മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് ഇനി വിദ്യാഭ്യാസവായ്പ ഇല്ല : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, July 17, 2012

മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് ഇനി വിദ്യാഭ്യാസവായ്പ ഇല്ല

ന്യൂഡല്‍ഹി:: മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനുള്ള പൊതുമേഖലാ ബാങ്കുകളുടെ തീരുമാനം കേന്ദ്രസര്‍ക്കാറും അംഗീകരിച്ചു. 


ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ (ഐ.ബി.എ.) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പപദ്ധതിയാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചത്. ഇതോടെ പദ്ധതിയിലെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നുള്ള കേരള സര്‍ക്കാറിന്റെ ആവശ്യവും തത്ത്വത്തില്‍ നിരസിക്കപ്പെട്ടു.
അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ധനകാര്യ സഹമന്ത്രി നമോനാരായണ്‍ മീണ, കെ.എന്‍. ബാലഗോപാല്‍ എം.പി.ക്ക് കഴിഞ്ഞ ദിവസം നല്‍കിയ കത്തിലാണ് മാതൃകാ വിദ്യാഭ്യാസ പദ്ധതി അതേപടി നടപ്പാക്കുമെന്ന് വ്യക്തമാക്കിയത്. പുതിയ വായ്പകള്‍ നിഷേധിക്കുന്നതിനു പുറമേ ഇതിനകം നല്‍കിയിട്ടുള്ള വായ്പകളെയും പദ്ധതി ബാധിക്കുമെന്ന ആശങ്കയും ഇതോടെ ശക്തമായി.
എന്‍ജിനീയറിങ്, മെഡിക്കല്‍ രംഗത്ത് ഒട്ടേറെ മാനേജ്‌മെന്റ്, സ്വാശ്രയ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന് ഏറേ ആഘാതമുണ്ടാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മയായ ഐ.ബി.എ. മാതൃകാവിദ്യാഭ്യാസ വായ്പപദ്ധതിക്ക് 2001-ലാണ് രൂപം നല്‍കിയത്. 2007-ല്‍ പദ്ധതി പരിഷ്‌കരിച്ചെങ്കിലും മാനദണ്ഡങ്ങള്‍ മാറ്റിയിരുന്നില്ല. എന്നാല്‍, രാജ്യമെമ്പാടും പ്രൊഫഷണല്‍ കോളേജുകള്‍ വര്‍ധിക്കുകയും വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബാങ്ക് സി.എം.ഡി. ടി.എം. ഭാസിന്റെ നേതൃത്വത്തില്‍ ഉപസമിതിയും രൂപവത്കരിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കേ വിദ്യാഭ്യാസവായ്പ അനുവദിക്കാവൂവെന്നാണ് മുഖ്യമാനദണ്ഡം.
ഈ തീരുമാനത്തോടെ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലും സ്വാശ്രയ കോളേജുകളിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്ക് വിദ്യാഭ്യാസവായ്പ ലഭിക്കില്ലെന്ന് ഉറപ്പായി.മാനേജ്‌മെന്റ് ക്വാട്ടയിലുള്ള വിദ്യാര്‍ഥികളെ വായ്പയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഐ.ബി.എ. വിവിധ ബാങ്കുകള്‍ക്കയച്ച സര്‍ക്കുലറില്‍ അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍സാധ്യത ഉറപ്പാക്കി മാത്രമേ വായ്പ നല്‍കാവൂവെന്നും കര്‍ശന നിര്‍ദേശമുണ്ട്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും ഐ.ബി.എ. വ്യക്തമാക്കി. ഇന്ത്യയ്ക്കകത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പരമാവധി പത്തുലക്ഷം രൂപയും പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് 20 ലക്ഷം രൂപ വരെയുമാണ് വിദ്യാഭ്യാസവായ്പ നല്‍കുക. പരിഷ്‌കാരങ്ങള്‍ പുതുക്കി ഐ.ബി.എ. എല്ലാ ബാങ്കുകള്‍ക്കും കഴിഞ്ഞ ആഗസ്തില്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പ്രവേശനമാനദണ്ഡങ്ങള്‍ നോക്കാതെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കെ.എന്‍. ബാലഗോപാല്‍ എം.പി. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിക്ക് ഫിബ്രവരിയില്‍ കത്തയച്ചു. പിന്നീട് പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് അദ്ദേഹത്തിനു കഴിഞ്ഞദിവസം ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ലഭിച്ചത്.
മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സഹായധനം നല്‍കാനാണ് വിദ്യാഭ്യാസ വായ്പപദ്ധതിയെന്ന് മന്ത്രി നമോനാരായണ്‍ മീണ കത്തില്‍ ചൂണ്ടിക്കാട്ടി.
സ്വാശ്രയ കോളേജുകളിലെ നിലവാരത്തകര്‍ച്ച സര്‍ക്കാര്‍ അംഗീകരിച്ചതിനു തുല്യമാണ് ഈ നടപടിയെന്ന് കെ.എന്‍. ബാലഗോപാല്‍ മാതൃഭൂമിയോടു പറഞ്ഞു. അതേസമയം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നിഷേധിക്കപ്പെടാനും ഇതു വഴിയൊരുക്കും -അദ്ദേഹം പറഞ്ഞു.
News Credit, Source and thanks to Mathrubhumi Online    Published on  18 Jul 2012 പി.കെ. മണികണ്ഠന്‍

About the News

Posted on Tuesday, July 17, 2012. Labelled under , . Feel free to leave a response

1 comments for "മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് ഇനി വിദ്യാഭ്യാസവായ്പ ഇല്ല"

  1. VERY GOOD - ADMISSION SHOULD BE ON THE BASIS OF MERIT

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive