ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 08, 2012

ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും


ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും
Posted on: 08 Aug 2012
ജി.രാജേഷ്‌കുമാര്‍


കോട്ടയം: വനാതിര്‍ത്തിയിലെ വന്യമൃഗശല്യത്തെ തടയാന്‍ ഫലപ്രദമെന്നു കരുതുന്ന 'സലാക്കാ സലാക്കാ' എന്ന ഇന്തോനേഷ്യന്‍ മുള്‍ച്ചെടി മലയാള മണ്ണില്‍ തഴച്ചുവളരുമെന്ന് തെളിയുന്നു. അടിതൊട്ട് ഇലത്തുമ്പുവരെ ആണിപോലെയുള്ള മുള്ളു നിറഞ്ഞ സലാക്കാ കേരളക്കരയിലൊരു പരീക്ഷണ പദ്ധതിക്ക് പച്ചക്കൊടി കാത്തിരിക്കുകയാണ്. തേന്‍വരിക്കയ്ക്ക് തുല്യം നില്‍ക്കുന്ന രുചിയുള്ള ഇതിന്റെ പഴം അന്താരാഷ്ട്ര വിപണിയില്‍ പ്രിയംകരമാണ്. കാട്ടാന, മാന്‍, കാട്ടുപന്നി, പുലി തുടങ്ങിയ വന്യമൃഗങ്ങളെ നാട്ടിലിറങ്ങുന്നതില്‍നിന്ന് തടയാന്‍ സലാക്കയ്ക്കാവുമെന്നാണ് പ്രതീക്ഷ. ഒപ്പം സലാക്കാപ്പഴം വിപണനംചെയ്ത് മലയോരകര്‍ഷകര്‍ക്ക് പുത്തന്‍ വരുമാനമാര്‍ഗ്ഗവും ഉണ്ടാക്കാം. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടില്‍നിന്നു വിരമിച്ച സീനിയര്‍ ഫോറസ്റ്റ് സയന്‍റിസ്റ്റ് ഡോ.കെ.സി.ചാക്കോയുടെ തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ വീട്ടുമുറ്റത്ത് 17 വര്‍ഷമായി സലാക്കാ സലാക്കായുണ്ട്.ഇന്‍സ്റ്റിട്യൂട്ടിന്റെ വളപ്പിലും ഈ ചെടി വളരുന്നുണ്ട്.

പനയുടെ വര്‍ഗ്ഗത്തില്‍ പെട്ടതാണ് രണ്ടാള്‍പൊക്കംവരെ വളരുന്ന ഈ ചെടി. സലാക്കാ സലാക്കാ എന്നത് ശാസ്ത്രനാമം. രണ്ടരയിഞ്ച് നീളമുള്ള കൂര്‍ത്ത കട്ടിയുള്ള മുള്ളുകള്‍ ഇതിന്റെ എല്ലാഭാഗത്തുമുണ്ട്. ഈ മുള്ളുകള്‍ വന്യമൃഗങ്ങളെ അകറ്റുമെന്ന് ഡോ.ചാക്കോ പറയുന്നു. പനയോലപോലെയുള്ള ഇല ഒടിച്ച് തിന്നാനുള്ള ആദ്യശ്രമത്തില്‍ തന്നെ കാട്ടാനയ്ക്ക് പിന്തിരിയേണ്ടിവരും. ഇലയിലുള്ള ഇടതൂര്‍ന്ന മുള്ളുകള്‍ തന്നെ കാരണം. അരമീറ്റര്‍ ഇടവിട്ട് രണ്ടു വരിയായി ഈ ചെടി വനാതിര്‍ത്തിയില്‍ നട്ടാല്‍ ശക്തമായ ഒരു ജൈവവേലി തീര്‍ക്കാമെന്നത് കാട്ടാനശല്യമൊഴിവാക്കാന്‍ ഒന്നാന്തരം മാര്‍ഗ്ഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇരു വര്‍ഗ്ഗത്തിലുംപെട്ട ചെടികളും പൂക്കും. എന്നാല്‍ പെണ്‍സലാക്കയിലാണ് പഴങ്ങളുണ്ടാവുക. പഴം ഭക്ഷ്യയോഗ്യമാണെന്ന് കെ.എഫ്.ആര്‍.ഐ.ശാസ്ത്രജ്ഞന്‍ ഡോ. പി.സുജനപാല്‍ പറഞ്ഞു. തവിട്ടുനിറമുള്ള പഴത്തിന് സാമാന്യം നല്ലൊരു മാങ്ങയുടെ വലിപ്പമുണ്ടാകും. ഓറഞ്ചിനേക്കാള്‍ പോഷകമൂല്യവുമുണ്ട്. ജനവരി, ഫിബ്രവരി മാസങ്ങളിലാണ് സലാക്കാപ്പഴം വിളയുന്നത്. ഒരു ചെടിയില്‍നിന്ന് രണ്ടുകിലോയോളം വിളവെടുക്കാം.

ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കിലോയ്ക്ക് രണ്ട് ഡോളറിനു (നൂറു രൂപയോളം) മുകളിലാണ് വില. ഈ രാജ്യങ്ങള്‍ സലാക്കാപ്പഴം കയറ്റുമതിചെയ്ത് വിദേശനാണ്യവും ഉണ്ടാക്കുന്നുണ്ട്.

പീച്ചിയില്‍ നട്ട ചെടിയിലുണ്ടായ പഴങ്ങള്‍ ജീവനക്കാര്‍ കഴിച്ചിരുന്നു. ഡോ.ചാക്കോയുടെ വീട്ടുമുറ്റത്തുള്ളത് ആണ്‍സസ്യമാണ്. അദ്ദേഹം 1995ല്‍ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ കടയില്‍നിന്നു വാങ്ങിയ പഴത്തിന്റെ വിത്തുകളാണ് പീച്ചിയിലും തൃശ്ശൂരിലും ചെടികളായി നില്‍ക്കുന്നത്.

ആര്‍ദ്രമായ കാലാവസ്ഥയാണ് ചെടിക്കനുയോജ്യം. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂര്‍, തൃശ്ശൂര്‍,തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളില്‍ സമൃദ്ധമായി വളരും. വരണ്ടപ്രദേശങ്ങള്‍ അത്രയ്ക്ക് അനുകൂലമല്ല. 2009 ല്‍ അന്നത്തെ വനംവകുപ്പുമന്ത്രി ബിനോയ് വിശ്വം നിയമസഭയില്‍ സലാക്കായെപ്പറ്റി പറഞ്ഞിരുന്നു. വനംവകുപ്പുദ്യോഗസ്ഥരാണ് മന്ത്രിക്ക് ഇതേപ്പറ്റി വിവരം നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഏതെങ്കിലും വനാതിര്‍ത്തിയില്‍ സലാക്കാ നടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ചെടി നടുന്നതിനെപ്പറ്റി വകുപ്പില്‍ പലവട്ടം ചര്‍ച്ച നടന്നതൊഴിച്ചാല്‍ നടപടികള്‍ ഒന്നുമുണ്ടായില്ല.

ഒരു വിദേശച്ചെടി കേരളമണ്ണില്‍ വന്നാല്‍ ഇവിടത്തെ പരിസ്ഥിതിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അന്ന്ചര്‍ച്ചകള്‍ തട്ടിയുടക്കിനിന്നത്. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് തൃശ്ശൂരിലും പീച്ചിയിലും ചെടികള്‍ സാക്ഷ്യം നല്‍കുന്നു.

News, source and credits to Mathrubhumi online

About the News

Posted on Wednesday, August 08, 2012. Labelled under , . Feel free to leave a response

0 comments for "ഇന്തോനേഷ്യന്‍ചെടി നട്ടാല്‍ കാട്ടാന ഓടും"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive