നാലമ്പലങ്ങളിലൂടെ.... : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, July 26, 2012

നാലമ്പലങ്ങളിലൂടെ....


നാലമ്പലങ്ങളിലൂടെ.... കര്‍ക്കടകം രാമായണമാസമാണ്. വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകള്‍ കൊണ്ട് മുഖരിതമാവുന്ന പുണ്യമാസം. പ്രാര്‍ഥനകള്‍ മഴയായി പെയ്തു നിറയുന്ന കര്‍ക്കിടകത്തില്‍ നാലമ്പലദര്‍ശനം ശ്രേയസ്‌കരവും പാപനാശകവുമാണെന്ന് വിശ്വാസം. രാമായണ മാസാചരണത്തിനൊരുങ്ങുന്ന നാലമ്പലങ്ങളിലൂടെ ഒരു യാത്ര...


ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹ1ങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തി ചേര്‍ന്നു. 

ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്പയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണ പെരുമാളെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം. 

രാവണനെ നിഗ്രഹിച്ച് ത്രൈലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. പാഞ്ചജന്യ ശംഖാണ് ഭരതന്‍, ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം.

തൃപ്രയാര്‍
പുലര്‍ച്ചെ മൂന്നുമണിക്ക് വെടിയൊച്ച കേട്ടാണ് ഉണര്‍ന്നത്. തൃപ്രയാര്‍ തേവര്‍ ഉറക്കമുണര്‍ന്നു. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനിയും കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങി. നാലുമണിക്കു തന്നെ നട തുറന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തില്‍ ഹനുമല്‍ സങ്കല്‍പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. ദീപാലംകൃതമായ തിരുനടയില്‍ നിര്‍മ്മാല്യം തൊഴാനെത്തിയ ഭക്തജനങ്ങളുടെ നിര്‍വൃതി പൂണ്ട മുഖങ്ങള്‍. ഹരേരാമ ജപത്തോടെ പ്രദക്ഷിണം വെയ്ക്കുന്നവര്‍. 

അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വ്വലോകനാഥനും സര്‍വ്വരോഗ നിവാരണനും സര്‍വ്വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് യാത്രയാവാം.

കൂടല്‍മാണിക്യം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം. ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുന സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.

വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.


തിരുമൂഴിക്കുളം
ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.

നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം കാണാം. തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. ക്ഷേത്രത്തിനു പിന്നിലൂടെ ചാലക്കുടിപുഴ ഒഴുകുന്നു. പായമ്മല്‍
ഇനി ശത്രുഘ്‌ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വഴിയില്‍ വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്. അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്നും വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോള്‍ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റര്‍ കൂടി,അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 800 മീറ്റര്‍ കൂടി പിന്നിട്ടാല്‍ പായമ്മലപ്പന്റെ സന്നിധിയായി.

കരിങ്കല്ലില്‍ കൊത്തിയെടുത്ത ശ്രീകോവില്‍ ചതുരാകൃതിയിലാണ്. ശ്രീകോവിലില്‍ ശാന്തസ്വരൂപിയായ ശത്രുഘ്‌നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുര്‍ബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തില്‍ ആഞ്ജനേയ സാന്നിധ്യമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദര്‍ശന പുഷ്പാഞ്ജലി. സുദര്‍ശനചക്ര സമര്‍പ്പണവും പ്രധാനമാണ്. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

ഈ നാലമ്പദര്‍ശനത്തിന്റെ ചുവടുപറ്റി കോട്ടയം മലപ്പുറം ജില്ലകളിലും നാലമ്പലദര്‍ശനം തുടങ്ങിയിട്ടുണ്ട്. രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയില്‍ ശത്രുഘ്‌ന ക്ഷേത്രം ഇവയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍.

തൃപ്പയാര്‍ ക്ഷേത്രം

തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനും കൊടുങ്ങല്ലൂരിനുമിടയ്ക്ക് പ്രസിദ്ധമായ ചേറ്റുവാ മണല്‍പുറത്ത്. തൃപ്പയാര്‍ പുഴയുടെ തീരത്ത് (കനോലിക്കനാല്‍) 
പ്രതിഷ്ഠ: ശ്രീരാമന്‍. ശംഖു-ചക്ര-കോദണ്ഡ-അക്ഷമാലകളോടെ നാല് തൃക്കൈകളോടെ. ത്രിമൂര്‍ത്തി സങ്കല്‍പം.
വില്വംമംഗലം സ്വാമിയാര്‍ ഭൂദേവി ശ്രീദേവി പ്രതിഷ്ഠയും നടത്തി.
പൂജകള്‍: അഞ്ചുപൂജകളും മൂന്നു ശീവേലിയും ഉച്ചശീവേലിക്കൊഴികെ രണ്ടിനും ആനപ്പുറത്താണ് എഴുന്നള്ളുന്നത്. മണ്ഡലമാസകാലത്ത് ഉച്ചശീവേലി ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിയായി നടത്തുന്നു. 
വഴിപാടുകള്‍: വെടി, അവല്‍, മീനൂട്ട്, പായസം. ഉദ്ദിഷ്ട കാര്യസിദ്ധിക്കും സന്താനലബ്ധിക്കും അംഗുലീയാങ്കം കൂത്ത് വഴിപാടായി നടത്തുന്നു. 
ആഘോഷങ്ങള്‍: വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി പ്രസിദ്ധമാണ്. മീനത്തിലെ പൂരവും. 
ക്ഷേത്ര ഭരണം: കൊച്ചിന്‍ ദേവസ്വംബോര്‍ഡ്.
ക്ഷേത്രതന്ത്രം: വെളുത്തേടത്ത് തരണനെല്ലൂര്‍ സ്വരൂപത്തില്‍ പടിഞ്ഞാറേ മനയിലേക്കാണ് ക്ഷേത്രതന്ത്രം.

തൃപ്രയാര്‍ - ഇരിങ്ങാലക്കുട-25 കി.മീ
ഇരിങ്ങാലക്കുട-മൂഴിക്കുളം-31 കി.മീ
മൂഴിക്കുളം-പായമ്മല്‍-32 കി.മീ
പായമ്മല്‍-തൃപ്രയാര്‍-20 കി.മീ

തിരുമൂഴിക്കുളം
ആലുവ താലൂക്ക് പാറക്കടവ് പഞ്ചായത്ത്.
പ്രതിഷ്ഠ: ലക്ഷ്മണന്റെ പൂര്‍ണകായ പ്രതിഷ്ഠ.
വഴിപാടുകള്‍: കദളിപ്പഴം,പാല്‍പ്പായസം, മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക് തിരുവോണം പ്രസാദഊട്ട്. 
വിശേഷ ദിവസങ്ങള്‍: ഉത്സവം-മേടത്തില്‍ അത്തത്തിന് കൊടിയേറി തിരുവോണം ആറാട്ടോടൂകൂടി 10 ദിവസം.
പ്രതിഷ്ഠാദിനം: മകരം 3
ഘഎല്ലാമാസവും തിരുവോണം. വിനായകചതുര്‍ഥി നിറയും പുത്തരിയും. 
മണ്ഡലമഹോത്സവം: വൃശ്ചികം 1 മുതല്‍ 41 ദിവസം.
മകരസംക്രമം: നവരാത്രി, തിരുവാതിര. വാരം-ധനു 14
കുചേലദിനം: തൃക്കാര്‍ത്തിക.
അഷ്ടമിരോഹിണി: രാമായണമാസം ചാക്യാര്‍കൂത്ത്.
ദര്‍ശനരീതി: കിഴക്കേ നടയില്‍ വലിയമ്പലത്തില്‍ കൂടി നാലമ്പലത്തില്‍ പ്രവേശിച്ച് മണ്ഡപത്തിന്റെ ഇടതുഭാഗത്തു കൂടി നടയില്‍ വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേ നടയില്‍ ശ്രീഗണപതി, ദക്ഷിണാമൂര്‍ത്തി, ശ്രീരാമ,സീത,ഹനുമാന്‍മാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീര്‍ഥവും പ്രസാദവും വാങ്ങുക.
മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവന്‍മാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതില്‍ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയില്‍ വന്ന് കൊടിമരത്തിന്റെ പുറമേക്കൂടി വലിയ ബലിക്കല്ലിന്റെ ഇടതുഭാഗം വഴി നടയില്‍ വന്ന് ലക്ഷമണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്.. 

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം
തൃശൂരില്‍ ഇരിങ്ങാലക്കുട ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി.
പ്രതിഷ്ഠ: നാലുതൃക്കൈകളോടുകൂടി വിഷ്ണുരൂപത്തില്‍ ഭരതസ്വാമി ദര്‍ശനമരുളുന്നു. 
പൂജകള്‍: എതിര്‍ത്തപൂജ, ഉച്ചപൂജ,അത്താഴപൂജ സന്ധ്യയ്ക്ക് ദീപാരാധനയില്ല. പൂജയ്ക്ക് താമര ചെത്തി, തുളസി എന്നിവ മാത്രമേ ഉപയോഗിക്കൂ.
വഴിപാടുകള്‍-താമരമാല, കൂട്ടുപായസവും വെള്ളനിവേദ്യവും. വഴുതനങ്ങ നിവേദ്യം (ഉദരരോഗശമനത്തിന്) നെയ്യാടി(മൂലക്കുരു, അര്‍ശസ് എന്നിവയ്ക്ക്) അംഗുലീയാങ്കം കൂത്ത് (ഐശ്വര്യത്തിനും ക്ഷേമത്തിനും)
വിശേഷദിവസങ്ങള്‍: ഉത്സവം-മേടം ഉത്രം നാളില്‍ കൊടിയേറി തിരുവോണനാളില്‍ ആറാട്ടോടു കൂടി 11 ദിവസം ഉത്സവം. ഉത്സവദിവസങ്ങളില്‍ പഞ്ചാരിമേളവും കഥകളിയും ഉണ്ടാവും.
തൃപ്പുത്തരിയും മുക്കൂടി നിവേദ്യവും: തുലാമാസം തിരുവോണ നാളിലാണ് പ്രസിദ്ധമായ തൃപ്പൂത്തരി പിറ്റേ ദിവസം മുക്കുടി പച്ചമരുന്നുകള്‍ അരച്ചുണ്ടാക്കുന്ന നിവേദ്യം ഉദരരോഗങ്ങള്‍ക്ക് കൈകൊണ്ട ഔഷധമാണ്. 


പായമ്മല്‍ ക്ഷേത്രം

പ്രതിഷ്ഠ-ശത്രുഘ്‌നസ്വാമി
വഴിപാടുകള്‍-സുദര്‍ശന പുഷ്പാഞ്ജലി, ചന്ദനംചാര്‍ത്ത്, 
ഉത്സവം-കുംഭത്തിലെ പൂയംകൊടിയേറി അഞ്ചു ദിവസം.


യാത്രാസൗകര്യങ്ങള്‍


ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. തൃപ്രയാറില്‍ നിന്ന് കാറ് പിടിച്ചാല്‍ 1000 രൂപയാവും. വിവിധ ട്രാവല്‍സുകള്‍ നാലമ്പലദര്‍ശനം പാക്കേജുകളും സംഘടിപ്പിക്കാറുണ്ട്. രാമായണമാസമായാല്‍ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് പ്രത്യേക സര്‍വ്വീസ് ഉണ്ടാകാറുണ്ട്. രാവിലെ 6 നും 6.30നും രണ്ട് സര്‍വ്വീസ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ആദ്യബസ് തൃപ്പയാറില്‍ 6.40 ന് എത്തും. 7.10ന് അവിടെ നിന്നും പുറപ്പെടും. 7.50ന് കൂടല്‍മാണിക്യത്തില്‍ എത്തും. 8.20ന് കൂടല്‍മാണിക്യത്തില്‍ നിന്ന് പുറപ്പെട്ട് 9.10ന് മൂഴിക്കുളത്തെത്തും. 9.40ന് മൂഴിക്കുളത്തു നിന്ന് പുറപ്പെട്ട് 10.30ന് പായമ്മലെത്തും 11ന് അവിടെ നിന്നും തിരിച്ച് 11.20 ന് കൂടല്‍മാണിക്യത്തില്‍ തിരിച്ചെത്തും. ഈ ബസില്‍ വരുന്നവര്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്താറുണ്ട്.


Text: G Jyothilal / Photos: MadhurajAbout the News

Posted on Thursday, July 26, 2012. Labelled under , . Feel free to leave a response

0 comments for "നാലമ്പലങ്ങളിലൂടെ...."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive