രോഗമെന്തായാലും സ്വയം ചികിത്സ വേണ്ട : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, July 01, 2012

രോഗമെന്തായാലും സ്വയം ചികിത്സ വേണ്ട


രോഗമെന്തായാലും സ്വയം ചികിത്സ വേണ്ട 

By: ഡോ. അശ്വതി സോമന്‍

അസുഖമെന്തെങ്കിലും വന്നാലുടന്‍ സ്വയം ഡോക്ടര്‍ ആവുന്ന പ്രവണത മലയാളികളില്‍ കൂടിവരികയാണ്. പരിമിതമായ സ്വന്തം വിജ്ഞാനം അനുസരിച്ചോ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്റെ ഉപദേശം അനുസരിച്ചോ മരുന്നുകഴിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍.

''അതിനെന്താണ് കുഴപ്പം?'' എന്നായിരിക്കും അടുത്ത ചോദ്യം. ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് വെറുതെ എന്തിനാണ് ഡോക്ടറെ കണ്ട് കാശും സമയവും നഷ്ടപ്പെടുത്തുന്നത്? അറിയാവുന്ന മരുന്ന് കഴിച്ച് അസുഖം മാറ്റിയാല്‍ പോരേ? ഇതായിരിക്കും സ്വയം ചികിത്സക്കാരുടെ സംശയങ്ങള്‍. എന്നാല്‍ ഈ ഉദാഹരണം ശ്രദ്ധിക്കുക:

1. പേര്: രവി. വയസ്സ്: 48. അസുഖം: വയറുവേദന. ദുശ്ശീലം: അല്പം മദ്യപാനം, പുകവലി. മരുന്ന് വാങ്ങിക്കഴിച്ചു, അസുഖം ഭേദമായി.

2. പേര്: രാജു. വയസ്സ്: 48. അസുഖം: വയറുവേദന ദുശ്ശീലം: അല്പം മദ്യപാനം, പുകവലി. ഇദ്ദേഹവും അതേ മരുന്ന് അതേ കടയില്‍ നിന്ന് വാങ്ങിക്കഴിച്ചു. പക്ഷേ, രോഗം ഭേദമാവുകയല്ല ഉണ്ടായത്. വയറുവേദന കൂടി, ചോര ഛര്‍ദിച്ചു, ആസ്പത്രിയിലായി. പക്ഷേ, രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

രണ്ടുപേരും സമപ്രായക്കാര്‍, ഒരേ ദുശ്ശീലങ്ങള്‍, പ്രഥമ ദൃഷ്ടിയില്‍ ഒരേ അസുഖം, കഴിച്ചത് ഒരേ മരുന്ന്... എന്നിട്ടും എന്താണ് ഇങ്ങനെ സംഭവിച്ചത്?

പിന്നീടുള്ള പരിശോധനയിലാണ് രണ്ടാമത്തെ വ്യക്തിക്ക് ഇതുവരെ കണ്ടെത്താനാവാതിരുന്ന കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് തെളിഞ്ഞത്. ഇവിടെ ഇവര്‍ മറന്നുപോയ ഒരു കാര്യം രണ്ടുപേരും രണ്ടു വ്യക്തികളായിരുന്നു എന്നതാണ്. കഴിച്ചത് ഒരേ മരുന്നായിരുന്നെങ്കിലും രണ്ടുപേരിലും അവ രണ്ടുതരത്തിലാണ് പ്രവര്‍ത്തിച്ചത്.

സ്വയംചികിത്സ നടത്തുമ്പോള്‍ സംഭവിക്കാവുന്ന വലിയൊരപകടമാണ് ഈ ഉദാഹരണത്തിലൂടെ വ്യക്തമാവുന്നത്. എന്നാല്‍ സ്വയംചികിത്സ പൂര്‍ണമായും ഒഴിവാക്കാനാവുമോ? ഇല്ല. പക്ഷേ, അത് വളരെ ബുദ്ധിപൂര്‍വം ചെയ്യണമെന്നു മാത്രം.

സമീപകാലത്തുതന്നെ ഒരു ഡോക്ടറെ കണ്ട കുറിപ്പുണ്ടെങ്കില്‍, ഏതൊക്കെ മരുന്ന് എന്തിനൊക്കെ എന്നറിയുമെങ്കില്‍, താത്കാലിക ആശ്വാസത്തിന് ആ മരുന്ന് കഴിക്കുന്നതില്‍ കുഴപ്പമുണ്ടാവാനിടയില്ല. എന്നാല്‍ അത് ശീലമാക്കരുത്. ഒരു കൊച്ചുകുട്ടിക്ക് പെട്ടെന്ന് വൈകുന്നേരം പനിയോ മറ്റോ വന്നാല്‍ പിറ്റേന്ന് നേരം വെളുക്കുംവരെ കാത്തിരിക്കാതെ പാരാസിറ്റമോള്‍ പോലുള്ള മരുന്ന് മുന്‍പ് ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കഴിവതും വേഗം കുട്ടിയെ ഡോക്ടറെ കാണിക്കണം. ഒരുപാട് കാലമായി തുടര്‍ച്ചയായി ഒരേ മരുന്ന് കഴിക്കുന്നവര്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അതേ മരുന്ന് തുടരുന്നതിലും കുഴപ്പമുണ്ടാവില്ല.

ഇങ്ങനെ പൂര്‍ണമായും അപകടരഹിതമെന്ന് ഉറപ്പുള്ള സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സ ആവാം. എന്നാല്‍ താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവര്‍ ഒരുകാരണവശാലും സ്വയം ചികിത്സ നടത്തരുത്.

1. മരുന്നുകള്‍ക്ക് അലര്‍ജി ഉള്ളവര്‍
2. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍
3. വേറെ മരുന്നുകള്‍ കഴിക്കുന്നവര്‍
4. ഇടയ്ക്കിടയ്ക്ക് അസുഖം വരുന്നവര്‍
5. ഓപ്പറേഷനും മറ്റും കഴിഞ്ഞവര്‍
6. സ്ഥിരമായി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവര്‍.
7. എയ്ഡ്‌സ്, ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉള്ളവര്‍


മരുന്നുകളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അറിയാതെ അവ ഉപയോഗിക്കുന്നത് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. അതിലൊന്നാണ് ഡ്രഗ് റസിസ്റ്റന്‍സ്. ശരീരവും അസുഖവും അസുഖമുണ്ടാക്കുന്ന രോഗാണുക്കളും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. മരുന്നുകളെ പ്രതിരോധിക്കാന്‍ ഉള്ള ശക്തി രോഗാണുക്കള്‍ നേടുന്നതോടെ ആ മരുന്ന് ഉപയോഗശൂന്യമായിത്തീരുന്നു.

ആന്റി ബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതുമൂലം ഉണ്ടാവുന്ന ആന്റിബയോട്ടിക് റസിസ്റ്റന്‍സ് ഇന്ന് ആരോഗ്യരംഗത്തെ പ്രധാന ചര്‍ച്ചാവിഷയമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയ പുതിയ രോഗങ്ങളും രോഗാണുക്കളും പിറവിയെടുത്തു എന്നും വരാം.

ഡ്രഗ് അഡിക്ഷനാണ് മറ്റൊരു പ്രശ്‌നം. സ്വയമറിയാതെ തന്നെ ചില മരുന്നുകള്‍ക്ക് അടിമയായിപ്പോകുന്ന അവസ്ഥയാണിത്. ഇങ്ങനെ ഉറക്കഗുളികകള്‍ക്ക് അടിമപ്പെട്ടുപോയ ധാരാളം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്.ചുരുക്കത്തില്‍, താത്കാലിക ലാഭം മാത്രം നോക്കി സ്വയം ചികിത്സ നടത്തിയാല്‍ അപകടങ്ങളില്‍ ചെന്നു ചാടാം. ആ പഴമൊഴി എപ്പോഴും ഓര്‍ക്കുക: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

News Credit : Mathrubhumi Online

About the News

Posted on Sunday, July 01, 2012. Labelled under , . Feel free to leave a response

2 comments for "രോഗമെന്തായാലും സ്വയം ചികിത്സ വേണ്ട"

  1. This is the reality among many of us. Better to avoid whenever possible. Thanks for sharing.

  2. ശീലിച്ചതേ പാലിക്കൂ , എന്ന തത്വം ഇങ്ങിനെ ഉള്ള കാര്യങ്ങളില്‍ നാം എങ്കിലും ഉപേക്ഷിക്കണം .
    സ്വയം ചികിത്സ ആപത്തു തന്നെ .
    നന്ദി

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive