താലിമാലയ്ക്കും വേണോ കസ്റ്റംസ് ഡ്യൂട്ടി : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, August 15, 2012

താലിമാലയ്ക്കും വേണോ കസ്റ്റംസ് ഡ്യൂട്ടി


നിയമവുംചട്ടവുമൊക്കെ പലപ്പോഴും സാധാരണ പൗരന്മാരെ ദ്രോഹിക്കുന്നതിനുവേണ്ടി തയ്യാറാക്കിയതാണോ എന്നു സംശയിച്ചുപോകുന്ന സന്ദർഭങ്ങൾ വരാറുണ്ട്. കോഴഞ്ചേരിയിലെ ഞങ്ങളുടെ ഒരു വായനക്കാരിയായ ശ്രീമതി നിഷാ സന്തോഷ് പത്രാധിപർക്ക് അയച്ച ഒരു കത്ത് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രണ്ടു പെൺകുട്ടികളുടെ അമ്മയായ ഇവർ കത്തിലൂടെ ഉന്നയിച്ചത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമായിത്തോന്നി. അവധിക്ക് സ്വന്തം നാട്ടിലേക്ക് പ്രവാസികളായ വീട്ടമ്മമാർ കഴുത്തിൽ ഒരു താലിമാല പോലും കൂടാതെ വരേണ്ടിവരുന്ന ദുർഗതിയെക്കുറിച്ചാണ് കത്തിൽ അവർ എഴുതിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ സ്വർണ നിയന്ത്രണച്ചട്ടങ്ങൾ അത്രകണ്ട് കർക്കശമാക്കിയിരിക്കുന്നു. ഇരുപതിനായിരം രൂപയിൽ കൂടുതൽ വിലവരുന്ന സ്വർണമോ സ്വർണാഭരണമോ വിദേശത്തുനിന്ന് വരുന്നവർ അണിഞ്ഞിട്ടുണ്ടെങ്കിൽ അതിന് കസ്റ്റംസ് തീരുവ അടയ്ക്കേണ്ടിവരുന്ന വിചിത്രമായ ചട്ടം നിലവിൽ വന്നിട്ട് കുറെനാളായി. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞദിവസം വില 22400 രൂപയായിരുന്നു എന്ന് ഓർക്കുക. ഇതിനെതിരെ പ്രവാസികളും അവരുടെ സംഘടനകളും ശബ്ദമുയർത്താൻ തുടങ്ങിയിട്ടും മാസങ്ങൾ പലതായി. ഡൽഹിയിൽ അടുത്തകാലത്തു നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തിലും പ്രവാസികളായ സ്‌ത്രീജനങ്ങൾ നേരിടുന്ന ഈ ദുർഗതി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. അനുകൂല തീരുമാനം ഉടനേ എടുക്കാമെന്ന് പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയും ഇന്നത്തെ രാഷ്‌ട്രപതിയുമായ പ്രണബ് മുഖർജിയും ഉറപ്പു നൽകിയതാണ്. രാഷ്‌ട്രീയക്കാരുടെ പതിവ് ഉറപ്പിനപ്പുറം അതിന് യാതൊരു വിലയുമില്ലെന്ന് പ്രവാസികൾക്ക് പിന്നീട് ബോദ്ധ്യമാവുകയും ചെയ്തു. ഒരു പവന്റെ മാലയിൽ കോർത്ത കെട്ടുതാലിയിട്ടു വരുന്നവരെല്ലാം അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെല്ലാം കസ്​റ്റംസ് ഉദ്യോഗസ്ഥന്മാരുടെ മുൻപിൽ ചൂളിപ്പിടിച്ചു നിൽക്കേണ്ട ഗതികേടാണ് വന്നുചേർന്നിരിക്കുന്നത്. കസ്​റ്റംസുകാർക്ക് അളവറ്റ തോതിൽ കൈക്കൂലി മേടിക്കാൻ ഒരു വഴികൂടി തുറന്നുകിട്ടി എന്നതിനപ്പുറം നാട്ടിലെ സാഹചര്യങ്ങൾക്ക് നിരക്കാത്ത ഇത്തരമൊരു ചട്ടം കൊണ്ടുവന്നതിലൂടെ കേന്ദ്ര സർക്കാരിന് എന്തു നേട്ടമാണുണ്ടായതെന്ന് മനസ്സിലാകുന്നില്ല.

ഇടക്കാലത്ത്സ്വർണ ഇറക്കുമതി ഉദാരമാക്കിയതോടെ സ്വർണക്കള്ളക്കടത്ത് പൂർണമായും അവസാനിച്ച മട്ടായിരുന്നു. എന്നാൽ ഇപ്പോൾ ചട്ടം വീണ്ടും കർക്കശമായതോടെ രാജ്യത്ത് സ്വർണവില അനുദിനം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, മുൻപുണ്ടായിരുന്നതിനെക്കാൾ വിപുലമായ തോതിൽ കള്ളക്കടത്തും തുടങ്ങിയിരിക്കുന്നു. ഒളിപ്പിച്ചും കസ്റ്റംസുകാരുടെ ഒത്താശയോടെയും വൻതോതിൽ സ്വർണം രാജ്യത്ത് എത്തുന്നുണ്ടെന്നതിന് കസ്റ്റംസുകാരുടെ പക്കൽത്തന്നെ തെളിവുകളുണ്ട്. ഈയടുത്ത ദിവസം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഒരു പ്രവാസി ഒരുമാസത്തിനിടെ ഇരുപതു തവണയാണ് വിദേശയാത്ര നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിനുവേണ്ടിയായിരുന്നു യാത്ര.
അഞ്ചുകിലോവരെ സ്വർണം സർക്കാർ നിർദ്ദേശിക്കുന്ന നികുതി അടച്ച് കൊണ്ടുവരാൻ നേരത്തേ സൗകര്യമുണ്ടായിരുന്നു. പരിമിതമായ തോതിൽ ആഭരണങ്ങളണിഞ്ഞുവരുന്ന സ്‌ത്രീയാത്രക്കാർക്ക് ഡ്യൂട്ടി അടയ്ക്കാതെ തന്നെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ചട്ടം മാറ്റി എഴുതിയതോടെ സ്ഥിതിയാകെ മാറിയിരിക്കുകയാണ്. പുതിയ ചട്ടത്തെക്കുറിച്ച് അറിയാത്തവരും ധാരാളമുണ്ടെന്ന് വിമാനത്താവളങ്ങളിൽ ചെന്നാൽ അറിയാം. ആഭരണങ്ങളിട്ട് വിമാനമിറങ്ങുന്നവർ കസ്റ്റംസ് പരിശോധകരുടെ മുമ്പിലെത്തുമ്പോഴാണ് വെള്ളിടികൊണ്ടെന്നതുപോലെ നിന്നുപോകുന്നത്. കനത്ത നികുതി കെട്ടിവച്ച ശേഷമല്ലാതെ പുറത്തിറങ്ങാൻ അവർക്കു കഴിയാറില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്​ക്ക് ഉത്തേജനം പകരുന്നതിൽ പ്രവാസികളുടെ സംഭാവനയെപ്പറ്റി ഭരണാധികാരികൾ എപ്പോഴും വാചാലരാകാറുണ്ട്. വാക്കുകൾക്ക് ഒരുവിധ പിശുക്കും കാണിക്കുകയുമില്ല. എന്നാൽ രണ്ടും മൂന്നും അതിലധികവും വർഷം കൂടുമ്പോൾ അവധിക്കോ ജോലിമതിയാക്കിയോ നാട്ടിലെത്തുന്ന പ്രവാസികളോട് വിമാനക്കമ്പനികളും കസ്റ്റംസുകാരും കാണിക്കുന്ന ധിക്കാരവും അവഹേളനവും മനുഷ്യത്വപരമല്ലാത്ത സമീപനവും അന്നും ഇന്നും ഒരുപോലെയാണ്.

വിദേശബാങ്കുകളിൽ രഹസ്യ സമ്പാദ്യങ്ങളുള്ള രാഷ്‌ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ബിസിനസുകാരുടെയും കഥകൾ നാട്ടുകാർക്കൊക്കെ അറിയാം. ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള കള്ള സമ്പാദ്യത്തിന്റെ കൃത്യമായ കണക്കുപോലും സർക്കാരിന്റെ പക്കലില്ലെന്നാണ് പറയുന്നത്. ഏറ്റവും ഒടുവിൽ വന്ന ഔദ്യോഗിക കണക്കുപ്രകാരം അത് 54000 കോടി രൂപയാണത്രെ. എന്നാൽ അനൗദ്യോഗിക കണക്കനുസരിച്ച് അതിന്റെ പലമടങ്ങുവരും. കഴിഞ്ഞവർഷം രാജ്യത്തെ വൻകിട വ്യവസായികൾക്കും കയറ്റുമതിക്കാർക്കുമായി ബഡ്ജറ്റ് വഴി കേന്ദ്രം രണ്ടു ലക്ഷത്തോളം കോടി രൂപയുടെ ഇളവുകളാണ് നൽകിയത്. അഴിമതിക്കെതിരെ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം തുടക്കത്തിൽത്തന്നെ അതിസമർത്ഥമായി തകർക്കാൻ സർക്കാരിനു കഴിഞ്ഞു. ഇത്തരത്തിൽ നാട്ടിലെമ്പാടും അഴിമതിയും കള്ളക്കടത്തും തഴച്ചുവളരുമ്പോഴും ഏതാനും പവൻ ആഭരണങ്ങളുമായിട്ടെത്തുന്ന സ്‌ത്രീകളെ വിമാനത്താവളത്തിൽ കസ്റ്റംസുകാരുടെ ഭേദ്യംചെയ്യലിനു വിട്ടുകൊടുക്കാൻ ഉത്തരവിട്ടവരുടെ കള്ള സമ്പാദ്യത്തെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. പ്രവാസികാര്യ വകുപ്പിന്റെ അമരത്ത് ഒരു മലയാളി ആയിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായില്ലെന്നു വരുന്നത് അത്യധികം ദുഃഖകരമാണ്. കോഴഞ്ചേരിയിൽ നിന്നുള്ള നിഷാ സന്തോഷ് കത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന വികാരം പ്രവാസികളുടെ മൊത്തം വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്.


news,credits & thanks: keralakaumudi

About the News

Posted on Wednesday, August 15, 2012. Labelled under , . Feel free to leave a response

0 comments for "താലിമാലയ്ക്കും വേണോ കസ്റ്റംസ് ഡ്യൂട്ടി "

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive