ഭൂചലനം ചുവരുകള്‍ വിണ്ടുകീറി; വൈദ്യുതിബന്ധം നിലച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, July 20, 2012

ഭൂചലനം ചുവരുകള്‍ വിണ്ടുകീറി; വൈദ്യുതിബന്ധം നിലച്ചു



തൃശ്ശൂര്‍: അല്‍പ്പനേരം മാത്രം നീണ്ടുനിന്ന ഒരു വിറയല്‍- അങ്ങനെയാണ് തൃശ്ശൂര്‍ നഗരത്തില്‍ വ്യാഴാഴ്ച വൈകീട്ടത്തെ ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ വലിയതോതില്‍ പരിഭ്രാന്തി അതുളവാക്കി. വീടുകള്‍ വിട്ടിറങ്ങിയ ജനം ഏറെനേരം കഴിഞ്ഞാണ് തിരിച്ചുകയറാന്‍ ധൈര്യപ്പെട്ടത്.

'കസേരകളില്‍ പിന്നില്‍ നിന്നാരോ ചവിട്ടുന്നതുപോലെയും ഒന്നാകെ മുന്നോട്ടായുന്നതു പോലെയും തോന്നി'-രാംദാസ് തീയറ്ററില്‍ സിനിമ കാണുകയായിരുന്ന ഒരു കുടുംബത്തിന് ഭൂചലനം അനുഭവപ്പെട്ടത് ഇങ്ങനെയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ ഒച്ചയിട്ടു. പെട്ടെന്ന് എല്ലാം അടങ്ങിയതിനാല്‍ കാണികള്‍ സിനിമയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ രാമവര്‍മപുരം, ആനപ്പാറ ലക്ഷംവീട് കോളനികളില്‍ വീടുകളുടെ ചുവരുകള്‍ വിണ്ടു. 14 വീടുകളില്‍ വിള്ളലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആനപ്പാറയില്‍ ചേരിനിവാസികളുടെ ഫ്‌ളാറ്റിലും വിള്ളലുണ്ടെന്ന് അന്തേവാസികള്‍ പറഞ്ഞു. തൃശ്ശൂര്‍ നഗരത്തില്‍ ഫ്‌ളാറ്റുകളിലും മറ്റും കസേരകളും കട്ടിലുകളും കുലുങ്ങി. വ്യാപാരകേന്ദ്രങ്ങളിലെ ചില്ലുകളും മറ്റും വെടിക്കെട്ടിലുണ്ടാകുന്നതുപോലെ കമ്പനം ചെയ്തു. അരണാട്ടുകര അങ്ങാടി ഭാഗത്ത് ആളുകള്‍ വീടുവിട്ട് പുറത്തേക്കോടി.

പുതുക്കാട് മേഖലയില്‍ വലിയ മുഴക്കത്തോടെയാണ് കുലുക്കം ഉണ്ടായത്. കല്ലൂര്‍, മുട്ടിത്തടി, ഭരത, ആലേങ്ങാട്, പച്ചളിപ്പുറം, വെള്ളാനിക്കോട്, വട്ടക്കൊട്ടായി, കാവല്ലൂര്‍, വേപ്പൂര്‍, കുന്നത്തുപാടം, അളഗപ്പനഗര്‍, ആമ്പല്ലൂര്‍, വരാക്കര എന്നിവിടങ്ങളിലാണ് ശക്തമായത്. ഇടിവെട്ടാണെന്ന് കരുതിയവര്‍ സാധനങ്ങള്‍ മറിഞ്ഞുവീഴുന്നത് കണ്ടാണ് വിവരമറിഞ്ഞത്. മുട്ടിത്തടി പീരാര്‍ക്കാട്ടില്‍ വാസുവിന്റെ വീടിന്റെ ഓടുകള്‍ ഇളകിവീണു. തട്ടാംകുളം മോഹനന്റെ വീട്ടില്‍ വൈദ്യുതി ഉപകരണങ്ങള്‍ തകരാറിലായി. വെള്ളാനിക്കോട് ചോഴി രാജന്റെ വീടിന്റെ ചുമര്‍ വിണ്ടുകീറി. മുട്ടിത്തടി-ഭരത മേഖലയില്‍ പെട്ടെന്ന് വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. ചകിതരായ നാട്ടുകാര്‍ കൂട്ടത്തോടെ വീടുകളില്‍നിന്ന് പുറത്തിറങ്ങി.

മണ്ണുത്തി മേഖലയിലാണ് ശക്തമായ ചലനം ഉണ്ടായത്. നെല്ലിക്കുന്ന്, ചിറയ്ക്കാക്കോട്, ഒല്ലൂക്കര, താണിക്കുടം, പട്ടിക്കാട്, ചെമ്പൂത്ര, മഞ്ഞക്കുന്ന്, മൈലാടുമ്പാറ, കണ്ണാറ, നടത്തറ, ചുവന്നമണ്ണ്, തെക്കുമ്പാടം, വാണിയമ്പാറ എന്നിവിടങ്ങളിലെല്ലാം ശക്തമായ ചലനമുണ്ടായി. മുല്ലക്കര നടുവില്‍പ്പറമ്പില്‍ രാജന്റെ വീടിന്റെ മുന്‍വശത്തെ ചുമര്‍ വിണ്ടുകീറി. വീട്ടുകാര്‍ ഓടിയിറങ്ങി രക്ഷപ്പെട്ടു. ചുവന്നമണ്ണില്‍ ചില വീടുകളില്‍ അലമാരകള്‍ മറിഞ്ഞുവീണിട്ടുണ്ട്. പീടികപ്പറമ്പിലാണ് ക്വാറികളില്‍ വെള്ളം പെട്ടെന്നുയര്‍ന്നത്. ഏതാനും സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ പൂര്‍വസ്ഥിതിയിലുമായി. പുത്തൂര്‍, മരോട്ടിച്ചാല്‍, ആനക്കല്ല്, കുട്ടനെല്ലൂര്‍ എന്നിവിടങ്ങളിലും ഭൂകമ്പം ഉണ്ടായി. ചേര്‍പ്പ് മേഖലയില്‍ ഊരകം, കടലാശേരി, കോടന്നൂര്‍, വല്ലച്ചിറ, ചൊവ്വൂര്‍ ഭാഗങ്ങളില്‍ ചലനമുണ്ടായി. തൈക്കാട്ടുശേരിയിലാണ് കിണര്‍ വറ്റിയ സംഭവമുണ്ടായത്.

പ്രഭവകേന്ദ്രമായ താണിക്കുടത്തിന് വടക്കോട്ടും ചലനമുണ്ടായെങ്കിലും അത്ര ശക്തമല്ല. എങ്കക്കാട്, കല്ലമ്പാറ, വടക്കാഞ്ചേരി, വരവൂര്‍, തലശേരി ഭാഗങ്ങളില്‍ ദുര്‍ബലമായ ചലനമാണുണ്ടായത്.


news source, credits & thanks: mathrubhumionline

About the News

Posted on Friday, July 20, 2012. Labelled under , . Feel free to leave a response

0 comments for "ഭൂചലനം ചുവരുകള്‍ വിണ്ടുകീറി; വൈദ്യുതിബന്ധം നിലച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive