ഗുരുദേവജയന്തി ഇന്ന്; നാടൊരുങ്ങി : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 31, 2012

ഗുരുദേവജയന്തി ഇന്ന്; നാടൊരുങ്ങിതൃപ്രയാര്‍: ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന് തീരദേശം ഒരുങ്ങി. വാഹന ഘോഷയാത്ര, ഗുരുപൂജ, ചതയദിന ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവയോടെയാണ് ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ ഗുരുജയന്തി ആഘോഷിക്കുക.

എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിന് വലപ്പാട് ചന്തപ്പടിയില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. 44 ശാഖകളില്‍നിന്നുള്ള ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ അണിനിരക്കും. നാട്ടിക ശ്രീനാരായണഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ഘോഷയാത്ര സമാപിക്കും.

നാട്ടികയിലെ വിവിധ നാരായണീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള ഗുരുദേവജയന്തി ആഘോഷം രാവിലെ ഏഴിന് ഗുരുമന്ദിരത്തില്‍ ഗുരുപൂജയോടെ തുടങ്ങും. തുടര്‍ന്ന് ആചാരവെടികളുടെ അകമ്പടിയോടെ പീതപതാക ഉയര്‍ത്തും. എട്ടിന് വിവധ ഭാഗങ്ങളിലേയ്ക്കുള്ള വാഹന ഘോഷയാത്ര തുടങ്ങും. രണ്ടിന് ഗുരുമന്ദിരാങ്കണത്തില്‍ പഞ്ചവാദ്യവും ശിങ്കാരിമേളവും നടക്കും. മൂന്നിന് ദേശീയപാതയിലൂടെ തെക്കോട്ട് നീങ്ങുന്ന ഘോഷയാത്ര എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്റെ ഘോഷയാത്രയോടൊപ്പം ചേരും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

എസ്.എന്‍.ഡി.പി. യോഗം തളിക്കുളം അമ്പലനട ശാഖയില്‍ രാവിലെ 8.30ന് ഗുരുപൂജ, ഒമ്പതിന് ഗുരുസ്മരണ, 9, 15ന് വാഹന ഘോഷയാത്ര എന്നിവ നടക്കും. 11.30ന് നടക്കുന്ന സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് വിദ്യാഭ്യാസ അവാര്‍ഡുകളും ചതയാഘോഷ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിക്കും.

എസ്.എന്‍.ഡി.പി. യോഗം തൃപ്രയാര്‍ ശാഖയുടെ നേതൃത്വത്തില്‍ രാവിലെ 7.30ന് ഗുരുമന്ദിരത്തില്‍ ഗുരുപൂജ നടക്കും. എട്ടിന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രനടയില്‍നിന്ന് വാഹന ഘോഷയാത്ര തുടങ്ങും.

എസ്.എന്‍.ഡി.പി. യോഗം തൃത്തല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ രാവിലെ എട്ടിന് തൃത്തല്ലൂര്‍ യു.പി. സ്‌കൂളില്‍ ഗുരുപൂജയും തുടര്‍ന്ന് പതാക ഉയര്‍ത്തലും നടക്കും. 8.30ന് തുടങ്ങുന്ന വാഹന ഘോഷയാത്ര ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.എസ്. പ്രദീപ് ധര്‍മപതാക സ്വീകരിക്കും. പ്രകാശ് കടവില്‍ അധ്യക്ഷനാകും. കെ.എസ്. ദീപന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിക്കും.

പഴഞ്ഞിയില്‍

പഴഞ്ഞി: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെറുതുരുത്തി തുപ്പേശ്വരം ക്ഷേത്രത്തില്‍ 31ന് രാവിലെ 8ന് ധര്‍മ്മപതാക ഉയര്‍ത്തല്‍, ഗുരുദേവവ കൃതികളുടെ പാരായണം, ഗുരുപൂജ, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

കാരമുക്ക്: ഗുരുദേവന്‍ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ ഗുരുദേവജയന്തി ആഘോഷങ്ങള്‍ വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍, 7ന് വിളംബര ഘോഷയാത്ര, 10ന് ഗുരുപൂജ, 1.30 മുതല്‍ അലങ്കരിച്ച വാഹനങ്ങള്‍ക്ക് സ്വീകരണം, സമ്മാനദാനം എന്നിവ നടക്കും.

കയ്പമംഗലം: ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. ചളിങ്ങാട് 3581 ശാഖയില്‍ രാവിലെ 9ന് പ്രസിഡന്റ് കെ.കെ. മോഹനന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രാര്‍ത്ഥനയും പ്രസാദവിതരണവും ഉണ്ടാകും.


ചാലക്കുടിയില്‍
ചാലക്കുടി: ചാലക്കുടി ഗായത്രി ആശ്രമത്തില്‍ രാവിലെ പതാക ഉയര്‍ത്തല്‍, ശാന്തി ഹവനം, ശ്രീനാരായണ അഷേ്ടാത്തശതനാമാവലി, അര്‍ച്ചന, എന്നിവയുണ്ടാകും. 12ന് സുകുമാരാനന്ദ സ്വാമി ഗുരുജയന്തി സന്ദേശം നല്‍കും.

മാമ്പ്ര, വെസ്റ്റ് കൊരട്ടി, ഈസ്റ്റ് മാമ്പ്ര, വാളൂര്‍ എരയാംകുടി എന്നീ എസ്.എന്‍.ഡി.പി. ശാഖകളുടെയും ശ്രീനാരായണ ട്രസ്റ്റിന്റെയും ഗുരുജയന്തി ആഘോഷം വെള്ളിയാഴ്ച മാമ്പ്ര എസ്.എന്‍.ഡി.പി. ശാഖയില്‍ നടക്കും. 2.30ന് ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം തൃശ്ശൂര്‍ റൂറല്‍ എസ്.പി. പി.എച്ച്. അഷറഫ് ഉദ്ഘാടനം ചെയ്യും.


കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂര്‍: എസ്.എന്‍.ഡി.പി. യോഗം കൊടുങ്ങല്ലൂര്‍ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ ജയന്തി ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. തെക്കേ മൈതാനിയിലെ ഡോ. പല്‍പ്പുനഗറില്‍ 9ന് പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക. കോട്ടപ്പുറം മുതല്‍ പെരിഞ്ഞനം വരെയുള്ള 80ഓളം ശാഖകളില്‍ രാവിലെ പതാക വന്ദനം, ഗുരുസ്മരണ, പ്രഭാഷണം, ഘോഷയാത്ര, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. തുടര്‍ന്ന് വൈകീട്ട് 4ന് ചന്തപ്പുര നെടിയതളി ക്ഷേത്രത്തില്‍നിന്ന് പൊതുഘോഷയാത്ര ആരംഭിക്കും. ഓരോ ശാഖയില്‍നിന്നും പീതപതാകകള്‍ ഏന്തിയവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. കാവിടി, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ജാഥയില്‍ അണിനിരക്കും. തുടര്‍ന്ന് കാവില്‍ തെക്കേ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും.

എറിയാട് വൈദ്യര്‍ ജംങ്ഷന്‍ ശ്രീനാരായണ സേവാസമിതിയുടെ ആഭിമുഖ്യത്തിലുള്ള ജയന്തി ആഘോഷങ്ങളും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും വള്ളോംപറമ്പത്ത് പണിക്കശ്ശേരി ക്ഷേത്രമൈതാനിയില്‍ നടക്കും.

news source: Mathrubhumionline

About the News

Posted on Friday, August 31, 2012. Labelled under , . Feel free to leave a response

0 comments for "ഗുരുദേവജയന്തി ഇന്ന്; നാടൊരുങ്ങി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive