പ്രവാസിയുടെ നോമ്പുകാലം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 25, 2012

പ്രവാസിയുടെ നോമ്പുകാലംമഞ്ഞുകാലം വരുമ്പോള്‍ അമേരിക്കപോലുള്ള രാജ്യങ്ങളിലെ പ്രജകള്‍ തങ്ങളുടെ ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് വെയ്ക്കാറുണ്ട്. വിന്റര്‍ സീസണ്‍ കഴിഞ്ഞാല്‍ പഴയതുപോലെയാക്കിവെയ്ക്കുകയും ചെയ്യും. ടൈം സേവിങ് എന്ന പേരിലറിയപ്പെടുന്ന ഈ ഏര്‍പ്പാടിനെ ഓര്‍മ്മിപ്പിക്കും ഗള്‍ഫിലെ നോമ്പുകാലം. ക്ലോക്കുകള്‍ തിരിച്ചുവെയ്ക്കുന്നില്ല എന്നേയുള്ളൂ. അറബികളോടൊപ്പം പ്രവാസിമലയാളികളുടെയും ജീവിതക്രമങ്ങള്‍ പാടെ മാറും. രാത്രികള്‍ കുറെക്കൂടി സജീവമാകുന്ന കാലമാണത്. മാര്‍ക്കറ്റുകളുടെ സമയക്രമങ്ങളും ജോലിസമ്പ്രദായങ്ങളും മാറുകയായി. ജീവിതശൈലിയിലും മനോഭാവങ്ങളിലും ഏറെ മാറ്റമുണ്ടാവുന്നത് പ്രവാസി മലയാളികളിലാണ്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, താഴെക്കിടയിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍. നോമ്പുകാലമാകുന്നതോടെ ഗൃഹാതുരത്വം അതിന്റെ പരമകോടിയില്‍ അവരുടെ ഹൃദയത്തില്‍ അലയടിക്കും. ഈ സമയം നോക്കി നാട്ടിലെ പള്ളിപ്പിരിവുകളും യത്തിംഖാന ഫണ്ടുശേഖരണവും ദൃതഗതി കൊള്ളും. പള്ളികളില്‍ നോമ്പുതുറസ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ ഒത്തുകൂടി അവര്‍ നാടിന്റെ സ്മൃതികളില്‍ മുങ്ങിനില്‍ക്കും.

നോമ്പുകാലം പ്രവാസിമലയാളിയെ ഉദാരനാക്കുന്നത് അവനനുഭവിച്ച പഴയകാല കഷ്ടപ്പാടിന്റെ ഓര്‍മ്മകളല്ലാതെ മറ്റൊന്നുംകൊണ്ടല്ല. അല്ലെങ്കിലും ഇന്നും ഗള്‍ഫുനാടുകളിലെ പ്രവാസികളെപ്പോലെ ഉദാരശീലരല്ല അമേരിക്കയിലും യൂറോപ്പിലും താമസിക്കുന്ന മലയാളികള്‍. സാമ്പത്തികമായി കുറെക്കൂടി ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ചേക്കേറിയ ഏറെപ്പേരും. അതില്‍ ഏറെപ്പേര്‍ക്കും പട്ടിണി, പുസ്തകത്തില്‍ വായിച്ചറിഞ്ഞ കാര്യം. എന്നാല്‍ ഗള്‍ഫുകാരന്റെ കഥ അതല്ല. എഴുപതുകള്‍ക്കു മുമ്പ് പിറന്ന ഓരോ ഗള്‍ഫുകാരനും അരവയറുമായി മുന്നോട്ടുനീങ്ങിയ നോമ്പുകാലത്തെക്കുറിച്ചു മാത്രമേ പറയാനുണ്ടാവൂ. വടക്കേ മലബാറിലൊക്കെയാണെങ്കില്‍ നല്ല ഒരു പലഹാരം പോലും അവന് കിട്ടുന്നത് പള്ളികളില്‍ വിതരണം ചെയ്തിരുന്ന ചീരണിയില്‍ നിന്നാണ്. ചീരണിയെന്നാല്‍, നാട്ടിലെ പണക്കാരനായ ഒരാള്‍ മഗ്‌രിബ് സമയത്ത് പള്ളികളില്‍ നോമ്പു തുറക്കാന്‍ ചെറുപലഹാരങ്ങള്‍ (പഴംപൊരി, ഉള്ളിവട തുടങ്ങിയ പൊട്ടിച്ച് വിതരണം ചെയ്യാന്‍ പറ്റിയ ഏതു പലഹാരവും) സ്‌പോണ്‍സര്‍ ചെയ്യുന്നു. അങ്ങനെയെത്തുന്ന 'കടി'കളെയാണ് ചീരണി എന്നു വിളിക്കുക.

തീര്‍ച്ചയായും ഗള്‍ഫുമലയാളിയുടെ സ്മരണകളില്‍ നാട്ടില്‍ താന്‍ അനുഭവിച്ച ഭൂതകാലത്തെ നോമ്പും ചീരണിയും തറവീഹ് നമസ്‌കാരവും രാപ്രസംഗങ്ങളും നാട്ടിന്‍പുറത്തെ ചെറിയ ചെറിയ സേവനകൂട്ടായ്മകളും ഇരമ്പിയെത്തും. നോമ്പുകാലമാകട്ടെ, സക്കാത്തിന്റെയും ഉദാരതയുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും കാലമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗള്‍ഫുമലയാളിയെ നോമ്പ് നാടിന്റെ ഓര്‍മ്മകളിലേക്ക് തൊട്ടുവിളിക്കുകയാണ്. പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടിച്ചയയ്ക്കാന്‍, അനാഥാലയങ്ങളുടെ നടത്തിപ്പിനുള്ള പണം സ്വരൂപിക്കാന്‍, വീടില്ലാത്തവര്‍ക്ക് വീടുപണിയിച്ചു കൊടുക്കാന്‍, പള്ളി പണിയാന്‍... ഇങ്ങനെ ചെറിയ ചെറിയ സംഖ്യകള്‍ സ്വരൂപിച്ച് നാട്ടിലെ കൂട്ടായ്മയിലേക്ക് വകയിരുത്തുകയായി. ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവര്‍ വളരെ കുറച്ചുമാത്രം. ആറു വര്‍ഷം പ്രവാസിയായിരുന്ന എനിക്കു തോന്നിയിട്ടുള്ളത് ഗള്‍ഫിലെ നോമ്പുകാലം നാട്ടിലേതിനെക്കാള്‍ എത്രയോ വര്‍ണോജ്വലമാണ് എന്നാണ്. അവരുടെ ജീവിതത്തില്‍ സര്‍വ്വത്ര മാറ്റങ്ങളാണു നാം കാണുക. എന്തിനേറെ, മലയാള പത്രങ്ങളിലെ ഗള്‍ഫ് എഡിഷനുകളിലെ ക്ലാസിഫൈഡ് പരസ്യങ്ങള്‍ പോലും പാടെ മാറിപ്പോകും. ഏതാനും നാളുകള്‍ക്കകം കടന്നുവരുന്ന പെരുന്നാളിനു നാട്ടിലെ മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനങ്ങള്‍ അയയ്ക്കാന്‍ കാര്‍ഗോ കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളുടെ ബാഹുല്യം തന്നെ സംഭവിക്കുകയായി. മികച്ച അറേബ്യന്‍ ഈത്തപ്പഴവും കാരക്കയും എത്തിച്ചുകൊടുക്കാം എന്ന ഡോര്‍ ടു ഡോര്‍ ഡെലിവറി പരസ്യങ്ങളും സജീവം. പെരുന്നാളിനു നാട്ടില്‍ പോകുന്നുണ്ടോ എന്ന ചോദ്യം പ്രവാസികളുടെ കണ്ടുമുട്ടലില്‍ സ്വാഭാവികമായും വന്നു ചേരും. പിന്നെ ഫ്ലൈറ്റ് ടിക്കറ്റിന്റെ കൂടിവരുന്ന ചാര്‍ജ്ജ്, ഏറ്റവും കുറഞ്ഞ ഫ്ലൈറ്റ് ഇന്നതാണ് എന്നൊക്കെയുള്ള വിവരങ്ങളുടെ കൈമാറ്റം- ശരിക്കും നാട്ടോര്‍മ്മയുടെ നാളുകള്‍ തന്നെയാണവ. ഉംറയ്ക്കുള്ള തിരക്കും ഏറുന്നത് ഈ കാലത്തുതന്നെ.

വിവിധ ഇന്ത്യന്‍ സമൂഹത്തിന്റെയും ബംഗാളി, പാകിസ്താന്‍ തൊഴിലാളികളുടെയും കൂട്ടമായ പരസ്യ നോമ്പുതുറ യു.എ.ഇ.യിലും മറ്റും പതിവുദൃശ്യമാണ്. പള്ളികള്‍ വെള്ളിയാഴ്ചയിലെ ജുമുഅ ക്കെന്നപോലെ നിറഞ്ഞുകവിയുന്നു. അറബിസമൂഹവും ഏറെ ഉദാരമാകുന്നതും ഇക്കാലത്തുതന്നെ. പക്ഷേ, നോമ്പുതുറകളില്‍ തദ്ദേശീയവാസികളായ അറബികള്‍ മൂന്നാം ലോകരാജ്യത്തെ പ്രജകള്‍ക്കൊപ്പം നോമ്പുതുറക്കുന്നതു പതിവുദൃശ്യമല്ല. യു.എ.ഇ.യിലും മറ്റും ബാറുകളും നൃത്തശാലകളും ക്ലബ്ബുകളും നോമ്പുകാലത്തോടെ അടച്ചിടുന്നു. ദുബായില്‍ മാത്രം വളരെ ഒറ്റപ്പെട്ട നിലയില്‍ മദ്യശാലകള്‍ തുറക്കുന്ന പതിവ് അടുത്തകാലത്തായി രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമായും പ്രവാസികളായ സായിപ്പന്മാര്‍ക്കു വേണ്ടിയാണ് ഈ സൗകര്യം. നോമ്പുകാലത്ത് മുസ്‌ലീംകള്‍ മധ്യപിച്ചാല്‍ കഠിന ശിക്ഷതന്നെ ഗള്‍ഫില്‍ കാത്തിരിക്കുന്നുണ്ട്.

പൊതുപാര്‍ക്കുകളുടെ പ്രകാശമാനമായ സജീവതയും തിരക്കും പ്രത്യേക കാഴ്ചയാണു ഗാള്‍ഫില്‍. കുടുംബാംഗങ്ങളുമായി പുറത്തിറങ്ങുന്ന അറബി അംഗങ്ങളും കൂടുകയായി. പക്ഷേ, പകല്‍സമയങ്ങളില്‍ ഭക്ഷണശാലകള്‍ തുറക്കുന്ന പതിവ് ഒട്ടുമില്ല.
നോമ്പുകാലം പ്രവാസിമലയാളികളെ ആഴത്തില്‍ തൊടുന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ല. അശരണര്‍ക്കും ദരിദ്രര്‍ക്കുമുള്ള ദൈവത്തിന്റെ പ്രകൃതിയുടെ ഉയര്‍ന്ന പങ്ക് കൈവശം വെച്ചിരിക്കുന്ന ധനാഢ്യരോടാണ് അത് കൂടുതല്‍ സംസാരിക്കുന്നത്; നീതിബോധത്തോട് നോമ്പ് സംസാരിക്കുന്നത്. വിശപ്പ് പുസ്തകത്തിലോ പ്രഭാഷണത്തിലോ വെച്ച് അറിയാനുള്ളതല്ല എന്നതാണ് അതിന്റെ പ്രധാന സന്ദേശം. ഉള്ളവനോട് കൊടുക്കാന്‍ പറയുന്നു, അത്. ഇല്ലാത്തവനെ അറിയാനും. തീര്‍ച്ചയായും ഈ രണ്ട് കാര്യങ്ങളും ഏറ്റവും വേണ്ടതാണ് എന്നറിയാവുന്ന സാമ്പത്തിക പശ്ചാത്തലമുള്ള ഭൂതകാലമാണ് ഗള്‍ഫുകാരന്റേത്. മറ്റു പ്രവാസിസമൂഹത്തെക്കാള്‍ ഗള്‍ഫുകാരന്‍ തനിക്കുള്ളതില്‍നിന്ന് ഒരു പങ്ക് ഇല്ലാത്തവനു കൊടുക്കും. ഭക്ഷണവും പണവും ഇല്ലാതെ പോകുന്നത് തന്റേതല്ലാത്ത കാരണത്താലുള്ള ഒരുതരം സാമൂഹികമായ നാടുകടത്തലാണ്. അതുതന്നെയാണ് ഗള്‍ഫുകാരന്റെ, അരക്ഷിത ഗള്‍ഫുകാരന്റെ ജീവിതം. നോമ്പുകാലം അവന്റെ ഭൂതകാലത്തെ പ്രകാശപൂരിതമാക്കുകയും സാമൂഹികബന്ധങ്ങളെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ തെരുവില്‍ അവര്‍ ആഹ്ലാദത്തോടെ ഒത്തുചേരുന്നു

news source/written by : mathrubhumionline ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

About the News

Posted on Wednesday, July 25, 2012. Labelled under , . Feel free to leave a response

0 comments for "പ്രവാസിയുടെ നോമ്പുകാലം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive