വില്‍ക്കാനുണ്ടോ സ്വപ്‌നങ്ങള്‍...? : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 14, 2012

വില്‍ക്കാനുണ്ടോ സ്വപ്‌നങ്ങള്‍...?

നാളെ വലിയ ബിസിനസ് സംരംഭങ്ങളായി രൂപപ്പെടുത്താവുന്ന ഐഡിയകള്‍ നിങ്ങളുടെ തലയില്‍ എപ്പോഴെങ്കിലും മിന്നിമറഞ്ഞിട്ടുണ്ടോ? ആവശ്യത്തിന് പണവും സൗകര്യവുമില്ലാത്തതിനാല്‍ നിങ്ങള്‍ അവയെ മറവിയുടെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞിട്ടുണ്ടോ? എങ്കില്‍ ആ ചവറ്റുകൊട്ട ഒന്നു തിരയുന്നതു നന്നായിരിക്കും. നിങ്ങളുടെ ഐഡിയകളെ യാഥാര്‍ഥ്യത്തിലേക്ക് കൈപിടിച്ചുനടത്താന്‍ നിങ്ങള്‍ക്കായി ഒരു താഴ്‌വര ഒരുങ്ങിയിരിക്കുന്നു - സ്റ്റാര്‍ട്ട്അപ് വില്ലേജ്. 

കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റാര്‍ട്ട്അപ് വില്ലേജ് (Startup Village) എന്ന ടെലികോം ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കമായത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയിലെ ആദ്യ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററാണ് സ്റ്റാര്‍ട്ട്അപ് വില്ലേജ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്ര സാങ്കേതിക സംരംഭക വികസന ബോര്‍ഡ് (എന്‍എസ്ടിഇഡിബി), തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, ടെക്‌നോപാര്‍ക്കിലെ കമ്പനിയായ മോബ്മി വയര്‍ലെസ് എന്നിവയാണ് ഇതിന്റെ പ്രൊമോട്ടര്‍മാര്‍. രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളും കോ-ചെയര്‍മാനുമായ ക്രിസ് ഗോപാലകൃഷ്ണനാണ് സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ ചീഫ് മെന്റര്‍. 

തള്ളക്കോഴി മുട്ട വിരിയിച്ച് കുഞ്ഞിനെ ചിറകിനടിയില്‍ സൂക്ഷിച്ച്, ഭക്ഷണം തേടാനും മറ്റുള്ള ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും പഠിപ്പിച്ച്, അവരെ സ്വയംപര്യാപ്തരാക്കുന്ന അതേ മോഡല്‍ തന്നെയാണ് ഇവിടെയും. വളര്‍ച്ചാസാധ്യതയുള്ള ബിസിനസ് ഐഡിയകളുമായി എത്തുന്ന ചെറുപ്പക്കാര്‍ക്ക് കമ്പനി തുടങ്ങാന്‍ ഓഫീസ് സ്‌പേസ് നല്‍കുകയും വളരാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയുമാണ് സ്റ്റാര്‍ട്ട്അപ് വില്ലേജ് ചെയ്യുന്നത്. 

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ഓഫീസ് സ്‌പേസും അഡ്രസ്സും ലഭിക്കുമെന്നതാണ് സ്റ്റാര്‍ട്ട്അപ് വില്ലേജ് നല്‍കുന്ന ഏറ്റവും വലിയ സവിശേഷത. ഓഫീസ് സ്‌പേസിന് പുറമെ ഒട്ടേറെ കോമണ്‍ അമിനിറ്റീസും ലഭിക്കും. ഫ്രന്റ് ഓഫീസ്, റിസപ്ഷന്‍, ലോബി, ടെലിഫോണ്‍ സൗകര്യം, 4ജി ഇന്റര്‍നെറ്റ് സൗകര്യം, എയര്‍കണ്ടീഷനര്‍, വൈദ്യുതി, കോണ്‍ഫറന്‍സ് റൂമുകള്‍, സെക്യൂരിറ്റി എന്നിവയൊക്കെ കോമണായിരിക്കും. അതിനാല്‍ തന്നെ പ്രാരംഭ ചെലവുകള്‍ കുറയ്ക്കാനാവുമെന്ന് സ്റ്റാര്‍ട്ട്അപ് വില്ലേജ് സിഇഒ സിജോ കുരുവിള ജോര്‍ജ് പറയുന്നു. പുതിയൊരു കമ്പനിയെ സംബന്ധിച്ചടത്തോളം ഇതൊക്കെ സ്വന്തമായി സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും. 

കമ്പനികള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍, മാനേജീരിയല്‍ സഹായങ്ങളും ചെയ്തുകൊടുക്കാറുണ്ട്. അതുവഴി പുതുസംരംഭങ്ങളുടെ പരാജയസാധ്യത കുറയ്ക്കുന്നു. ടെലികോം ലാബുകള്‍, ഇന്നവേഷന്‍ സോണുകള്‍, നിയമ-ബൗദ്ധിക സ്വത്തവകാശ (പേറ്റന്റ്) സേവനങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ഇന്‍ക്യുബേഷന്‍ സെന്റര്‍ ആയതിനാല്‍ സ്റ്റാര്‍ട്ട്അപ് വില്ലേജിലെ ഓരോ കമ്പനിക്കും ആദ്യ മൂന്ന് വര്‍ഷം 50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സേവനനികുതി ഇളവ് ലഭിക്കും. ഇതുവഴി 10-12 ശതമാനം ചെലവുചുരുക്കാന്‍ ഇവിടെയുള്ള കമ്പനികള്‍ക്ക് അവസരമുണ്ട്. 

പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ നൂറിലേറെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ് ആയ മൈന്‍ഡ്‌ഹെലിക്‌സ്, മൊബൈല്‍ ഡിസൈന്‍ സ്റ്റുഡിയോ ആയ വവ്‌മേക്കേഴ്‌സ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ബ്ലാക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി ഇന്നവേഷന്‍ സോണ്‍ തുടങ്ങിയിട്ടുണ്ട്.

സിജോ കുരുവിള ജോര്‍ജും സഞ്ജയ് വിജയകുമാറും
10 വര്‍ഷത്തിനുള്ളില്‍ 1000 സംരംഭകരെ കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് കണ്ടെത്തുക എന്നതാണ് സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ പ്രഥമ ലക്ഷ്യമെന്ന് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളിലായി 1.20 ലക്ഷം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. ഇവരില്‍ നിന്ന് ഓരോ വര്‍ഷവും ടെക്‌നോളജി രംഗത്തെ നൂതനാശയമുള്ള മികച്ച 500 വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് 100 സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ വീതം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അതുവഴി 10 വര്‍ഷം കൊണ്ട് 1,000 സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് പദ്ധതി. 

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ ടെലികോം-ടെക്‌നോളജി രംഗത്തെ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നവര്‍ക്കാണ് സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ പ്രാമുഖ്യം നല്‍കുന്നത്. 'സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വളര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. അടുത്ത ഏതാനും വര്‍ഷങ്ങള്‍ ഈ രംഗത്ത് വന്‍ അവസരങ്ങളാണ് തുറന്നുതരിക. ഇതുമുന്നില്‍ കണ്ടാണ് ടെലികോം രംഗത്തെ ആശയങ്ങള്‍ വികസിപ്പിക്കാന്‍ സ്റ്റാര്‍ട്ട്അപ് വില്ലേജ് മുന്‍തൂക്കം നല്‍കുന്നത്,' സഞ്ജയ് വ്യക്തമാക്കി. 

ഓഫീസ് സ്‌പേസ് വേണ്ടാത്ത സംരംഭകള്‍ക്ക് വിര്‍ച്വല്‍ ഓഫീസ് ഒരുക്കാനും പദ്ധതിയുണ്ട്. അഡ്രസ്, ലാന്‍ഡ്‌ഫോണ്‍, ഫാക്‌സ്, സര്‍വര്‍ സ്‌പേസ് എന്നിവയൊക്കെ അടങ്ങുന്നതാണ് വിര്‍ച്വല്‍ ഓഫീസ്. ഐടി-ടെലികോം സംരംഭക രംഗത്ത് വിജയം വരിച്ചവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും സ്റ്റാര്‍ട്ട്അപ് വില്ലേജിലെ പുതുസംരംഭകര്‍ക്ക് അവസരം ലഭിക്കും. ഇതുവഴി പുതുസംരംഭകരില്‍ എക്‌സ്‌പോഷറും കോണ്‍ഫിഡന്‍സും വളര്‍ത്തുകയാണ് സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ ലക്ഷ്യം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെയിടയില്‍ സംരംഭകത്വത്തെയും ടെക്‌നോളജിയെയും കുറിച്ച് ബോധവത്കരണം നല്‍കാനും പദ്ധതിയുണ്ട്. 

പണം റെഡി
സ്റ്റാര്‍ട്ട്അപ് വില്ലേജിലെ സംരംഭകര്‍ക്ക് മൂലധനം ലഭ്യമാക്കുന്നതിനായി ഏഞ്ചല്‍ ഫണ്ടിന് രൂപം നല്‍കുന്നുണ്ട്. 50 കോടി രൂപയായിരിക്കും തുടക്കത്തില്‍ ലഭ്യമാക്കുക. ഏഞ്ചല്‍ ഫണ്ടിനായുള്ള രൂപരേഖ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനവും സ്റ്റാര്‍ട്ട്അപ് വില്ലേജിന്റെ നോളജ് പാര്‍ട്ട്ണറുമായ കെ.പി.എം.ജി തയ്യാറാക്കിവരികയാണ്. ഒരു മാസത്തിനുള്ളില്‍ ഇത് സെബിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് സ്റ്റാര്‍ട്ട്അപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. 

മൂലധനം ആവശ്യമായ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ മുതല്‍ 2.50 കോടി രൂപ വരെയായിരിക്കും ഏഞ്ചല്‍ ഫണ്ട് ഒരുക്കിക്കൊടുക്കുക. 

ബിസിനസ്, പ്രൊഫഷണല്‍ രംഗങ്ങളില്‍ നിന്നുള്ള 100 പേരില്‍ നിന്നായിരിക്കും ഇതിനായുള്ള പണം സമാഹരിക്കുക. ഇന്‍ഫോസിസ് കോ-ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണല്‍, വ്യവസായി രവി പിള്ള എന്നിവര്‍ ഇതില്‍ നിക്ഷേപം നടത്തുന്നുണ്ട്. 

ഇവിടെയുണ്ട് ബ്ലാക്‌ബെറിയും

പ്രമുഖ സ്മാര്‍ട്ട്‌ഫോണായ ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കള്‍ ഇന്ത്യയിലെ എന്നല്ല ഏഷ്യാ പസഫിക് മേഖലയിലെ തന്നെ ആദ്യ ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കാനായി തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. കളമശ്ശേരിയിലെ കിന്‍ഫ്ര പാര്‍ക്കിലുള്ള സ്റ്റാര്‍ട്ട്അപ് വില്ലേജിലാണ് റൂബസ് ലാബ്‌സ് എന്ന പേരിലുള്ള ഇന്നവേഷന്‍ സോണ്‍ തുടങ്ങിയിരിക്കുന്നത്. 

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരായ സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതാണ് ഈ സോണ്‍. ബ്ലാക്‌ബെറി പുതുതായി അവതരിപ്പിക്കാനിരിക്കുന്ന 'ബ്ലാക്‌ബെറി 10' പ്ലാറ്റ്‌ഫോമിലേക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ സോണില്‍ സൗകര്യമൊരുക്കും. 

റിമ്മിന്റെ പങ്കാളി എന്ന നിലയില്‍ സ്റ്റാര്‍ട്ട്അപ് വില്ലേജിന് ബ്ലാക്‌ബെറി ശ്രേണിയില്‍പെട്ട ഹാന്‍ഡ്‌സെറ്റുകളും പ്ലേബുക്കുകളും ലഭിക്കും. ബ്ലാക്‌ബെറിയുടെ പതിവുപരിപാടികളായ ഹാക്കത്തോണ്‍, ബാര്‍ ക്യാമ്പുകള്‍ എന്നിവ റൂബസ് ലാബ്‌സില്‍ നടത്തും. കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ 'ബ്ലാക്‌ബെറി ബേയ്‌സ്' (ബ്ലാക്‌ബെറി ആപ്ലിക്കേഷന്‍സ് ബൈ സ്റ്റുഡന്റ് എന്‍ട്രപ്രനേഴ്‌സ്) പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.


News Source, credit and thanks : Mathrubhumi Online/ആര്‍.റോഷന്‍ 

About the News

Posted on Thursday, June 14, 2012. Labelled under , . Feel free to leave a response

0 comments for "വില്‍ക്കാനുണ്ടോ സ്വപ്‌നങ്ങള്‍...?"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive