കാറുകള്‍ - സുരക്ഷ ഉറപ്പാക്കാന്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 14, 2012

കാറുകള്‍ - സുരക്ഷ ഉറപ്പാക്കാന്‍


ഇന്ധനം, പെര്‍ഫോര്‍മന്‍സ്, സാമ്പത്തികം... പത്തുവര്‍ഷം മുമ്പുവരെ കാറുകള്‍ വാങ്ങുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളായി കണക്കാക്കിയിരുന്നത് ഇവയാണ്. പക്ഷേ, പുതിയ കാലത്ത് മറ്റൊന്നിന് കൂടി പ്രാധാന്യം കല്പിക്കുന്നു -സുരക്ഷ. എഴുപതുകളിലും എണ്‍പതുകളിലും സുരക്ഷയ്ക്ക് വലിയ പ്രാധാന്യം വേണ്ടിയിരുന്നില്ല. കാരണം, അന്ന് വാഹനങ്ങള്‍ കുറവായിരുന്നു; അപകടങ്ങളും. വാഹനങ്ങള്‍ ശേഷിയുടെ ഇരട്ടിയിലധികമായ ഇന്ത്യയിലെ നിരത്തുകളില്‍ അപകടങ്ങളും ഏറി. ഇതാണ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. വാഹനം ഏതായാലും നിര്‍മാതാക്കള്‍ സുരക്ഷാ സംവിധാനത്തിന് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം കൂടുതല്‍ സംവിധാനങ്ങള്‍ ദിനംപ്രതി വന്നുകൊണ്ടുമിരിക്കുന്നു. കാറുകളിലെ നൂതന സുരക്ഷാ സങ്കേതങ്ങളെ കുറിച്ച്...

സീറ്റ് ബെല്‍റ്റ്

സര്‍ക്കാര്‍ നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ കാര്‍ യാത്രക്കാര്‍ക്ക് വിമുഖതയാണ്. വാഹനം പെട്ടെന്ന് നിര്‍ത്തുകയോ അപകടങ്ങളില്‍ പെടുകയോ ചെയ്യുമ്പോള്‍ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളില്‍ ഉറപ്പിച്ചിരുത്തുന്നതിനാണ് സീറ്റ് ബെല്‍റ്റ്. അപകട സമയത്ത് പുറത്തേക്ക് തെറിച്ചു പോകുന്നതും മുന്നില്‍ ശക്തമായി ചെന്നിടിച്ച് ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതും ഒരു പരിധിവരെ തടയാന്‍ ഇതുവഴി കഴിയും.

ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം (എ.ബി.എസ്)

1960കളില്‍ യു.എസ്. വിപണിയില്‍ ഇറങ്ങിയ സാങ്കേതികതയാണിതെങ്കിലും എ.ബി.എസ്സിന് ഇപ്പോഴാണ് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. തെന്നുന്ന പ്രതലങ്ങളിലൂടെയുള്ള യാത്രകളിലാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. തെന്നി നീങ്ങുന്ന ടയറിന് വാഹനം നിര്‍ത്താനുള്ള ശേഷി കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ബ്രേക്കിങ്ങിലെ ഊര്‍ജം കൂട്ടിയും കുറച്ചും ടയര്‍ തെന്നുന്നത് ഡ്രൈവര്‍ തന്നെ ഒഴിവാക്കുന്നതായിരുന്നു പഴയ രീതി. ഇത് കൂടുതല്‍ ഫലപ്രദമായി കംപ്യൂട്ടര്‍ സഹായത്തോടെ ചെയ്യുന്നതാണ് എ.ബി.എസ്. സംവിധാനത്തിന്റെ അടിസ്ഥാനം. അടിയന്തരമായി വാഹനം നിര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ടയര്‍ സ്‌കിഡ് ചെയ്യുന്നതിന് തൊട്ടു മുമ്പായി കംപ്യൂട്ടര്‍ സഹായത്താല്‍ ബ്രേക്കിലേക്കുള്ള ഊര്‍ജം കുറയ്ക്കുന്നു. സെക്കന്‍ഡിന്റെ ഒരംശം മാത്രം മതിയാകും ഇതിന്. അതുകൊണ്ടു തന്നെ വാഹനം തെന്നി മറിയാനുള്ള സാഹചര്യം ഒഴിവാകുന്നു. എ.ബി.എസ്. ഉള്ള വാഹനങ്ങള്‍ മറ്റു വാഹനങ്ങളെക്കാള്‍ വേഗത്തില്‍ നിര്‍ത്താനും കഴിയും. കൂടുതല്‍ സുരക്ഷിതമെന്നതിനാല്‍ അധികമായി മുടക്കുന്ന തുക നഷ്ടമാകില്ല.

ട്രാക്ഷന്‍ കണ്‍ട്രോള്‍

എ.ബി.എസ്സിന് സമാനമായി ടയറുകളുടെ നിയന്ത്രണത്തിനുള്ള സംവിധാനമാണിത്. ടയറുകള്‍ തെന്നി നീങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്റെയും പ്രവര്‍ത്തനം. എ.ബി.എസ്. സ്പീഡ് കുറയ്ക്കുന്നുവെങ്കില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനാണ് ഉപയോഗിക്കുന്നത്. ഗ്രാവലോ മണലോ നിറഞ്ഞ റോഡുകളിലൂടെ പോകുമ്പോള്‍ ഒരു ടയര്‍ തെന്നി നീങ്ങിയാലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ഇത് ഉപകരിക്കുന്നു. നാല് ടയറുകളില്‍ ഏതെങ്കിലും ഒന്നിന് സ്പീഡ് കൂടിയാല്‍ ഉടന്‍ നിയന്ത്രിച്ച് ട്രാക്ഷന്‍ വീണ്ടെടുക്കുന്നു. ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ എന്‍ജിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചാണ് ഇത് സാധ്യമാക്കുന്നത്. എയര്‍ബാഗുകള്‍ അപകടമുണ്ടാകുമ്പോള്‍ വികസിച്ചു വരുന്ന രീതിയിലാണ് എയര്‍ ബാഗുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ സുരക്ഷ മുന്‍നിര്‍ത്തി എണ്‍പതുകളില്‍ എത്തിയ സംവിധാനമാണിത്. പക്ഷേ, കൂടുതല്‍ പ്രാധാന്യം കൈവന്നത് ഇപ്പോഴാണെന്ന് മാത്രം. എല്ലാ യാത്രക്കാര്‍ക്കും എയര്‍ ബാഗ് സുരക്ഷ ഉറപ്പാക്കിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ആറ് എയര്‍ ബാഗുകള്‍ വരെയുള്ള കാറുകളും വിപണിയിലുണ്ട്.

സ്പീഡിനും മര്‍ദത്തിനും അനുസരിച്ച് പ്രവര്‍ത്തന സജ്ജമാകുന്ന എയര്‍ബാഗുകളും ലഭ്യമായിട്ടുണ്ട്. പക്ഷേ, എയര്‍ ബാഗുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ യാത്രക്കാര്‍ ഉറപ്പായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.അല്ലെങ്കില്‍, എയര്‍ ബാഗ് വികസിച്ചു വരുമ്പോള്‍ അതേ ദിശയില്‍ ശരീരമെത്തുന്നതിനാല്‍ അപകടത്തിന് കാരണമായേക്കാം. അപകടത്തില്‍ തലയ്ക്കുണ്ടാകാവുന്ന ഗുരുതര പരിക്കുകള്‍ ഒഴിവാക്കാന്‍ എയര്‍ ബാഗുകള്‍ സഹായിക്കും. എയര്‍ ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് എന്ന ചെറു സംവിധാനത്തിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൂട്ടിയിടി ഉണ്ടായാല്‍ വീര്‍ത്തുവരുന്ന രീതിയിലാണ് ഇത് സ്ഥാപിക്കുക.

റിവേഴ്‌സ് സെന്‍സര്‍

വാഹനം പിന്നോട്ടെടുക്കുമ്പോള്‍ പിറകിലുള്ള വസ്തുക്കളെ വ്യക്തമായി കാണുന്നതിനാണ് റിവേഴ്‌സ് ബാക്ക് അപ് സെന്‍സറുകള്‍ ഉപയോഗിക്കുന്നത്. ബ്രാക്കറ്റുകള്‍, ബംപറുകള്‍ എന്നിവയിലാണ് ഇവ സ്ഥാപിക്കുക. എല്‍.സി.ഡി. ഡിസ്‌പ്ലെയുടെ സഹായത്തോടെ കാമറകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചില ഉയര്‍ന്ന കാറുകളില്‍ റഡാര്‍ സംവിധാനവും നിലവിലുണ്ട്. ഈ സൗകര്യങ്ങള്‍ കുറെയൊക്കെ സാധാരണമായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കുറഞ്ഞ മോഡലുകളില്‍ ഇനിയും ലഭ്യമായിത്തുടങ്ങിയിട്ടില്ല.

സുരക്ഷ മുന്‍നിര്‍ത്തി ലക്ഷ്വറി മോഡലുകളില്‍ വേറെയും സംവിധാനങ്ങളുണ്ട്. ഇരുട്ടില്‍ കൂടുതല്‍ ദൂരത്തില്‍ കാഴ്ച ഉറപ്പാക്കുന്ന ഇന്‍ഫ്രാ റെഡ് സംവിധാനമാണിത്. ലക്ഷ്വറി മോഡലുകളില്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ഇത് ഹെഡ്‌ലൈറ്റിന്റെ ദൂരപരിധിയെക്കാള്‍ കൂടുതല്‍ കാഴ്ച ഉറപ്പാക്കുന്നു. വാഹനത്തെ വശങ്ങളില്‍ നിന്നുള്ള ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സൈഡ് ഇംപാക്ട് ബീമുകളും റോഡിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ഹെഡ്‌ലൈറ്റിന് ഉചിതമായ ബീം തിരഞ്ഞെടുക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും ഇന്ന് ലഭ്യമായിട്ടുണ്ട്.

മറ്റൊരു വാഹനം അടുത്തു വന്നാല്‍ സ്വയം സ്പീഡ് കുറയ്ക്കുന്നതിനുള്ളതാണ് ഓട്ടോണമസ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം. ലേസര്‍, റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇടിയുടെയും മറ്റും ആഘാതം ആഗിരണം ചെയ്ത് യാത്രക്കാരെ സംരക്ഷിക്കുന്ന ക്രമ്പിള്‍ സോണ്‍ സംവിധാനവും അടിയന്തര സാഹചര്യങ്ങളില്‍ വാഹനം നിര്‍ത്തുന്നതിന് സഹായിക്കുന്ന എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ് സംവിധാനവും ഉയര്‍ന്ന മോഡലുകളില്‍ മാത്രം ലഭ്യമായിട്ടുള്ളവയാണ്.

സംവിധാനങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന മോഡലുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. ചെലവു കുറഞ്ഞ കാറുകളൊരുക്കി പരമാവധി വില്‍പനനേട്ടം കൈവരിക്കാനുള്ള ശ്രമത്തിനിടയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പുനല്‍കാന്‍ കമ്പനികള്‍ക്ക് കഴിയാറില്ല. എന്നാല്‍, മത്സരം കടുക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉപഭോക്താക്കള്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍ നിയമപരിഷ്‌കരണങ്ങളും ഒപ്പമുണ്ടായാല്‍ ഇന്നുള്ള റോഡപകടങ്ങളില്‍ നല്ലൊരു ഭാഗം കുറയ്ക്കാനാകും.

News Source, credit and thanks : Mathrubhumi Online/കെ.വി രാജേഷ്‌ 

About the News

Posted on Thursday, June 14, 2012. Labelled under , . Feel free to leave a response

0 comments for "കാറുകള്‍ - സുരക്ഷ ഉറപ്പാക്കാന്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive