്.
കാലംമാറിയപ്പോൾ കുമ്മാട്ടിവേഷങ്ങള്‍ പലതായി. ഗണപതി, ശ്രീകൃഷ്ണൻ, തെയ്യം, ഗരുഡൻ, ബ്രഹ്മാവ്, കാളി തുടങ്ങിയ രൂപങ്ങളെല്ലാം കുമ്മാട്ടിമുഖങ്ങളായി. ഓണവില്ലിന്റെ താളം മാറി. ബാന്‍ഡും ചെണ്ടമേളവും പഞ്ചാരിയുമൊക്കെ കുമ്മാട്ടിയുടെ അകമ്പടിക്കാരായി. ടാബ്ലോകളും തെയ്യവും ഗരുഡനും പോലുള്ള മറ്റു കലാരൂപങ്ങളും കുമ്മാട്ടികള്‍ക്കൊപ്പം കൂടി.
പാളചെത്തിമിനുക്കി കരിയും ചെങ്കല്ലും കൊണ്ട് വരച്ചുണ്ടാക്കിയ രൂപങ്ങളിൽ നിന്ന് മാറിയ കുമ്മാട്ടിമുഖങ്ങൾ
പിന്നീട് നാകത്തകിടുകളിലായി. നാൽപ്പതുകളിൽ തൃശ്ശൂരിലെ പ്രമുഖ കുമ്മാട്ടി സംഘക്കാരായ കിഴക്കുംമുറി ദേശക്കാര്‍ മരത്തില്‍ കുമ്മാട്ടിമുഖങ്ങള്‍ തീര്‍ത്തു. പ്ലാവിന്റെ വേരും കുമിഴ് മരവുമാണ് മുഖങ്ങളായി.
പാരമ്പര്യംതെറ്റിക്കാതെ വ്രതമെടുത്ത് കുമ്മാട്ടിമുഖമണിയുന്ന കലാകാരന്മാര്‍ ഇപ്പോഴുമുണ്ട്.
കുമ്മാട്ടിപ്പുല്ല്ഇല്ലാതായതോടെയാണ് പര്‍പ്പടകപ്പുല്ല് പകരക്കാരനായത് ഇപ്പോള്‍ പര്‍പ്പടകപ്പുല്ലിനും അന്യ ജില്ലകളില്‍ പോകേണ്ടി വരുന്നു എന്നത് യാഥാർത്ഥ്യം. കുമ്മാട്ടിപുല്ലിന്റെ സുഗന്ധം മണത്തറിഞ്ഞ് കുമ്മാട്ടി പോയ വഴി തിരിച്ചറിയില്ലെങ്കിലും കുമ്മാട്ടി ഒാണത്തിന് വരുമല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

news source:news.kalakaumudi 

About the News

Posted on Saturday, August 25, 2012. Labelled under . Feel free to leave a response

0 comments for "ഒാണത്തിനെന്താകൊമ്പുണ്ടോ?"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive