ഈ അടുപ്പ് കത്താന്‍ മാലിന്യം മതി : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, August 03, 2012

ഈ അടുപ്പ് കത്താന്‍ മാലിന്യം മതിതൃശ്ശൂര്‍: ആനക്കല്ല് സെന്ററിലെ ഓട്ടോ ഡ്രൈവറായ കുന്നത്തുവളപ്പില്‍ വീട്ടില്‍ സുധീര്‍ (50) എന്ന പഴയ പത്താം ക്ലാസുകാരന്റെ പുതിയ കണ്ടുപിടുത്തം ഒരുപക്ഷെ നാടിന് വലിയൊരു ആശ്വാസമായേക്കാം. മാലിന്യത്തെ എങ്ങനെ വിലപിടിപ്പുള്ള ഇന്ധനമാക്കാം എന്ന് ലളിതമായി വെളിപ്പെടുത്തുകയാണ് സുധീര്‍. മാലിന്യം ഇന്ധനമാക്കി ഉപയോഗിക്കാന്‍ തക്ക അടുപ്പ് ഉണ്ടാക്കിയ സുധീര്‍ ആ അടുപ്പില്‍ മാലിന്യം കത്തിച്ച് പായസം ഉണ്ടാക്കി പ്രതീക്ഷയുടെ മധുരം വിളമ്പിക്കഴിഞ്ഞു.

സിമന്റ്, കട്ട, പൈപ്പ്, ഇരുമ്പുവല എന്നിവ ഉപയോഗിച്ചാണ് ഈ അടുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പാത്രം ഇരിക്കുന്ന ഭാഗത്ത് തീരെ പുക വരാത്ത രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്ന അടുപ്പില്‍നിന്ന് പുക പുറത്തേയ്ക്ക് പോകാനായി 12 ഓളം പ്രത്യേകം സുഷിരങ്ങള്‍ ഇട്ടാണ് അടുപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാ സുഷിരങ്ങളില്‍ നിന്നുമുള്ള പുക തുടര്‍ന്ന് ഒറ്റ പൈപ്പിലൂടെ മുകളിലേക്ക് എത്തുംവിധമാണ് സംവിധാനം. ഈ സംവിധാനത്തില്‍ അടുപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് യാതൊരു രുചിവ്യത്യാസവും അനുഭവപ്പെടില്ലെന്നും സുധീര്‍ തെളിയിച്ചുകഴിഞ്ഞു.

കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം ചൂടാക്കാന്‍ ഈ സംവിധാനം വലിയ വിജയമാകും. എല്ലാ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ആസ്പത്രികളിലും ഇത്തരം സംവിധാനം സ്ഥാപിച്ചാല്‍ മാലിന്യം കുന്നുകൂടില്ല.

കണ്ടുപിടിത്തങ്ങള്‍

ചെറുപ്പം മുതല്‍ കൊച്ചുകൊച്ചു ഉപകരണങ്ങള്‍ ഉണ്ടാക്കി ശ്രദ്ധേയനാണ് സുധീര്‍. പത്ത് വര്‍ഷം മുന്‍പ് സ്വന്തം പെട്ടി ഓട്ടോയുടെ ഹാന്‍ഡില്‍ സംവിധാനം മാറ്റി സ്റ്റിയറിങ് ഘടിപ്പിച്ചു. 2006ല്‍ സ്റ്റാന്‍ഡ് ലോക്ക് എന്ന സംവിധാനം കണ്ടുപിടിച്ചു. കണ്‍മുമ്പില്‍ ഒരു ബൈക്കപകടം നടന്നതിന്റെ വേദനയില്‍ നിന്നായിരുന്നു ആ കണ്ടുപിടുത്തം. സ്റ്റാന്‍ഡ് തട്ടാന്‍ മറക്കുന്നതുമൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാനുതകുന്നതായിരുന്നു കണ്ടുപിടുത്തം. 'സ്റ്റാന്‍ഡ് തട്ടിയില്ലെങ്കില്‍ ഗിയര്‍ വീഴില്ല' എന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മ്മാണം. ഈ കണ്ടുപിടുത്തത്തിന് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചു. 2007 ഫിബ്രവരി 12ന് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. കലാമില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

2008ല്‍ നാളികേരം പൊളിക്കാവുന്ന യന്ത്രം ഉണ്ടാക്കി. ഇന്ന് കാണുന്ന രീതിയിലുള്ളതിനേക്കാള്‍ ലളിതമായി വെറും 10 സെക്കന്‍ഡുകൊണ്ട് നാളികേരം പൊളിക്കാനാകുന്ന മൂന്ന് തരം ഉപകരണങ്ങള്‍. ഇതേ വര്‍ഷത്തില്‍ തന്നെയായിരുന്നു തെങ്ങ് കയറാന്‍ തളപ്പിന് പകരം ഇരുമ്പുകൊണ്ടുള്ള സംവിധാനം നിര്‍മ്മിച്ചത്. രണ്ട് കൈപ്പിടികളും പല്ലുകളും ഉള്ള ഇരുമ്പ് വളയം. മുകളിലോട്ടും താഴോട്ടും ചലിപ്പിക്കാന്‍ കഴിയുന്നത്. വെറും 150 രൂപ മാത്രമാണ് ഇതിന് ചെലവ്.

രണ്ട് കാലും ഇല്ലാത്ത വികലാംഗര്‍ക്ക് പാസഞ്ചര്‍ ഓട്ടോ ഓടിക്കാനുള്ള സംവിധാനം 2009ല്‍ നിര്‍മ്മിച്ചു. ആക്‌സിലറേറ്ററും ഗിയറും ബ്രേക്കും എല്ലാം കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയില്‍. ആപ്പേ ഓട്ടോയിലെ കേബിളിന് പകരം ദണ്ഡ് ഉപയോഗിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വടക്കുംനാഥ ക്ഷേത്ര പരിസരത്ത് പ്രദര്‍ശിപ്പിച്ച തിരിയുന്ന തിരിയിട്ട വിളക്ക് നിര്‍മ്മിച്ചത് സുധീറാണ്. അഞ്ച് അടി വ്യാസവും നാലടി ഉയരവും 50 തിരികളും ഉള്ള വിളക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
സുധീറിന്റെ വീട്ടിലെത്തിയാല്‍ കണ്ടുപിടുത്തങ്ങളുടെ ചെറുതും വലുതുമായ നിരവധി മാതൃകകള്‍ കാണാം.
To read it in original, please visit Mathrubhumi online

About the News

Posted on Friday, August 03, 2012. Labelled under , , . Feel free to leave a response

3 comments for "ഈ അടുപ്പ് കത്താന്‍ മാലിന്യം മതി"

  1. Thanks to Gopur Site team for sharing this news ....
    Congrats and All the best to Mr.Sudheer

  2. T IS GOOD TO HEAR SUCH NEWS - BUT NO SUPPORT FROM OUR GOVERNMENT
    WHAT TO DO

  3. IT IS GOOD TO HEAR SUCH NEWS - BUT NO SUPPORT FROM OUR GOVERNMENT

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive