ഓണം വന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, August 21, 2012

ഓണം വന്നുഓണനാളുകൾ വന്നെത്തി.  അത്തം (2012 ആഗസ്റ്റ് 21)​. അതിന് പത്താംനാൾ തിരുവോണം. നാളെ മുതൽ അത്തപ്പൂക്കളങ്ങൾ ഉണരുകയായി.മലയാളിയ്ക്ക്‌ അധികം കിട്ടിയ വസന്തകാലമാണ്‌ ഓണക്കാലം. വസന്തത്തിന്റെ എല്ലാ ഭാവങ്ങളും പ്രകൃതി എടുത്തണിയുന്ന കാലം. പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും... എല്ലാമെല്ലാം വീണ്ടും ഓര്‍മകളിലും അനുഭവങ്ങളിലും നിറയുന്ന ഓണക്കാലം പടിവാതില്‍ക്കലെത്തിയിരിക്കുന്നു. മലനാട്ടുകാരില്‍ പകരം വയ്ക്കാനാവാത്ത ഗൃഹാതുരസ്‌മരണകളുണര്‍ത്തിക്കൊണ്ടാണ്‌ ഓരോ ഓണവും പൂവിതറിയെത്തുന്നത്‌... ഇന്ദ്രിയങ്ങള്‍ക്ക്‌ ഉത്‌സവമൊരുക്കി ഈ നാടിന്റെ ശ്വാസ താളങ്ങളില്‍ അത്‌ നിറയുകയായി.സമത്വത്തിന്റെ മഹത്വം ലോകരില്‍ നിറയ്ക്കുന്ന ഉദാത്തമായ ഉത്‌സവമാകുന്നു ഓണം. ഓണത്തിന്‌ പിന്നിലുളള ഐതിഹ്യമായ മഹാബലി~വാമനകഥ വിശ്വാസങ്ങള്‍ക്കപ്പുറം അതി മഹത്തായ തത്ത്വചിന്താവാഹി കൂടിയാകുന്നു. അത്‌ വിദൂര ഭൂതകാലത്തിലെന്നോ സമ്പല്‍സമൃദ്ധിയോടെ, പ്രജാക്ഷേമ തത്‌പരനായി നാടു വാണ ഒരു രാജാവിന്റെ പ്രഭ പടര്‍ത്തുന്നു. കള്ളവും ചതിയുമില്ലാത്ത ആ ആദര്‍ശ ഭൂതകാലം ഓരോ മനുഷ്യന്റേയും സ്വപ്‌നമാകുന്നു. ഒരു മാതൃകാ ഭരണാധികാരിയെപ്പറ്റിയുളള മനുഷ്യന്റെ സങ്കല്‍പം, സ്വപ്‌നം മഹാബലിയില്‍ ഘനീഭവിച്ചിരിക്കുന്നു. എളിമയുടെ വലിപ്പം വാമനന്റെ അവതാരകഥയില്‍ തന്നെ ദര്‍ശിക്കാം. അഖണ്ഡനീയമായ പ്രപഞ്ചവിധിയുടെ പ്രസരണം കൂടി ആ ഐതിഹ്യത്തില്‍ നിന്ന്‌ അനുഭവിച്ചറിയാം.

ഓണം മലനാടിന്റെ കാര്‍ഷികോത്‌സവമാണ്‌. വിളവെടുപ്പിന്റെ സമൃദ്ധിയാണ്‌ ഓണത്തിന്റെ ഗരിമ. പ്രകൃതി ജീവനത്തിന്റെ നൈസര്‍ഗ്ഗികത കൊണ്ടാടിയ പഴയകാല സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്‌ ഓരോ ഓണക്കാലവും സമ്മാനിക്കുന്നത്‌.ഗ്രാമങ്ങളിലാണ്‌ ഓണാന്തരീക്ഷവും സ്വാഭാവിക ഓണാഘോഷ പരിപാടികളും. നഗരങ്ങളില്‍ പതിവുപോലെ വിപണി ഓണമാണ്‌. പൂക്കളമിടാന്‍ പൂക്കളും ആള്‍ക്കാരും പണം കൊടുത്താല്‍ കിട്ടുന്നിടം. ഓണാന്തരീക്ഷവും വിപണിയും ഉണര്‍ത്താന്‍ ഇവന്റ്‌ മാനേജ്‌മെന്റുകാര്‍. ഓണസദ്യ ഒരുക്കാന്‍ കേറ്ററിംഗ്‌ സര്‍വ്വീസുകാരും ഹോട്ടലുകാരും.തെരുവോരങ്ങളില്‍ പണം പിരിച്ചെടുത്ത്‌ പൂക്കളങ്ങളിടാന്‍ സംഘടനകളും ക്ലബ്ബുകളും മത്‌സരിക്കുന്നു. സര്‍ക്കാര്‍ തലത്തിലും ബാങ്കുകളും മറ്റും പൂക്കള മത്‌സരങ്ങള്‍ ഒരുക്കുന്നു. ടി.വി ചാനലുകള്‍ സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച്‌ പ്രത്യേക കലാപരിപാടികളും സിനിമകളും സംപ്രേഷണം ചെയ്‌ത്‌ പ്രേക്ഷകരെ സ്വന്തമാക്കാന്‍ മത്‌സരിക്കുന്നു. ഗാര്‍ഹികോപകരണ വിപണിയും വാഹന വിപണിയുമെല്ലാം ഓണക്കൊയ്‌ത്തിന്‌ സൌജന്യ പദ്ധതികളുമായി രംഗത്തുണ്ട്‌. കാലാനുസൃതമാറ്റം വന്ന ഓണാഘോഷ സവിശേഷതകളാണതെല്ലാം.മലയാളികളുടെ പുഷ്‌പോത്‌സവ വേള കൂടിയാണ്‌ ഓണം. അത്തം നാളില്‍ ഓണപ്പൂക്കളങ്ങള്‍ക്ക്‌ തുടക്കമാകും.മണ്ണുകൊണ്ട്‌ വൃത്താകൃതിയിലുള്ള തട്ടുകളായാണ്‌ പൂക്കളം ഒരുക്കേണ്ടത്‌. മുകളിലേയ്ക്ക്‌ വരുംവണ്ണം പത്ത്‌ തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ്‌ വിശ്വാസം~ ഒന്നാം തട്ടില്‍ മഹാവിഷ്‌ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്‍, മൂന്നാമത്തേതില്‍ അഷ്‌ടദിക്‌പാലകര്‍, നാലാമത്തേതില്‍ ഗുരുക്കള്‍, അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍, ആറാമത്തേതില്‍ സുബ്രഹ്‌മണ്യന്‍, ഏഴാമത്തേതില്‍ ബ്രഹ്‌മാവ്‌, എട്ടാമത്തേതില്‍ ശിവന്‍ ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി~ എന്നിങ്ങനെ(ഇതില്‍ ചില വ്യത്യാസങ്ങളും പ്രാദേശികമായി ഉണ്ടാകാം)തറ ചാണകം മെഴുകി ശുദ്ധമാക്കിയ ശേഷമാണ്‌ ഓണപ്പൂക്കളം തയ്യാറാക്കേണ്ടത്‌. പൂക്കളത്തിന്‌ സമീപം തൃക്കാക്കരയപ്പനെയും മാതേവരേയും പ്രതിഷ്‌ഠിക്കും.പൂക്കളത്തിന്‌ ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചിട്ടവട്ടങ്ങളുണ്ട്‌. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധം. ഒന്നാം ദിവസം തുമ്പപ്പൂമാത്രമാണ്‌ പൂക്കളത്തിന്‌, തുളസിക്കതിര്‍ നടുക്കും. രണ്ടാം ദിവസം വെളുത്തപൂവ്‌ മാത്രമേ പാടുള്ളൂ. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു.തിരുവോണ നാളില്‍ കാശിത്തുമ്പയാണ്‌ പ്രധാനം. അഞ്ചിതള്‍ത്തെറ്റി, ഉപ്പിളിയന്‍, പെരിങ്ങലം, മുക്കുറ്റി, കണ്ണാന്തളി, എന്നീ പൂക്കള്‍ ഓണപ്പൂക്കളത്തിന്‌ ഉപയോഗിച്ചു പോരുന്നവയാണ്‌.മുമ്പ്‌ കുട്ടികള്‍ പറമ്പുകളില്‍ നിന്ന്‌ ശേഖരിച്ചു കൊണ്ടുവരുന്ന പൂക്കള്‍ കൊണ്ടാണ്‌ പൂക്കളമിട്ടിരുന്നത്‌. ഇപ്പോള്‍ അത്തരത്തില്‍ പൂക്കളിറുക്കാന്‍ പാകമായ പറമ്പുകള്‍ അപൂര്‍വ്വമാണ്‌. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും നിന്നുള്ള പൂക്കളാണ്‌ മലയാളികള്‍ വാങ്ങി ഓണപ്പൂക്കളമിടുന്നത്‌. കാലം മാറിയതോടെ ഓണവും വാങ്ങുന്നതായി. ഗണപതിയുടെ ശിരസ്സില്‍ മഞ്ഞപ്പൂവാണ്‌ അലങ്കരിച്ചുകുത്തി വയ്ക്കേണ്ടത്‌.പൂക്കള്‍ കൊണ്ട്‌ ആദ്യദിവസം ഒരു വരി അലങ്കരിക്കും. രണ്ടാം ദിവസം രണ്ടുവരികള്‍ അങ്ങനെ ക്രമേണ പത്താം ദിവസം, തിരുവോണനാളില്‍ പത്തുവരിപ്പൂക്കള്‍ കളം നിറഞ്ഞുനില്‍ക്കും. പൂക്കളത്തില്‍ ചെമ്പരത്തിപ്പൂ ഈര്‍ക്കിലില്‍ കോര്‍ത്ത്‌ കുട കുത്തി നിര്‍ത്തും. ആദ്യദിവസം ഒരു കുട, രണ്ടാം ദിവസം രണ്ട്‌ എന്നിങ്ങനെ ക്രമത്തില്‍ പത്താം നാള്‍ പത്തുകുടകള്‍ അലങ്കരിക്കണം.അത്തപ്പൂക്കളത്തിന്‌ നടുവില്‍ മണ്ണുകൊണ്ട്‌ ശിവലിംഗരൂപം പോലെയുണ്ടാക്കി ഓണത്തപ്പനായി സങ്കല്‍പിച്ച്‌ ചുറ്റിനും പൂക്കളമൊരുക്കാറുണ്ട്‌ ചിലയിടങ്ങളില്‍. ഭദ്രകാളി ഭര്‍ത്താവിനെ കാണാനെത്തുന്ന വേള എന്ന ഓണസങ്കല്‍പമാണിതിന്‌ പിന്നിലെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌.തിരുവോണത്തിന്‌ അത്തപ്പൂക്കളം ഇളക്കുന്ന ചടങ്ങുണ്ട്‌. അന്ന്‌ അട നിവേദിക്കും. അത്‌ അമ്പെയ്‌ത്‌ എടുക്കണമെന്നാണ്‌ ചട്ടം.പൂക്കളത്തില്‍ ഓണത്തപ്പനെ മൂടാനായി തുമ്പപ്പൂവും തുമ്പയില അരിഞ്ഞതും ചേര്‍ന്നുള്ള തുമ്പക്കുടം ഉപയോഗിക്കാറുണ്ട്‌. ശൈവാരാധനയിലാണ്‌ തുമ്പക്കുടം പ്രധാനം.അത്തമിങ്ങെത്തിക്കഴിഞ്ഞു... ഇനി പൂവിളിയുടെ പ്രഭാതങ്ങള്‍... കേരളീയ മുറ്റങ്ങളിലേയ്ക്ക്‌ പ്രകൃതിദേവത ബഹുവര്‍ണ്ണങ്ങളില്‍ ഇറങ്ങിവരുന്ന പൊന്നോണക്കാലം... 


news source: news.keralakaumudi

About the News

Posted on Tuesday, August 21, 2012. Labelled under , . Feel free to leave a response

3 comments for "ഓണം വന്നു "

  1. അത്തം പത്തിനല്ല, ഒന്‍പതാം നാള്‍ തിരുവോണം.... :-)

  2. itthavana angineyanu 9 divasam mathram
    karanam pooradavum uthradvavum onnichu varunnathukondu 28th appol thiruvonam ON 29TH

  3. HAPPY ONAM TO ALL IN ADVANCE !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive