തകഴിയും തകഴിച്ചേട്ടനും - ഒരു കഥ : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, July 11, 2012

തകഴിയും തകഴിച്ചേട്ടനും - ഒരു കഥ


തകഴിയും തകഴിച്ചേട്ടനും
ഡോ.കെസി.കൃഷ്ണകുമാര്‍ കുട്ടനാടിനു പുറത്തുള്ളവര്‍ക്ക് തകഴി എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മവരിക, കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയെ ആണ്. കുട്ടനാട്ടുകാര്‍ക്ക് തകഴി എന്ന സ്ഥലവും. നല്ല വിളവുകിട്ടുന്ന ധാരാളം നെല്‍പ്പാടങ്ങളുള്ള ഒരു സ്ഥലം. സാഹിത്യകാരന്‍ തകഴിയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ തകഴിച്ചേട്ടന്‍ എന്ന് പറയും കുട്ടനാട്ടുകാര്‍. മൂപ്പുമുറയനുസരിച്ചൊന്നുമല്ല ഈ ചേട്ടന്‍ വിളി. സ്‌കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടിക്കു മുതല്‍ തൊണ്ണൂറുവയസ്സുള്ള അപ്പൂപ്പനു വരെ അദ്ദേഹം തകഴിച്ചേട്ടനാണ്. 

അമ്പലപ്പുഴ ക്ഷേത്രനടയില്‍ നിന്ന് തകഴി വരെ ആറേഴുകിലോമീറ്ററേയുള്ളു. കുട്ടിക്കാലത്ത് സൈക്കിള്‍ യാത്രകളുടെ പരമാവധി ദൂരമായിരുന്നു തകഴി. സൈക്കിളില്‍ തകഴി വരെ പോയിവന്നാല്‍ പിന്നെയൊരു ഗമയാണ്. വലിയൊരു കാര്യം ചെയ്ത മട്ട്. അമ്പലത്തിനു മുന്‍പില്‍നിന്ന് കിഴക്കോട്ട് കരുമാടി തോടുവരെ നെടുനീളന്‍ റോഡ.് ചെറിയൊരു വളവുപോലുമില്ല. കരുമാടിത്തോടിനു കുറുകെ വലിയൊരു പാലം. പാലത്തിന് നീളമല്ല, ഉയരമാണ് കൂടുതല്‍. പാലം കടന്നാല്‍ ഇവിടെ 'നാരായണ' വിളിക്കണം! കാരണം ഇറക്കവും വലിയൊരു വളവും ഒരുമിച്ചാണ്. ആദ്യമൊക്കെ വലിയ പേടിയായിരുന്നു. വണ്ടിയൊന്നും എതിരേ വരരുതേ എന്ന് പ്രാര്‍ത്ഥിക്കും.

വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാല്‍ സമാധാനമായി. അവിടെ റോഡരികില്‍ അടുത്തടുത്ത് രണ്ട് അമ്പലങ്ങള്‍. രണ്ട് കുളം, ആല്‍ത്തറ, ചുറ്റിലും പാടങ്ങള്‍, പാടത്തിനരികില്‍ ഒരു കളിത്തട്ടും. കുട്ടനാടിന്റെ തനിച്ചേലുള്ള ഈ സ്ഥലം ഒരുപാട് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ ദൈവത്തെയോര്‍ത്ത്, മമ്മൂട്ടിയുടെ ആയിരപ്പറ... അങ്ങനെ നീളുന്നു സിനിമകളുടെ പട്ടിക.

അമ്പലങ്ങള്‍ക്കു നടുവിലൂടെയാണ് കരുമാടിക്കുട്ടന്റെ അടുത്തേക്കുള്ള വഴി. തകഴിക്കു പോകുമ്പോള്‍ ഒരു ഇടത്താവളമാണ് കരുമാടിക്കുട്ടന്‍. തോട്ടുവക്കത്ത് ഇരിക്കുന്ന പാതിപ്രതിമയാണ് കുട്ടന്‍. ബുദ്ധപ്രതിമയെന്ന് ചരിത്രം പറയുന്നു. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ. അങ്ങനെയായിരിക്കണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്. പഴക്കം കൊണ്ട് ബുദ്ധന്‍, കുട്ടനായി! ഇപ്പോള്‍ കുട്ടന് മതമില്ല. കരുമാടിയിലെ മുഴുവന്‍ ആളുകളുടെയും സ്വന്തമാണ് കുട്ടന്‍.

ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തിലാണ് കുട്ടന്റെ പ്രതിമ. പണ്ട് കുട്ടനെ ആനകുത്തി! കുത്തേറ്റ് ശരീരത്തിന്റെ പകുതി ഭാഗം അടര്‍ന്നുപോയി. ശരീരം പകുത്തുപോയെങ്കിലും മുഖത്തിന് ഒരു കുഴപ്പവുമില്ല. ശിലയിലും ശാന്തി നിറയുന്ന മുഖം. കുട്ടന് നാട്ടുകാരേയും നാട്ടുകാര്‍ക്ക് കുട്ടനേയും കാണാം. ആനകുത്തിയ ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കൂടാരവും മതിലുമൊക്കെ കെട്ടി. അങ്ങനെ ചരിത്രത്തിന്റെ സംരക്ഷണം കിട്ടി കുട്ടനായ ഈ ബുദ്ധന്.

ആലപ്പുഴ-കൊല്ലം ജലപാതയുടെ ഓരത്താണ് കരുമാടിക്കുട്ടന്റെ ഇരിപ്പ്. വൈകുന്നേരങ്ങളില്‍ കുട്ടനിരിക്കുന്ന തോട്ടിന്‍കരയില്‍ ചെന്നാല്‍ വല്ലാത്തൊരു ശാന്തതയാണ്. ശരിക്കും ഒരു ബുദ്ധമൗനം! തോട്ടിലൂടെ വള്ളങ്ങള്‍ നിശബ്ദമായി നീങ്ങും. കൊറ്റികള്‍ ചിറകടിയൊച്ച കേള്‍പ്പിക്കാതെ പറക്കും. ഇടയ്ക്ക് വിദേശികളടക്കമുള്ള സഞ്ചാരികള്‍ എത്തും കുട്ടന്റെ ഏകാന്തത അവസാനിപ്പിക്കാന്‍.

കുട്ടന്റെ അരികില്‍ നിന്ന് കിഴക്കോട്ടുള്ള റോഡ് പാടത്തിനു നടുവിലൂടെയാണ്. ഇടയ്ക്കിടെ വീടുകളും തോടും. തോടുകളിലെല്ലാം ആമ്പലുണ്ട്. അധികവും വെള്ളനിറമാണ്. ചിലയിടങ്ങളില്‍ ചുവപ്പും. ആമ്പലിന്റെ ഇലകള്‍ക്കു മുകളിലൂടെ കുളക്കോഴിയും മറ്റും അഭ്യസം കാണിച്ച് നടക്കും. അത് വെള്ളത്തില്‍ താഴ്ന്നുപോകുമോ എന്ന് പേടിതോന്നും. അങ്ങനെ നമ്മള്‍ പേടിച്ചുതുടങ്ങുമ്പോഴേക്കും കുളക്കോഴി പറന്നുപോകും. കുറച്ചിടങ്ങളില്‍ താമര പടര്‍ന്നു കിടക്കുന്നുണ്ട്. വഴിയുടെ ഇരു വശങ്ങളിലും പോത്തും എരുമയും പശുക്കളും. കുറ്റിയില്‍ കെട്ടിയിടുന്ന നാല്‍ക്കാലികള്‍ കയറിന്റെ നീളത്തില്‍ കുറ്റിക്കുചുറ്റും നടക്കും. അങ്ങനെ നടന്ന പാടുകൊണ്ട് കൃത്യമായി വരച്ച ഒരു വട്ടത്തിനള്ളിലാണ് അവരുടെ നില്‍പ്പ്. ചിലപ്പോള്‍ തോട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ പോത്തുകളുടെ തല മാത്രം ഉയര്‍ന്നു നില്‍ക്കുന്നതും കാണാം.കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ തകഴിച്ചേട്ടന്റെ വീടായി. പണ്ടൊക്കെ ഒരു കാര്യവുമില്ലാതെ അവിടെ കയറുമായിരുന്നു. തകഴിച്ചേട്ടന്റെ ഡ്രൈവര്‍ പങ്കജാക്ഷന്‍ ഞങ്ങളുടെ വീടിനടുത്താണ് താമസിക്കുന്നത്. മിക്കപ്പോഴും തകഴിച്ചേട്ടനോടൊപ്പമായിരിക്കും പങ്കന്‍ചേട്ടന്‍. ഇടയ്ക്ക് വണ്ടിയുമായി വരുമ്പോള്‍ വഴിയില്‍ വച്ച് കണ്ടാല്‍ എന്നെയും ചേട്ടനെയും വണ്ടിയില്‍ കയറ്റും. വിശ്വസാഹിത്യകാരന്റെ വണ്ടിയില്‍! ഇപ്പോള്‍ മാതൃഭൂമിയിലെ ജീവനക്കാരനാണ് പങ്കന്‍ചേട്ടന്‍.

ഒരു കൈലിമുണ്ടും ഏറിയാല്‍ ഒരു തോര്‍ത്തുമാണ് വീട്ടിലും നാട്ടിലുമൊക്കെ തകഴിച്ചേട്ടന്റെ വേഷം. ചിലപ്പോഴൊക്കെ തകഴിച്ചേട്ടന്‍ വളരെ നേരം സംസാരിക്കും. സാഹിത്യമൊന്നുമല്ല, കുട്ടനാടിന്റെ പഴയകഥകള്‍. കുട്ടനാട്ടിലെ പാടങ്ങളില്‍ നിന്ന് വലിയ മരത്തടികള്‍ കിട്ടാറുണ്ടായിരുന്നു. കാണ്ടാമരം എന്നാണ് അതിന്റെ പേര്. ഒരിക്കല്‍ കാണ്ടാമരം കിട്ടിയ സംഭവം വിശദമായി പറഞ്ഞു. മഹാഭാരത കഥയില്‍ പറയുന്ന ഖാണ്ഡവ വനമായിരുന്നത്രേ കുട്ടനാട്. അഗ്നിദേവവന്‍ ചുട്ട നാടാണ് പിന്നീട് കുട്ടനാടായി മാറിയത്. അന്ന് തീപിടിച്ച മരങ്ങളാണ് കാണ്ടാമരങ്ങളായി ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കഥ. ഇതൊക്കെ വെറും കഥകളാണ് എന്നും പറയും.

ഞാന്‍ പലസാഹിത്യകാരന്മാരേയും ആദ്യമായി കണ്ടത് തകഴിച്ചേട്ടനോടൊപ്പമാണ്. അയ്യപ്പപ്പണിക്കരും, കടമ്മനിട്ട രാമകൃഷ്ണനും, സുകുമാര്‍ അഴീക്കോടും അങ്ങനെ ഒരുപാട് പേര്‍. തകഴിച്ചേട്ടന് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു ഉത്സവം പോലെയാണ് ആഘോഷിച്ചത്. ആ സമയത്തൊക്കെ ശങ്കരമംഗലത്ത് വീട്ടില്‍ പ്രമുഖരുടെ തിരക്കായിരുന്നു. തിരക്കൊക്കെ ഒഴിഞ്ഞശേഷം ഒരിക്കല്‍ ചെന്നപ്പോള്‍ വാഗ്‌ദേവിയുടെ ശില്‍പം എടുത്തു കാണിച്ചു. സാക്ഷാല്‍ ജ്ഞാനപീഠം അവാര്‍ഡ് കൈയില്‍ പിടിച്ചു നിന്ന ആ നിമിഷം! അതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളൊന്ന് പുളയും.

തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് ആകാശവാണിയുടെ 'ഹരിതവാണി' എന്ന പരിപാടിക്കായി തകഴിച്ചേട്ടനെ കാണാന്‍ ചെന്നു. അന്ന് ഒരുപാടു നേരം സംസാരിച്ചു. കുട്ടനാടിന്റെ ഗതകാലത്തെക്കുറിച്ച്...പതുയ തലമുറ കൃഷിയില്‍നിന്ന് അകന്നുപോകുന്നതിനെക്കുറിച്ച്... ഒക്കെ. സിന്ധൂനദീതട സംസ്‌ക്കാരകാലം പശ്ചാത്തലമാക്കി ഒരു നോവല്‍ പ്ലോട്ടിനെക്കുറിച്ചും പറഞ്ഞു. പക്ഷേ, ആ ആഗ്രഹം അവശേഷിപ്പിച്ച് തകഴിച്ചേട്ടന്‍ പോയി.ലോകം അറിയുന്ന കഥാകാരനായിട്ടും അദ്ദേഹം സാധാരണ കുട്ടനാട്ടുകാരന്‍ തന്നെയായിരുന്നു. പിന്നീട് പരിചയപ്പെട്ട സാഹിത്യകാരന്മാരോടോപ്പമൊക്കെ ഞാന്‍ തകഴിച്ചേട്ടനെ ചേര്‍ത്തുനിര്‍ത്തി നോക്കും. 40 നോവലുകളും 600 ഓളം ചെറുകഥകളുമെഴുതിയ വലിയ സാഹിത്യകാരനെയല്ല, കുട്ടനാട്ടുകാരനായ ഒരു പച്ച മനുഷ്യനെ. ഒരു കൈലിമുണ്ടുടുത്ത് തോര്‍ത്തും തോളിലിട്ട്് ചാരുകസേരയില്‍ കിടന്ന ആ വലിയ മനസ്സിനെ. പക്ഷേ, താരതമ്യത്തിനുള്ള പാകത ഇപ്പോഴും വന്നിട്ടില്ലെനിക്ക്.

തകഴിച്ചേട്ടന്റെ വീടുമുതല്‍ തകഴിക്കടവുവരെ പിന്നെയും കുറച്ചു ദൂരമുണ്ട്. കടവിലെത്തിയാല്‍ ഒരു നാട് അവസാനിക്കുകയാണ്. പമ്പാ നദിയുടെ തീരത്ത്. പണ്ട്, അവിടെ ജങ്കാറുണ്ട് അതില്‍ കാറും ഓട്ടോറിക്ഷയുമൊക്കെ കയറ്റി അക്കരയ്ക്കു കൊണ്ടുപോകും. കുറച്ചുനേരം അതൊക്കെ നോക്കി നല്‍ക്കും. എന്നിട്ട് മടങ്ങും.

ഇപ്പോള്‍ തകഴിയില്‍ ജങ്കാറില്ല. പമ്പയാറിനെ കീഴടക്കി പാലം ഇരുകരകളെയും കൂട്ടിത്തൊടുന്നു. ജങ്കാറും കാത്ത് ആരും നല്‍ക്കുന്നില്ല, നേരേ പാലത്തില്‍ കയറി അപ്പുറം കടക്കുകയാണ്, കാറും ബസ്സും ലോറിയുമൊക്കെ. തകഴിപ്പാലത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒര്‍ക്കും തകഴിച്ചേട്ടന്‍ കണ്ടിട്ടില്ലല്ലോ ഈ തകഴിപ്പാലമെന്ന്. പാലത്തെ ശ്രദ്ധിക്കാതെ ആറ്റിലൂടെ വള്ളങ്ങള്‍ നീങ്ങും. കടവും ജങ്കാറുമൊക്കയുണ്ടായിരുന്ന പഴയകാലത്തിലേക്ക് നോക്കി അങ്ങനെ നില്‍ക്കാന്‍ നല്ല രസമാണ്.

വര:   credits: mathrubhumionline/ 

About the News

Posted on Wednesday, July 11, 2012. Labelled under , . Feel free to leave a response

1 comments for "തകഴിയും തകഴിച്ചേട്ടനും - ഒരു കഥ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive