മൂന്നര ദശാബ്ദത്തിന് ശേഷം മേക്കാവിന്റെ മുറ്റത്ത് ദേശപ്പാനയുടെ പ്രഹര്‍ഷം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 15, 2012

മൂന്നര ദശാബ്ദത്തിന് ശേഷം മേക്കാവിന്റെ മുറ്റത്ത് ദേശപ്പാനയുടെ പ്രഹര്‍ഷം



ചേര്‍പ്പ്: ഭദ്രകാളീ പ്രീതിക്കായി 35 വര്‍ഷം മുമ്പുവരെ മേക്കാവ് ഭഗവതിക്ഷേത്രത്തില്‍ നടന്നിരുന്ന ദേശപ്പാനയ്ക്ക് പുനര്‍ജീവന്‍. കൊട്ടും പാട്ടും നൃത്തവും കളം വരയ്ക്കലുമൊക്കെയുള്ള ദേശപ്പാന ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തുടക്കമായി. 'കൊട്ടിച്ചകം പൂകല്‍' എന്ന ചടങ്ങോടെയാണ് 20 മണിക്കൂര്‍ നീളുന്ന ദേശപ്പാനയ്ക്ക് തുടക്കമായത്.

ദേവിയെ ക്ഷേത്രത്തില്‍നിന്നും എഴുന്നള്ളിച്ച് പുറത്തെ പന്തലിലേക്ക് ആനയിച്ചു. ഭഗവതിയുടെ മുദ്രകളായ പള്ളിവാള്‍, ചിലമ്പ്, അരമണി, കൂറ എന്നിവ കുത്തുവിളക്കിന്റെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ പാനപ്പന്തലിലേക്ക് ആനയിച്ചു. ഭക്തര്‍ അരിയും പൂവും എറിഞ്ഞ് എതിരേറ്റു. കോമരം എഴുന്നള്ളിനില്‍ക്കുമ്പോള്‍ പാണ്ടിമേളത്തിന് തുടക്കമായി. മേളപ്രമാണിമാരായ പെരുവനം കുട്ടന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, പഴുവില്‍ രഘുമാരാര്‍, തലോര്‍ പീതാംബരന്‍, കിഴൂട്ട് നന്ദനന്‍, കുമ്മത്ത് രാമന്‍കുട്ടിനായര്‍, മണിയംപറമ്പില്‍ മണി എന്നിവര്‍ നേതൃത്വം നല്‍കിയ പാണ്ടി പെരുവനം - മേക്കാവ് ക്ഷേത്രങ്ങള്‍ക്ക് മധ്യേയുള്ള മനോഹര പന്തലില്‍ വാദ്യഗോപുരം തീര്‍ത്തു. പാണ്ടിമേളത്തിനു ശേഷം പാനപ്പന്തലില്‍ പറനിറയ്ക്കലിന് തുടക്കം കുറിച്ചു. ദേശപ്പാനയ്ക്ക് നേതൃത്വം നല്‍കുന്ന കലാകാരന്‍ കുമ്മത്ത് അപ്പുനായരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

തുടര്‍ന്ന്, പൂജകള്‍ക്ക് തുടക്കമായി. പാനയ്ക്ക് മാത്രമായി ഉപയോഗിക്കുന്ന പറച്ചെണ്ടകളില്‍ പൂവും അക്ഷതവും ചന്ദനവും ധൂപവും ദീപവും കൊണ്ട് ആരാധന നടത്തുന്ന കുറ്റിപൂജയായിരുന്നു ആദ്യം. അന്നദാനത്തിന് നിരവധി ഭക്തര്‍ എത്തി. ശേഷം പന്തലില്‍ കൂറയിട്ട് അരങ്ങ് വിതാനിച്ചു. പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് അഷ്ടകോണ്‍ പീലിക്കണ്ണായി കളംവരച്ച് നടുവില്‍ ഏഴിലംപാല നാട്ടി പീഠംവെച്ച് തിരുമറപ്പട്ട് കെട്ടി. ശേഷം അന്നമനട പരമേശ്വരമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം തുടങ്ങി. വിദഗ്ധര്‍ നിരന്ന വാദ്യം പൂരത്തിന്റെ സന്നിധിയില്‍ മറ്റൊരു വസന്തം തീര്‍ത്തു.

ശേഷം, ചെറുശ്ശേരി വിഷ്ണു, ആനന്ദ് എന്നിവരുടെ ഇരട്ടത്തായമ്പക അരങ്ങേറി. രാത്രി വിവിധ മേളങ്ങളോടെ ശൈവപൂജ, ദിക്ക് പൂജ, തിരിയുഴിച്ചില്‍, പൂങ്കുലനൃത്തം എന്നിവ നടന്നു. ബുധനാഴ്ച കാലത്ത് വാഴപ്പോളമണ്ഡപം പൊളിച്ചുകളഞ്ഞ്, കൊട്ടി അവസാനിക്കുന്നതോടെ പാന സമാപിക്കും.

news,source & credits: mathrubhumionline 

About the News

Posted on Wednesday, August 15, 2012. Labelled under , . Feel free to leave a response

1 comments for "മൂന്നര ദശാബ്ദത്തിന് ശേഷം മേക്കാവിന്റെ മുറ്റത്ത് ദേശപ്പാനയുടെ പ്രഹര്‍ഷം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive